
യാത്ര
ഡോ. രാജു വള്ളിക്കുന്നം
(സെൻട്രൽ സിറ്റി, വാൾസ്ട്രീറ്റ്, ടൈം സ്ക്വയർ എന്നിവിടങ്ങളിലെ സന്ദർശനം)
സെൻട്രൽ പാർക്കിൽ നിന്ന് ഞങ്ങൾ നേരേ പോയത് സെൻട്രൽ സിറ്റിയിലേക്കാണ് . അംബര ചുംമ്പികളായ പടു കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ വെടിപ്പുള്ള റോഡുകൾ തലങ്ങും വിലങ്ങും. റോഡുകൾക്കും കെട്ടിടങ്ങൾക്കുമിടയിൽ ഇരുവശത്തും വീതിയിൽ നടപ്പാതകളുള്ളതിനാൽ സ്വതന്ത്രമായി നടക്കാം. ലോക പ്രശസ്തങ്ങളായ പല ബ്രാൻഡുകളുടേയും മറ്റും വിശാലമായ ഷോറൂമുകൾക്കിടയിൽ ഉത്സവ് എന്ന പേരിൽ ഒരു ഇന്ത്യൻ റസ്റ്റോറൻ്റുമുണ്ട്. ശനിയാഴ്ചയായതിനാൽ നല്ല തിരക്കുള്ള വീഥികളിലൂടെ വിസ്മയകരമായ കാഴ്ചകൾ കണ്ട് നീങ്ങുമ്പോൾ ഞാൻ ഓർത്തു പോയത് തീരെ ചെറിയ ക്ലാസ് മുതൽ പഠിച്ച അമേരിക്കയുടെയും ന്യൂയോർക്കിൻ്റെയും ചരിത്രമാണ്. അന്ന് മനസിലാക്കിയ ഏറ്റവും പൊക്കം കൂടിയ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗും ഐക്യരാഷ്ടസഭ ആസ്ഥാനവും ലോകവ്യാപാരത്തിൻ്റെ തന്നെ കേന്ദ്ര ബിന്ദുവായ വാൾ സ്ടീറ്റുമൊക്കെയുള്ള മഹാ നഗരത്തിൽ വിസ്മയത്തോടെ മാത്രമെ നടക്കാനാവൂ.
ന്യൂയോർക്കിൽ നിന്ന് നമുക്ക് അത്ര വേഗം വിട്ടുപോരാനാവില്ല, അഥവ, വിട്ടുപോരുമ്പോൾ ന്യൂയോർക്ക് നമ്മെ ഒരു ഭൂതാവേശം പോലെ പിൻതുടർന്നു കൊണ്ടിരിക്കും.
ഇത്രമാത്രം പ്രൗഢിയും തലപ്പൊക്കവുമുള്ള ഈ നഗരത്തിൻ്റെ ചരിത്രം BC 10000 ൽ ആദ്യ ജനപഥം രൂപപ്പെട്ടിടത്തോളം ദൈർഘ്യമുള്ളതാണ്. രണ്ട് ആദിമവംശജർ അധിവസിച്ചിരുന്ന ഈ ദേശത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ 1524ൽ ഇറ്റാലിയനായ ജിയോവനി ഡാ വെരസ്വനെ (Giovanni da Verrazzani) യാണ് ഇവിടം കണ്ടെത്തിയതെന്ന് കാണാം. തുടർന്ന് 1624 ൽ ഡച്ചുകാരുടെ വരവോടെ ന്യൂയോർക്ക് ഒരു ഡച്ച് കോളനിയായി പരിണമിച്ചു. അന്ന് ഇതിൻ്റെ പേര് തന്നെ ന്യൂ ആംസ്റ്റർഡാം (New Amsterdam) എന്നായിരുന്നു. എന്നാൽ 1664 ൽ ബ്രിട്ടീഷ്കാർ ഇവിടം കൈയ്യേറി യോർക്കിലെ ഡ്യൂക്കിൻ്റെ (Duke of York) പേര് ഓർമിക്കും വിധം ന്യൂയോർക്ക് എന്ന് പുന: നാമകരണം ചെയ്തു. 1683 ൽ റിച്മണ്ട് , ന്യൂയോർക്ക്, കിംഗ്സ് ഐലൻ്റ്, ക്യൂൻസ് ഐലൻ്റ് എന്നിങ്ങനെ കൗണ്ടികളായിരുന്നത് 1898 ൽ അഞ്ച് ബറോകളും (Burroughs) ചേർത്ത് ഏകീകൃത ന്യൂയോർക്ക് സ്റ്റേറ്റായി മാറി. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ഫിലാഡൽഫിയ പോലെ നിർണായക പങ്ക് വഹിച്ച ന്യൂയോർക്ക് 1785-1790 കാലത്ത് സ്വതന്ത്ര അമേരിക്കയുടെ തലസ്ഥാനമായിരുന്നു. ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോർജ് വാഷിങ്ടൺ വാൾ സ്ടീറ്റിലെ( Wall Street) ഫെഡറൽ ഹാളിൽ 1789 ലാണ് അമേരിക്കൻ അവകാശ നിയമം (US Bill of Rights) ഒപ്പ് വെച്ച് നിലവിൽ വരുത്തുന്നത്. തുടർന്ന് 1892ൽ എല്ലിസ് ഐലൻ്റ്( Ellis Island) തുറന്നതോടെ വിദേശികൾക്ക് ന്യൂയോർക്കിലേക്കുള്ള പ്രവേശം സുഗമമാവുകയും ലോകത്തിൻ്റെ വ്യാപാര കേന്ദ്രമായി പരിണമിക്കുകയുമായിരുന്നു. എന്നാൽ 1825 ൽത്തന്നെ ഈറീ കനാലിൻ്റെ (Eirie Canal) പണി പൂർത്തിയായതോടെ ഗ്രേറ്റ് ഐലൻ്റ് കൾക്ക് അറ്റ്ലാൻ്റിക് സമുദ്രവുമായി ബന്ധമുണ്ടാവുകയും അതുവഴി ന്യൂയോർക്കിൻ്റെ വികസനം കാര്യമായി തുടങ്ങുകയും ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിത്തുടങ്ങുകയും ചെയ്തിരുന്നു. സഞ്ചാരികൾ, വണിക്കുകൾ, നിർമാണ വിദഗ്ധർ, വ്യാപാരികൾ തുടങ്ങിയവരുടെ പ്രവാഹം തന്നെയുണ്ടായി.
ഇതറിഞ്ഞപ്പോൾ, ഭോപ്പാൽ ദുരന്തബാധിതർക്കും ചൂരൽമല ദുരന്തബാധിതർക്കും മറ്റും സഹായങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കും ഇന്ത്യയിലെ ബന്ധപ്പെട്ട സർക്കാരുകൾ കാട്ടുന്ന അലംഭാവം ഓർത്ത് ഞാൻ നടുങ്ങിയെന്നത് വാസ്തവം.
വാൾസ്ട്രീറ്റ്
അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റുപിടിച്ച ഷെയർ മാർക്കറ്റിൻ്റെ കേന്ദ്രം വാൾ സ്ടീറ്റാണ്. ഇവിടെ വാൾ സ്ടീറ്റ് ബിൽഡിംഗിൽ തുടങ്ങി ഇപ്പോൾ അനേകം കെട്ടിട സമുച്ചയങ്ങളിലായി പടർന്ന് കിടക്കുകയാണ് ന്യൂയോർക്ക് സ്റ്റോക് എക്സേഞ്ച് (Newyork Stock Exchange). ഇപ്പോൾ ലോക രാജ്യങ്ങളുടെയെല്ലാം സാമ്പത്തിക സ്ഥിതിയുടെ മാനദണ്ഡം അളക്കുന്നത് തന്നെ അവിടങ്ങളിലെ സ്റ്റോക് എക്സേഞ്ചിലെ വ്യാപാരത്തിലെ ഉയർച്ചയും താഴ്ചയും കണക്കാക്കിയാണ്. സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൊമ്പ് കുലുക്കി ചീറിയടുക്കുന്ന കാളകൂറ്റൻ( Charging Bull)ൻ്റെ കൂറ്റൻ വെങ്കല ശില്പം സ്റ്റോക് എക്സേഞ്ചുകളുടെ തന്നെ പ്രതീകമായി മാറിക്കഴിഞ്ഞു.
വർധിത വീര്യത്തോടെ കുതിക്കുന്ന സമ്പത്തിൻ്റെ ആശയവും ആവേശവും ഈ ശില്പം പ്രതിനിധീകരിക്കുമ്പോൾ ന്യൂയോർക്ക് സ്റ്റോക് എക്സേഞ്ചിലെ ആദ്യ ഓഫീസിനു നേരെ അതീവ ആത്മവിശ്വാസത്തോടെ നോക്കി നിൽക്കുന്ന നിർഭയയായ പെൺകുട്ടിയുടെ( Fearless Girl) വെങ്കല ശില്പം ആരിലും ആകാംഷയുണർത്തും. 4 അടി പൊക്കത്തിൽ ഉന്മേഷഭരിതയായി നിൽക്കുന്ന ശില്പം സവിശേഷമായ ഉദ്ദേശത്തോടെ സ്ഥാപിച്ചതാണ്. കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും പെൺകുട്ടികളെ ജോലിക്ക് പ്രേരിപ്പിക്കുന്നതിനും ആ സന്ദേശം മാനേജ്മെൻ്റുകൾക്ക് പകരാനുമായാണ് ഉദ്ദേശിച്ചത്. പക്ഷേ ഇപ്പോൾ അത് ലോകമെമ്പാടും ഈ ആശയങ്ങളുടെ ഊർജം പകരുന്ന ഒരു ശില്പമായി മാറിയിട്ടുണ്ട്. ഈ ശില്പത്തോട് ചേർന്ന് നിന്ന് ന്യൂയോർക്ക് സ്റ്റോക് എക്സേഞ്ചിലേക്ക് നോക്കുമ്പോൾ നമുക്കും ആത്മവിശ്വാസം വർധിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പ്രതിമകൾക്കും ശില്പങ്ങൾക്കും പഞ്ഞമില്ലെങ്കിലും പുതു തലമുറയ്ക്ക് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉളവാക്കുന്ന ഇത്തരം ശില്പങ്ങൾ ഒന്നും തന്നെയില്ലെന്നതും ഞാൻ ഓർത്തു.
ട്രേഡ് സെൻ്റർ സ്മാരകം
ന്യൂയോർക്ക് നഗരത്തിൻ്റെ ചരിത്രപാരമ്പര്യത്തോട് ചേർന്ന് കിടക്കുന്ന തൊട്ടടുത്തുള്ള പുരാതനമായ ട്രിനിറ്റി ചർച്ച് സന്ദർശിച്ച ശേഷം ഞങ്ങൾ പോയത് ഹൃത്തടം നീറുന്ന ഒരു സ്മാരകത്തിലേക്കാണ്. 2001 സെപ്തംബർ 11 ന് ( 9/11) പത്തൊൻപത് അൽ-ക്വയ്ദ ഭീകരവാദികൾ വിമാനം ഹൈജാക്ക് ചെയ്ത് കൊണ്ടുപോയി ഇടിച്ച് തകർത്ത ട്രേഡ് സെൻ്റർ നിലനിന്നിരുന്നിടത്തെ ഗ്രൗണ്ട് സീറോ. ഇപ്പോൾ അവിടെ നാല് വശത്ത് നിന്നും ജലധാരകൾ ഒഴുകി പരന്ന് വീഴുന്ന ചതുരാകൃതിയിൽ പല തട്ടുകളായുള്ള ഒരു ജലാശയ (Pool )നിർമ്മിതിയാണ്. ഇവിടെ നിന്ന് നോക്കുമ്പോൾ ജലാശയത്തിൽ പുതുതായി പണിതുയർത്തിയ 104 നിലകലുള്ള 1776 അടി പൊക്കമുള്ള ന്യൂ വേൾഡ് ട്രേഡ് സെൻ്ററിൻ്റെ പ്രതിബിംബം കാണാമെങ്കിലും ജലാശയത്തിനു ചുറ്റിനുമുള്ള തിട്ടയിലെ മാർബിൾ ഫലകങ്ങളിൽ കൊത്തിവെച്ചിട്ടുള്ള 2996 പേരുകൾ നമ്മെ ദുഃഖിതരാക്കും. ഒരു തെറ്റും ചെയ്യാത്ത ഇത്രയും മനുഷ്യരെ ഓർത്ത് നമുക്ക് ഒരു കണ്ണീർക്കണം പൊഴിക്കാതെ തിരികെ പോകാനാവില്ല. തുടർന്ന് ഭീകരവാദത്തിൻ്റെ വേരുകൾ തേടിയ അമേരിക്ക ഇവരുടെ നേതാവ് ബിൻ ലാദനെ വരെ കണ്ടെത്തിയിരുന്നു. വെടിവെയ്പിൽ ലാദൻ കൊല്ലപ്പെട്ടുവെന്നും ശവശരീരം കടലിൽ കെട്ടിത്താഴ്ത്തിയെന്നും അമേരിക്ക പറഞ്ഞു വെങ്കിലും ഭീകരവാദിയുടെ DNA പഠനത്തിന് ലാദൻ്റെ മൃതദേഹം ഉപയോഗപ്പെടുത്തിയതായും പറയപ്പെടുന്നു. ഏതായാലും ഞങ്ങളും ഒരു നിമിഷം ഭീകരവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ട വരുടെ ആത്മാവിനായി പ്രാർത്ഥിച്ചു. ഈ ദുരന്തത്തിന് ഒന്നും പകരമാവില്ലെങ്കിലും അമേരിക്കൻ ഗവ. ൻ്റെ ഇത്തരം ദുരന്തങ്ങളുടെ ഇരകളോടുള്ള സമീപനം നമുക്കൊരു പാഠമാകേണ്ടതാണ്. അമേരിക്കൻ ഗവ. ഏർപ്പെടുത്തിയ VCF ( Victim Compensation Fund) പ്രകാരം 12 ബില്യൻ ഡോളർ സഹായധനം കുടുംബങ്ങൾക്ക് നൽകുകയുണ്ടായി. ഇതറിഞ്ഞപ്പോൾ, ഭോപ്പാൽ ദുരന്തബാധിതർക്കും ചൂരൽമല ദുരന്തബാധിതർക്കും മറ്റും സഹായങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കും ഇന്ത്യയിലെ ബന്ധപ്പെട്ട സർക്കാരുകൾ കാട്ടുന്ന അലംഭാവം ഓർത്ത് ഞാൻ നടുങ്ങിയെന്നത് വാസ്തവം.
നമ്മുടെ നാട്ടിൽ പ്രതിമകൾക്കും ശില്പങ്ങൾക്കും പഞ്ഞമില്ലെങ്കിലും പുതു തലമുറയ്ക്ക് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉളവാക്കുന്ന ഇത്തരം ശില്പങ്ങൾ ഒന്നും തന്നെയില്ലെന്നതും ഞാൻ ഓർത്തു.
ഫിഫ്ത് അവന്യു
തുടർന്ന് ഞങ്ങൾ റോക്കർ ഫെല്ലർ പ്ലാസയിലേക്കാണ് പോയത്. പക്ഷേ അവിടെ പ്രൊമിത്യൂസിൻ്റെയുൾപ്പടെ ശില്പങ്ങൾ നവീകരിക്കുന്നതിനാൽ കാഴ്ചകൾ അത്ര ഫലപ്രദമായില്ല. അവിടെ മഞ്ഞുവീഴ്ചയുടെ സായന്തനങ്ങള്‍+ വളരെ മനോഹരമാണെന്ന് മകൾ പറഞ്ഞിരുന്നു. എങ്കിലും ഈ പ്ലാസ മറുവശത്തേക്ക് നീളുന്നത് ന്യൂയോർക്കിലെ പ്രചുരപ്രചാരമേറിയ ഫിഫ്ത് അവന്യുവിലേക്കാണ് (Fifth Avenue). ന്യൂയോർക്കിലെ Fifth Avenue ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരിക്കലും മറക്കാനാവില്ല കാരണം, അമേരിക്കൻ ലിറ്ററേച്ചർ പേയ്പ്പറിൽ ന്യൂയോർക്കിൽത്തന്നെ ജനിച്ച് വളർന്ന യൂജിൻ ഒനീലിൻ്റെ (Eugine O' neil) ഹെയ്റി ഏയ്പ്(Hairy Ape) എന്ന നാടകത്തിൽ അസ്തിത്വ പ്രശ്നത്താൽ സംത്രാസം നേരിടുന്ന രണ്ട് കഥാപാത്രങ്ങൾ അവസാനം എത്തിപ്പെടുന്നത് ഈ ഫിഫ്ത് അവന്യു വിലാണ് ' അവിടെ അവർ പൂർണമായും അന്യവൽക്കരണം (Alienation) അനുഭവിക്കുന്നു. ഒനീലിൻ്റെ പ്രസിദ്ധ വാക്യംYank and Pady in the Fifth Avenue ഞാൻ ഓർത്തു. കൈയ്യിൽ വേണ്ടത്ര പൈസയില്ലാതെ എം എ പഠന കാലത്ത് കൊല്ലം ചിന്നക്കടയിൽ അലഞ്ഞുനടക്കുമ്പോൾ ഞാനും അജിത്തും രത്നാകരനും മോഹനനുമൊക്കെ പറഞ്ഞു നടന്ന വാക്യം ! അമേരിക്കയിലെ മഹാനായ കവി വാൾട്ട് വിറ്റ്മാൻ ജനിച്ച് വളർന്നതും ന്യൂയോർക്ക് സ്റ്റേറ്റിലാണ് . അത് പക്ഷേ അടുത്ത സ്റ്റേറ്റായ ന്യൂ ജഴ്സിക്കുള്ള ദിശയിലാണ് '. റോക്ഫെല്ലർ പ്ലാസയിൽ ടൈം സ്ക്വയർ സവാരി ബോർഡ് വെച്ച സൈക്കിൾ റിക്ഷയും കാണാനായി.
സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൊമ്പ് കുലുക്കി ചീറിയടുക്കുന്ന കാളകൂറ്റൻ( Charging Bull)ൻ്റെ കൂറ്റൻ വെങ്കല ശില്പം സ്റ്റോക് എക്സേഞ്ചുകളുടെ തന്നെ പ്രതീകമായി മാറിക്കഴിഞ്ഞു.
ടൈം സ്ക്വയർ
നേരം വൈകിയപ്പോഴേക്കും ഞങ്ങൾ പ്രസിദ്ധമായ ടൈംസ്ക്വയറിലെത്തി. ടൈം സ്ക്വയർ എന്ന പേര് ഈ സ്ട്രീറ്റിന് വരാൻ കാരണം 1904ൽ ന്യൂയോർക്ക് ടൈംസ് ന്യൂസ് പേപ്പർ ആസ്ഥാനം ഇവിടേക്ക് മാറ്റിയതാണ്. യഥാർത്ഥത്തിൽ ഇത് മാൻഹാട്ടൻ മിഡ്ടൗണിൽ ഏഴാം അവന്യു വിൽ (7th Avenue) നാല്പത്തിരണ്ടാമത് സ്ട്രീറ്റാണ്. എങ്ങും LED വെളിച്ചവും ഡിജിറ്റൽ പരസ്യ ബോഡുകളും ഇലക്ട്രോണിക് ഡിസ്പ്ലേകളുമുള്ള സ്ട്രീറ്റിൽ ആർക്കും വരാം, പാട്ടു പാടാം, നൃത്തം ചെയ്യാം, പ്രസംഗിക്കാം ചുമ്മാ അലഞ്ഞ് നടക്കാം. രാത്രി 7 മണിയോടെ സജീവമാകുന്ന സ്ട്രീറ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇരുമ്പ് കസേരയിലിരുന്ന സ്ഥലത്ത് ഒരു ആഫ്രോ-അമേരിക്കൻ പാട്ടുപാടി നൃത്തം ചെയ്ത് മൊബൈൽ വീഡിയോയിൽ പകർത്തുന്നു. മറ്റൊരിടത്ത് പല നിറത്തിൽ തലമുടി ഒരുക്കിയ കുറെപ്പേർ ഒരുമിച്ചിരിക്കുന്നു. മിക്കി മൗസും കരടിയും ആൾക്കുരങ്ങും സ്പൈഡർമാനുമൊക്കെ സഞ്ചാരികളെ സ്വാഗതം ചെയ്യുകയും ഒപ്പം ഫോട്ടോയെടുക്കുകയും മറ്റും ചെയ്യുന്നു. മിക്കി മൗസ് എൻ്റടുത്ത് വന്ന് നമസ്തേയെന്ന് പറഞ്ഞപ്പോൾ ഞാൻ ഇന്ത്യക്കാരനെന്ന് വേഷം കെട്ടിയ അവൾക്ക് മനസിലായെന്ന് എനിക്കുറപ്പായി. പക്ഷേ ഒപ്പം നിന്ന് ഫോട്ടോ എടുത്താൽ തുടർന്ന് പണം കൊടുക്കണം. എൻ്റെ കൈയ്യിൽ ഡോളറുകൾ ഇല്ലാതിരുന്നതിനാൽ ഞാൻ ഒഴിഞ്ഞു മാറി. തൊട്ടപ്പുറത്ത് കുറച്ച് ആഫ്രോ-അമേരിക്കക്കാർ ചെറിയ സൗണ്ട് സിസ്റ്റവും വാദ്യങ്ങളും ഉപയോഗിച്ച് പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്നു. അല്പം മാറി സ്റ്റേജിൽ അമേരിക്കൻ ബംഗാളികൾ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ നൃത്തം അവതരിപ്പിക്കുന്നു. ഇതിനിടയിൽ പഴം നുറുക്കും പഴച്ചാറുകളും വിവിധ തരം സ്നാക്സുകളും ചെറിയ ട്രോളികളിൽ കച്ചവടം നടത്തുന്നു. പലതരം വേഷം ധരിച്ചവർ ( നമ്മുടെ ഫാൻസി ഡ്രസ് പോലെ) നമ്മുടെ കരം ഗ്രഹിച്ച് നൃത്തത്തിനായി ക്ഷണിക്കുന്നു. അലസമായി വസ്ത്രം ധരിച്ചും (ഏറെയും അല്പ വസ്ത്രം) സ്നാക്സ് കഴിച്ചും , ന്യൂയോർക്ക് സ്പെഷൽ പീസയും ( Pizza ) യും Cheese steakനൊപ്പം കോളയും ജൂസും കുടിച്ചും ആടിയും പാടിയും ഇവിടെയെത്തുന്നവർ പാതിരാത്രിയിലും തുടരുന്നു. മികച്ച ഹോട്ടലുകൾക്കിടയിൽ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കുന്ന' ചട്ടി' റസ്റ്റോറൻ്റ് ഉണ്ടെന്നറിഞ്ഞെങ്കിലും സമയ
ക്കുറവ് മൂലം ഞങ്ങൾ ഒഴിവാക്കി. ഇവിടെ നിന്നപ്പോൾ ലോകം മുഴുവൻ ഇവിടെ എത്തിയതായി എനിക്കനുഭവപ്പെട്ടു: കാരണം ലോകത്തിലെ മിക്ക ഭാഷകളും അവിടെ കേൾക്കാം. ഹിന്ദിയും ബംഗാളിയും മലയാളവും തമിഴും തെലുങ്കും കന്നഡയും ഉറുദുവും സ്പാനിഷും ഫ്രഞ്ചും ജർമനും റഷ്യനും അറബും ചൈനീസും പോർചുഗീസുംഎല്ലാം . ചുരുക്കത്തിൽ ലോകം മുഴുവനും അവിടെയെത്തി രാവേറുവോളം ആടിയും പാടിയും കഴിച്ചും കുടിച്ചും ജീവിതത്തെ ഉല്ലാസപ്രദമാക്കുന്നു.
ന്യൂയോർക്കിൽ നിന്ന് നമുക്ക് അത്ര വേഗം വിട്ടുപോരാനാവില്ല, അഥവ, വിട്ടുപോരുമ്പോൾ ന്യൂയോർക്ക് നമ്മെ ഒരു ഭൂതാവേശം പോലെ പിൻതുടർന്നു കൊണ്ടിരിക്കും. ആ ആവേഗങ്ങൾ നമ്മുടെ ഓർമകളെ സദാ മധുരതരമാക്കുകയും ഉന്മേഷഭരിതമാക്കുകയും ചെയ്യും; തിരികെ ച്ചെല്ലാൻ സദാ മാടി വിളിച്ചു കൊണ്ടേയിരിക്കും.