പ്രേമത്തിന്‍റെ അരൂപിയായ സ്പർശം!

കവിത

ഷിബി നിലാമുറ്റം 

കാട് വിളിക്കുന്നു,
മനസ്സിൽ പച്ചമുളയ്ക്കുന്നു;
കാറ്റ് വീശുന്നു,
ശലഭം പോലെതൊട്ട് പോകുന്നു ;

ചില്ലയിൽ അനക്കം,
കുളിരിന്റെ കാതൽ
മണ്ണിന്റെ നാ (നന) വിൽ കവിത!
നമ്മളുണ്ടായിരുന്ന പാതിരാത്രികളുടെ
മധുരം പോലെ,
നമുക്ക് മാത്രം കേൾക്കാൻ കഴിയുന്ന ഒച്ച..
നനഞ്ഞ ഇലയുടെ തുടിപ്പ്
മുറിഞ്ഞുവീഴുന്ന തുള്ളി
മറഞ്ഞ വഴിയുടെ തെളിച്ചം
മരിച്ചതിൽനിന്നും
ജീവിതത്തിലേക്കുള്ള തളിർപ്പ്;

എവിടെനിന്നോ ഒരുപാട്ട് !

എനിക്ക് മാത്രമെന്നപോൽ;
പക്ഷേ,
എനിക്കറിയാത്ത,
ഇന്നോളം രുചിക്കാത്തഭാഷ,
ഇതുവരെ കേൾക്കാത്ത ശ്രുതി,
വന്യമായായ സംഗീതത്തിന്‍റെ ലഹരിയിൽ 
എനിക്ക് 
ഉന്മാദമുണ്ടാകുന്നു!

നിഴലില്ലാത്ത നീലവാതിൽ തുറന്ന് ഞാനിതാ
പുറത്തേയ്ക്കിറങ്ങുന്നു
നക്ഷത്രങ്ങൾ വെളിച്ചത്തിന്‍റെ
ഭാഷയിൽ,
പൂക്കളെന്നു ജ്വലിച്ചുകൊണ്ട്
എന്‍റെ ഉടല്കയ്യേറുന്നു!

എന്തൊരുതൊടൽ!
എന്തൊരൊഴുകൽ!

വാക്കുകൾ തളിരാക്കുന്ന ശാന്ത
പ്രവാഹം പോലെ,
ജലവേരിൽ നിന്നുള്ള പ്രാർത്ഥനപോലെ,
മഴയ്ക്ക് ശേഷമുള്ള കുളിരുപോലെ,
പൂവിൽ നിന്നും ഉരുണ്ടിറങ്ങുന്ന
ജലവൃത്തം പോലെ,
അതിവിദൂരതയിൽ നിന്നും കാതിലേക്ക്
പായുന്നപാട്ട്;
പ്രേമത്തിന്റെ അരൂപിയായ സ്പർശം!
ഞാൻ തീരാതിരിക്കുന്നു,
പേരില്ലാത്ത നദിപോലെ വീണ്ടും വീണ്ടും 
ഒഴുകിക്കൊണ്ടിരിക്കുന്നു,
പ്രേമപ്പെടുന്നു!
വീണ്ടും വീണ്ടും
പ്രേമപ്പെടുന്നു!
എന്റെ ലോകമേ,
അനാദികാലം മുതലേ അടിമപ്പെട്ടുപോയ 
പ്രേമത്തിന്റെ ജ്വലന രസമേ,
വെളിച്ചം മറ്റൊരു ഭാഷയിലിതാ എന്നെ തൊടുന്നു
ഇരുട്ട് കവിതപോൽ പടരുന്നു!
രാത്രിയും പകലും മറന്നു പോകുന്ന പോൽ 
ആനന്ദത്തിന്‍റെ പര്യായങ്ങളിലേക്ക്                                   
ഞാൻ മൂർച്ഛിച്ചു വീഴുന്നു!


Comments
* The email will not be published on the website.