അന്ന് നാല്പതു രാവും നാല്പതു പകലും മഴ പെയ്തിരുന്നു

കഥ

ജോമോന്‍ ജോസ്

 തൊട്ടടുത്ത ദേശക്കാരനായ അവനെ ഞങ്ങൾ കാലി എന്നാണ് വിളിച്ചിരുന്നത്. അവനെ മാത്രമല്ല, അവന്‍റെ ദേശത്ത് നിന്ന് ഓവുകൾ വൃത്തിയാക്കാനും മരങ്ങൾ വെട്ടാനും പറമ്പ് കിളയ്ക്കാനും പോലുള്ള ജോലികൾക്കായി ഞങ്ങളുടെ ദേശത്തേക്ക് വന്നവരെയെല്ലാം ഞങ്ങൾ ലേശം പരിഹാസത്തോടെ കാലി എന്ന് വിളിച്ചു. കാലി എന്നത് ഞങ്ങളുടെ ഭാഷയിൽ ഒരു മോശം വാക്കായിരുന്നു. അവരുടെ യഥാർത്ഥ പേരുകളെക്കുറിച്ച് ഞങ്ങൾ ആശങ്കപ്പെട്ടതേയില്ല.
വീതിയുള്ള കറുത്ത റബർ ബാൻഡിട്ടു മുറുക്കിയ പുസ്തകങ്ങളും ചോറുപാത്രവും നെഞ്ചിലടക്കിപ്പിടിച്ച് ഞങ്ങൾ പള്ളിക്കൂടത്തിലേക്ക് പോകുമ്പോൾ കാലി ഏതെങ്കിലും വീട്ടുവളപ്പിൽ പുല്ലിന്‍റെയോ കമ്യൂണിസ്റ്റ് പച്ചയുടെയോ കട പറിച്ചുകൊണ്ട് നിൽക്കുന്നുണ്ടാവും. 
 ‘വൈന്നേരം കളിക്കാട്ടാ’. 
ഒരു നിമിഷം മണ്ണിൽ നിന്ന് നിവർന്ന് വീണ്ടും മണ്ണിലേക്ക് കുനിഞ്ഞ് പുല്ലിന്‍റെ വേരിൽ തപ്പി കാലി പറയും. ഞങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ഭാഷ ആയിരുന്നു അവന്റേത്. പക്ഷെ അവൻ പറയുന്നതെല്ലാം ഞങ്ങൾക്ക് എങ്ങിനെയോ മനസിലാകുമായിരുന്നു.
വൈകുന്നേരം ഞങ്ങളുടെ കളി പകുതിയാവുമ്പോളാവും കാലി തിടുക്കപ്പെട്ട് ഓടി വരിക. അപ്പോളേക്കും ചൂരലോ പേരവടിയോ പിന്നിൽ ഒളിപ്പിച്ച് ‘ഇരുട്ടിയാലും വീട്ടിൽ കേറില്ലേടാ’ ന്ന് അമ്മമാർ പതുങ്ങിവരുന്ന നേരമായിട്ടുണ്ടാവും. .
 ‘എന്നേം കൂട്ടടാ..’
 ദൂരേനിന്നേ ഉറക്കെ വിളിച്ചു പറഞ്ഞാണ് ഓടി വരുന്നത്. നടുവിൽ നിന്ന് ഇരുവശത്തേക്കും ചീകിയിട്ട മുടി പരുന്തിന്‍റെ ചിറകുകൾ പോലെ ഉയർന്നുതാണുകൊണ്ടിരിക്കും.
 ഞങ്ങൾക്ക് പള്ളിക്കൂടം ഇല്ലാത്തപ്പോൾ അവന് പണിക്കു പോകാൻ മടിയാണ്. അന്ന് മുഴുവൻ ഞങ്ങൾക്കൊപ്പം കളിക്കും. അതിരാവിലെ തന്നെ ട്രൗസറിന്‍റെ രണ്ടുപോക്കറ്റിലും ഗോലികൾ നിറച്ച് ഓടി വരും. കളിസ്ഥലത്ത് എത്തുന്നത് വരെ ഗോലികൾ അവന്‍റെ നരച്ച ട്രൗസറിന്‍റെ പോക്കറ്റിൽ കിടന്ന് കുലുങ്ങിച്ചിരിച്ചുകൊണ്ടിരിക്കും.

 പണിക്ക് പോകാതെ കളിക്കുന്ന ദിവസങ്ങളിൽ, പുഴയരികിൽ തകരഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ നിന്നിറങ്ങിവന്ന് കാലിയുടെ അപ്പ അവനെ ഉറക്കെ ശകാരിക്കുന്നത് കേൾക്കാം. അയാളേതോ വീട്ടിൽ പണിക്ക് പോകാനിറങ്ങിയതാണ്. കയ്യിലെ തൂമ്പയോ മൺവെട്ടിയോ ഉയർത്തി അവനെ തല്ലാനോങ്ങി, ശപിക്കുന്നത് പോലെ ഉറക്കെ എന്തൊക്കെയോ പറഞ്ഞ് റോഡിലേക്കിറങ്ങി വേഗത്തിൽ നടക്കും. അയാളുടെ ഭാഷ ഞങ്ങൾക്ക് ഒരിക്കൽ പോലും പിടികിട്ടിയില്ല.
സ്കൂളില്ലാതിരുന്ന ഒരു പകൽ, കാലി വീട്ടിൽ വരുമ്പോൾ അമ്മ പൊതിക്കാനേല്പിച്ച തേങ്ങയോട് മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. . 
 ‘ഇങ്ങു കൊണ്ടുവാ’.
 ഞാൻ വാക്കത്തി അവന് കൈമാറി. ആയത്തിൽ രണ്ടോ മൂന്നോ വെട്ട്. പൊതിമടലിൽ രണ്ടു വലി. എത്ര നിഷ്പ്രയാസമാണ് അവൻ തേങ്ങ പൊതിച്ചതെന്ന് എനിക്ക് അത്ഭുതവും ബഹുമാനവും തോന്നി. തേങ്ങ അമ്മയെ ഏല്പിച്ചു തിരിച്ചുവരുമ്പോൾ ഒരു കാര്യം പറയാനുണ്ടെന്ന് അവനെന്‍റെ കയ്യിൽ പിടിച്ച് പുഴക്കരയിലേക്ക് നടന്നു.
 എന്‍റെ വീടിനു മുന്നിലൂടെ കായലിന്‍റെ ഒരു കുഞ്ഞുകൈവഴി ഒഴുകുന്നുണ്ട്. ഉച്ചവെയിൽ വീണ് പുഴ സ്വർണ്ണം പോലെ തിളങ്ങുന്നു. തുണികൾ അലക്കാൻ നിർമ്മിച്ച പടവിൽ വെള്ളത്തിൽ കാലുകൾ മുക്കിവച്ച് ഞങ്ങൾ ഇരുന്നു, ഏറെ നേരം നിശബ്ദരായി. ‘വല്ലതും പറയു’വെന്ന് ഓളങ്ങൾ കുണുങ്ങി വന്ന് കാലുകളിൽ തൊട്ടു വിളിച്ചുകൊണ്ടിരുന്നു. രണ്ടോ മൂന്നോ പരന്ന കല്ലുകൾ എടുത്ത് വെള്ളത്തിനു മുകളിലൂടെ പായിച്ച് ഞങ്ങളുടെ ഭാഷയും അവന്‍റെ ഭാഷയും കൂട്ടിച്ചേർത്ത് കാലി പറഞ്ഞു.
 ‘എടാ നീയെങ്കിലും എന്നെ കാലി എന്ന് വിളിക്കണ്ട’.
 ‘പിന്നെ?’
 ‘ ബാച്ചോ എന്ന് വിളിച്ചാൽ മതി’ 
‘ ബാച്ചോ ?’
 ‘എനിക്കാ പേര് കുറെ ഇഷ്ടമാണ്. പിന്നെ നിന്‍റെ ഭാഷയും’. ‘ശരി’.
 ‘പിന്നെ, നീയെന്നെ നിന്‍റെ ഭാഷ പഠിപ്പിക്കണം’.
 ഇത്തവണ പക്ഷെ, ഞാനൊന്ന് ഞെട്ടി. ഞങ്ങളുടെ വ്യവഹാര ഭാഷയിലെ വാക്കുകൾ ഒന്നൊന്നായി പിൻവലിക്കപ്പെട്ടുകൊണ്ടിരുന്ന സമയമായിരുന്നു. പ്രണയം എന്ന വാക്കാണ് ഏറ്റവുമൊടുവിലായി എടുത്തുമാറ്റപ്പെട്ടത്. നിരോധനം വന്നതിനു ശേഷം ‘പ്രണയ’മെന്ന് ഉച്ചരിച്ച ദൂരദിക്കിലുള്ള ഒരു പതിനാറുകാരന്‍റെ നാവ് അറുത്തെടുക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഭാഷ, എന്തിന് ഞങ്ങളുടെ സംസാരം തന്നെ പൂർണ്ണമായി അസ്തമിച്ചു. ഏത് വാക്കാണ് സർവാധിപതിക്കിഷ്ടം, ഏതാണ് ഇഷ്ടമില്ലാത്തത് എന്നറിയാതെ എങ്ങിനെയാണ് ഉച്ചരിക്കുക. പറയുന്ന ഏതു വാക്കും അതിഭീകരമായി ഒറ്റിക്കൊടുത്തേക്കാമെന്ന് ഞങ്ങൾ ഭയന്നു.
എന്നാൽ, ഞങ്ങൾക്ക് ആ പ്രതിസന്ധിയും അതിജീവിക്കേണ്ടതുണ്ടായിരുന്നു. തികച്ചും സ്വാഭാവികമായി, വാക്കുകളുടെ കനമില്ലാത്ത പുതിയ ഭാഷ ഞങ്ങൾക്കിടയിൽ പരുവപ്പെട്ടു വന്നു. ഒരിടത്ത് ഒഴുക്ക് തടസപ്പെടുമ്പോൾ നദി സ്വമേധയാ പുതിയ ചാലുകൾ കണ്ടെത്തുന്നതു പോലെയാണ് അതുണ്ടായി വന്നത്. കണ്ണുകൾ കൊണ്ടും പുരികങ്ങൾ കൊണ്ടും മുഖത്തെ മാംസപേശികൾ കൊണ്ടും ഞങ്ങൾ പുതിയൊരു ഭാഷ ചമച്ചു. പുതിയ ഭാഷയെന്ന് പറയാനാവില്ല. ഞങ്ങളുടെ അടിത്തട്ടിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കാതെ ഉപേക്ഷിച്ച ആദിമഭാഷ ഞങ്ങൾ വീണ്ടെടുക്കുകയായിരുന്നു.
 എത്രയോ നൂറ്റാണ്ടുകളിലൂടെ വാമൊഴിയായും വരമൊഴിയായും ഉരുവപ്പെട്ടു വന്നതാണ് എന്‍റെ ഭാഷ. എണ്ണിയാലൊടുങ്ങാത്ത പദസമ്പത്തുക്കളുടെ സമ്പന്നമായ പാരമ്പര്യം. തായ് വേരുകളിൽ നിന്ന് പൊക്കിൾ കൊടികളിലൂടെ അതീവനിഗൂഢമായി കൈമാറ്റം ചെയ്യപ്പെടുന്ന ലിപികൾ. പുറത്തേക്ക് പറയാനാവാത്ത വാക്കുകൾ ഗർഭപാത്രത്തിൽ വളർച്ച മുറ്റിയ കുട്ടിയെന്ന പോലെ എന്നിൽ കുതറി. അക്ഷരങ്ങളുടെ വക്കുകൾ തട്ടി ഉള്ളിലെവിടെയോ ചോര പൊടിഞ്ഞു. ഞാൻ ചുറ്റും നോക്കി ആരെയോ എന്തിനെയൊക്കെയോ ഭയന്ന് പറഞ്ഞു.
 ‘ഞങ്ങളുടെ ഭാഷ പഠിക്കാതിരിക്കുകയാണ് നല്ലത്’. 
- കൂടുതൽ സംസാരിക്കുന്തോറും ഏത് വാക്കിനാലാണ് ചതിക്കപ്പെടുകയെന്ന ഭയം എന്നിൽ വർദ്ധിച്ചുവന്നു. വളരെ ശ്രദ്ധിച്ച് വളരെക്കുറച്ചു വാക്കുകൾ മാത്രം തിരഞ്ഞെടുത്ത് പറഞ്ഞു.
 ‘ഇപ്പോൾ എന്‍റെ ദേശത്തിന്‍റെ ഭാഷ വെളിച്ചത്തിലേക്കല്ല, ഇരുളിലേക്കുള്ള വാതിലാണ്. അത് അടഞ്ഞുതന്നെയിരിക്കട്ടെ’.
എന്നാൽ, അവൻ ദിവസങ്ങളായി നിർബന്ധിച്ചുകൊണ്ടിരുന്നു. അവന് അക്ഷരം പഠിക്കണം. വായിക്കണം. എഴുതണം. ഞങ്ങളുടെ ഭാഷയിലെ മികച്ച സാഹിത്യകൃതികൾ, വിശേഷിച്ചു സുഭഗ് എഴുതിയ പുസ്തകങ്ങൾ വായിക്കണം. സുഭഗ് എന്ന് പറഞ്ഞപ്പോൾ അവന്‍റെ കണ്ണുകളിലൂടെ ഒരു മഴവില്ല് ഓടിപ്പോയി. ഭയത്തോടെയാണെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടിവന്നു.
ഇരുട്ടുവീണു കഴിഞ്ഞ് പെട്ടെന്നൊന്നും ആരും എത്തിച്ചേരാനിടയില്ലാത്ത ഒരിടത്ത് ഞങ്ങൾ സമ്മേളിച്ചു. പണിയായുധങ്ങൾ പിടിച്ചു തഴമ്പിച്ച വിരൽ പിടിച്ച് പുസ്തകത്തിലെന്ന പോലെ പഞ്ചാരമണലിൽ അക്ഷരങ്ങൾ എഴുതിച്ചു. നിലാവ് അവന് വെട്ടവും വിളക്കുമായി. ഇത്രയും സന്തോഷവാനായി ഞാനവനെ ഇതിനുമുൻപ് കണ്ടിട്ടില്ല. ഓരോ അക്ഷരവും വേഗത്തിൽ പഠിച്ച് കൃത്യമായി എഴുതി അവൻ ഉറക്കെ ആഹ്ലാദശബ്ദമുണ്ടാക്കി. അവന്‍റെ ആഹ്ലാദശബ്ദങ്ങൾ എന്നിൽ കടുത്ത ഭയവും.
 ആഴ്ചകൾക്കുശേഷമൊരു സന്ധ്യയിൽ, എന്‍റെ കണ്ണുകൾ പൊത്തിപ്പിടിച്ച് അവൻ എന്നെ എങ്ങോട്ടോ നടത്തിച്ചു. ബാച്ചോയുടെ വിരലുകൾക്ക് ഉച്ചക്ക് കഴിച്ച അയിലക്കറിയുടെ മണം.
 ‘നടക്ക്, ഒരു സൂത്രം കാണിച്ചുതരാം..’ 
 എവിടെയോ എത്തിയപ്പോൾ അവൻ എന്‍റെ കണ്ണുകൾ മൂടി വച്ചിരുന്ന വിരലുകൾ പിൻവലിച്ചു.
 ‘നോക്ക്’. 
 മൈതാനത്തിന്‍റെ പിന്നിലെ മതിലിലേക്കാണ് ഞാൻ കണ്ണുകൾ തുറന്നത്. പൊട്ടിയ ഇഷ്ടികക്കഷണം കൊണ്ട് മതിലിൽ ഞങ്ങളുടെ ഭാഷയിൽ ബാച്ചോ എന്നെഴുതിയിരിക്കുന്നു. കണ്ണുകൾ അടച്ചുതുറന്ന് ഞാൻ വീണ്ടും വീണ്ടും വായിച്ചു: ബാച്ചോ. ബാച്ചോ. അവൻ എനിക്ക് ചുറ്റും ഒരു ചുവടു നൃത്തം ചെയ്തു.
 ‘എങ്ങനെ?’
കൂട്ടിവായിക്കാൻ തുടങ്ങിയതിനു ശേഷം ഞാൻ ബാച്ചോയെ ഞങ്ങളുടെ വായനശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങൾ ചെല്ലുമ്പോൾ വായനശാലയിൽ തിരക്കുണ്ടായിരുന്നു. പുസ്തകങ്ങൾ എടുക്കാനും തിരികെ കൊടുക്കാനും മറ്റും എത്തിയവർ. സുഹൃത്തായ പുസ്തകസൂക്ഷിപ്പുകാരന് അവനെ പരിചയപ്പെടുത്തി. 
 ‘അന്യദേശക്കാരനായത് കൊണ്ട് അയാൾക്ക് ഇവിടെ നിന്ന് പുസ്തകം എടുക്കാൻ കഴിയില്ല. നിന്‍റെ വിലാസത്തിൽ എടുക്കാം’. 
 എന്തായിത്. ഞാൻ നിരാശപ്പെട്ടു. വായനയിൽ പോലും അന്യ ദേശക്കാരനും സ്വന്തദേശക്കാരനും. പുസ്തകങ്ങൾക്കിടയിലേക്ക് അവനെ തനിയെ വിട്ട് ഞാൻ പുസ്തകസൂക്ഷിപ്പുകാരനു മുന്നിലെ കസേരയിലിരുന്നു. റാക്കുകൾക്കിടയിൽ പുസ്തകം തിരയുന്ന അവന്‍റെ തിളങ്ങുന്ന കൃഷ്ണമണികൾ എന്നിൽ കൗതുകമുളവാക്കി. 
 സുഭഗിന്‍റെ ഒരു പുസ്തകവുമായാണ് അവൻ തിരികെ വന്നത്. . 
 ‘സത്യം പറയാമല്ലോടാ’. 
 പുസ്തകം കയ്യിൽ തന്ന് എന്‍റെ ചെവിയിലേക്ക് കുനിഞ്ഞ് ബാച്ചോ പറഞ്ഞു. 
 ‘സുഭഗിന്‍റെ പുസ്തകങ്ങൾ വായിക്കാൻ മാത്രമാണ് ഞാൻ നിന്‍റെ ഭാഷ പഠിച്ചത്’.
എനിക്കും വളരെ ഇഷ്ടമുള്ള എഴുത്തുകാരൻ ആയിരുന്നു സുഭഗ്. ഞങ്ങളുടെ ഭാഷയിലെ ഏറ്റവും തലമുതിർന്ന, സാഹിത്യ കുലപതിയെന്ന് വിശേഷിക്കപ്പെട്ട അദ്ദേഹത്തെ രാജ്യം മുഴുവൻ ആദരിച്ചു. 
‘ഒരു ദിവസം നമുക്ക് സുഭഗിനെ കാണാൻ പോകണം. അദ്ദേഹത്തിന്‍റെ കാലിൽ തൊട്ട് വന്ദിക്കണം’. 
 ‘ആവാം’. 
ഞാൻ പറഞ്ഞു. പക്ഷെ, വായനശാലയിൽ നിന്ന് പുസ്തകവുമായി വീട്ടിലെത്തിയ രാത്രിയിലാണ് സർവാധികാരിയുടെ പുതിയ ഉത്തരവുണ്ടായത്. ഈ നിമിഷം മുതൽ ഈ ദേശത്ത് സാഹിത്യമെഴുത്തും വായനയും നിരോധിച്ചിരിക്കുന്നു. 
അപ്പോൾത്തന്നെ ബാച്ചോ ഓടി വീട്ടിൽ വന്നു. പതിവുപോലെ ഞങ്ങൾ പുഴക്കരയിലിരുന്നു. പുഴ ഇരുട്ടിൽ കറുത്തുകിടന്നു. . 
 ‘എന്താണിങ്ങനെ?’ 
പാതി ഇരുട്ട് വീണ മുഖം എനിക്ക് നേരെ തിരിച്ച് അവൻ ചോദിച്ചു. ഭയം മൂലം ഞാൻ മൗനത്തിലേക്ക് ഉൾവലിഞ്ഞു. വെളിച്ചം വന്നു തുടങ്ങിയപ്പോളെ ഇരുട്ട് വന്നെന്ന് അവൻ കരഞ്ഞു. തോളിൽ തട്ടി ‘നിന്‍റെ നാടെന്താ ഇങ്ങനെ’ യെന്ന് അവൻ എഴുന്നേറ്റു. 
 ‘നാളെ ഞാൻ എന്‍റെ ദേശത്തേക്ക് പോകും. എനിക്കിവിടം ഭയമായിത്തുടങ്ങുന്നു’. 
കൂടുതലൊന്നും പറയാതെ അവൻ മുറ്റത്തെ ഇരുട്ടിൽ മറഞ്ഞു. 

 പിറ്റേന്ന് രാവിലെ കേട്ട ആദ്യത്തെ വാർത്ത എന്നെ ഉലച്ചു കളഞ്ഞു. എന്തിനായിരിക്കണം ബാച്ചോയെ സർവാധിപതിയുടെ സൈനികർ പിടിച്ചുകൊണ്ടു പോയത്. പിന്നീടവന് എന്തു സംഭവിച്ചു?.
 ദിവസങ്ങൾക്കുശേഷം രാത്രി വളരെ വൈകി എന്നെ തിരഞ്ഞ് അവൻ വീട്ടിൽ വന്നു. ഒരു കാര്യം പറയാനുണ്ടെന്ന് മുറ്റത്ത് പരന്നുകിടന്ന ഇരുട്ടിലേക്ക് വിളിച്ചിറക്കിക്കൊണ്ടുപോയി. കൈകൾ പിന്നിൽ കെട്ടി നിന്ന് ചോദിച്ചു. ‘നമുക്കൊന്ന് നടന്നാലോ?’
 തെരുവുവിളക്കുകൾ നീട്ടിയ വെളിച്ചത്തിലൂടെ ഞങ്ങൾ ലക്ഷ്യമില്ലാതെ നടന്നു. വർഷങ്ങളായി ആരാധന നിരോധിക്കപ്പെട്ടതിനാൽ കാട്ടുവള്ളികൾ പടർന്നുകയറിയ ആരാധനാലയത്തിന്‍റെ മുന്നിൽ വച്ച് അവൻ എനിക്ക് നേരെ നിന്നു. എന്‍റെ കണ്ണുകളിലേക്ക് ആഴത്തിൽ ഒരു നിമിഷം നോക്കി മാന്ത്രികന്‍റെ ദ്രുതചലനത്തോടെ പിന്നിൽ കെട്ടിയിരുന്ന കൈകൾ അഴിച്ച് ഉയർത്തിക്കാണിച്ചു. വലതുകൈപ്പത്തിയുടെ സ്ഥാനത്ത് അഗാധശൂന്യത!. പൊടുന്നനെ പ്രിയപ്പെട്ടൊരാളുടെ ദുരന്തം കണ്ടതുപോലെ എന്‍റെ ഹൃദയം നിലച്ചു പോയി. അവനപ്പോളും വലത്തെ കൈ ഉയർത്തിത്തന്നെ പിടിച്ചിരിക്കുകയായിരുന്നു. അതെന്നെ കോരിക വേർപെട്ട മൺവെട്ടിയുടെ പിടി ഓർമിപ്പിച്ചു.
 ‘ഇതെന്താണ്?’
ഞാനവന്‍റെ ഇല്ലാത്ത വലതു കൈപ്പത്തിയിലേക്ക് എന്‍റെ വിറയ്ക്കുന്ന വിരൽ ചൂണ്ടി. അവൻ മറുപടി പറയാതെ നടന്നു. ഞാൻ പിന്നാലെയും. പാലത്തിന്‍റെ ഇറക്കിലുള്ള കടയിൽ നിന്ന് അവൻ തന്നെ ചൂട് കാപ്പി ഓർഡർ ചെയ്തു. കാപ്പി തയ്യാറാകുന്ന സമയം മുഴുവൻ അവൻ സ്വയം മറന്ന് ദൂരെ മലയിൽ മഞ്ഞുവീഴുന്നത് നോക്കിനിന്നു. മധുരം എത്ര കൂട്ടിയിട്ടിട്ടും എനിക്ക് എന്തുകൊണ്ടോ കാപ്പി വല്ലാതെ കയ്ച്ചു. മധുരം പോരെന്ന് കടക്കാരനോട് ഞാൻ വീണ്ടും വീണ്ടും തർക്കിച്ചു. 
 ‘നീ പണ്ടൊരിക്കൽ എനിക്ക് ഒരു കഥ പറഞ്ഞു തന്നിട്ടില്ലേ?’ 
 അവൻ കാപ്പിയുടെ അവസാനത്തെ തുള്ളി നാക്കിലിറ്റിച്ച് ഗ്ലാസ് മേശമേൽ വച്ച് എന്നെ നോക്കി. 
 ‘നിന്നെ ഉറക്കാൻ നിന്‍റെ അമ്മൂമ്മ പറഞ്ഞുതന്നിട്ടുള്ള നീലക്കുറുക്കന്‍റെ കഥ?’ 
‘ഉവ്വ്’. 
 ‘അതൊന്നുകൂടി പറയുമോ? കേൾക്കാൻ തോന്നുന്നു’. 
ഞാൻ ആ കഥ ഓർമയിൽ നിന്ന് ഓർത്തെടുത്തു: വിശന്നു വലഞ്ഞ ഒരു കുറുക്കൻ കാട്ടിലൂടെ നടക്കുകയായിരുന്നു. കാട്ടിൽ ഒന്നും ഭക്ഷിക്കാൻ കിട്ടാതെ നടന്നുനടന്ന് കാട് വിട്ട് അവൻ നാട്ടിലെത്തി. ഗ്രാമത്തിൽ, മനുഷ്യർ നടന്നുണ്ടാക്കിയ ചാലുകളിലൂടെ ഭക്ഷണം തേടി നടന്നു. അങ്ങിനെ നടക്കുമ്പോൾ അവൻ ഒരു വീടിനു പിന്നിൽ ഇരിക്കുന്ന വലിയൊരു വീപ്പ കണ്ടു. ഇതിലെന്തെങ്കിലും തിന്നാൻ കാണുമായിരിക്കും. അവൻ ചിന്തിച്ചു. വീപ്പക്കകത്ത് എന്താണെന്നറിയാൻ വീപ്പ ചരിച്ചതും അതിലെ നീലച്ചായം മുഴുവൻ ഒഴുകി കുറുക്കന്‍റെ ദേഹത്ത് വീണു. അവനൊരു നീലക്കുറുക്കനായി തിരികെ കാട്ടിലെത്തി. നീല നിറമുള്ള വിചിത്ര ജീവിയെ കണ്ട് കാട്ടിലെ മൃഗങ്ങൾ ഭയന്നു. ഏതോ പുതിയൊരു ഭീകരജീവിയെന്ന് മൃഗങ്ങൾ ഓടിയൊളിച്ചു. ഇത് തന്നെ തക്കം. കുറുക്കൻ ചിന്തിച്ചു. വലിയൊരു കുന്നിൻ മുകളിൽ കയറിനിന്ന് അവൻ പ്രഖ്യാപിച്ചു. നടക്കുന്നതിനൊപ്പമുള്ള സംസാരം കിതപ്പിച്ചപ്പോൾ ഞാൻ പാലത്തിന്‍റെ കൈവരിയിൽ ഇരുന്നു. കൈവരിയിൽ മുട്ടുകൈ കുത്തി നിന്ന് ‘തുടർന്നു പറയു’ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി. കുറുക്കൻ പറഞ്ഞു.
 ‘ഇന്നുമുതൽ ഞാനാണ് നിങ്ങളുടെ രാജാവ്. ഈ കാടിന്‍റെ സർവാധിപതി.’  
ബാച്ചോയുടെ കണ്ണുകളിൽ ഒരു പരിഹാസച്ചിരി നാമ്പിട്ടു.കുറുക്കൻ എന്നും രാവിലെ കൊട്ടാര മുറ്റത്ത് ഉലാത്തിക്കൊണ്ട് ആജ്ഞാപിക്കും:  
‘ഇന്നെനിക്ക് മുയൽ ഇറച്ചി തിന്നണം’.  
ഓരോ ദിവസം ഓരോ മൃഗങ്ങൾ. അതീവരുചികരങ്ങളായ ഭക്ഷണങ്ങൾ. അല്പം പോലും മേലനങ്ങാതെ. കുതന്ത്രങ്ങൾ കൊണ്ട് വെറുമൊരു കാക്കയ്ക്ക് പോലും ഒരു ജനതയെ അടിമകളാക്കാമെന്നോർത്ത് അവൻ ചിരിച്ചു. കുറുക്കൻ കാടിന്‍റെ ചക്രവർത്തിയായി വാണുകൊണ്ടിരുന്ന ഒരു ദിവസം കാട്ടിൽ മഴ പെയ്തു. തുള്ളിക്കൊരുകുടം പേമാരി. നാളുകളായി കാട്ടിൽ ഇത്ര ശക്തമായ മഴ പെയ്തിട്ട്. നാല്പതു രാവും നാല്പതു പകലും ഇടവേളയില്ലാതെ പെയ്ത പേമാരിയിൽ പുഴകൾ കര കവിയുകയും മരങ്ങൾ ഒലിച്ചു പോവുകയും ചെയ്തു. നമ്മുടെ നീലക്കുറുക്കൻ ചക്രവർത്തിയും മഴ നനഞ്ഞു. മഴയിൽ അവന്‍റെ ദേഹത്തെ നീല നിറം മുഴുവൻ ഒലിച്ചുപോയി. മഴ തോർന്നപ്പോൾ അവൻ വെറുമൊരു കുറുക്കൻ മാത്രമാണെന്ന് അവന്‍റെ പ്രജകൾ കണ്ടു. 
 ‘എടാ ചതിയാ…’ 
ഞാൻ കഥ അവസാനിപ്പിച്ചിടത്ത് അവൻ ആരംഭിച്ചു. അത് ഏതാണ്ട് ഇങ്ങനെയാണ്.  അന്നു രാത്രിയിൽ, എത്ര അടക്കിവെക്കാൻ ശ്രമിച്ചിട്ടും, മുന്നിലിരുന്ന പുസ്തകത്തിന്‍റെ പ്രലോഭനം തടുക്കാനാവാതെ പുസ്തകം തുറന്ന നിമിഷം തകര ഷീറ്റിനു പുറത്തെവിടെയോ മറഞ്ഞുനിന്ന സർവാധിപതിയുടെ സേവകർ ബാച്ചോയെ പിടികൂടി കയ്യാമം വച്ച് കൊട്ടാരത്തിലെത്തിച്ചു. കൊട്ടാരത്തിനുള്ളിലെ നടന്നിട്ടും എത്താത്ത, വെളിച്ചമില്ലാത്ത തുരങ്കത്തിലൂടെ ഏറെ നടത്തിച്ചു. ആയുധങ്ങളേന്തിയ നാലു സേവകർ. രണ്ടുപേർ അവന്‍റെ രണ്ടടി മുന്നിൽ. രണ്ടുപേർ രണ്ടടി പിന്നിൽ. നേർരേഖയിൽ മാത്രമേ നടക്കാൻ അനുവാദമുള്ളൂ. ആയുധമില്ലാത്ത താൻ അനങ്ങുന്നതുപോലും അവരെ ഭയപ്പെടുത്തുന്നുവെന്ന് അവൻ അത്ഭുതം കൂറി. വലത്തേക്കോ ഇടത്തേക്കോ നീങ്ങിയാൽ നാല് ആയുധങ്ങൾ ബാച്ചോയുടെ നേർക്കുയരും. വലിച്ചുകെട്ടിയ കയറിലൂടെയോ അല്ലെങ്കിൽ നിലത്തുവരച്ച വരയിലൂടെയോ വരിതെറ്റാതെ നടക്കുന്നതു പോലെയായിരുന്നു ആ നടത്തമെന്ന് അവൻ അനുകരിച്ചു കാണിച്ചു. എവിടെയോ എത്തിയപ്പോൾ ഇരുട്ടിൽ നിന്നൊരു വെളിച്ചം എതിരെ നടന്നുവരുന്നത് കണ്ട് സേവകർ നിന്നു. തുരങ്കപ്പാതയുടെ അപ്പുറത്തു നിന്ന് സർവാധിപതി എഴുന്നള്ളുന്നുണ്ടെന്ന് സേവകരുടെ ഭയം ആവേശിച്ച ശരീരചലനങ്ങൾ അവനോട് പറഞ്ഞു. ആദ്യമായി അവനയാളെ നേരിട്ടുകാണുവാൻ പോവുകയാണ്. ബാച്ചോയുടെ ഹൃദയം ആകാശത്തോളം ചെന്നുമുട്ടി.
 ‘തുരങ്കത്തിന്‍റെ എതിർ ഭാഗത്ത് നിന്ന് മെല്ലെ നടന്നുവരുന്ന നാലടിയിലേറെ ഉയരമില്ലാത്ത മനുഷ്യനെക്കണ്ട് എനിക്ക് ഭയമല്ല കരച്ചിലാണ് വന്നത്. ദേശത്തിന്‍റെ സർവാധിപതി എന്നൊക്കെ പറയുമ്പോൾ….’
 ബാച്ചോ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
 ‘എന്നിട്ട്?’ ഞാൻ ചോദിച്ചു. 
നീലക്കുറുക്കൻ, ക്ഷമിക്കണം സർവാധിപതി, അയാൾ നടന്നു വരികയാണ്. അയാൾ കടുംനീല നിറമുള്ള, കണങ്കാൽ വരെ എത്തുന്ന ഒറ്റക്കുപ്പായം ധരിച്ചിരിക്കുന്നു. അയാൾക്കു മുൻപിൽ നടക്കുന്ന കാവൽക്കാർ ഒരേ താളത്തിൽ, കൃത്യമായ അനുപാതത്തിൽ ചുവടുകൾ വച്ച്. അവർ ചുവടുകൾ വച്ചിടത്തൊക്കെ വെളിച്ചം വീഴുന്നു. അയാൾക്ക് ഒരടി പിന്നിൽ രണ്ടു സേവകർ അതേ വേഗത്തിൽ. മുന്നിൽ നടക്കുന്ന ആരെങ്കിലും വേഗത അല്പം കുറച്ചാൽ ഒരുപക്ഷെ പരസ്പരം കൂട്ടിയിടിച്ചേക്കാമെന്നത് പോലെ. 
സർവാധിപതിയെ കയ്യാമം വെയ്ക്കാത്ത അടിമയെന്ന് തോന്നി. അയാൾ മുന്നിലെത്തി നിന്ന് ബാച്ചോയെ നോക്കി. അയാളുടെ ഒരു കൃഷ്ണമണി അവനെയും മറ്റേ കൃഷ്ണമണി കാവൽക്കാരനെയും ചൂണ്ടി. തങ്ങളെത്തന്നെയാണോ അയാൾ നോക്കുന്നതെന്ന് അവനും കാവൽക്കാരനും ഒരുപോലെ പരിഭ്രമിച്ചു. സർവാധിപതി ചുണ്ടുകളനക്കി. അഭിനേതാവിന് ശബ്ദം നൽകുന്ന ശബ്ദകലാകാരനെപ്പോലെ കാവൽക്കാരൻ സർവാധിപതിയുടെ ചുണ്ടുകളുടെ ചലനങ്ങൾക്കൊപ്പിച്ച് സംസാരിക്കാനാരംഭിച്ചു. കാവൽക്കാരന്‍റെ ശബ്ദം തുരങ്കത്തിന്‍റെ വശങ്ങളിലെ കല്ലുകളിൽ തട്ടി പലതായി ചിതറി. കാവൽക്കാരന്‍റെ സംസാരം കൗമാരപ്രായയായ ഒരു യുവതി പുരുഷശബ്ദത്തെ വികൃതമായി അനുകരിക്കുന്നത് പോലിരുന്നു. 

‘നീ സർവാധിപതിയുടെ ഉത്തരവിനെ ധിക്കരിച്ചു. നിന്‍റെ വീട്ടിലിരുന്നു രഹസ്യമായി പുസ്തകം വായിച്ചാൽ നാം അറിയില്ലെന്ന് നീ കരുതിയോ’.
ചുണ്ടുകളുടെ ചലനങ്ങളും കാവൽക്കാരന്‍റെ വാക്കുകളും തമ്മിൽ പൊരുത്തമില്ലാതെ വന്നപ്പോൾ സർവാധിപതി ചുണ്ടനക്കൽ നിറുത്തി സേവകനെ നോക്കി. സേവകൻ ഭയം കൊണ്ടു.
 ‘അതിനാൽ ഇനി മേലിൽ നീ പുസ്തകത്തിന്‍റെ താളുകൾ മറിക്കാൻ പാടില്ല. നിന്‍റെ വലതു കൈപ്പത്തി ഛേദിച്ചു കളയാൻ ഉത്തരവായിരിക്കുന്നു’. 
പറഞ്ഞു പറഞ്ഞു നടന്ന് നടന്ന് ഞങ്ങൾ ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലെത്തിയിരുന്നു. കടയുടെ മുന്നിൽ പ്രദർശിപ്പിച്ച കൂറ്റൻ ടീവിയിലെ ചർച്ച ശ്രദ്ധിച്ച് അൽപനേരം നിന്നു. ടീവി ചതുരത്തിലിരുന്ന് അവൻ ഏറെ ആദരിക്കുന്ന സുഭഗ്, ബാച്ചോയെ ഭ്രാന്തനെന്ന് പരിഹസിച്ചു. അവനു കിട്ടിയ ശിക്ഷ കുറഞ്ഞുപോയെന്ന് തർക്കിച്ചു. നാലുമാസങ്ങൾക്ക് മുൻപ് കവിതയെഴുത്തിന് രാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം ലഭിച്ച മൗ എന്ന കവിയാവട്ടെ, ഒരുപടി കൂടി കടന്ന് അദ്ദേഹം നിരക്ഷരനാണെന്ന് വരെ പറഞ്ഞുകളഞ്ഞു. 
 ടീവിയെ അവിടെ ഉപേക്ഷിച്ച് നെഞ്ചിൽ അസ്ത്രം തറച്ച വേദനയിൽ ബാച്ചോ വേഗത്തിൽ നടന്നു. കൈപ്പത്തി നഷ്ടപ്പെട്ടതിനേക്കാൾ ഒരുപക്ഷെ, സുഭഗിന്‍റെ ആക്രമണമാണ് അവനെ കൂടുതൽ വേദനിപ്പിച്ചതെന്ന് തോന്നി. അവനൊപ്പമെത്താൻ ഞാൻ നന്നേ കഷ്ടപ്പെട്ടു. വീടിനു മുന്നിലെത്തി എന്നെ കാത്തുനിന്ന് അപ്പോളേക്കും അടുത്തെത്തിയ എന്നോട് പറഞ്ഞു : 
 ‘ഞാൻ സർവ്വധിപതിയെ നോക്കി. എന്നാൽ എന്‍റെ കണ്ണുകളെ നേരിടാൻ ഭയന്നിട്ടെന്ന പോലെ അയാൾ മുഖം കുനിക്കുകയാണ് ചെയ്തത്. സേവകരിൽ നിന്ന് വിഭിന്നമായി ഒരു യാചനയുടെ സ്വരം ഞാൻ സർവാധിപതിയുടെ കണ്ണുകളിൽ കണ്ടു. ശിക്ഷ നടപ്പാക്കാൻ തയ്യാറാക്കിയിരുന്ന പീഠത്തിൽ എന്‍റെ വലത്തെ കൈ ഞാൻ തന്നെ നീട്ടിവച്ചു. ഞാൻ തന്നെ ഉറക്കെ ആജ്ഞാപിച്ചു. 
 ‘വെട്ടൂ. കൈ വെട്ടൂ’.
- ‘ഉത്തരവ് പ്രഭോ’ .
സർവാധിപതിയുടെ ഉത്തരവ് കേട്ടിട്ടെന്ന പോലെ സേവകൻ കുതികുതിച്ചു. ഒരു നിമിഷം താമസിച്ചാൽ ചക്രവർത്തിയുടെ അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് അയാൾ വാളുയർത്തി അലറി. 
 അവൻ യാത്രപറയാൻ വലതു കയ്യുയർത്തി. 
 ‘ഞാൻ നാളെ എന്‍റെ ദേശത്തേക്ക് തിരിച്ചുപോകും’.
 കൈപ്പത്തി അവിടെ ഇല്ലെന്ന് കണ്ട്, പത്തിയില്ലാത്ത കൈ വസ്ത്രത്തിനിടയിൽ ഒളിപ്പിച്ച് അവൻ വീട്ടിലേക്ക് കയറിപ്പോയി. 
 ഞാൻ വീട്ടിലേക്ക് നടന്നു. മഴയുടെ രണ്ടു തുള്ളികൾ എന്‍റെ നെറുകയിൽ വീണു. ഞാൻ അമ്മൂമ്മയുടെ കഥയിലെ നാല്പതു രാവും നാല്പതു പകലും പെയ്ത മഴയിലേക്ക് കയറിനിന്നു. 
എനിക്ക് കുളിർന്നു.


Comments
* The email will not be published on the website.