
കവിത
കൃപ അമ്പാടി

എത്ര അകലെയാണ് നാം...
മിനുക്കിയ ഇഷ്ടികൾകൊണ്ട് ചുവരുകളുള്ള,
ചിത്രം നിറഞ്ഞ ഓടുകൾ വിരിച്ച മേൽക്കൂരയുള്ള,
പലനിറത്തിൽ ടൈലുകൾ പാകിയ തറയുള്ള,
ചെടികളാൽ അലങ്കരിച്ച വരാന്തയും ഇടനാഴിയും
മുറിയും അടുക്കളയുമുള്ള
ഒരു സുഖഭവനം നീ നിർമിക്കുമല്ലൊ !
അതിനുള്ളിലെ തണുപ്പിലിരുന്ന്
നീ ചൂടുകാപ്പി കുടിക്കുമ്പോൾ
എന്നെ വീഡിയോകാൾ വിളിക്കുമല്ലൊ !
നമുക്കിടയിലെ ദൂരം കുറയാൻ
സ്വപ്‌നങ്ങളെ അടുക്കിയടുക്കി
നമ്മൾ പിന്നെയും വളരുമ്പോൾ
വീട് നിറയാൻ നീയെന്നെ കെട്ടിപ്പിടിക്കുമല്ലൊ !
വേണ്ടേ...! ഞാൻ നിന്നെ വിളിക്കുമ്പോഴൊക്കെ
സുഖഭവനത്തിന്‍റെ ശീതളിമയാണെന്നോ!
ആഹാ, എങ്കിൽ ഞാൻ നിന്‍റെ വീടാവാം.
അങ്ങനെയങ്ങനെ,
ഇഷ്ടികകൾ മങ്ങി
ചിത്രങ്ങൾ മാഞ്ഞു
ടൈലുകൾ പോറി
ചെടികൾ വാടി.
വരാന്തയും ഇടനാഴിയും പോലെ
ഞങ്ങൾ രണ്ട് സമാന്തര രേഖകളായി.
അതിനുള്ളിലെ തണുപ്പിലിരുന്ന്
മരവിച്ചു പോയതിനാൽ
ഞാൻ പൊളിഞ്ഞുതുടങ്ങി.
ഹൗസിങ് ലോണിന്‍റെ
പകുതിയടയ്ക്കാൻ
ആവതില്ലാത്തതിനാൽ
നീ ഇറക്കിവിടും മുൻപെ,
തുല്യത തികയ്ക്കാനാവാതെ
വിഷണ്ണരായി നേരത്തെ നരച്ചുപോയ
പെണ്ണുങ്ങൾക്കിടയിലേക്ക്
കോടതിവഴി ഞാനും പിരിഞ്ഞുപോവുന്നു
ഇടിഞ്ഞ് പൊളിഞ്ഞുപോവുന്നു.
എനിക്ക് നിന്‍റെ വീടാവണ്ടായിരുന്നു.