ബീഫ്: ട്രൂ സ്റ്റോറി

കവിത
സാജോ പനയംകോട്
വെള്ളിത്തിരയിൽ പ്രൊജക്ടർ കത്തുന്നത്-എന്‍റെ ഉണങ്ങിയ അസ്ഥികൾ
ഉരസിയുണ്ടാകുന്ന ആസിഡ് കനലിലാണ്.
അവിടെ ആടുന്നത് നിങ്ങളുടെ വിശപ്പല്ല,
നിങ്ങളെ അറുക്കാൻ കത്തി രാകുന്നവരുടെ
വിരൽ നിഴലുകളാണ്.

ക്യാമറക്കണ്ണിൽ ചോര കട്ടപിടിക്കുമ്പോൾ-
അധികാരത്തിന്‍റെ കള്ളപ്പല്ലുകൾ
ഇരുട്ടിലിരുന്ന് മുനകൂട്ടുന്നുണ്ട്.

ഞാൻ ബീഫാണ്.
പുരാണങ്ങളിൽ ഞാനൊരിക്കലും ദൈവമായിരുന്നില്ല,
യാഗശാലകളിൽ നിങ്ങൾ വെന്തെരിയിച്ച വെറുമൊരു ആഹുതി!

എന്നിട്ടും, പുണ്യത്തിലേക്കുള്ള പടിക്കെട്ടുകളിൽ-
എന്‍റെ ചോരയുടെ മണം പുകയ്ക്കുന്നത് ശ്വസിച്ച്
നിങ്ങൾ ഇന്നും തെരുവിലലയുന്നു, ഞാനും വെയില് തിന്നും മാട്
എനിക്ക് മാലയിടുന്നു?

അകിടു വീർക്കുമ്പോൾ പാൽ ചുരത്തുന്നത് എന്‍റെ പ്രകൃതി.
അതിൽ നിന്ന് നെയ്യും ഔഷധവും ഊറ്റിയെടുക്കൂ.

കറവ വറ്റുമ്പോൾ തോൽ ഉരിഞ്ഞ്-
ആഡംബര നടത്തങ്ങൾക്ക് ചെരിപ്പുകളുണ്ടാക്കൂ.
ആഗോള ചന്തകളിൽ എന്‍റെ മാംസവും തൊലിയും തൂക്കി-
ഡോളറുകൾ എണ്ണിയെടുക്കൂ...

ഗൗ എന്നോ ഗയ്യ എന്നോ ഓമനിക്കാം.
വിളിക്കുമ്പോൾ മറുവിളി എന്നും 'മ്മ്മാ...'
ലാഭത്തിൻ കൊലക്കളത്തിൽ-
വാർദ്ധക്യം തൊടാൻ എനിക്കും നിങ്ങൾക്കും അനുവാദമില്ല.

നിങ്ങടെ പേടികൾ അയവിറക്കി
'കഷ്ടം' എന്ന് ചാണകം
അത് വാരി ചെടികൾക്കിടൂ,
അവർ തിന്നട്ടെ.

എന്‍റെ ജാതകം ചികയുന്നവരോട്,
ഒരേ രുചിയേതു മതത്തിനും മനുഷ്യനും
വേട്ടയാടാൻ നാട്ടിലെത്തും പുലിക്കും
എറുമ്പിനും മണ്ണിനും
ഞാൻ വെറും 'മീറ്റാണ്'.
വയറ്റിലെ ആസിഡ് ചുറ്റിക്കറങ്ങുന്ന
വിശപ്പിന്‍റെ ഒരു സൈക്ലിക് സത്യം മാത്രം.

ഇപ്പോൾ നിങ്ങൾ തിന്നുന്നത്-
വെള്ളിത്തിരയിൽ പൊരിച്ചെടുത്ത കുറേ സെല്ലുലോയിഡ് നുണകളാണ്.
പുതിയ രാഷ്ട്രീയ സിലബസിൽ-
നിങ്ങൾ എന്നെക്കൊണ്ട് എന്നെത്തന്നെ തിന്നിക്കുന്നു.

നമ്മൾ ഒരുമിച്ചിരുന്ന് പൊറോട്ട പിച്ചിയതും
ഒരു പാത്രത്തിൽ ബിരിയാണിക്ക് വിരലുകൾ കോർത്തതും
വെറുമൊരു വിശപ്പായിരുന്നില്ല,
ഉടമ്പടിയായിരുന്നു, തുന്നിച്ചേർക്കലായിരുന്നു.
ഞാൻ എന്‍റെ വംശത്തെ ചവച്ചുതീർക്കുമ്പോൾ-
പിന്നിലൊരാൾ കള്ളച്ചിരിയോടെ ക്യാമറ തിരിക്കുന്നുണ്ട്.

ആടുന്നത് എന്‍റെ വിശപ്പല്ല,
നിങ്ങളെക്കൊണ്ട് നിങ്ങളെത്തന്നെ കൊല്ലിക്കുന്ന-
തുറന്ന കൊലവിളി .
എല്ലാം മായ്ച്ചുകളയുന്ന ക്രൂരമായ തിരുത്തിയെഴുത്ത്.
പരസ്പരം കടിച്ചു കീറുന്നതിനേക്കാൾ ഭേദം-
വെന്ത എന്നെ തിന്നുന്നത് തന്നെയാണ്.

നാവിലിപ്പോൾ ഉടക്കി നിൽക്കുന്നത് മാംസമല്ല,
കെട്ടുകഥകൾ കൊണ്ട് കൊന്നു കുഴിച്ചുമൂടിയ-
മനുഷ്യത്വത്തിന്‍റെ പച്ചയായ അസ്ഥികളാണ്.

Comments
* The email will not be published on the website.