സമവായത്തിൻ്റെ ഭൂപടം

കവിത

ദീപ സോമൻ


എപ്പോളാണ് നീയെൻ്റെ ചിറകുകൾക്ക് 
തൂവലുകൾ തുന്നിയത്?   
കുടഞ്ഞിട്ട ചാരത്തിലെ 
ഒടുവിലത്തെ കനലുമേൽപ്പിച്ച  
പൊള്ളലാറ്റാനാവും 
ഒരു കാറ്റെന്നെ പുണർന്നു.

നീ ഓർക്കുന്നുണ്ടാവും   
വസന്തത്തിന്റെ സർവ്വ ഗന്ധികളെയും മുകർന്ന,
മഴനീർക്കുടങ്ങളെ ലാളിച്ച,   
ഇലകളിലെ തണുവിനെ ഉമ്മവെച്ച     
ഉന്മാദിയായ അതേ കാറ്റ്.

ഓർമ്മിക്കുന്നുവോ?
കടുത്ത ശൈത്യത്തിലും കത്തുന്ന വേനലിലും  
ആർത്തിയുടെ ഫണമെടുത്തവ 
ഭീതിയുടെ തിരകളെ നമ്മിലേക്കെറിഞ്ഞിരുന്നു.

നമ്മുടെ ഇരവുപകലുകളിലേക്കു നീണ്ട
ഭൂമധ്യരേഖയിലന്ന് സൂര്യൻ കത്തിക്കയറി
നിന്നിരുന്നതോർമ്മയില്ലേ?

നിലാവുദിക്കാത്ത മഞ്ഞുകണങ്ങൾ
പൊഴിയാത്തനാട്ടിലെ  അന്തേവാസികളത്രേ 
അന്നു നാം സമാന്തരമായൊഴുകുന്ന 
തീ പിടിച്ച രണ്ടു പുഴകൾ
എന്നിട്ടും നീയെന്നെ കാംക്ഷിക്കുന്നു

വീണ്ടും തണുവു കനത്ത 
മേഘത്തുണ്ടുകളാവാൻ     
നീരാവിക്കയ്കളിലേക്ക്  പുനർജ്ജനിക്കാൻ
തിളച്ചൊടുങ്ങാൻ ക്ഷണം.

ഞാനില്ലാതാവുന്നു
ദുഃഖംപ്രതീക്ഷസ്വപ്നങ്ങൾഎല്ലാമെല്ലാം
എരിഞ്ഞൊടുങ്ങുന്നു. 
ചുറ്റും ചാമ്പൽ..      
ഒടുവിലെ മരുഭൂമി, ഒടുവിലെ കനലാട്ടം.
പിന്നെ നീയെങ്ങനെ തണുത്തു പോയി? 
അത്ഭുതം...
ചാരംകുടഞ്ഞിട്ട് ചിറകുകൾ വീശാനാകുന്നു.

ള്ളിലൊരു കടലിരമ്പുന്നു
എപ്പോളാണ് നീയെൻ്റെ ചിറകുകൾക്ക് 
തൂവലുകൾ തുന്നിയത്?

സംശയത്തിൻ്റെ നേർത്ത മേഘരാജികൾ  
സമവായത്തിൻ്റെ ഭൂപടത്തിലെ 
അക്ഷാംശ രേഖാംശ രേഖകളിൽ
മൗനമെന്ന് അടയാളപ്പെടുത്തി 
പെയ്തുമായുന്നു.

എൻ്റെ ഭൂമിയിൽ വെയിൽ പച്ചവിരിച്ചു..
ആകാശം നീലക്കുന്നുകളിലേക്ക് 
ഇറങ്ങി ചാഞ്ഞുകിടന്നു.


Comments
* The email will not be published on the website.