തമിഴ് താരരാഷ്ട്രീയത്തിലെ അന്തർനാടകങ്ങൾ

പുസ്തകവായന
ഡോ. പി.വി. പുരുഷോത്തമൻ

 അനീഷിന്‍റെ ‘പരാജിത നായകർ : തമിഴ് താരരാഷ്ട്രീയത്തിന്‍റെ കഥ’ എന്ന കൃതിയുടെ വായന

തമിഴർ നമ്മെക്കാൾ ഒരുപടി താഴെ നിൽക്കുന്നവരാണെന്ന ഒരു (കപട ) ബോധം പല മലയാളികളിലും കണ്ടിട്ടുണ്ട്. മുൻകാലങ്ങളിൽ ചെറിയ വരുമാനമുള്ള ജോലിക്കായി കേരളത്തിലെത്തിയ ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളിലൂടെ മാത്രം ഒരു ജനതയെ അളന്നതിന്റെ പ്രശ്നമാകാമിത്.  തമിഴ്‌നാട്ടിൽ സിനിമാതാരങ്ങൾ നയിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ അധികാരത്തിൽ വരുന്നത് കണ്ടുകണ്ട് അവിടുത്തെ രാഷ്ട്രീയവും നിലവാരം കുറഞ്ഞ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്ന സ്ഥിതിയുണ്ട്. വാസ്തവത്തിൽ, തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും കലകളുടെയും മികവ് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ ജനതയെ മറ്റൊരു കോണിലൂടെ കാണാൻ നമുക്ക് കഴിയുമായിരുന്നു. സമ്പന്നമായ സംസ്കാരവും എളിമയാർന്ന ജീവിതരീതിയും കൈമുതലായിട്ടുള്ള തമിഴ് സമൂഹത്തെ മലയാളികൾ ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണെൻ്റെ തോന്നൽ. 
താരപ്രഭ തമിഴ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെങ്കിലും അത് അതിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. തമിഴ്നാട്ടിൽ വിജയിച്ച രാഷ്ട്രീയക്കാരുടെ എത്രയോ മടങ്ങ് പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെ അവർ പരാജയപ്പെടുന്നതിന് രാഷ്ട്രീയവും അല്ലാത്തതുമായ പല കാരണങ്ങളുണ്ട്. പരാജയപ്പെട്ട താരരാഷ്ട്രീയക്കാരുടെ രാഷ്ട്രീയജീവിതം പഠിച്ചുകൊണ്ട് തമിഴ് ജനതയുടെ രാഷ്ട്രീയ ബോധത്തിന്റെ പ്രത്യേകതകളും ഔന്നത്യവും കാട്ടിത്തരുന്ന ഒരു പുസ്തകമായാണ് ടി. അനീഷിന്‍റെ ‘പരാജിത നായകർ : തമിഴ് താരരാഷ്ട്രീയത്തിന്‍റെ കഥ’യെ ഞാൻ വായിച്ചെടുത്തത്.
തമിഴ്നാട്ടിലെ താരരാഷ്ട്രീയത്തിൽ എം ജി ആർ,  ജയലളിത, വിജയ് എന്നിങ്ങനെ ചുരുക്കം പേരേ വിജയിച്ചിട്ടുള്ളൂ. വലിയ നടനായിട്ട് പോലും ശിവാജി ഗണേശൻ രാഷ്ട്രീയത്തിൽ പരാജയപ്പെടുകയായിരുന്നു. വിജയിനെക്കാളും മുമ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടും, അഭിനയത്തിൽ വിജയിനെക്കാൾ മികച്ചു നിൽക്കുന്ന ഒരാളായിട്ടും, രാഷ്ട്രീയത്തിൽ ഇതുവരെയും കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതെ പോയ വ്യക്തിയാണ് കമൽ ഹാസൻ. 


 തമിഴ്‌നാട്ടിൽ സിനിമാതാരങ്ങൾ നയിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ അധികാരത്തിൽ വരുന്നത് കണ്ടുകണ്ട് അവിടുത്തെ രാഷ്ട്രീയവും നിലവാരം കുറഞ്ഞ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്ന സ്ഥിതിയുണ്ട്. വാസ്തവത്തിൽ, തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും കലകളുടെയും മികവ് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ ജനതയെ മറ്റൊരു കോണിലൂടെ കാണാൻ നമുക്ക് കഴിയുമായിരുന്നു.


രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ച് ധനനഷ്ടവും മാനഹാനിയും കരിയർ തകർച്ചയും നേരിട്ട അനേകം പേർ വേറെയുമുണ്ടെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു. അതിൽ ഭാഗ്യരാജ്, വിജയകാന്ത്, ശരത് കുമാർ, കാർത്തിക്, എസ്. എസ്. രാജേന്ദ്രൻ, ടി. രാജേന്ദർ, കരുണാസ്, സീമാൻ തുടങ്ങിയ പ്രമുഖരും അല്ലാത്തവരും ഉൾപ്പെടുന്നു. ഇതൊക്കെയും തമിഴ് താരരാഷ്ട്രീയത്തിന്റെ സങ്കീർണതയെ സൂചിപ്പിക്കുന്നു. സിനിമക്കാർ അധികമായൊന്നും പ്രവേശിക്കാത്തതും വാഴാത്തതും കേരള രാഷ്ട്രീയത്തിൻ്റെ മികവായി എണ്ണാറുള്ള നാം തമിഴ് രാഷ്ട്രീയത്തിന്റെ ഈയൊരു വശം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് ഉപരിപ്ലവമായി മാത്രം അറിയുന്നവരെ സംബന്ധിച്ച്, അത് ദ്രാവിഡ വികാരത്തിൻ്റെ ഓരം ചേർന്നുകൊണ്ട്, താരപ്രഭയുടെ ആനുകൂല്യത്തിൽ അധികാരത്തിനു വേണ്ടി മത്സരിക്കുന്ന ചുരുക്കം പേരുടെ അരങ്ങ് മാത്രമാണ്. ഓരോ സിനിമ ഇറങ്ങുമ്പോഴും നായകനടൻ്റെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തി, അവരെ ദൈവമായി വാഴ്ത്തി, നായകനുവേണ്ടി ആത്മഹത്യ ചെയ്യാൻ പോലും മടിയില്ലാതെ നിൽക്കുന്ന അനുയായിവൃന്ദം, അതേ വികാരത്തോടെ തന്നെയാവും അവരുടെ രാഷ്ട്രീയത്തെയും  വീക്ഷിക്കുന്നുണ്ടാവുക എന്ന തെറ്റായ ധാരണയെ ഈ പുസ്തകം തിരുത്തുന്നു. 
പ്രാദേശികതയിൽ ഊന്നിനിൽക്കുന്നതും പെരിയാറിന്റെയും അണ്ണാദുരൈയുടെയും പ്രതിരോധ ദ്രാവിഡപാരമ്പര്യത്തിൽ നിന്ന് ഏറെയൊന്നും അകന്നുപോകാത്തതുമായ ഒന്നാണ് തമിഴ് രാഷ്ട്രീയം. അതുകൊണ്ടുതന്നെ താരപ്പൊലിമയ്ക്ക് അപ്പുറമുള്ള ആർജവവും അടിത്തട്ടുബന്ധവും അതിനുണ്ടെന്ന് വ്യക്തമാണ്. ഇതര സംസ്ഥാനങ്ങളിലും പ്രാദേശികപ്പാർട്ടികൾ  അധികാരത്തിൽ വരാറുണ്ട്. പക്ഷേ അവരെ അപേക്ഷിച്ച് പല ദേശീയ വിഷയങ്ങളിലും ഉറച്ച നിലപാടുകൾ സ്വീകരിക്കാനും തെറ്റെന്ന് തങ്ങൾക്ക് ബോധ്യമുള്ള നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ നിരന്തരം ചെറുക്കാനും ഡി എം കെ തൊട്ടുള്ള പല തമിഴ് രാഷ്ട്രീയ കക്ഷികൾക്കും കഴിഞ്ഞിട്ടുണ്ട്. കേരളത്തെപ്പോലെ തമിഴ്നാടും ഹിന്ദുത്വരാഷ്ട്രീയ ശക്തികളോട് എതിർത്തു നിൽക്കുന്നതും ജാതിവിവേചനത്തിനെതിരെ കനത്ത ചെറുത്തുനിൽപ്പുകൾ തുടരുന്നതും വിദ്യാഭ്യാസത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം നൽകുന്നതും അവിടുത്തെ രാഷ്ട്രീയത്തിന്‍റെ ഗുണമേന്മ കൂടിയാണ് കാണിക്കുന്നത്. 


ഏതായാലും ഒരു ശരാശരി മലയാളി സങ്കൽപ്പിച്ചു പോന്ന ഒന്നല്ല തമിഴ് ജനതയുടെ ആന്തരികമായ രാഷ്ട്രീയ ഇച്ഛകളും ഇടപെടലുകളും തീരുമാനങ്ങളുമെന്ന് പല മുൻനിര താരങ്ങളുടെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നു.

പല താരങ്ങളും സിനിമ നൽകിയ അമിതമായ ആത്മവിശ്വാസത്തിന്‍റെ ബലത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും നേതൃത്വപരമായ പരാജയത്തിന്‍റെയും നിലപാടുകളിലെ ചാഞ്ചാട്ടത്തിൻ്റെയും നിലപാടില്ലായ്മകളുടെയും ആൾരൂപമായി മാറുന്നതു നിലവിലുണ്ടായിരുന്ന കരിസ്മ പോലും നഷ്ടപ്പെട്ട് പിന്മാറുന്നതും ഈ പുസ്തകം കാട്ടിത്തരുന്നു. താരപ്രഭയിൽ തങ്ങളെ കീഴ്പ്പെടുത്തുന്നവരെങ്കിലും രാഷ്ട്രീയത്തിൽ വരുമ്പോൾ തങ്ങളാൽ വിലയിരുത്തപ്പെടുന്നവരും വേണ്ടിവന്നാൽ തിരസ്കരിക്കപ്പെടുന്നവരുമായി വലിയ ഒരു താരനിരയെ അടയാളപ്പെടുത്താൻ തമിഴ് ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നാം കാണണം. താരം എന്ന പദവി ഉള്ളതുകൊണ്ട് മാത്രം ഒരാൾ രാഷ്ട്രീയത്തിന് പാകമാകുന്നില്ലെന്ന് തമിഴ് ജനത അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ വിജയിച്ചു നിൽക്കുന്ന വിജയിൻ്റെ ഭാവിയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾക്ക് വിധേയമാകുമെന്ന് ഉറപ്പാണ്. താരം എന്ന നിലയിലുള്ള ഗംഭീരമായ അംഗീകാരം, രാഷ്ട്രീയത്തിൽ ബോക്സോഫീസ് വിജയം ഉല്പാദിപ്പിക്കുമെന്ന ഉറപ്പ് രജനീകാന്തിന് പോലും ഇല്ലെന്നത് ശ്രദ്ധേയമാണ്. പല കക്ഷികളിലും മുന്നണികളിലും മാറിമാറി പ്രവർത്തിച്ച ശിവാജി ഗണേശൻ രാഷ്ട്രീയപ്രവേശനം തൻ്റെ ജീവിതത്തിലെ വലിയ അബദ്ധമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തുകയുണ്ടായി.തമിഴ് രാഷ്ട്രീയത്തെയും അതിലെ സമൃദ്ധമായ താരസാന്നിധ്യത്തെയും അടുത്തുനിന്ന് കാണാനും അതിലെ മലരികളും ചുഴലികളും രൂപപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും തമിഴ് രാഷ്ട്രീയത്തിന്റെ ആഴം അളക്കാനും മലയാളിക്ക് ഒരു അവസരം നൽകുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ സാമൂഹ്യമായ പ്രയോജനം. തമിഴ് സമൂഹത്തിലെ യുക്തിചിന്താ പാരമ്പര്യവും ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങളോടുള്ള അതിൻ്റെ വിട്ടുവീഴ്ചയില്ലാത്ത സഹാനുഭൂതിയും ഈ പുസ്തകത്തിൽ സാന്ദർഭികമായി കടന്നുവരുന്നുണ്ട്. 

ദ്രാവിഡ പ്രത്യയശാസ്ത്രമനുസരിച്ചുള്ള പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ അതിനപ്പുറമുള്ള ഘടകങ്ങൾ പ്രധാനമാണെന്ന പാഠമാണ് എസ്. എസ്. രാജേന്ദ്രന്റെ ജീവിതം ഓർമ്മിപ്പിക്കുന്നത്. സ്വന്തമായി പാർട്ടി രൂപീകരിച്ച ഭാഗ്യരാജ്  ഒരു വർഷത്തിനകം താൻ രാഷ്ട്രീയത്തിൽ 'അൺഫിറ്റ് ' ആണെന്ന് മനസ്സിലാക്കുകയുണ്ടായി. താൻ സൃഷ്ടിച്ച  മധ്യവർഗ്ഗ കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം രാഷ്ട്രീയ പിന്തുണയായി വികസിക്കുമെന്ന  ധാരണയാണ് അദ്ദേഹത്തിൻ്റെ കാര്യത്തിൽ തെറ്റിപ്പോയതെന്ന് ഗ്രന്ഥകാരൻ ശരിയായി വിലയിരുത്തുന്നു. പ്രസ്താവനകളിലൂടെയും വൈകാരികമായ പ്രതികരണങ്ങളിലൂടെയും രാഷ്ട്രീയവിജയം നേടാമെന്ന മിഥ്യാധാരണയിലായിരുന്നു ടി. രാജേന്ദ്രൻ. സാമുദായിക രാഷ്ട്രീയം പയറ്റിയവരാണ് ശരത് കുമാറും കാർത്തിക്കും കരുണാസും. കടുത്ത പ്രാദേശികവാദം ഉയർത്തുകയും സിനിമയെപ്പോലും പ്രത്യയശാസ്ത്ര ഉപകരണമായി കരുതുകയും ചെയ്ത സീമാൻ പക്ഷേ, ഏകാധിപത്യപരമായാണ് തൻ്റെ അണികളെ സമീപിച്ചത്.    നേതാവിന്റെ കരിഷ്മയും കവിഞ്ഞ പ്രത്യയശാസ്ത്ര നിലപാടുകളും കൊണ്ടുമാത്രമേ ഏതൊരു പാർട്ടിക്കും ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യാൻ സാധിക്കൂ എന്ന രാഷ്ട്രീയപാഠം വിജയകാന്തിന്‍റെ  ദുരന്തജീവിതം അടയാളപ്പെടുത്തുന്നു. എന്നാൽ, ഉന്നതമായ രാഷ്ട്രീയബോധമുണ്ടായിട്ടു പോലും കമൽ ഹാസന് തൻ്റെ അണികളെ രാഷ്ട്രീയവൽക്കരിക്കാനോ 'മക്കൾ നീതി മയ്യ'ത്തെ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. ഇപ്രകാരം താരങ്ങളുടെ സിനിമാ ജീവിതത്തെയും രാഷ്ട്രീയ അരങ്ങിലെ പ്രകടനങ്ങളെയും വേറിട്ട് കാണാനും വിശദമായും അതേസമയം, സൂക്ഷ്മമായും വിശകലനം ചെയ്യാനും രണ്ടിനെയും ബന്ധപ്പെടുത്തി തൻ്റേതായ നിഗമനങ്ങൾ മുന്നോട്ടുവെക്കാനും ഗ്രന്ഥകാരന് കഴിയുന്നുവെന്നത് ഈ പുസ്തകത്തെ വായനാസുഖമള്ളതും ഒപ്പം ഗവേഷണപരവുമാക്കി  തീർക്കുന്നു. 

മുന്നണികൾക്കിടയിലും പാർട്ടികളിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുക, ജാതിരാഷ്ട്രീയവും പ്രാദേശികവാദവും പയറ്റി നോക്കുക, ഫാൻസ് അസോസിയേഷനെ സ്വന്തം മോഹങ്ങൾ മുൻനിർത്തി ഒരു ഘട്ടത്തിൽ രാഷ്ട്രീയപാർട്ടിയാക്കി പരിവർത്തിപ്പിക്കുക തുടങ്ങിയ നിരവധി തന്ത്രങ്ങൾ തമിഴ്നാട്ടിലെ താരരാഷ്ട്രീയക്കാരും തരാതരം ഉപയോഗിച്ചിട്ടുണ്ടെന്ന് കാണാം. പക്ഷേ വിജയിച്ചവർ നേരത്തെ സൂചിപ്പിച്ചതുപോലെ, വിരലിലെണ്ണാവുന്നവർ മാത്രം. 

ഏതായാലും ഒരു ശരാശരി മലയാളി സങ്കൽപ്പിച്ചു പോന്ന ഒന്നല്ല തമിഴ് ജനതയുടെ ആന്തരികമായ രാഷ്ട്രീയ ഇച്ഛകളും ഇടപെടലുകളും തീരുമാനങ്ങളുമെന്ന് പല മുൻനിര താരങ്ങളുടെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നു. പി. എൻ. ഗോപീകൃഷ്ണൻ്റെ അവതാരികയോടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലോഗോസ് ബുക്‌സാണ്.


Comments
* The email will not be published on the website.