ചാലുകുളം താരാട്ട്

കവിത

അനില്‍കുമാര്‍ എം.ആര്‍



കെട്ടകൂട്ടിൽപ്പെട്ട്
കണ്ടിടം നിരങ്ങാതിരിക്കാൻ
വളച്ചു കെട്ടിയിട്ടു

ചെടനീക്കിച്ചെളിനീക്കി
കണ്ണെഴുതി പൊട്ടുകുത്തി
ആമ്പൽപ്പൂ ചൂടിച്ചു

മാതൃത്വം നിറവേറ്റാൻ
ഓമനമീനുകളെ പാലൂട്ടുന്ന
പണിയേല്പിച്ചു കൊടുത്തു

പതച്ചും ഊളിയിട്ടും 
ആവോളം ക്രീഡിച്ചു സുഖിപ്പിച്ചു

വട്ടം ഒത്തില്ലെങ്കിലും
കുളമെന്ന് സംബോധന ചെയ്തു

എന്നിട്ടും
ഇടവപ്പാതി
കിക്കിളിപ്പെടുത്തിയപ്പോൾ 
വേലിനൂണ്ടു പോയവൾ
അപ്പുറത്തെ ചാലിനെ
കെട്ടിപ്പുണർന്നു കിടക്കുന്നതുകണ്ട്
ഉള്ളൊന്നുകാളി

ചൂടൻ ചൂരലുമായി
വേനൽ വരുവോളം
കാത്തിരിക്കേണ്ടിവന്നു 
വീണ്ടും പിടിച്ചുകെട്ടിയിടാൻ
അഞ്ചുവണ്ടിപ്പൂഴിക്ക്
മൂടിപ്പുതപ്പിച്ചുകിടത്താൻ

മറക്കാൻ വയ്യാത്തതിനാൽ
ചെറിയൊരുയിരുനില സ്മാരകം
കെട്ടിപ്പൊക്കി

അതിൽ ഞങ്ങൾ
പാർപ്പാക്കി

ക്ഷീണിച്ച്
ചെരിഞ്ഞു കിടന്നുറങ്ങുന്ന രാവുകളിൽ
ഒരു തേങ്ങലിൻ്റെ
ഒഴുക്കിൽപ്പെട്ടു പോകുന്നതായി
കൂടെക്കിടക്കുന്നവളിൽ നിന്നും
പറഞ്ഞു കേൾക്കാറുണ്ട്
ഈയിടെയായി

എങ്കിലും,

ആ തേങ്ങലിൻ്റെയീണമാണ്
വാശി പിടിച്ചുവിതുമ്പിക്കരയുന്ന  
ഞങ്ങടെ പെൺകുഞ്ഞിന്
അവൾ മൂളിമൂളിക്കൊടുക്കുന്ന                
 താരാട്ട്.


Comments
* The email will not be published on the website.