
(എല്ലാ സ്വേച്ഛാധികാരികൾക്കും )
കവിത
അനിൽ നീണ്ടകര

മൗനം
ഒരു ധ്യാനത്തിന്‍റെ ധൂപസുഗന്ധം,
നിശ്ശബ്ദതയുടെ സംഗീതം,
പ്രാർത്ഥനാദീപ്തി,
പ്രതിരോധവീര്യം ,
അകക്കടലിൽ മുങ്ങിമുങ്ങി
ആഴമറിയാത്ത സ്വയംതേടലും.
മൗനം ഇഷ്ടമായിരുന്നു ,
നേതാവേ.
നിങ്ങടെ മൗനത്തിൽ നിന്ന്
ഒരു കൗശലത്തിന്‍റെ
കുറുക്കൻവാൽ
പുറത്തേക്കു നീണ്ടുകിടക്കുന്നത്
കണ്ണിൽപ്പെടുംവരെ .
മൗനത്തിൻ്റെ മറവിൽ നിങ്ങൾ
ആയുധം രാകുന്ന ഒച്ച
വെളുത്ത തലച്ചോറിനെ
ചോരയിൽ മുക്കുംവരെ.
വഞ്ചിക്കപ്പെട്ട കർഷകർ
തെരുവിൽ
മൂർച്ഛിച്ചു വീഴുംവരെ.
ധരിക്കുന്ന വസ്ത്രത്തിലും
കഴിക്കുന്ന ആഹാരത്തിലും
മിണ്ടുന്ന വാക്കിലുംകൂടി
നിങ്ങൾ പിടിമുറുക്കും വരെ.
നിങ്ങടെ മൗനത്തിൻ്റെ
അർത്ഥം തേടിയവരെല്ലാം
ഒന്നൊന്നായി
കൺമുമ്പിൽ നിന്ന്
മാഞ്ഞുപോകും വരെ.
കാറ്റിളക്കുന്ന
രാഷ്ട്രീയക്കോടമഞ്ഞിൽ
ഡ്രാക്കുളക്കോട്ട
പടുതി കാട്ടുംവരെ.
അതുകൊണ്ട്
ദുഃഖത്തിനു പരിഹാരവും
വിശപ്പിന് അന്നവും
ചിന്തയ്ക്കു സ്വാതന്ത്ര്യവുമാകാത്ത
നിങ്ങടെ മൗനത്തിന്
സ്വേച്ഛാധികാരത്തിൻ്റെ
ഇരുണ്ട നിശ്ശബ്ദത
എന്നു ഞങ്ങൾ പേരു മാറ്റുന്നു.