ജാരകല്പ്പനക്കാരോട്

കവിത

ഡോ. ജി. മധുസൂദനന്‍ വയലാ

നേര് ചിലപ്പോൾ നിശബ്ദമാകാറുണ്ട്
ജാരമോഹിതർ പൊയ്മുഖംതല്ലി
തെളിനീര് അതാര്യമാകു൦ ...

പ്രണയത്തിന്‍റെ കുട്ടികൾ
പരൽമീൻ കരയിൽനിന്നും
ഓടിയൊളിക്കും.

സദാചാരത്തിൻ ജരാനര
ധ്യാനലീനരെ ഒളിഞ്ഞുനോക്കും;
സംഗമയാമങ്ങളുടെ തുടിപ്പുകൾ
ജാരകല്പനകളിൽ പട്ടുപോകും.

എങ്കിലും യാത്രികാ
നിനക്കെന്റെ സമ്മാനം..

വയല്ക്കരയിലെ പഴയൊരുരാത്രി.,
ഉപേക്ഷയാലുരുൾപൊട്ടിയ
നെഞ്ചോരം,
മറക്കാതെ മിടിക്കും ഇരുമിഴിയമ്പ്,
കാലസന്നിധിയിൽ
മറഞ്ഞിരിക്കും നെടുവീർപ്പ്;

കാരണമില്ലാതെ പഴയകാലത്ത്
കറങ്ങിനടക്കുമൊരു മനസ്സ്..!

ഒറ്റപ്പെട്ടവരുടെ പറുദീസയിൽ
പറന്നലഞ്ഞ്
പകലിന്റെ ചിറകടയുമ്പോൾ
അവമതി വാരിച്ചുറ്റി
വെറുപ്പിന്റെ രാത്രിസഞ്ചാരം...

ശബ്ദമല്ല,
കെട്ടവരുടെ കുറുവടികൾ
നിനക്ക് അന്ത്യജലംപോലും
നിഷേധിക്കും.

അവയ്ക്കറിയില്ല....
സ്നേഹത്തില്പ്പരം
എന്തു ശിക്ഷയാണുള്ളത്?..

സത്യം..
സർഗ്ഗാത്മകമായ കാമം
തന്നയല്ലേ പ്രണയം..?


Comments
* The email will not be published on the website.