
കവിത
വി.ജെ തോമസ്

ഇലവിരിയുന്നതേയുണ്ടായിരുന്നുള്ളു
മണലാണുപറഞ്ഞത്.
നട്ടനാൾമുതൽ
കാത്തിരുന്നുകളപറിച്ചു വളമിട്ടിരുന്നു.
കിളയുംജലവുംവെളിച്ചവുമുണ്ടായിരുന്നു.
ഇതളുകളാകാനുള്ള സ്വപ്നങ്ങളെ
ഉള്ളംകൈയ്യിൽവെച്ച്
ഉമ്മവച്ചുമ്മവെച്ച്
കൂമ്പുമുതൽകടവരെ, തല്ലിക്കൊഴിച്ച്
വേരുകളോരോന്നായി പറിച്ചൊടിച്ചു
മുറിച്ചാലുമൊരുമുക്കും മൂലയും
സാക്ഷിപറയുകയില്ല,
പൊട്ടിക്കിളിർക്കില്ല മുറിവായകൾ.
തൊടുന്നനേരത്തുംജീവനുണ്ടായിരുന്നു,
നോക്കിനിൽക്കെക്കൺപോളകൾ
തിരുമ്മിയടച്ചുതിരിച്ചുപോരേണ്ടിവന്നു.
ആരുടെകയ്യിലുമേൽപ്പിക്കാൻവയ്യാ
ഉടലിലൊരുപാടുപോലും
അവശേഷിപ്പിക്കാതെ
ഹൃദയമെന്ന്
അറിഞ്ഞു തന്നെയാണുപേക്ഷിക്കുക.
എങ്കിലെ വായ്ത്തലയുടെ മൂർച്ചയോർമ്മയുണ്ടായിരിക്കു.
വിശപ്പിനേയും യുദ്ധങ്ങളെയും മ
ഹാദുരന്തങ്ങളെയുമതിജീവിച്ചാലും
ത്രികാലങ്ങളിൽ പൂവ്വത്തിൻ കനലണയാതെ
തീയാളിക്കത്തിക്കൊണ്ടിരിക്കണം.
മൂന്നാംതവണയും പൊങ്ങിവന്നു
പെരുവെള്ളത്തിൽത്താഴുന്നു പോകുന്നൊരാളെപ്പോലെ,
എപ്പോഴോ
വാക്കിലൊരുമാത്രയൊരു പിടച്ചിലുണ്ട്.
അതും കഴിഞ്ഞാണ്:
അടയാളങ്ങളൊന്നുമവശേഷിപ്പിക്കാതെ
ശവങ്ങൾമറവുചെയ്യാൻ കിടപ്പറ
മനസ്സുവെക്കുന്നത്.
ആകാശമാകട്ടെ
ഭൂമിയുംകടലും പാതാളവുമാകട്ടെ
വീട്മൂടിക്കളയുന്നപോലെ
ആരുമാരെയും
മൂടിക്കളഞ്ഞില്ലിതേവരെ.
മുദ്രവെച്ച വാക്കുകളുടെ കല്ലറയായ
പുസ്തകം വീടുപണിക്കാർ തള്ളിക്കളഞ്ഞ
കല്ലാകയാൽ മൂലക്കല്ലായ്ത്തീർന്നു.