മരണ വീട്


കഥ
താജ് കുഞ്ഞിപ്പാറാൽ
 
മൂന്നാലു മണിക്കൂറുകൾക്ക് മുന്നെയാണ് ‘ഒരു മരണ വീട്ടിൽ പോകണം’ എന്നു പറഞ്ഞ് അയാൾ ഓട്ടോയിൽ കയറിയത്. ഇത്രയേറെ സമയമായിട്ടും ഇതേവരെ അയാൾക്ക് മരണവീട് കണ്ടെത്താനായിട്ടില്ല. ഇടക്കിടക്കിറങ്ങി മേൽവിലാസവും, മരിച്ച ആളുടെ അടയാളങ്ങളും വഴിയിൽ ചോദിച്ച് നേരം പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഓട്ടോക്കാരൻ്റെ സ്ഥിതിയും മറ്റൊന്നല്ല. മീറ്ററിൽ വളരുന്ന അക്കങ്ങൾ അവൻ്റെ വേവലാതിക്ക് ശമനമായിരുന്നെങ്കിലും ഈ ഒരലച്ചിൽ അവനെയും മടുപ്പിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് വയലോരത്ത് കൂടി നിന്നിരുന്ന ഒരാൾകൂട്ടത്തെ കണ്ട് യാത്രക്കാരൻ നിർത്താൻ പറഞ്ഞത്. അയാൾ പുറത്തിറങ്ങി ഓട്ടോക്കാരനോട് പറഞ്ഞു.
'ആ വയലിനപ്പുറം കാണുന്നതായിരിക്കും മരണവീട്’
അതും പറഞ്ഞ് മനുഷ്യക്കൂട്ടത്തിനിടയിലൂടെ അയാൾ പരിചിതനെപ്പോലെ  തിരക്കിട്ട് കയറിപ്പോയി. ഓട്ടോക്കാരൻ അമ്പരപ്പോടെ  നിലകൊണ്ടു. യാത്രക്കാരൻ പലരോടും  അന്വേഷിച്ചു  നടന്ന വീടോ, വിശദീകരിച്ച പരിസരവുമായോ ഒട്ടും സാദൃശ്യമുണ്ടായിരുന്നില്ല അയാളിപ്പോൾ കയറിപ്പോയ ഇടത്തിന്.

തൻ്റെ സംശയംബലപ്പെടുത്താനുറച്ച് ഓട്ടോക്കാരൻ യാത്രക്കാരൻ്റെ ലക്ഷ്യ സ്ഥാനത്തെയും, അയാളിപ്പോൾ ഇറങ്ങിയ പരിസരത്തെ കാഴ്ചകളെയും കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ട് ആൾകൂട്ടത്തിൽ നിന്ന് മാറി നിലയുറപ്പിച്ചു.
ഏറെ കഴിയുന്നതിന് മുന്നെ തന്നെ യാത്രക്കാരൻ മരണ വീട്ടിൽ നിന്ന് തിരിച്ചു വന്നു. അയാൾക്ക് തെറ്റിയിരിക്കാം എന്ന ബോദ്ധ്യത്തിൽ ഓട്ടോക്കാരൻ അയാളോടു പറഞ്ഞു.
'ഇത് മറ്റേതോ മരണ വീടാണന്ന് എനിക്കാദ്യമെ തോന്നിയിരുന്നു’
ഓട്ടോയിൽ കയറികൊണ്ട് പരിഹസിക്കുന്ന തരത്തിൽ യാത്രക്കാരൻ ചോദിച്ചു.
'മരണവീടുകൾ തമ്മിൽ എന്തുണ്ട് വ്യത്യാസം?'
ഓട്ടോക്കാരൻ പകച്ചു നിന്നപ്പോൾ  യാത്രക്കാരൻ പറഞ്ഞു.
'കയറ്.. നമുക്ക് തിരിച്ചു പോകാം'
ഓട്ടോക്കാരൻ വല്ലായ്മ മതിയാക്കി ഓട്ടോ സ്റ്റാർട്ട് ചെയ്തു. പക്ഷേ അവൻ്റെ അങ്കലാപ്പിൻ്റെ അലകൾ ഒട്ടും അടങ്ങിയിരുന്നില്ല. ഒപ്പം ഒരു വിഭ്രാന്തിയുടെ നിഴലും അവൻ്റെ മനസ്സിൽ വന്നു തുടങ്ങിയിരുന്നു. തുടർന്ന് നേരിയൊരുൾഭയത്തോടെ യാത്രക്കാരനെ അവൻ ശ്രദ്ധിക്കാൻ തുടങ്ങി. നേരത്തെ കണ്ട ഉത്സാഹം അയാളിലിപ്പോൾ കെട്ടിരുന്നു. പകരം ഒരു വ്യാകുതലയിൽ അയാൾ മുഖം പൊത്തിയിരിക്കുകയായിരുന്നു.
ഓട്ടോക്കാരൻ തന്നെ ശ്രദ്ധിച്ചത് മനസിലായപ്പോൾ ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു
'പാവം. മറ്റുള്ളവരെ പോലെ ഒരു മരണം അയാളും ആഗ്രഹിച്ചു കാണില്ല. കുടൽ ക്യാൻസർ  അയാളെ എത്രത്തോളം നിരാശപ്പെടുത്തിയിരിക്കും എന്ന്കൂടി ഓർക്കുമ്പോൾ…’
തുടർന്നു പറയാനാവാത്തവിധം അയാൾ തളർന്നു. നിർവികാരതയോടെയാണ് ഓട്ടോക്കാരൻ അത് കേട്ടത്. നിരർത്ഥകമായ ഒരു വേദനയാണ് യാത്രക്കാരൻ അനുഭവിക്കുന്നത് എന്ന് കണ്ടപ്പോൾ  ഓട്ടോക്കാരന് അയാളോട് സഹതാപം തോന്നി. സത്യം ബോദ്ധ്യപ്പെടുത്തണമെന്ന് അവൻ ഉറപ്പിച്ചു.
'ആ മരിച്ചു കിടന്ന ആൾ നിങ്ങളന്വേഷിച്ചു വന്നവനല്ല. ആ വീടുമല്ല നമ്മളിതുവരെ തിരക്കി നടന്നതും'
ഓട്ടോക്കാരൻ  അത്രയും പറഞ്ഞ് ആശ്വാസം കൊണ്ടു. അത് കേട്ട് യാത്രക്കാരൻ ഓട്ടോക്കാരനെ അവജ്ഞയോടെ നോക്കി കൊണ്ട് ചോദിച്ചു
'മരിച്ചു പോയ ആളുകൾ തമ്മിലെന്താണ് വ്യത്യാസം?'

Comments
* The email will not be published on the website.