
ലേഖനം
അനിൽകുമാർ എ വി
പ്രശസ്ത ചൈനീസ്- ആസ്‌ത്രേലിയൻ ബാലെ നർത്തകനും കലാസംവിധായകനുമായ ലി കുൻസിൻ (ലീ ഷ്വിൻ സിങ്) രചിച്ച ‘മാവോസ് ലാസ്റ്റ് ഡാൻസർ’ (ചൈനീസിൽ മാവോ ഡി സുയിഹോ വുഷെ)ആത്മകഥയിലൂടെ ഏറെ പ്രശസ്തനാണ്. 445 പേജുകൾ മൂന്ന് പ്രധാന ഭാഗങ്ങളായാണ് ക്രമീകരിച്ചത്. പിന്നീട് സ്കൂൾ കുട്ടികൾക്ക് അനുയോജ്യമായ 300 പേജ് വിദ്യാർഥി പതിപ്പും ഇറങ്ങി. ലളിത ഭാഷ, പ്രധാന സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സംക്ഷിപ്ത കഥ, അധിക കുറിപ്പുകൾ തുടങ്ങിയവയാണ് പ്രത്യേകത. ഇരുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് ആഗോള ജനപ്രീതിയും ആകർഷണീയതയും പ്രതിഫലിപ്പിക്കുന്നു. ‘മാവോയുടെ അവസാന നർത്തകൻ’ എന്ന ശീർഷകത്തിൽ മലയാളത്തിലെത്തിച്ചത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന പുത്തേഴത്ത് രാമൻ മേനോന്‍റെ മകളായ രമ മേനോൻ. ബ്രസീലിയൻ നോവലിസ്റ്റും ഗാനരചയിതാവുമായ പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റിന്‍റെ അവരുടെ വിവർത്തനം ഇന്ത്യൻ ഭാഷകളിലെ ആദ്യത്തേത്. അഫ്ഗാൻ-‐അമേരിക്കൻ എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ ആൻഡ് ദി മൗണ്ടൻസ് എക്കോഡ് (പർവതങ്ങളും മാറ്റൊലികൊള്ളുന്നു) എന്ന മൊഴിമാറ്റത്തിന് 2017-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
ചൈനയിൽ ക്വിങ്‌ഡാവോയിലെ ദരിദ്ര കർഷക മാതാപിതാക്കളായ നിയാങ്ങിന്‍റെയും കുൻസാങ്ങിന്‍റെയും ഏഴ് മക്കളിൽ ആറാമനായി 1961 ജനുവരി 26 ന് ഇല്ലായ്‌മയിലേക്കാണ് ലി പിറന്നുവീണത്. ചില വർഷങ്ങളിൽ ഗ്രാമത്തിലെ കർഷകർക്ക് ജീവൻ നിലനിർത്താൻ മരച്ചുള്ളിപോലും ഭക്ഷിക്കേണ്ടിവന്നു. കഠിന യാഥാർഥ്യങ്ങൾക്കും ദുഷ്‌ക്കര സാഹചര്യങ്ങൾക്കിടയിലും കുട്ടിക്കാലത്ത് അച്ഛനമ്മമാരുടെ സ്‌നേഹവും കരുതലും പ്രതീക്ഷയും ധൈര്യവും നൽകി. നവദമ്പതികളായ അച്ഛനമ്മമാർ, അച്ഛന്‍റെ ആറ് സഹോദരർ, ഭാര്യമാർ, രണ്ട് സഹോദരിമാർ, കുട്ടികൾ എന്നിങ്ങനെ ഇരുപതിലേറെ പേർ കൊച്ചു വീട്ടിലാണ് താമസിച്ചത്. ഏറ്റവും താഴ്ന്നതായിരുന്നു ഇളയ മരുമകളായിരുന്ന ലിയുടെ അമ്മയുടെ പദവി. മിക്കപ്പോഴും വൈകുന്നേരങ്ങളിൽ അവർ ഭർത്താവിനെ കാണാറില്ല, കാരണം അദ്ദേഹം ദിവസം മുഴുവൻ വയലിലോ കെട്ടിട നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വണ്ടികളിലോ തൊഴിലെടുത്തുകൊണ്ടിരുന്നു.
പിന്നീട് മാവോയുടെ ഔദ്യോഗിക വിപ്ലവ സിദ്ധാന്തങ്ങൾ പ്രക്ഷേപണം ചെയ്‌ത ഉച്ചഭാഷിണികൾ തൂണുകളിലും വീടുകളുടെ മേൽക്കൂരകളിലും തൂങ്ങിക്കിടക്കുമായിരുന്നു.
വൈദ്യുതിയില്ലായിരുന്നതിനാൽ കുടുംബം മെഴുകുതിരി വെട്ടത്തിൽ അത്താഴത്തിന് ഇരിക്കും. ആണുങ്ങൾ ഒരു മേശയിലിരുന്ന് കഴിക്കും, സ്ത്രീകളും കുട്ടികളും മറ്റൊരിടത്ത്. ഉറക്കവും അവിടെതന്നെ. വീട്ടിലെ സ്ത്രീകൾ തയ്യൽ, ശുചീകരണം, അലക്കൽ, പാചകം എന്നിവ ചെയ്യണം. അമ്മ സൂക്ഷ്മതയും കാര്യക്ഷമതയുമുള്ളവൾ. നന്നായി പാചകം ചെയ്യുന്നതും ജോലിയുടെ വേഗതയും ഗുണനിലവാരവും അമ്മായിയമ്മയുടെ അംഗീകാരം നേടി. വയലിലെ പുരുഷന്മാർക്ക് ഭക്ഷണം എത്തിച്ചത് പലപ്പോഴും അവർ. രണ്ടാം ലോക യുദ്ധവേളയിൽ 20 മൈൽ വടക്കുള്ള ന്യൂ വില്ലേജിൽ താമസിച്ചിരുന്നവർ മാറാൻ നിർബന്ധിതരായി. ജാപ്പനീസ് ക്വിങ്‌ദാവോ പിടിച്ചടക്കുകയും അച്ഛന്‍റെ കുടുംബം താമസിച്ച സ്ഥലത്ത് വിമാനത്താവളം പണിയുകയും ചെയ്തു. മുന്നൂറ്റി അമ്പതിലധികം കുടുംബങ്ങളും രണ്ട് മുറികളുള്ള ഓഫീസും തുറന്ന ചതുരവും മാത്രമുള്ള ന്യൂ വില്ലേജ് അന്ന് വളരെ ചെറുത്. പിന്നീട് മാവോയുടെ ഔദ്യോഗിക വിപ്ലവ സിദ്ധാന്തങ്ങൾ പ്രക്ഷേപണം ചെയ്‌ത ഉച്ചഭാഷിണികൾ തൂണുകളിലും വീടുകളുടെ മേൽക്കൂരകളിലും തൂങ്ങിക്കിടക്കുമായിരുന്നു.
അടുക്കിവെച്ച കസേരകൾ
തലയിൽ വീണ് അപകടം
ജനിച്ച് കുറച്ച് ദിവസം മാത്രം കഴിഞ്ഞപ്പോൾ ലിക്ക് ഒരു അപകടമുണ്ടായി. രണ്ട് ചേട്ടന്മാർ കളിക്കുകയായിരുന്നു, അടുക്കിവെച്ച കസേരകൾ അവന്‍റെ തലയിൽ വീണു. അപസ്മാരം തുടങ്ങി. അമ്മ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി, മസ്തിഷ്ക ക്ഷതം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് ഡോക്ടർ. പക്ഷേ ചികിത്സ നൽകാൻ കഴിയാത്ത പ്രായം. അമ്മയുടെ മുന്നിലെ ഏക വഴി വീട്ടിലേക്ക് കൊണ്ടുപോവുകമാത്രം. കുടുംബത്തിന് വെള്ളത്തിന് ആശ്രയം ഗ്രാമത്തിലെ കിണർ. മുളയുടെ രണ്ടു ഭാഗത്തും തൂക്കിയിട്ട ബക്കറ്റുകളിൽ അവ എത്തിക്കണം. വീടുകളിൽ സൗകര്യമില്ലാത്തതിനാൽ പൊതു കുളിമുറികൾ പതിനായിരത്തിലധികം പേർക്ക് പങ്കിടേണ്ടിവന്നു. മേൽക്കൂരയില്ലാത്തതിനാൽ ശൈത്യകാലത്ത് അതികഠിന തണുപ്പ്. അച്ഛന് വീട്ടിൽ ചെലവഴിക്കാൻ കഴിയുന്ന ഒരേയൊരു ദിവസമായ ഞായറാഴ്ചകളിൽ മക്കളടക്കം കുടുംബമാകെ ഒപ്പം ഭൂമിയിൽ വിയർത്തു. ഒരു ഘട്ടത്തിൽ ഗ്രാമത്തിന് ഉഴാൻ രണ്ട് പട്ടിണിക്കാളകളുടെ ആഡംബരം ഉണ്ടായിരുന്നു. ഒടുവിൽ അവയും ചത്തു. ഒരു വർഷം കടുത്ത വരൾച്ച. ആർക്കും ഒരു യുവാൻ പോലും ലഭിച്ചില്ല. ഓരോ കുടുംബത്തിനും ഭക്ഷണം എത്തിക്കാൻ ഗ്രാമത്തിന് ക്വിങ്‌ദാവോ സർക്കാരിൽനിന്ന് കടം വാങ്ങേണ്ടി വന്നു. തിരിച്ചടയ്ക്കാൻ രണ്ട് വർഷത്തിലധികം എടുത്തു, എന്നിട്ടും കർഷകർക്ക് എന്തും കഴിക്കേണ്ടിവന്നു, കമ്യൂണിൽ ലിയുടെ കുടുംബത്തെക്കാൾ ദരിദ്രരുണ്ടായി. എല്ലായിടത്തും ക്ഷാമവും പട്ടിണിയും രോഗവും. മൂന്ന് വർഷത്തെ മോശം കാലാവസ്ഥ ലോകം കണ്ട ഏറ്റവും വലിയ ക്ഷാമങ്ങളിലൊന്നിന് കാരണമായി. മൂന്നു കോടിയാളുകൾ മരിച്ചു. ലിക്ക് 15 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ ക്വിൽറ്റിൽ പൊതിഞ്ഞു, തുടർന്ന് ചൈനീസ് പുതുവത്സരത്തിന് ബ്രെഡ് റോളുകളുണ്ടാക്കാൻ അടുക്കളയിലേക്ക് പോയി. കരച്ചിൽ കേട്ടപ്പോൾ പാലിനാവുമെന്ന് കരുതി. മുലകൾവറ്റിവരണ്ടുപോയിരുന്നു. നോക്കാൻ എത്തിയപ്പോഴേക്കും കുഞ്ഞിന്‍റെ വലതു കൈമുട്ട് മുഴുവൻ പൊള്ളൽ. ആശുപത്രിയിൽ കൊണ്ടുപോകാൻ സാമ്പത്തിക ശേഷിയില്ല. തീപടർന്ന ഭാഗത്ത് ക്രമേണ പഴുപ്പ് നിറഞ്ഞു, അപകടകരമായി ഉയർന്ന പനിയും. രാവും പകലും നിലവിളിച്ചു. ഒടുവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങേണ്ടി വന്നു. പ്രദേശത്ത് താമസിച്ചിരുന്ന രോഗശാന്തി ശുശ്രൂഷകരുടെ അടുത്തേക്കും എത്തിച്ചു, ഫലമുണ്ടായില്ല. ആ ദിവസങ്ങളിൽ അവന്‍റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടിരുന്നു. പക്ഷേ അമ്മായിയുടെ ദൃഢനിശ്ചയം രക്ഷിച്ചു. അണുബാധ പതുക്കെ മാറി. വലിയ വടു അവശേഷിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ലി എപ്പോഴും അതിൽ തലോടുമായിരുന്നു.
ഭക്ഷണത്തിനായി എലികളുമായി മത്സരം
വർഷത്തിൽ ഭൂരിഭാഗവും അവരുടെ പ്രധാന ഭക്ഷണം ഉണക്ക ചേന. മിക്കവാറും ആവിയിൽ വേവിച്ചതോ തിളപ്പിച്ചതോ ആണ് ദിവസവും കഴിച്ചത്. കൃഷി ചെയ്യാൻ ഏറ്റവും എളുപ്പമായിരുന്നു അവ. പുുലർച്ചെ അഞ്ച് മണിക്ക് മൂത്ത സഹോദരന്മാർക്ക് സ്കൂൾ തുടങ്ങുംമുമ്പ് പാടങ്ങളിലേക്ക് പോകും. കുടുംബത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഭക്ഷണമായിരുന്നു ഉണക്ക ചേന, പക്ഷേ അതുപോലും വാങ്ങാൻ ശേഷിയില്ലാത്ത മറ്റു ചിലർ. മിക്കവരെക്കാളും അവർ ഭാഗ്യവാന്മാരായിരുന്നു. ഉണക്ക ചേന ജീവൻ രക്ഷിച്ചു. ശൈത്യകാലത്ത് എലികൾപോലും പട്ടിണിയാൽ ചാവും. ആ ക്രൂര സാഹചര്യത്തിൽ ഭക്ഷണത്തിനായി അവയുമായി മത്സരിക്കേണ്ടി വന്നു. വളരെ അപൂർവമായേ മാംസം കഴിച്ചിരുന്നുള്ളൂ. മാസത്തിലൊരിക്കൽ ഏറ്റവും കൊഴുപ്പുള്ള പന്നിയിറച്ചിക്ക് മാർക്കറ്റിൽ നീണ്ട വരികളിൽ കാത്തിരിക്കും. പിന്നീട് പാചകത്തിന് ഉപയോഗിക്കുന്നതിന് അതിൽനിന്ന് കൊഴുപ്പ് വേർതിരിച്ചെടുക്കുമായിരുന്നു. പച്ചക്കറി വിഭവത്തിൽ തുണ്ട് മാംസം വളരെ കുറവായതിനാൽ പലപ്പോഴും അത് കൈമാറും. വിശക്കുന്ന ഏഴ് ജോഡി കണ്ണുകൾ അച്ഛനമ്മമാരെ നോക്കും. എന്നാൽ യാചനാ വാക്കുകൾ ഒരിക്കലും ഉച്ചരിക്കപ്പെട്ടില്ല, കാരണം ഭക്ഷണം എത്ര ബുദ്ധിമുട്ടാണെന്ന് ഏവർക്കും അറിയാമായിരുന്നു. പാചകം ചെയ്യാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല. അടുത്ത ഭക്ഷണം എവിടെനിന്ന് വരുമെന്ന് അച്ഛനമ്മമാർക്ക് അറിയില്ലായിരുന്നു. റെസ്റ്റോറന്‍റിൽ പോകുന്നത് സ്വപ്‌നത്തിൽപോലുമുണ്ടായില്ല. ജീവിച്ചിരിക്കുന്നിടത്തോളം ഉണങ്ങിയ ചേനയുടെ മറ്റൊരു കഷണം ഒരിക്കലും കാണരുതെന്ന് ലി ആഗ്രഹിച്ചു. ഭക്ഷണം മാത്രമായിരുന്നില്ല പ്രശ്നം. വെള്ളം തിളപ്പിക്കണമായിരുന്നു. അല്ലാതെ കുടിക്കരുത്. ഗ്രാമത്തിലെ കിണറുകളിൽ പുഴുക്കളുടെ സാന്നിധ്യം. കുട്ടിക്കാലത്ത് പലതവണ അവനെയും സഹോദരന്മാരെയും വിരശല്യം അലട്ടി. കഠിന വേദന. ചവയ്ക്കാൻ നൽകിയ മധുരമുള്ള മരുന്നിനെ അവർ ഛർദ്ദിക്കാവുന്ന വിരനാശിനികളെന്ന് വിളിച്ചു. വയറ് ശൂന്യമായ രാത്രിയിൽ അവ കഴിച്ചു, വിരനാശിനികൾ ഒഴികെ പുഴുക്കൾക്ക് ഒന്നും ഉണ്ടായില്ല. ദാരിദ്ര്യമായിട്ടും കുട്ടികളെ പഠിപ്പിച്ചത് അന്തസ്സും സത്യസന്ധതയും അഭിമാനവും പുലർത്തണമെന്ന്; ഒരിക്കലും മോഷ്ടിക്കാതെയും മറ്റുള്ളവർക്ക് ദോഷം വരുത്താതെയും കുടുംബപ്പേര് സംരക്ഷിക്കണമെന്നും. അഞ്ചാം വയസിൽ ചങ്ങാതി സിയാൻ യുടെ വീട്ടിൽ കളിക്കവെ പട്ടണത്തിലെ അമ്മാവൻ സമ്മാനിച്ച കളിപ്പാട്ട കാർ അവൻ വെള്ളംകുടിക്കാൻ അകത്ത് പോയപ്പോൾ അതെടുത്ത് ലി വീട്ടിലേക്ക് ഓടി. എവിടെ നിന്നാണെന്ന് കുഞ്ഞമ്മ തിരക്കി. തെരുവിൽ നിന്നെന്ന മറുപടി ആദ്യമേ പൊളിഞ്ഞു. പ്രദേശത്തെ ആർക്കും അത്തരമൊന്ന് വാങ്ങാൻ കാശില്ലെന്നതായിരുന്നു സത്യം. അവർ ബലമായി പിടിച്ച് സിയാൻ യുവിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി തിരിച്ചേൽപ്പിച്ചു. കുഞ്ഞമ്മ നെഞ്ചോട് ചേർത്ത് കരഞ്ഞു. താൻ അനുഭവിച്ചത്ര അപമാനം അവരും നേരിട്ടതായി ലീക്ക് തോന്നി. നാം ഏറെ വളരെ ദരിദ്രരാണ്. സ്വർഗത്തിലെ ദൈവങ്ങൾ പ്രാർഥനകൾക്ക് ഉത്തരം നൽകില്ല, പിശാചുപോലും ഉപേക്ഷിച്ചിരിക്കുന്നു. പ്രതീക്ഷയില്ലാത്ത വിധിയുമായി ജനിച്ചവരാണ് നമ്മൾ‐ കുഞ്ഞമ്മ നെടുവീർപ്പിട്ടു. ‘‘ബാലനായിരിക്കെ എനിക്ക് പക്ഷികളോട് വലിയ ആകർഷണമായിരുന്നു. അവയെ നോക്കി പകൽക്കിനാവ് കാണും. അവയുടെ ഭംഗിയെ അഭിനന്ദിക്കുകയും അവയുടെ സ്വാതന്ത്ര്യം അസൂയപ്പെടുത്തുകയും ചെയ്തു. കഠിന ജീവിതത്തിൽനിന്ന് പറന്നുയരാൻ ചിറകുകൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. അവയുടെ ഭാഷ സംസാരിക്കാനും ഇത്രയും ഉയരത്തിൽ പറക്കുന്നത് എങ്ങനെയെന്ന് ചോദിക്കാനും കൊതിക്കുകയുമുണ്ടായി. ഏത് ദൈവത്തോട് ചോദിക്കണമെന്ന് ചിന്തിച്ചു, അല്ലെങ്കിൽ മനുഷ്യരെ മൃഗങ്ങളാക്കി മാറ്റാൻ കഴിവുള്ള അത്തരമൊരു ശക്തിയുണ്ടോയെന്ന്. ഒപ്പം മനുഷ്യർ വെടിവച്ചു വീഴ്ത്തുകയോ വലിയ മൃഗങ്ങൾ തിന്നുകയോ ചെയ്യുന്നതിന്‍റെ നിരന്തരമായ അപകടത്തെക്കുറിച്ചുള്ള ആലോചനകളും ഉദിച്ചു. പറവകൾക്ക് കഴിക്കാൻ വേണ്ടത്ര ഭക്ഷണം ഒരിക്കലും കിട്ടിയില്ല, അതിനാൽ അവ നിരന്തരം മനുഷ്യ വിസർജ്യം തിന്നുകൊണ്ടിരുന്നു. ഭക്ഷണമില്ലാത്ത പക്ഷിയുടെ അവസ്ഥ മനുഷ്യ ജീവിതത്തെക്കാൾ മികച്ചതായിരിക്കില്ല. ഞാൻ അതായി മാറിയാൽ കുടുംബത്തെ വീണ്ടും കാണില്ലായിരുന്നു’’എന്നാണ് ആത്മകഥയുടെ ആദ്യ ഭാഗത്ത് കുറിച്ചത്.
ആഴ്ചയിൽ ആറ് ദിവസം രാവിലെ അഞ്ചര തൊട്ട്
രാത്രി ഒമ്പത് വരെ ഏഴ് വർഷം കഠിന പരിശീലനം
ഒരു ദിവസം മാഡം മാവോയുടെ ബീജിങ് ഡാൻസ് അക്കാദമിയിൽനിന്നുള്ള നാലു പേർ ബാലെ അഭ്യസിപ്പിക്കാനും വിപ്ലവത്തിന്‍റെ ഭാഗമാവാനും വിദ്യാർഥികളെത്തേടി പ്രവിശ്യാ തലസ്ഥാന നഗരമായ ക്വിങ്‌ദാവോയിലെ ലീയുടെ കമ്യൂൺ സ്കൂൾ സന്ദർശിച്ചു. നൃത്തത്തെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത അവർ ക്ലാസ് മുറിയതിൽ കയറി ഒരു പെൺകുട്ടിയെ തെരഞ്ഞെടുത്തപ്പോൾ ലിയെ ചൂണ്ടി അധ്യാപിക അവനെയും പരീക്ഷിച്ചുകൂടേയെന്ന് ആരാഞ്ഞു. - 11‐ാം വയസിൽ ഓഡിഷന് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടുത്തെ പാഠ്യപദ്ധതി കഠിനമായ ശാരീരിക‐മാനസിക വെല്ലുവിളിയായിരുന്നു. എന്നിട്ടും ഏറ്റവും മികച്ച നർത്തകനാകാൻ ലി ദൃഢനിശ്ചയം ചെയ്‌തു. ആഴ്ചയിൽ ആറ് ദിവസം രാവിലെ അഞ്ചര തൊട്ട് രാത്രി ഒമ്പത് വരെ ഏഴ് വർഷം കഠിന പരിശീലനം. രാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ തന്‍റെ ഊഴമനുസരിച്ച് പരിശീലിക്കുകയും രാവിലെ അഞ്ച് മണിക്ക് മറ്റുള്ളവർ ഉറങ്ങുമ്പോൾ കാലിന്‍റെ ശക്തി കൂട്ടുന്നതിന് മണൽച്ചാക്കുകളുമായി ഒറ്റക്കാലിൽ പടികൾ കയറുകയും ഇറങ്ങുകയും ചെയ്യും. ബാലെയോടുള്ള അഭിനിവേശത്തിന് മൂർത്തരൂപം നൽകിയ അധ്യാപകൻ സിയാവോയുടെ നിർദേശാനുസരണം വിദ്യാർഥികൾക്ക് 16 മണിക്കൂർവരെ പരിശീലനം നൽകേണ്ടിയുംവന്നു ലിയ്‌ക്ക്. വർഷങ്ങൾക്കുശേഷം ഹ്യൂസ്റ്റൺ‐ ആസ്‌ത്രേലിയൻ ബാലെകളിൽ പ്രധാന നർത്തകനായി.
അടുത്ത ഭക്ഷണം എവിടെനിന്ന് വരുമെന്ന് അച്ഛനമ്മമാർക്ക് അറിയില്ലായിരുന്നു. റെസ്റ്റോറന്‍റിൽ പോകുന്നത് സ്വപ്‌നത്തിൽപോലുമുണ്ടായില്ല. ജീവിച്ചിരിക്കുന്നിടത്തോളം ഉണങ്ങിയ ചേനയുടെ മറ്റൊരു കഷണം ഒരിക്കലും കാണരുതെന്ന് ലി ആഗ്രഹിച്ചു.
ലോക പ്രശസ്‌ത നൃത്തസംവിധായകനും 2003 ‐22 കാലയളവിൽ ടെക്സസ് ബാലെ തിയേറ്ററിന്‍റെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കലാസംവിധായകനുമായ ബെൻ സ്റ്റീവൻസണാണ് ആദ്യ യുഎസ് സാംസ്കാരിക പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ലീയെ കണ്ടെത്തിയത്. ലണ്ടനിൽ പരിപാടി അവരതിപ്പിക്കവെ ഇംഗ്ലണ്ടിലെ പ്രമുഖ ബാലെ കമ്പനി മേരി മക്കെൻഡ്രിയിലെ ആസ്‌ത്രേലിയൻ വംശജ ബാലെറിനയുമായി പ്രണയത്തിലായി. 1987 ലെ വിവാഹാനന്തരം യുഎസിൽ തുടരാൻ നാടകീയ തീരുമാനമെടുത്തു, ആ ബന്ധം അപകടമായിരുന്നു. നിയമപരമായ പദവി ഉറപ്പാക്കാൻ തിടുക്കത്തിൽ വിവാഹം കഴിച്ചെങ്കിലും ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിൽ അദ്ദേഹത്തെ കുറച്ചുകാലം തടവിലാക്കി. നാടുകടത്തലും ശിക്ഷയും മാത്രമല്ല കുടുംബം പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധം നിലനിന്നില്ല. ‘എന്‍റെ വികാരങ്ങളുടെ പ്രക്ഷുബ്ധതയെ നേരിടാൻ അവൾ വളരെ ചെറുപ്പമാണെന്ന് മനസിലാക്കി. തന്‍റെ തലയിൽ ഒരുപാട് ശബ്ദങ്ങളുണ്ടായിരുന്നു. അമേരിക്കയിൽ കഴിയാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ പ്രിയപ്പെട്ട കുടുംബത്തെ വീണ്ടും കാണാൻ ഒരിക്കലും അനുവദിക്കില്ലെന്ന് കരുതിയതിനാൽ വളരെയധികം കഷ്ടപ്പെട്ടു’വെന്നാണ് ഓർത്തെടുത്തത്. എന്നാലും കരിയർ അഭിവൃദ്ധി പ്രാപിച്ചു. ഹ്യൂസ്റ്റൺ ബാലെയിൽ അംഗീകരിക്കപ്പെട്ടു. ചൈനയിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നതിനെക്കാൾ അമ്പരപ്പിക്കുംവിധം വൈവിധ്യമാർന്ന പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള കമ്പനികളുടെ അതിഥിയായി. ലണ്ടനിൽ ബാലെറിന മേരി മക്കെൻഡ്രിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ചൈനയിലെ തന്‍റെ ദരിദ്ര കുടുംബത്തിനായി കാര്യമായ പണം സമ്പാദിക്കേണ്ടതിന്‍റെ ആവശ്യകതയായിരുന്നു പ്രധാനം. ആറ് സഹോദരന്മാരിൽ ഒരാളെ നിരാശ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവ് മരിക്കുകയാണെന്ന് കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അതിനാൽ സ്റ്റോക്ക് ബ്രോക്കറായി അപേക്ഷിച്ചു. ‘എനിക്ക് എപ്പോഴും സംഖ്യകളിൽ താൽപ്പര്യമുണ്ടായിരുന്നു, അതിനാൽ അത് നന്നായി ചെയ്യാൻ കഴിയുമെന്ന് കരുതി. പക്ഷേ ബുദ്ധിമുട്ടുകൾക്ഷോതെ കൂടി. ബാലെ ചെയ്യാൻ രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കേണ്ടിവന്നു, തുടർന്ന് എട്ട് മണിക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ എത്തുകയും ഉച്ചയ്ക്ക് റിഹേഴ്‌സലിന് പോവുകയുംവേണം. പക്ഷേ, നൃത്തം എത്രമാത്രം നഷ്ടമാണെന്ന് ലി മനസിലാക്കി, ക്വീൻസ്‌ലാൻഡ് ബാലെ കലാസംവിധായകനാകാൻ സമീപിച്ചപ്പോൾ ഉടനടി അത് സ്വീകരിച്ചു. അവരാണ് എന്നെ ഞാനായ വ്യക്തിയാക്കിയത്. അപ്പോൾ ആസ്‌ത്രേലിയയിലെ രണ്ടാമത്തെ വലിയ ബാലെ കമ്പനിയായിരുണന്നു അത്. ബജറ്റ് ഇരട്ടിയാക്കി, മിക്ക പ്രകടനങ്ങളും ഹിറ്റുകൾ. ക്വീൻസ്‌ലാൻഡ് ബാലെ പുതിയതും ക്ലാസിക്കുമായ കൃതികളുടെ പുനരുജ്ജീവിപ്പിച്ച മിശ്രിതം അവതരിപ്പിച്ചു. അതിലൊന്നാന്നാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോയ റൊമാന്‍റിക് ബാലെ ലാ സിൽഫൈഡ്’ എന്നാണ് ആ സ്‌മരണകൾ. ലോകത്തെവിടെ നിന്നുമുള്ള നർത്തകരെ നിയമിക്കുന്നതിൽ ലി സന്തുഷ്ടനായിരുന്നു. അവർക്ക് എവിടെ പരിശീലനം ലഭിച്ചുവെന്നതല്ല, വേദിയിലെ ഊർജസ്വലതയും ആശയവിനിമയവുമാണ് അദ്ദേഹത്തിന് പ്രധാനം. എത്ര മികച്ച സാങ്കേതിക വിദ്യയാണെങ്കിലും പഴകിയതായി തോന്നുന്ന പ്രകടനങ്ങൾ കാണുന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല. അച്ചടക്കത്തെയും അഭിനിവേശത്തെയുമാണ് ഏറ്റവും കൂടുതൽ അഭിനന്ദിച്ചത്. ആ ഗുണങ്ങൾ വളർത്തിയെടുത്തതിൽ ബാല്യത്തിൽ സഹിച്ച എല്ലാ ദുരിതങ്ങൾക്കും ഒരുതരം നന്ദി തോന്നുന്നുവെന്നും സമ്മതിച്ചു. ഹ്യൂസ്റ്റണിൽ എത്തിയപ്പോൾ അമേരിക്കക്കാർ ജീവിതം നിസാരമായി കാണുന്നതിന്‍റെ തീവ്രത ഞെട്ടിച്ചു. ആളുകൾക്ക് എന്തൊക്കെ പ്രത്യേകാവകാശങ്ങളാണ് ഉള്ളതെന്ന് അപ്പോഴും മനസിലായില്ല. ജീവിതം അസഹനീയമായി തോന്നിയ സമയങ്ങളുണ്ടായിരുന്നു, പക്ഷേ അത്തരം തീവ്രതകൾ അറിഞ്ഞതിൽ സന്തോഷം അനുഭവിച്ചു. അവർ ലിയുടെ ജീവിതം കൂടുതൽ രസകരമാക്കി.
ആത്മകഥയുടെ അഭ്രഭാഷ്യം
ലി കുൻസിന്‍റെ ആത്മകഥയ്‌ക്ക് 1997-ൽ ഷൈൻ എന്ന ചിത്രത്തിന് മികച്ച രചനയ്ക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ജാൻ വിറ്റോറിയോ സാർഡിയുടെ തിരക്കഥയിൽ ബ്രൂസ് ബെറെസ്‌ഫോർഡ് അതേ ശീർഷകത്തിൽ അഭ്രഭാഷ്യമൊരുക്കി; 2009 സെപ്‌തംബർ 13 നായിരുന്നു ആദ്യ പ്രദർശനം. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ ആസ്‌ത്രേലിയൻ പുതുതരംഗ കാലഘട്ടത്തിലാണ് ബെറെസ്‌ഫോർഡിന്‍റെ കരിയർ തുടക്കം. അമേരിക്കയിൽ പ്രാദേശികമായും അന്തർദേശീയമായും അരനൂറ്റാണ്ടിനിടെ 30- ഫീച്ചർ ഫിലിമുകൾ നിർമിച്ചു. രണ്ട് പ്രാവശ്യം അക്കാദമി പുരസ്‌കാര നോമിനിയും നാല് തവണ എഎസിടിഎ/എഎഫ്‌ഐ അവാർഡ് ജേതാവുമായി. ചി കാവോ (ലീ കുൻസിൻ), ചെങ്‌വു ഗുവോ (കൗമാരക്കാരനായ ലി) ഹുവാങ് വെൻ ബിൻ (ബാല്യം) കൈൽ മക്ലാച്ലാൻ, വാങ് ഷുവാങ് ബാവോ ബ്രൂസ് ഗ്രീൻവുഡ്, പെൻ ഹാക്ക്‌ഫോർത്ത്-ജോൺസ്, കാമില വെർഗോട്ടിസ്, കൈൽ മക്ലാക്ലാൻ, ജോവാൻ ചെൻ, അമാൻഡ ഷുൾ തുടങ്ങിയവാണ് പ്രധാന അഭിനേതാക്കൾ. സംഗീതം ആസ്‌ത്രേലിയൻ പ്രതിഭ ക്രിസ്റ്റഫർ ഗോർഡൻ. ഛായാഗ്രഹണം പീറ്റർ ജെയിംസും. 2009- ലെ സാവോ പോളോ ഇന്‍റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച വിദേശ ഫീച്ചർ ഫിലിം പ്രേക്ഷക അവാർഡ് നേടി. 2018- ലെ വിന്‍റർ ഒളിംപിക്‌സിൽ സ്കേറ്റർ നഥാൻ ചെൻ അതിന്‍റെ സൗണ്ട് ട്രാക്കിലേക്ക് സ്കേറ്റ് ചെയ്തു. ആസ്‌ത്രേലിയൻ ബുക്ക് ഓഫ് ദി ഇയർ അവാർഡും അമേരിക്കയിലെ ക്രിസ്റ്റഫർ പുരസ്‌കാരവും മറ്റ് അംഗീകാരങ്ങളും നേടിയ, ഏറെ വിറ്റഴിക്കപ്പെടുന്ന മാവോസ് ലാസ്റ്റ് ഡാൻസറിൽ ദൃഢനിശ്ചയം, സ്ഥിരോത്സാഹം, ദർശനം, ധൈര്യം, കഠിനാധ്വാനം, പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളാകാൻ പ്രേരിപ്പിച്ച കുടുംബ മൂല്യങ്ങൾ, സത്യസന്ധത എന്നിവയടക്കം അസാധാരണ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. തകർന്നതും പുനരുജ്ജീവിപ്പിക്കപ്പെട്ടതുമായ സ്വപ്നങ്ങളാൽ നിറഞ്ഞതായിരുന്നു ആ യാത്ര. ബാലെ തുടരാൻ ധൈര്യവും ശക്തിയും നൽകിയത് അമ്മ. ജീവിതത്തിലെ വളരെ പ്രധാന ഭാഗമായിരുന്നു അവർ. പ്രശസ്‌തിയുടെ നെറുകയിലെത്തിയപ്പോഴും വന്നയിടം ഒരിക്കലും മറക്കാതെ അദ്ദേഹം അമ്മയെയും ഗ്രാമത്തെയും സന്ദർശിക്കുന്നത് തുടർന്നു. നിരവധി പാഠങ്ങളുള്ള ശാക്തീകരണ കഥയാണത്. ചൈനയിലെ വയലേലകളിൽ പണിയെടുക്കാൻ വിധിക്കപ്പെട്ട ദരിദ്ര ഗ്രാമീണ ബാലനിൽനിന്ന് ലോകപ്രശസ്ത പ്രൊഫഷണൽ നർത്തകനിലേക്കുള്ള പരിവർത്തനത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്നുമുണ്ട്. 35-‐ാം വയസിൽ നൃത്തത്തിനൊപ്പം ലി അടുത്ത കരിയർ തെരഞ്ഞെടുത്തു. അക്കൗണ്ടിങ്‐ ഫിനാൻഷ്യൽ കോഴ്‌സുകളിൽ ചേർന്നു. ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നിൽ നിക്ഷേപ ഉപദേഷ്ടാവും സീനിയർ മാനേജരുമായി. മുഴുവൻ സമയവും സ്റ്റോക്ക് ബ്രോക്കിങ് ആരംഭിച്ചതോടെ സഹോദരന്മാരെ ബിസിനസുകളിൽ ഉൾപ്പെടുത്താനും അവരുടെ വിജയം കാണാൻ ചൈന സന്ദർശിക്കുകയും ചെയ്‌തു. ബാല്യകാല സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു അതെന്നാണ് കുറിച്ചത്.
ഏറ്റവും അടിത്തട്ടിലെ കീഴാള ജീവിതത്തെ മാവോയിസം എങ്ങനെ ബാധിച്ചുവെന്ന അന്വേഷണത്തിന് സത്യസന്ധമായ മറുപടി യാണ് ലീയുടെ ആത്മകഥ. മാവോയുടെ വിയോഗത്തോടെ ഭരണകൂടാധികാരവുമായി ഇഴചേർന്ന പ്രായോഗിക മാർക്സിസം സ്‌തംഭിച്ചു. സാംസ്കാരിക വിപ്ലവ കാലത്ത് വളർന്ന അദ്ദേഹം കമ്യൂണിസ്‌റ്റാശയങ്ങൾ വ്യക്തിസ്വാതന്ത്ര്യമടക്കം പൗരവ്യക്തിജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് സ്വാനുഭവങ്ങളിലുടെ തുറന്നുകാട്ടി. സാംസ്കാരികവിപ്ലവകാലത്ത് (1966–76) ഭരണകൂട നിയന്ത്രണം മാവോയുടെ നാലാം ഭാര്യ ജിയാങ് ക്വിങ്(മാഡം മാവോ) ഉൾപ്പെട്ട ഗാങ് ഓഫ് ഫോർ എന്ന നാൽവർസംഘം കൈയേറി. നടിയായിരുന്ന അവർ 1938- ലാണ് മാവോയെ വിവാഹംചെയ്‌തത്. അദ്ദേഹത്തിന്‍റെ ആക്രമണ നായ ആണെന്നായിരുന്നു സ്വയം വിശേഷണം. ഷാങ്ഹായിൽനിന്നുള്ള എഴുത്തുകാരനും സൈദ്ധാന്തികനുമായ ഷാങ് ചുൻക്വിയാവോ, സാഹിത്യ നിരൂപകനും പ്രചാരണ തന്ത്രജ്ഞനുമായ യാവോ വെൻയുവാൻ, ഉന്നത പാർടിപദവികളിലേക്ക് അതിവേഗം കുതിച്ച തുണി മിൽ തൊഴിലാളിയായിരുന്ന വാങ് ഹോങ്‌വെൻ എന്നിവരോടൊപ്പം അവർ സംസ്‌കാരത്തിന്‍റെയും പ്രചാരണത്തിന്‍റെയും ഉപാധികൾ കാൽക്കീഴിലാക്കി. മാധ്യമങ്ങൾ, കലകൾ, വിദ്യാഭ്യാസം എന്നിവ നിയന്ത്രിച്ചു. വലതുപക്ഷ മുതലാളിമാരെന്ന് മുദ്രകുത്തി ബുദ്ധിജീവികളെയും ഉദ്യോഗസ്ഥവൃന്ദത്തെയും -വേട്ടയാടാൻ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് റെഡ് ഗാർഡുകളെ അണിനിരത്തി. മാവോയോട് വിയോജിച്ച മിക്കവാറും ഉന്നതരെ പീഡിപ്പിച്ചു. 1976 സെപ്‌തംബർ ഒന്പതിന് അദ്ദേഹത്തിന്‍റെ നിര്യാണത്തിന് തൊട്ടുപിറകെ സാംസ്കാരിക വിപ്ലവത്തിന്‍റെ അന്ത്യം കുറിച്ച് നാൽവർ സംഘവും കൂട്ടാളികളും അറസ്‌റ്റിലായി. പിന്നീട് 1980-ലെ വിചാരണയിൽ പ്രതി-വിപ്ലവ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു.
സാംസ്കാരിക വിപ്ലവ ദശാബ്ദത്തിലെ
പൗരാവകാശ ലംഘനങ്ങൾ
കമ്യൂണിസ്റ്റ് പാർടിയിലെ മുതലാളിത്ത പാതക്കാരെ വേട്ടയാടാൻ സാംസ്കാരിക വിപ്ലവ ദശകത്തിൽ മാവോ നൽകിയ ആഹ്വാനം അവിശ്വസനീയങ്ങളായ പൗരാവകാശ ലംഘനങ്ങൾക്ക് പശ്‌ചാത്തലമായി. മഹത്തായ കുതിച്ചുച്ചാട്ടവും സാംസ്കാരിക വിപ്ലവവും ഗ്രാമങ്ങളെ വാടിക്കരിച്ചു. വ്യക്തിപൂജ രാജ്യത്തിന്‍റെ മുഖമുദ്രയായി. മാവോ വചനങ്ങൾ ആവർത്തിച്ച് ഉരുവിട്ട് പഠിക്കുക, അദ്ദേഹത്തെ അതിമാനുഷനായി ചിത്രീകരിക്കുക, ചുവന്ന പുസ്തകം മതഗ്രന്ഥത്തിന് തുല്യമായ സ്ഥാനം നൽകുക തുടങ്ങിയ നിലകളിൽ. കലാലയങ്ങൾ നിയന്ത്രണത്തിൽ ഉറപ്പിച്ച് വിദ്യാഭ്യാസം പാർടി ക്ലാസുകളാക്കി.
ഏറ്റവും അടിത്തട്ടിലെ കീഴാള ജീവിതത്തെ മാവോയിസം എങ്ങനെ ബാധിച്ചുവെന്ന അന്വേഷണത്തിന് സത്യസന്ധമായ മറുപടി യാണ് ലീയുടെ ആത്മകഥ.

അക്കാലം ലി വിവരിച്ചത് വായിക്കാം: സ്കൂളിൽ രണ്ടാംകൊല്ലം. ചെയർമാൻ മാവോയെ സ്നേഹിക്കുന്നു എന്നെഴുതാൻ ഞങ്ങൾ പഠിച്ചു; ഒപ്പം ലിയോ ഷൗഷിയെയും ഡെങ്ഷിയോപിങിനെയും പോലുള്ള വർഗശത്രുക്കളെ ചതച്ചുകൊല്ലുകയെന്നും. ലിയോ ഷൗഷി പ്രസിഡന്റായിരുന്നു. ഡെങ്സിയോപിങ് അദ്ദേഹത്തിന്‍റെ വലംകൈയും. അവരെപറ്റി പറയുന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് എനിക്ക് തിരിച്ചറിയാനായില്ല. സത്യത്തിൽ ഇരുവരുമായി ഞങ്ങൾക്കെന്ത് ബന്ധം?. അത്തരം കാര്യങ്ങൾ ഗ്രാമത്തിലെ വീടുകളുടെ ചുവരിൽ ചിലപ്പോൾ ഞങ്ങൾ ചോക്ക് കൊണ്ട് എഴുതിവെക്കുമായിരുന്നു. എല്ലാവരും ഓരോ ദിവസവും ഓരോ പോലെ കോറിയാടാൻ തുടങ്ങിയപ്പോൾ വാക്കുകൾ കൂടിക്കലർന്ന് ആകെ വികൃതമായി. ചില കുട്ടികൾ അവർക്കിഷ്ടമില്ലാത്ത ആളുകളെ കുറിച്ചും കൊള്ളരുതായ്മകൾ രേഖപ്പെടുത്താൻ തുടങ്ങി. ഒരുദിവസം വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ഷിങ്ഡാവോയിൽ നിന്നും ഗ്രാമത്തിലൂടെ പോയി. കുട്ടികളുടെ ചുമരെഴുത്തുകൾ യാദൃച്ഛികമായി കണ്ണിൽ പെട്ടു: ചതച്ചു കൊല്ലുക മാവോയെ, ഷാവോവിനെ ലായിയെ എന്നിവ. അദ്ദേഹം വില്ലേജ് ഓഫീസിലെത്തി ആ എഴുത്തിനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചു. ധാരാളം ആളുകളെ പൊലീസ് ചോദ്യം ചെയ്തു. എന്‍റെ ഓർമയിൽ ആദ്യമായി ഗ്രാമം കൂട്ടത്തോടെ പേടിച്ചിരുന്നുപോയി. അമേരിക്ക ദരിദ്രമാണെന്നും ചൈന സമ്പന്നരാജ്യമാണെന്നുമാണ് വിദ്യാർഥികളെ ബോധ്യപ്പെടുത്തിയിരുന്നത്. ബാലെ അവതരിപ്പിക്കാൻ യുഎസിൽ പോയപ്പോഴാണ് യാഥാർഥ്യം തിരിച്ചറിഞ്ഞത്. ചൈനീസ് ഗ്രാമങ്ങൾ ആണ്ടുപോയ ദയനീയ ശോച്യാവസ്ഥകൾ, സ്ത്രീകളുടെ താഴ്ന്ന പദവി തുടങ്ങിയ പല വസ്‌തുതകളും ആത്മകഥതുടർന്ന് തുറന്നുകാട്ടി.
വ്യക്തിഗതങ്ങളായ ആവിഷ്കാരത്തിനോ
സ്വാതന്ത്ര്യത്തിനോ ഇടം നൽകിയില്ല
ലിയുടെ ആത്മകഥ മാവോ ഭരണകൂടത്തെയും സാംസ്കാരിക വിപ്ലവത്തെയും കുറിച്ചുള്ള ശക്തമായ വിമർശനം ഉൾക്കൊണ്ടതാണ്. കടുത്ത ദാരിദ്ര്യം, മസ്തിഷ്ക പ്രക്ഷാളനം, വ്യക്തിസ്വാതന്ത്ര്യം അടിച്ചമർത്തൽ എന്നിവ എടുത്തുകാണിക്കുന്നുണ്ട്. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത പ്രചാരണത്തിന് വിരുദ്ധമായി സാമ്പത്തിക നയങ്ങളെ (മഹത്തായ കുതിച്ചുചാട്ടം പോലുള്ളവ) വിനാശകരമായി ചിത്രീകരിച്ചു. പൗരന്മാരെ അനുസരണയുള്ളവരായി നിലനിർത്താൻ ഭരണകൂടം വിവരങ്ങൾ നിയന്ത്രിക്കുകയുമുണ്ടായി. ഡാൻസ് അക്കാദമിയിൽ ലിയുടെ പരിശീലനം വിപ്ലവകരമായ കല സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാർഥികളും അവരുടെ കലയും പാർടിയുടേതാണെന്നും വ്യക്തിഗത ആവിഷ്കാരത്തിനോ സ്വാതന്ത്ര്യത്തിനോ ഇടം നൽകുന്നില്ലെന്നുമായിരുന്നു പാഠം. കിണറ്റിലെ തവള എന്ന സാമ്യം പുറം ലോകത്തെ അറിയുന്നതിൽനിന്ന് ആളുകൾ എങ്ങനെ നിയന്ത്രിക്കപ്പെട്ടെന്നും ഗവൺമെന്‍റിനെ ശാക്തീകരിക്കുന്ന ഇടുങ്ങിയ കാഴ്ചപ്പാട് സൃഷ്ടിച്ചുവെന്നും സൂചിപ്പിച്ചു.
30 യുദ്ധമേഖലകൾ ഉൾപ്പെടെ 120 രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത് പിന്നീട് ബിബിസി ന്യൂസ് അന്താരാഷ്ട്ര കാര്യ എഡിറ്ററായി ചുമതലയേറ്റ ജോൺ കോഡി ഫിഡ്‌ലർ- സിംപ്‌സൺ 2003 നവംബർ 18-ന് നടത്തിയ അഭിമുഖത്തിൽ ലീ മുൻവിധികളില്ലാതെ മനസ് തുറന്നിട്ടുണ്ട്. സ്കൂൾ വർഷങ്ങളെക്കുറിച്ച് അദ്ദേഹം ഏറ്റവും ഖേദിച്ചത് പ്രചാരണത്തിനായി വിലപ്പെട്ട ധാരാളം സമയം പാഴാക്കിയതിലാണ്. മാവോ പുതിയ ചൊല്ല് പറഞ്ഞതിനാൽ കുറച്ച് ദിവസത്തേക്ക് ബാലെ ക്ലാസുകൾപോലും നിർത്തി, അത് വീണ്ടും പഠിക്കേണ്ടിവന്നു, - പാഴാക്കിയ സമയം അവിശ്വസനീയമാണ്. ഇത്രയും വർഷം മാവോയുടെ റെഡ് ബുക്ക് പഠിക്കുന്നതിനെക്കാൾ നൃത്തം പരിശീലിക്കുന്നത് കാണാൻ ഭയപ്പെട്ടിരുന്നുവെന്നാണ് പറഞ്ഞത്. ചൈനയിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചശേഷം ആ കരിയർ തളിർത്തത് ഹ്യൂസ്റ്റണിലെ വേനൽക്കാല സ്കൂളിൽ. പാശ്ചാത്യ ജീവിതം ആദ്യമായി കണ്ടതിത് പുസ്തകങ്ങളുടെയും പുതുജീവിതത്തിന്‍റെയും വഴിത്തിരിവുകളിൽ ഒന്നായി; കുട്ടിക്കാലം മുതൽ കേട്ട പ്രചാരണം നുണയാണെന്ന മനസിലാക്കൽ. ഹ്യൂസ്റ്റണിലേക്കുള്ള രണ്ടാം യാത്രയ്‌ക്കുശേഷം പടിഞ്ഞാറൻ രാജ്യങ്ങളിൽ തുടരാനുള്ള തീരുമാനത്തിന്‍റെ കാരണം അഭിലാഷത്തെക്കാൾ സ്നേഹമായിരുന്നു. കലാപരമായ സ്വാതന്ത്ര്യം അനുഭവിക്കാൻ അക്കാലത്ത് ചൈനയിൽ അവസരങ്ങൾ ഫലത്തിൽ നിലവിലില്ലായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള മാറ്റം പ്രചോദനാത്മക നിമിഷങ്ങളെന്ന് ലി വിളിച്ച സമയത്താണ് സംഭവിച്ചത്. അപ്പോഴും നൃത്തം ചെയ്തുകൊണ്ടിരുന്ന ബാരിഷ്നിക്കോവ്, ബുജോൺസ്, നുറേയേവ്,മകരോവ, ഗെൽസി കിർക്ക്‌ലാൻഡ് എന്നിവരുടെ - നിലവാരം വളരെ ഉയർന്നതായിരുന്നു. തനിക്ക് കഷ്ടപ്പെടേണ്ടിവന്നു, ഓരോ വേഷത്തിനും കഠിനാധ്വാനം ചെയ്‌തു. ഏഷ്യക്കാരനായതിനാൽ അതേ വേഷം ലഭിക്കാൻ അമേരിക്കൻ, ഫ്രഞ്ച്, ബ്രിട്ടീഷ് മുഖത്തെക്കാൾ മികച്ചതായിരിക്കണം. സാങ്കേതികമായും കലാപരമായും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള പോക്ക് ചൈനയിലേക്ക് മടങ്ങിയിരുന്നെങ്കിൽ ലഭിക്കുമായിരുന്നതിനെക്കാൾ ഉയർന്ന തലം നേടാൻ സഹായിച്ചു. ലോകപ്രശസ്‌തരായ ഗ്ലെൻ ടെറ്റ്‌ലി, ജിറി കൈലിയൻസ്, കെന്നത്ത് മക്മില്ലൻസ് എന്നിവരോടൊപ്പം പ്രവർത്തിച്ചത് കരിയർ പിന്നെയും മുന്നോട്ട് നയിച്ചു. -അത് ആരെയും മികച്ച നർത്തകരാക്കുന്നു. നിങ്ങൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തുവരണം, വേദിയിൽ പ്രേക്ഷകർക്ക് നൽകാൻ ആഗ്രഹിക്കുന്നതെന്തും ആഴത്തിലാക്കാൻ അത് അടിത്തറമാത്രമായി ഉപയോഗിക്കുകയെന്ന ധാരണയോടെ ലണ്ടനിൽ ലി പലവട്ടം പ്രത്യക്ഷപ്പെട്ടു, ആദ്യം ഹ്യൂസ്റ്റൺ ബാലെയിലും പിന്നീട് രണ്ട് ഗാലകളിലും. 1984-ൽ നോർത്തേൺ ബാലെ തിയേറ്റർ ആദ്യമായി സ്ലീപ്പിങ് ബ്യൂട്ടി നൃത്തം ചെയ്തപ്പോൾ അതിഥി കലാകാരനുമായിരുന്നു. മികച്ച നൃത്തം, സാങ്കേതികത, പദപ്രയോഗം, ശൈലി എന്നിവയോടെ മനോഹരമായ ആവേശത്തോടെ അഭിനയിക്കുന്നുവെന്ന് ജോൺ പെർസിവൽ വിശേഷിപ്പിച്ചു. അത് അതിശയകരമായിരുന്നു. ആ ശൈലി തനിക്ക് മികച്ച പഠന പ്രക്രിയയായി.
പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്
എത്തിയതിന്‍റെ സാംസ്കാരിക ഞെട്ടൽ
ഹൃദയവും ആത്മാവുമുള്ള ബാലെകൾ ഇഷ്ടമാണെന്ന് പ്രതികരിച്ച ലീ താൻ നേരിട്ട ശാരീരിക ക്ലേശങ്ങളും അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. എനിക്ക് കഠിനമായ മോശം പുറം വേദനയുണ്ടായിരുന്നു, ഒരു പ്രകടനവും നഷ്ടപ്പെടുത്താൻ കഴിയാത്തതിനാൽ വേദനസംഹാരികൾ കഴിച്ചു. - എനിക്ക് ആ ബാലെയോട് ഭ്രാന്തായിരുന്നു. അഭിനയം ഏറെ ഇഷ്ടവും. ആദ്യം വളരെ ബുദ്ധിമുട്ടായി തോന്നി, എന്നാൽ കൂടുതൽ ക്ലാസിക്കൽ, സമകാലിക വേഷങ്ങൾ ചെയ്തപ്പോൾ വേദന ഭേദപ്പെട്ടു. അപ്പോൾ മാത്രമാണ് വേദിയിൽ രാജകീയത അനുഭവപ്പെട്ടത്, ചെയ്ത ഓരോ ആംഗ്യത്തിലും ആ വേഷമാണെന്ന് തോന്നി. സ്റ്റോക്ക് ബ്രോക്കിങ് സഹപ്രവർത്തകർക്ക് ആദ്യം അദ്ദേഹത്തെക്കുറിച്ച് അൽപ്പം സംശയമുണ്ടായി, എന്നാൽ കഠിനാധ്വാനവും ബിസിനസും മനസുമാറ്റി, ആത്മകഥ ഇറങ്ങിയപ്പോൾ പശ്ചാത്തലം എന്താണെന്നും അദ്ദേഹം എത്ര മികച്ച യാത്രയാണ് നടത്തിയതെന്നും മനസിലാക്കിയപ്പോൾ പിന്തുണയ്ക്കുകയും അഭിമാനിക്കുകയും ചെയ്തു. ബാലെ ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത വായനക്കാർക്ക് അത് ആകർഷകവും ഹൃദയസ്പർശിയുമായി തോന്നും. മാതാപിതാക്കൾ ആദ്യം ഹ്യൂസ്റ്റണിലേക്ക് നൃത്തം ചെയ്യുന്നത് കാണാൻ പറന്ന രാത്രിയെക്കുറിച്ചും അവർ തിയേറ്ററിൽ പ്രവേശിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്നും ആളുകളോട് പറയാൻ ലി പലവട്ടം ശ്രമിച്ചു, ഒരിക്കൽ പോലും ശ്വാസംമുട്ടാതെ അത് ചെയ്യാനായിട്ടില്ല. ചൈനയിലെ ബാല്യകാലം, പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് എത്തിയതിന്‍റെ സാംസ്കാരിക ഞെട്ടൽ, - അവിടെ അച്ഛൻ വർഷത്തിൽ സമ്പാദിച്ചതിനെക്കാൾ കൂടുതൽ റെസ്റ്റോറന്റ് ടിപ്പുകൾ ആളുകൾ ഉപേക്ഷിച്ചു. - അതിനെല്ലാം താക്കോൽ സ്കൂൾ മുറിയിലെ പഴയ നിമിഷമായി തുടരുന്നു.
കുടുംബം പോറ്റാൻ സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യേണ്ടി വന്നപ്പോഴും ലി ഒരിക്കലും നൃത്തം ഉപേക്ഷിച്ചില്ല. ബാലെയെ ബ്രിട്ടനിലേക്ക് കൊണ്ടുവരുമ്പോൾ തന്‍റെ ആഘാതങ്ങളെയും വിജയങ്ങളെയും കുറിച്ച് സംസാരിച്ചു, - ആളുകൾ പൂർവിക ജീവിതത്തെ നിസാരമായി കാണുന്നതിലെ ഞെട്ടലും പങ്കുവെക്കുകയുമുണ്ടായി. കുട്ടിക്കാലത്ത് മാവോയുടെ ഭീകരവും വഴിതെറ്റിയതുമായ നയങ്ങൾ കാരണം ഒരുപാട് കഷ്ടപ്പെട്ടു. അദ്ദേഹത്തെ പിന്തുടർന്നാൽ എല്ലാവരും സ്വർഗത്തിലേക്ക് പോകുമെന്ന് കരുതി. താൻ അദ്ദേഹത്തിനുവേണ്ടി മേൽക്കൂരയിൽ നിന്ന് ചാടിവീഴുമായിരുന്നു, സംശയമില്ല. ബീജിങ്ങിൽ അസന്തുഷ്ടനായിരുന്നപ്പോഴും മാവോയിലുള്ള വിശ്വാസത്തിന് ഒരിക്കലും ഇളക്കം തട്ടിയില്ലെന്ന് ലി തറപ്പിച്ചു പറഞ്ഞു.നഗരത്തിലും അദ്ദേഹത്തിന്‍റെ അടുത്തും ആയിരിക്കുക അവിശ്വസനീയമായ പദവിയായി തോന്നി; -ദൈവത്തോട് അടുക്കുംപോലെ. എങ്ങനെയും നല്ല നർത്തകനാകാൻ കഴിഞ്ഞാൽ മാവോയെ സേവിക്കുക മാത്രമല്ല, കുടുംബത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സഹായിക്കാമെന്നും സ്വപ്നം കണ്ടു. ഒടുവിൽ താൻ വെറുത്ത ബാലെ പഠനങ്ങളിൽ ഏർപ്പെട്ട് നന്നായി ആസ്വദിക്കാൻ തുടങ്ങി. അതിൽ എന്തോ ഉണ്ടെന്ന ചിന്തയുയർന്നു. നൃത്തത്തിൽ നിന്ന് ലഭിച്ച വികാരവും ശാരീരിക സ്വാതന്ത്ര്യവും ആഴത്തിൽ സ്പർശിച്ചു. 18 വയസായപ്പോഴേക്കും ലി ചൈനയിലെ മുൻനിര നൃത്ത വിദ്യാർഥികളിൽ ഒരാളായി മാറി. ചൈനീസ്-‐അമേരിക്കൻ ബന്ധങ്ങളിൽ ഉരുകലുണ്ടായതോടെ ഹ്യൂസ്റ്റണിൽ ഒരു വർഷത്തെ പഠനാവസരം ലഭിച്ചത് ഉത്സാഹത്തിനുള്ള പാരിതോഷികമായി കണക്കാക്കി. പടിഞ്ഞാറ് ദാരിദ്ര്യത്തിന്‍റെയും അഴിമതിയുടെയും ചെളിക്കുണ്ടാണെന്നായിരുന്നു ധാരണ. എന്നിട്ടും ടെക്സസ് നഗരം തനിക്ക് അറിയാമെന്ന് കരുതിയ എല്ലാത്തിനും വിരുദ്ധമായിരുന്നു. എല്ലാം അത്ഭുതകരം. നീന്തൽക്കുളങ്ങൾ, ഭക്ഷണം, ആളുകൾക്ക് നേതാക്കളെ സ്വതന്ത്രമായി വിമർശിക്കാവുന്ന വസ്തുത. ജീവിതത്തിലെ 18 വർഷങ്ങൾ ഇല്ലാതാക്കപ്പെടുന്നതുപോലെയായിരുന്നു അത്. താൻ ആരാണെന്നോ എന്താണ് ചിന്തിക്കേണ്ടതെന്നോ അറിയില്ലായിരുന്നു.