വ്യഭിചരിക്കപ്പെട്ടവൾ

കവിത

രേഖ ആർ.താങ്കൾ

നിങ്ങളറിഞ്ഞോ...
ഓരോരുത്തരവളോട്
ഓരോ വിധമായിരുന്നത്രേ

തൊട്ടുപോലും നോക്കാതെ
നിരന്തരം വലംവയ്ക്കുക
മാത്രം ചെയ്തു ചിലർ.

കണ്ണുകളിലാരാധന കൂമ്പി
പാദരക്ഷകളഴിച്ചുവെച്ചു പോലും
ശ്രീകോവിലിനുള്ളിലവർ കടന്നില്ല.
"ഞാനെന്‍റെ പാഴ്ക്കുടിലടച്ചുതഴുതിട്ടിരു- ന്നാനന്ദബാഷ്പം  പൊഴിച്ചു "എന്നായിരുന്നു പശ്ചാത്തലത്തിൽ   ഹമ്മിങ്.
ആ ജനുസ്സിന്ന് അപൂർവ്വങ്ങളിൽ അപൂർവ്വം .

വീഞ്ഞായി പതഞ്ഞ്
ലഹരിയായി പടർന്ന്
ഭാരമില്ലാതെ പറന്ന്
ഓരോ സിപ്പായി നുണഞ്ഞ്  
മറ്റുചിലർ .
"എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം"
 എന്നവർ തൊട്ടുകൂട്ടി .
ഷോട്ടായും ലാർജായും
വെള്ളം തൊടാതെ മോന്തിയവർ
ആർത്തി കൂടിയപ്പോൾ
കടിച്ചുകൂട്ടി വീര്യം തേടി .

കിട്ടിയ വളവിലെല്ലാം
ഇറച്ചിക്കടയിട്ട്
തരാതരത്തിന് ലേലം വിളിച്ച്
തൂക്കിവിറ്റും
വാങ്ങിമറിച്ചുവിറ്റും
കച്ചോടമാക്കി ഉല്ലസിച്ചു
വേറെ ചിലർ.

സ്വന്തം ആർത്തിപോലെയാണ്
ഓരോരുത്തരും
കാത്തുവച്ചതും
നൊട്ടിനുണഞ്ഞതും
നക്കിക്കുടിച്ചതും
തൊണ്ടതൊടാതെ വിഴുങ്ങിയതും
കടിച്ചുപറിച്ചതുമൊക്കെ .

ഇരുട്ടിന്‍റെ മുണ്ടഴിഞ്ഞ നിമിഷം
വെട്ടമടിക്കുകയും കൂടി ചെയ്തപ്പോൾ എല്ലാവരുമവളോട്
ഒരുപോലെയായി.

പാവം...
ലോകത്തേറ്റവും കൂടുതൽ
വ്യഭിചരിക്കപ്പെട്ടവൾക്കുള്ള
ദുരിതാശ്വാസം തേടി
പ്രണയമിപ്പോൾ
അറബിക്കടലിന്റെ കിഴക്കേതീരത്ത്
തെക്ക് വടക്ക് നടക്കുന്നുണ്ടത്രേ.


Comments
* The email will not be published on the website.