പ്രളയാനന്തരം

കവിത
രമാ പിഷാരടി


 തിരയാണ് തിരകൾക്കുമപ്പുറം  ദൂരത്ത്
കടലിൻ്റെ കണ്ണീരിനുപ്പുപാടം
മഴയത്ത് നിൽപ്പാണ് കുടകളില്ലാമേഘ-
വഴിയിലുണ്ടൊരു മിന്നലടര് വീട്
ഇടയിടെ പെരുമ്പറ മേഘങ്ങളൊന്നായ്
ഇടിമുഴക്കുന്നതിൻ ശബ്ദമാണ്.
 
മഴയത്ത്, മഴയത്ത് നില്പാണ് ഭൂമിയും
ഹൃദയവും മഴയിൽ കുതിർന്ന് പോയി
തരിയുപ്പ് കണ്ണീരിനുള്ളിൽ നിന്നാവണം
ഹൃദയരക്തത്തിൽ കലർന്നതന്ന്
പ്രളയമാണെല്ലായിടത്തുമെന്നാകിലും
ഒരു വേനലുള്ളിൽ തിളച്ചിടുമ്പോൾ
പടികടന്നെങ്ങോ പിണങ്ങിയോടിപ്പോയ
ഒരു കാറ്റ് പോലെ നീ മാഞ്ഞ് പോകെ
കലഹിച്ചതെന്തിനെന്നറിയാതെ പക്ഷികൾ
ചിറകനക്കുന്നുണ്ട് പുലർസന്ധ്യയിൽ
പൊഴിയും മഴയ്ക്കുള്ളിലേതോ കിനാവിൻ്റെ
സ്മൃതിയുണ്ട്, ലയമുണ്ട്, സംഗീതവും
നിഴലുണ്ട് ഭൂതകാലത്തിൻ്റെ നിറമുള്ള-
ശിഖരത്തിലൊരു കിളിപ്പാട്ടുമുണ്ട്
 
തിരയടിക്കുന്നുണ്ട് ചുറ്റിലും വാക്കിൻ്റെ
തരി, മണ്ണെഴുത്തിൻ്റെ  മൺകുടങ്ങൾ
ഉടയുമ്പൊഴേതോ ചിതയ്ക്ക് ചുറ്റും പണ്ട്-
അറിയാതെയിറ്റിച്ച  കണ്ണുനീരിൽ
മറവി തൊട്ടെന്ന് തോന്നുമ്പോഴാകാം-
മഴയ്ക്കുയിരിലായ്  പൊള്ളലായ് മിന്നലാട്ടം
 
മഴ കൊണ്ട് പണ്ടേ മുറിഞ്ഞ പാലങ്ങളിൽ
ഉരുൾപൊട്ടിയെങ്ങോ മറഞ്ഞ സ്വപ്നം
ചിതറിവീണൊറ്റയ്ക്ക് പിന്നെയും മണ്ണിൻ്റെ
പ്രണയഗർഭത്തിൽ  പുനർജനിക്കാൻ
ഇലകൾ പൊഴിയുന്നുണ്ട് വീണ്ടും ശരത്-
കാലഋതുവിൻ്റെ നിറമുള്ള ഭൂമിയാണ്
 
ഹൃദയമിടറുന്നുണ്ട് മാൻകുട്ടിയെപ്പോലെ
കുതറിയോടുന്നുണ്ട് നോക്കിനിൽക്കേ
ജനലഴിക്കപ്പുറം നീളുന്ന പാതയിൽ
പലരുമുണ്ടെന്നും തിരക്കിലാണ്
എവിടേക്കിതെവിടേക്ക്? യുദ്ധകാലം പോലെ
പലരുമോടും പുകക്കാടിനുള്ളിൽ
മൃദുലമാം വാക്കിൻ്റെ പൂവ് തേടി
ശുഭ്രനിറമുള്ള *പ്രാവൊന്ന് വന്ന് പോയോ!
സ്മൃതി പാൽ ചുരത്തിയോ,ചിറകനക്കങ്ങളിൽ
ഇനിമുണ്ടാകുമോ വിസ്മയങ്ങൾ?
 
ശ്രുതി തെറ്റിയാലും, സ്വരങ്ങളെല്ലാം ചേർന്ന്
മുഴുവനാക്കും ജന്മജന്യരാഗം
ദ്രുതമതിദ്രുതം പിന്നെ താളമേളം കടലി-
നെഴുതുവാനുണ്ടാം യുഗാന്ത്യകാലം
തിരയാണ് തിരകൾക്കുമപ്പുറം  ദൂരത്ത്
കടലിൻ്റെ കണ്ണീരിനുപ്പുപാടം
തിരയാണ് തിരകൾക്ക് മേലെ നടക്കുവാൻ
കനവുകൾക്കെന്നും വസന്തമാണ്
ഇടവേളകൾ ശ്വാസനിശ്വാസമായിടാം
യുഗസന്ധി ഋതുഭേദയാത്രയാവാം..

Comments
* The email will not be published on the website.