
കവിത
സഫീദ് ഇസ്മായിൽ
എന്‍റെ വിലാസം
ഈ കാറ്റിന്‍റെ ദിശകളിലില്ല.
ആദ്യത്തെ ബുവെൻഡിയ മരത്തിൽ
തളയ്ക്കപ്പെട്ട അന്ന്,
അയാളുടെ നിഴലായി
ഞാൻ ഇവിടെ പെയ്തിറങ്ങി.
കാലം ഇവിടെ
ഒരു മുഷിഞ്ഞ വസ്ത്രം പോലെയാണ്;
ഓരോ നൂറ്റാണ്ടിലും
ഞാനത് തിരിച്ചു ധരിക്കുന്നു.
ഹോസെ അർക്കാഡിയോയുടെ വെടിയുണ്ടകൾ
എന്‍റെ കവിതകളുടെ താളുകൾ
തുളച്ചു കടന്നുപോയിട്ടുണ്ട്.
അമരാന്ത തുന്നിയ ശവക്കച്ചയിൽ
ഞാൻ
എന്‍റെ ഏകാന്തതയുടെ
അക്ഷരങ്ങൾ കോർത്തു.
ഓരോ ജനനത്തിലും ഞാൻ കരയുന്നു,
ഓരോ മരണത്തിലും
ഞാൻ ബാക്കിയാവുന്നു.
റബേക്ക മണ്ണു തിന്നു തീർക്കുമ്പോൾ
ഞാൻ
ഹൃദയത്തിലെ
ഉപ്പുകല്ലുകൾ
ചവച്ചരയ്ക്കുന്നു.
മെൽക്വിറ്റാസ് എഴുതിവെച്ച
ലിപികൾ വായിക്കാൻ
കണ്ണാടികളുടെ നഗരത്തിൽ
ഞാൻ ഇപ്പോഴും കാത്തുനിൽക്കുന്നു.
റമെഡിയോസ്
ആകാശത്തേക്ക് പറന്നുയർന്നപ്പോൾ
അവളുടെ ചേലത്തുമ്പിൽ
തൂങ്ങി
എനിക്കും പോകാമായിരുന്നു;
പക്ഷേ
മക്കോണ്ടയുടെ മണ്ണ്
എന്‍റെ പാദങ്ങളിൽ
ഏകാന്തതയുടെ
ചങ്ങലകൾ ഇട്ടിരുന്നു.
ആറാം തലമുറയിലെ കുഞ്ഞ്
ഉറുമ്പുകൾക്ക് ഇരയാകുമ്പോൾ,
അവസാനത്തെ പേജും മടക്കി
ഞാൻ നടക്കുന്നു.
ഇപ്പോൾ ഇവിടെ
വീടുകളില്ല,
ഗ്രാമമില്ല,
മഞ്ഞുമലകളില്ല,
ഓർമ്മകളുമില്ല.
എങ്കിലും
ഈ മണൽക്കാറ്റിൽ ഒ
രു കവിതയുടെ
വാൽ മാത്രം ബാക്കിയുണ്ട്;
അത്
ഒരിക്കലും അവസാനിക്കാത്ത
എന്‍റെ
ഏകാന്തതയുടെ
നൂറ്റൊന്നാം വർഷമാണ്.