ഉയിർപ്പിലേക്ക് ഒരുവൾ


കവിത

ദീപ സോമൻ


പുഴ 
വെയിൽ 
പുതയ്ക്കുന്നു 

അവൾ 
വെയിലിലും പുഴയിലും ഒരുപോലാഴ്ന്നു
 
മുങ്ങാംകുഴിയിൽ ലോകം 
അസ്തമിക്കുന്നു 

ജീവിതാസക്തി അവളെ മേലേയ്ക്കു തള്ളുന്നു 
ഉയിർപ്പിലേക്ക് വീണ്ടും. 

പച്ചയിലേക്കിറങ്ങുന്ന ഒരുവൾ 
ആത്മാവിന്നാഴത്തിലേക്കു 
മുഖമാഴ്ത്തുന്നു 

കനൽ പരപ്പിലെ തീപിടിച്ച ചെമ്പകക്കാട് 
ഒറ്റക്കിളിയുടെ അസ്ഥിക്കൂട്, 
കരിഞ്ഞൊരു കൊമ്പിലിടം നഷ്ടപ്പെട്ട ദേഹി

സ്വപ്നഭൂമിയിൽ പച്ച പടർത്തുന്ന ഒരുവൾ
 ഗ്രീഷ്മം ചുംബിച്ചൊടുക്കിയ സ്വപ്നങ്ങളിലേക്ക് 
തൂവൽചിറകു തുന്നുന്നു 

എഴുത്തുമേശയിലെ വെള്ളപ്പേപ്പറിൽ 
മഷിപ്പൂക്കളെ വിരിയിക്കുന്നു 

ജനാലയ്ക്കപ്പുറം 
പുഞ്ചിരിച്ചൊരു ധ്രുവനക്ഷത്രമവളിലേക്കു 
മിഴിനീട്ടി 

ആകാശവിശാലതയിലേക്കു 
മറ്റൊരു നക്ഷത്രമായി അവളവളേയും വരച്ചുചേർത്തു

ഇപ്പോൾ, 
മേലേക്കുയർത്തിയ 
പെൺമുഖം 
നിലാവെന്ന് അടിവരയിടുന്നു
 
നിറവാൽ തുളുമ്പുന്നു 
സ്വാസ്ഥ്യം പുതയ്ക്കുന്നു.


Comments
* The email will not be published on the website.