സീത+ അമ്മ = സീതമ്മ


കഥ
ഉമശ്രീ

'നാന്‍ പൊള്ളാച്ചിയിലിരുന്തു പൊറപ്പെട്ടേന്‍'
ഫോണിനപ്പുറത്തു നിന്നുള്ള കനത്ത ശബ്ദം എന്നെ ഒന്നമ്പരപ്പിച്ചു.
'എങ്ങോട്ടാ '
'ഉങ്കക്കിട്ടെ താ '
'ആഹാ, എന്താ പെട്ടെന്ന് ഒരു തോന്നല്‍ ?'
രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ പോലും പറഞ്ഞില്ലല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്.
എന്തായാലും എന്റെ ഒറ്റയാള്‍ ദിനങ്ങളിലേക്ക് എന്നില്‍ നിന്ന് മടങ്ങിപ്പോയ ആള്‍ തിരികെ എത്തുന്നു. അഞ്ചു വര്‍ഷക്കാലം എന്നെയും, എന്റെ വീട്ടകത്തെയും കൃത്യമായി അറിഞ്ഞ് സ്‌നേഹിച്ചയാള്‍. ആ കാലയളവില്‍ വീടിന്റെ ഓരോ കോണിലും ആ കനത്ത ശബ്ദം ചിതറിവീണിരുന്നു. കഴിഞ്ഞ മൂന്നു മാസക്കാലം മുന്‍പ്  ആ ശബ്ദത്തിന്റെ അലകള്‍ തിരികെ ആച്ചംപട്ടി ഗ്രാമത്തിലേക്ക് തീവണ്ടി കയറിപ്പോയി. അന്നു മുതല്‍ ഒരു ശൂന്യതയായിരുന്നു. വീട്ടില്‍ തിരിച്ചെത്തുന്നതില്‍ ഞാന്‍ ഒട്ടും ധൃതി കാണിക്കാറില്ല. അവിടം വല്ലാതെ മടുപ്പിക്കുന്നു. ആരുമില്ലാതെ നിശബ്ദമായ ഇരുളടഞ്ഞ വീടായിരിക്കുന്നു അത്. ജോലി കഴിഞ്ഞ ശേഷം മാളുകളിലോ വഴിയോര കടകളിലോ പാര്‍ക്കിലോ മരത്തണലുകളിലോ കറങ്ങി സന്ധ്യയോടെ വീടണയുന്നത് പതിവാക്കിയിരിക്കുകയാണ്. വീട്ടിലെത്തി ഗേറ്റ് തുറക്കുമ്പോഴേ ഇടത് ഭാഗത്തെ മുറിയുടെ ജനാലയിലെ ഇരുട്ടിലേക്ക് നോട്ടം പോകും. എന്നെ വീര്‍പ്പുമുട്ടിക്കുന്ന ശൂന്യതയുടെ പ്രഭവകേന്ദ്രം അവിടെയാണ്. ആ മുറിയിലെ ഒഴിഞ്ഞ കട്ടില്‍, നിശ്ചലമായ വീല്‍ചെയര്‍, ശബ്ദം നിലച്ചുപോയ റേഡിയോ, ആത്മഹത്യ ചെയ്ത പോലെ ഹാങ്ങറില്‍ തൂങ്ങിക്കിടക്കുന്ന വെളുത്ത നൈറ്റികള്‍ എല്ലാം കാണുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. നിത..... നിത'യെന്ന പിറുപ്പിറുപ്പ് വീടിനുള്ളിലെ വായുവില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. അമ്മയുടെ ഗന്ധം പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ല ഇവിടുന്ന്. കഴിഞ്ഞ വീക്കെന്റുകളിലൊന്നും വീട്ടിലിരുന്നിട്ടേയില്ല. ഓരോ ഇടങ്ങളിലേക്ക് വെറുതെ യാത്ര ചെയ്തു. എന്റെ വീര്‍പ്പുമുട്ടല്‍ കുറയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു.
അമ്മയുടെ മൂളലും ഞെരക്കങ്ങളും കുറഞ്ഞ വാക്കുകളിലുള്ള പ്രതികരണങ്ങളും സീതമ്മയുടെ അമ്മയോടുള്ള ഉറക്കെയുള്ള സംസാരങ്ങളും ഒക്കെയാണ് കഴിഞ്ഞ കുറെ കാലമായി വീട്ടകത്തെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നത്. അത് നിലച്ചിട്ട് മാസങ്ങളായിരിക്കുന്നു. അമ്മ തന്റെ നാടായ കണ്ണാടിപ്പുഴയുടെ മണ്ണിലേക്ക് തിരിച്ചുവരാത്ത വിശ്രമത്തിനായി പോയപ്പോള്‍ തന്റെ കര്‍മ്മം പൂര്‍ത്തിയായി എന്ന ബോധത്തോടെ സീതമ്മയും സ്വന്തം മണ്ണിലേക്കു മടങ്ങി. ഇന്നവള്‍ തിരിച്ചു വരുന്നു. വെറ്റിലമണം നിറഞ്ഞ ഒരു തണുത്ത കാറ്റ് ജനലിലൂടെ എന്നോട് ചേര്‍ന്നൊഴുകി. പെട്ടെന്നെന്താണാവോ മുന്നറിയിപ്പില്ലാത്ത വരവെന്ന ആകാംക്ഷയിറ്റിയ മനസ്സും കൈയില്‍പ്പിടിച്ച് കുട്ടികളുടെ ആകാംക്ഷകളിലേയ്ക്ക് നടന്നു കയറി.

എനിക്കു ചുറ്റുമുള്ള നിശബ്ദതയെ ഭേദിക്കുന്ന അവളുടെ വെറ്റിലമണമുള്ള സംസാരങ്ങളും ചിരി മുഴക്കങ്ങളും മടങ്ങിയെത്തുന്നതില്‍ എനിക്ക് ഒരാവേശം തോന്നാതിരുന്നില്ല. ഈയിടെ അപ്പുറത്തെ, വിശ്വന്റെ വീടിനോട് ചേര്‍ന്നുള്ള പലഹാരക്കടയില്‍ ആളുകള്‍ വന്നുപോകുമ്പോഴുള്ള സംസാരങ്ങള്‍ മാത്രമാണ് ഇവിടുത്തെ നിശബ്ദതയിലേക്കുള്ള ശബ്ദച്ചീളുകള്‍.. അമ്മയുടെ റൂമിനോട് ചേര്‍ന്നാണ് വിശ്വന്റെ വീട്. പലഹാരകടയിലെ വെളിച്ചം ആ ഭാഗത്തെ മതില്‍ കടന്നെത്തുന്നത് മാത്രമാണ് സന്ധ്യകളില്‍ ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഉള്ള തെളിച്ചം! വിശ്വന്റെ അമ്മയുള്ള കാലത്ത് ഇടക്കൊക്കെ അമ്മയും അവരും തമ്മില്‍ സംസാരിച്ചിരുന്നത് ആ റൂമിലെ ജനാല വഴിയാണ്. വിശ്വന്‍ സീതമ്മയോട് അമ്മയുടെ വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നതും ആ ജനാലവഴി തന്നെ.'

അമ്മയ്ക്ക് എപ്പോഴും വെളിച്ചം വേണമായിരുന്നു. അതുകൊണ്ടുതന്നെ ആ മുറിയില്‍ ലൈറ്റ് അണക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ മുറിയിലെ ഇരുട്ട് എന്നില്‍ വല്ലാത്തൊരു ശൂന്യത നിറക്കുന്നു. സന്ധ്യയ്ക്ക് തിരിച്ചെത്തിയാല്‍ ഞാന്‍ ഉടനെ ആ മുറിയിലെ ലൈറ്റ് ഇട്ടുവയ്ക്കും. രാത്രി കിടക്കാറാകുമ്പോഴാണ് അത് ഓഫാക്കുക. രാവിലെ എഴുന്നേറ്റ ഉടനെയും ഞാനത് ഓണ്‍ ചെയ്യും.
അമ്മയുടെ മരണം എന്നില്‍ ഇത്രയേറെ ശൂന്യത സൃഷ്ടിക്കുമെന്നോ അമ്മയ്ക്ക് വേണ്ടി ഞാന്‍ ഇത്രയേറെ കരയുമെന്നോ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ ചിന്തകളുടെ വിദൂരകോണുകളില്‍ പോലും അത്തരം തോന്നലുകള്‍ മുമ്പ് ഉണ്ടായിട്ടില്ല. കേവലം ഒന്‍പത് വര്‍ഷങ്ങളിലൊതുങ്ങിയ രഞ്ജിത്തുമായുള്ള ജീവിതത്തേക്കാള്‍ അമ്മയോടൊപ്പം പിന്നിട്ട അധികം കാലയളവാവാം എന്നെ ആ ഓര്‍മ്മകളില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നത്.
എനിക്കും അമ്മയ്ക്കും മാനസികമായി അല്പമെങ്കിലും അടുക്കാന്‍, അമ്മ അസുഖക്കിടക്കയിലേക്ക് എത്തിയ കാലം വരെ കാത്തിരിക്കേണ്ടി വന്നു.  അല്ലെങ്കില്‍ സീതമ്മ എത്തുന്ന കാലം വരെ വേണ്ടി വന്നു. എന്തിനായിരുന്നു അത് എന്നു തോന്നും. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോള്‍ മരുമകള്‍ക്ക് മുന്നില്‍ അമ്മായിയമ്മ വാതില്‍ ചാരിയ ശേഷം മരുമകള്‍ ആ വാതില്‍ കാലുകൊണ്ട് തുറന്ന് അകത്തു കയറുന്ന പ്രാദേശികമായ ഒരു ചടങ്ങ് ഞങ്ങള്‍ക്കിടയില്‍ ഉണ്ട്.. മരുമകള്‍ക്ക് കിട്ടുന്ന അധികാരമായിരിക്കാം സ്വയം ചവിട്ടിത്തുടര്‍ന്ന് അകത്തു കയറുന്നതില്‍ ഉള്ളത്.  ഞാനത് ചെയ്തിട്ടുണ്ടെങ്കിലും എനിക്കും അമ്മയ്ക്കും ഇടയില്‍ ജീവിതത്തിന്‍റെ അവസാനകാലം വരെ ആ വാതില്‍ പാതിയെ തുറന്നിരുന്നുള്ളൂ. മറുപാതി എന്നും അടഞ്ഞു തന്നെ കിടന്നു. ഒരു ടിപ്പിക്കല്‍ അമ്മായിയമ്മയുടെ മുഖാവരണം എന്നും അവരില്‍ ഉണ്ടായിരുന്നു.
പൊള്ളാച്ചിക്കടുത്തുള്ള ആച്ചംപട്ടി എന്ന ഗ്രാമത്തില്‍ നിന്നാണ് സീതമ്മയെ കിട്ടിയത്. നിരവധി അന്വേഷണങ്ങള്‍ക്കൊടുവിലാണ് സീതമ്മയില്‍ എത്തിച്ചേരുന്നത്. ഏജന്‍സികള്‍ വഴിയുള്ള കൂട്ടിരുപ്പുകാര്‍ ഒന്നും ശരിയായില്ല. വീടിനോടും അമ്മയോടും, തിരിച്ചവരോടും ഇണങ്ങാന്‍ പറ്റിയവരെ എന്തുകൊണ്ടോ കിട്ടിയില്ല.  അന്നത്തെ ദിനങ്ങള്‍ പ്രയാസങ്ങളില്‍ ഞെരിഞ്ഞമരുമ്പോഴാണ് ഒരു സുഹൃത്തു വഴി സീതമ്മയിലേക്ക് എത്തുന്നത്. സീതമ്മ ആദ്യമായി വന്നു കയറിയപ്പോള്‍ എനിക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. അവളുടെ ചിരിയില്‍ തെളിയുന്ന വെറ്റിലക്കറ എന്നില്‍ അതൃപ്തിയുണ്ടാക്കി. കണങ്കാലിന്റെ മുകളില്‍ കയറ്റിയെടുക്കുന്ന പോളിയസ്റ്റര്‍ സാരിയും ചെറിയ കൈയോടെ ശരീരത്തോട് ചേര്‍ത്ത് തൈപ്പിച്ച പോലുള്ള ബ്ലൗസും നെറ്റിയിലെ വലിയ പൊട്ടും കാലിലെ പാദസരക്കിലുക്കവും സീതമ്മയില്‍ ഒരു പെണ്ണിനെ നിറച്ചു. പക്ഷേ അവളില്‍ നിന്നുയര്‍ന്നിരുന്ന ശബ്ദം ഒരാണിനെയാണ് അറിയിക്കുന്നത്. ചില അംഗവിക്ഷേപങ്ങളും ആണിനെ ഓര്‍മ്മിപ്പിക്കുന്നു. എന്റെ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് രണ്ടു ദിവസം കൊണ്ട് വീടിന്റെ താളം മുഴുവന്‍ സീതമ്മ ഏറ്റെടുക്കുകയായിരുന്നു. ക്രമേണ അവളുടെ കറയറ്റ മനസ്സുകൊണ്ട് വെറ്റിലക്കറകളെല്ലാം മായ്ച്ചു കളഞ്ഞു. ഒരു ഹോം നേഴ്‌സ് എന്നതിലുപരി വീട്ടില്‍ ഒരു അംഗം പോലെ അവള്‍ ഇവിടെയെല്ലാം നിറഞ്ഞു നിന്നു.
അമ്മയോട് സംസാരിക്കണം എന്ന തോന്നലോടെ മുറിയുടെ വാതില്‍ക്കലോ കട്ടിലിന് അരികിലോ പോയി കുറേനേരം എന്നും ഞാന്‍ അമ്മയെ നോക്കി നില്‍ക്കുമായിരുന്നു. ചില നേരങ്ങളില്‍ കണ്ണുകള്‍ ഉയര്‍ത്തി അമ്മ എന്നെയും വെറുതെ നോക്കും. പക്ഷേ അമ്മ പെട്ടെന്ന് തന്നെ നോട്ടത്തില്‍ നിന്ന് പിന്‍തിരിയും. ഞാന്‍ തോറ്റു കൊടുക്കാത്ത വിധം അമ്മയിലേക്ക് നോക്കി ദീര്‍ഘനേരം ഇരിക്കുന്നത് പതിവായിരുന്നു. പക്ഷേ സംസാരിക്കാന്‍ കൂടുതലായി ഒന്നും എന്നില്‍ ഉണ്ടായില്ല.
'ടീച്ചര്‍, അമ്മാക്കിട്ടെ യതാവത് പേശുങ്കോ.. ' സീതമ്മ എന്നോട് എപ്പോഴും പറഞ്ഞുപറഞ്ഞ് പിന്നീട് ഞാനമ്മയോട് എന്തെങ്കിലുമൊക്കെ മിണ്ടിത്തുടങ്ങി. എന്തെങ്കിലുമൊക്കെ ചോദിക്കാനും ചേര്‍ന്നിരിക്കാനും മനഃപൂര്‍വമായി ശ്രമിച്ചു. ഒരുപക്ഷേ സീതമ്മ അതിന് മുന്‍കൈയെടുത്തില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ട് ധ്രുവത്തില്‍ തന്നെ ഇരിക്കുമായിരുന്നു.
രഞ്ജിത്ത് പോയി വേറെ കാലം കഴിയും മുമ്പ് തന്നെ അമ്മയും അസുഖക്കാരിയായി മാറിയിരുന്നു. ഞങ്ങള്‍ രണ്ടുപേരും മാത്രമായി വളരെ കുറച്ച് കാലമേ ആ വീട്ടില്‍ കഴിയേണ്ടി വന്നിട്ടുള്ളൂ അപ്പോഴേക്കും സീതമ്മ ഞങ്ങള്‍ക്കിടയിലേക്ക് എത്തിയിരുന്നു. അമ്മയുടെ ഓര്‍മ്മകള്‍ക്ക് മങ്ങല്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷങ്ങളിലേറെയായിരുന്നെങ്കിലും ശേഷിച്ച ഓര്‍മ്മകളിലൂടെ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സ്‌ട്രോക്ക് കൂടെ വരികയായിരുന്നു. ഞെരമ്പുകള്‍ തളര്‍ച്ചയില്‍ നിന്ന് തളര്‍ച്ചയിലേക്ക് നീങ്ങി. വീടിന് അതുവരെയുണ്ടായിരുന്ന എല്ലാ താളങ്ങളും തെറ്റി. വേണമെന്നുണ്ടായിട്ടും അമ്മയിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയാതെ ഞാന്‍ ശ്വാസം മുട്ടി.
പരിചരണത്തില്‍ മുഴുവന്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ പോയി എന്ന് പറയാവുന്ന ഒരു നിമിഷത്തില്‍ എന്റെ കൈയും അമ്മയുടെ കാലും ഒന്നിടറിപ്പോയി.. അങ്ങനെ അമ്മയുടെ കാലില്‍ ഒരു ഫ്രാക്ചര്‍ കൂടി സംഭവിച്ചപ്പോഴാണ് സീതമ്മ ഞങ്ങള്‍ക്കിടയിലേക്ക് ആശ്വാസവും സഹായവുമായി  എത്തിയത്. അവള്‍ക്ക് അമ്മയിലേക്ക് ഇറങ്ങാന്‍ ഒട്ടും താമസമുണ്ടായില്ല. അമ്മ അവളുമായിട്ടും പെട്ടെന്നു തന്നെ ഇണങ്ങി ചേര്‍ന്നു. എന്നോടുള്ള പോലെ അമ്മയ്ക് മറ്റാരോടുമത്ര അകല്‍ച്ച ഉണ്ടായിരുന്നില്ല.

അമ്മ മകനായി കണ്ടെത്തിയിരുന്ന പെണ്ണ് ഞാനായിരുന്നില്ല എന്ന് അറിവ് ഏറെ കാലം കഴിഞ്ഞാണ് എന്നിലേക്കെത്തിയത്. മകന്റെ മരണശേഷവും, തനിക്ക് മറ്റൊരു താങ്ങില്ല എന്ന ഉറപ്പിലും, മരുമകളില്‍ ഒരു മകളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരില്‍ നിന്ന് അകലങ്ങളിലേക്ക് ഞാന്‍ പോയ്‌ക്കൊണ്ടിരുന്നു..
മരിക്കുന്നതിന് കുറച്ചുകാലം മുമ്പ് അമ്മയുടെ ഓര്‍മ്മകളും ചിന്തകളും ഏതാണ്ട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നെങ്കിലും കുറച്ചവിടെയോ ഉണ്ടായിരുന്ന ശേഷിപ്പില്‍ എന്റെ പേര് മാത്രം തങ്ങി നിന്നിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു. മകന്റെ പേര് പോലും അവിടെ ഉണ്ടായിരുന്നില്ല. ഓര്‍മ്മകള്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തും പോലെ സീതമ്മ അമ്മയോട് പലതും ഉറക്കെയുറക്കെ ചോദിക്കും.
പക്ഷേ എല്ലാറ്റിനും ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ- നിത.
വീല്‍ചെയറില്‍ സീതമ്മ അമ്മയെ വീടിനകം മുഴുവന്‍ കൊണ്ടുപോകുമ്പോഴും റേഡിയോയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴും നിത..നിത എന്ന് ചെറുതായി പിറുപിറുപ്പുപോലെ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു.അമ്മയുടെ ഉറക്കവേളകളില്‍ അവരെക്കുറിച്ച് എന്നോടവള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഇല്ലാത്ത പകല്‍വേളകളില്‍ എന്നെക്കുറിച്ച് അമ്മയോടും അവള്‍ പറയുന്നുണ്ടായിരുന്നു. സമാന്തര രേഖകളായി നീണ്ടുപോയിരുന്ന എന്റെയും അമ്മയുടേയും മനസ്സുകള്‍ അറിയാത്ത ഏതോ ഒരിടത്ത് ഒന്നു ചേര്‍ന്നു എന്നത് തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴത്തെ എന്നിലെ ശൂന്യത ആ ചേര്‍ച്ചയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
സീതമ്മ ഇവിടെ എത്തിയത് അഞ്ചു വര്‍ഷം മുന്‍പാണ്. വന്നശേഷം ഒരിക്കല്‍ പോലും നാട്ടിലേക്ക് തിരിച്ചു പോയിട്ടില്ല. ആദ്യമൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല പോകുന്നോ എന്ന്. കുറെ കഴിഞ്ഞിട്ടും നാട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാതിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു.
'സീതമ്മാ ഇടയ്‌ക്കെങ്കിലും നിനക്ക് വീട്ടിലുള്ളവരെ കാണണ്ടേ? '
' അങ്കെ എന്നെ പാക്കറുത്ക്ക് ആരുമേയില്ലിയേ. എന്നുടെ അമ്മാവുക്ക് ദുട്ട് മട്ടും പോതും. അവങ്ക എന്നെ പാക്കറത്ക്ക് ഒരു വാട്ടി കൂടെ വിരുമ്പവില്ലൈ . '
ആവതുള്ള കാലത്ത് അമ്മ, വാക്കുകള്‍ കൊണ്ട് ഭരിക്കാതെ  തന്റെ ഭാവങ്ങള്‍ കൊണ്ട് വളരെ സമര്‍ത്ഥമായി മറ്റുള്ളവരെ ഭരിച്ചിരുന്നു. അമ്മയുടെ ഗൗരവത്തെ പകപ്പ് കലര്‍ന്ന നിശബ്ദതയോടെയാണ് ഞങ്ങള്‍ നേരിട്ടത്. ഒന്നിനും എതിര്‍ക്കാതിരിക്കുന്നതു കൊണ്ട് അമ്മയെന്നും ഗൗരവം പുതച്ച് കുറഞ്ഞ വാക്കുകളാല്‍ എന്നെ നിയന്ത്രിച്ചു കൊണ്ടേയിരുന്നു. എങ്കിലും എന്റെ ചില സ്വതന്ത്ര ചിന്താഗതികളും എന്നില്‍ അലിഞ്ഞുചേര്‍ന്ന ചില ഇഷ്ടങ്ങളും ഞാനൊരു കാലത്തും അടിയറവ് വെച്ചില്ല. നിയന്ത്രണ പരിധിയില്‍ നിന്ന് ഞാന്‍ മന:പ്പൂര്‍വം അവയെ മാറ്റി നിര്‍ത്തി. വീടിന്റെ ചില താളങ്ങള്‍ക്ക് മാത്രമാണ് ഞാന്‍ വിധേയപ്പെട്ടത്.
'എനിക്കിത് രഞ്ജിത്തിന്റെ അമ്മയാണ്.. പക്ഷേ അത് നിന്റെ സ്വന്തം അമ്മയല്ലേ? .. അവരെന്താ നിന്നോട് ഇഷ്ടമല്ലാതെ പെരുമാറുന്നത് സീതമ്മാ? ' പിന്നീടൊരിക്കല്‍ ഞാന്‍ ചോദിച്ചു.
'എന്നുടലിലിരുക്കും  മുരണ്‍പാടുകള്‍ അവര്‍കള്ക്ക് വെട്ക്കത്തെ തോന്‍ട്രുവിക്കിറത്.  മേലും നാന്‍ കണവനെ വിട്ടു പിരിഞ്ച പൊണ്ണ്... അപ്പറം എപ്പടി അവങ്കെ എന്ന മതിപ്പാങ്കെ  '
ഞാനൊന്നും മിണ്ടിയില്ല..
മര്യാദാപുരുഷോത്തമനല്ലാത്ത, മര്‍ദ്ദകനായ ഒരു രാമന്‍ കെട്ടിയ കെട്ടുപൊട്ടിച്ച് തന്റെ സ്വന്തമായ ആകാശത്തിലേക്ക് ചിറക് വിരിച്ച് പറക്കുകയായിരുന്നു ഈ സീത. അവളിലെ ദ്വന്ദ്വവ്യക്തിത്വത്തിന്റെ പ്രകടത അവനും അരോചകമായിരുന്നത്രെ. അവള്‍ ഭൂമിയിലേക്കിറങ്ങി മാഞ്ഞുപ്പോകാന്‍ തയ്യാറായില്ല. ജീവിതത്തെ ബാധ്യതക്കൂട്ടില്‍ അടയ്ക്കാതെ, സ്‌നേഹവും കരുതലും വിശ്വാസവും നല്‍കാത്ത പുരുഷന്റെ തുണ വലിച്ചെറിഞ്ഞ് അവള്‍ തന്റെ വഴിയിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു.
ഞാനിവിടെ അമ്മയുടെ ഓരോ ഭാവമാറ്റങ്ങളെയും രുചി അരുചികളെയും തിരിച്ചറിയേണ്ടവള്‍ എന്നതിന് ഉത്തരവാദിത്തപ്പെട്ടവളായിരുന്നു. രാവിലെ എട്ടുമണിക്ക് ഇറങ്ങി രാത്രി എട്ടുമണിക്ക് തിരിച്ചെത്തുന്ന രഞ്ജിത്തിന് അമ്മയുടെ സ്വഭാവ രീതികളില്‍ അല്ലല്‍ ഉണ്ടായിരുന്നില്ല. വീക്കെന്റുകള്‍ മാത്രമാണ് രഞ്ജിത്ത് വീടിന്റെ താളത്തിനൊപ്പം ചലിക്കുന്നത്. എന്റെ ജോലിസ്ഥലം പത്തുമിനിട്ടിനുള്ളില്‍ എത്തിച്ചേരാവുന്ന ഇടമായതുകൊണ്ട് വീടിന്റെ താളം എന്നിലായിരുന്നു കൂടുതല്‍ അലിഞ്ഞത്.
'എന്നെ അവന്ക്ക് മട്ടും താ തേവൈ.'
' ആര്‍ക്ക് ?'
' സെന്തില്‍'
'അതാരാ? '
'മുന്നാടി നാന്‍ വേലയിലിരുന്ന വീട്ടിലെ പയ്യന്‍താ. പെരിയ പണക്കാര് താ അവങ്ക. അവനിലെയും എന്ന മാതിരി പൊണ്ണും പയ്യനും ഇറുക്കാ. എങ്കളുക്ക് രണ്ടുപേര്‍ക്കും പുടിക്കും. ആനാലും ദൂരമാ തള്ളി നിക്കതു മട്ടും താന്‍ മുടിയും. '
' ഉം.' ഞാന്‍ മൂളി
' അവനുടെ പാട്ടിയുടെ ഉതവിക്കാകെ നാന്‍ അങ്കെ പോയത്. ആനാ എങ്കള്‍ക്കെ നടൂലെ ഇരിക്കറ കാതല്‍ എന്നെ അങ്കെ ഇരുന്ത് വെളിയിലേ ആക്കിട്ടേ. ഒരു വര്‍ഷം മുന്നാടി അവനും എരന്ത് പോച്ച്. '
അവളുടെ കണ്ണുകളിലെ നനവ് കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നീട് ഒരിക്കലും ഞാന്‍ അവളോട് കൂടുതല്‍ ഒന്നും ചോദിച്ചിട്ടില്ല
കഴിഞ്ഞ മൂന്നു മാസത്തെ എകാന്ത നിറഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെടലിന്റെ ഞെരുക്കം ഞാന്‍ അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സീതമ്മ വരുന്നു എന്നതില്‍ എന്റെ മനസ്സ് അളവില്ലാതെ സന്തോഷിക്കുന്നു.
രഞ്ജിത്തിന്റെ മരണശേഷം മറ്റൊരു വിവാഹത്തെക്കുറിച്ച് പലരും സൂചിപ്പിച്ചെങ്കിലും എന്തുകൊണ്ടോ എനിക്ക് അങ്ങനെ വേണമെന്ന് തോന്നിയില്ല. ' അമ്മയ്ക്ക് ഒരു വിവാഹം കഴിച്ചു കൂടെ?'  എന്ന് ശിവാംഗി ഒരു പ്രയാസവും കൂടാതെ എന്നോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത ഒരു ജാള്യത എന്നിലേക്കെത്തി. എന്തിനായിരുന്നു അത്? വേണം എന്ന് അവളോട് ഒരു വാക്ക് പറയാമായിരുന്നു.
അച്ഛമ്മയെ കൂടെ കൂട്ടാന്‍ പറ്റുന്ന ഒരാളെ കണ്ടെത്താം.. അല്ലെങ്കില്‍ അച്ഛമ്മയെ നോക്കാന്‍ മറ്റെന്തെങ്കിലും പരിഹാരം കാണാം എന്നൊക്കെ അവള്‍ പറയുകയുണ്ടായി.ഞാന്‍ പോയാല്‍ അമ്മയ്ക്ക് ഉണ്ടാകാവുന്ന അനാഥത്വം എന്നെ അലട്ടിയിരുന്നു എന്നത് ഒരു സത്യമാണ്. ഒരേയൊരു മകന്റെ മരണം അനാഥമാക്കിയെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ എനിക്ക് പറ്റാവുന്നത്ര ശ്രദ്ധിച്ചിട്ടുണ്ട്. അച്ഛമ്മയുടെ ശരീരത്തില്‍ കൊള്ളിവയ്ക്കുമ്പോള്‍ ശിവാംഗി മകന് പകരക്കാരിയായി. ആത്മബന്ധമില്ലാത്ത ഏതെങ്കിലും ഒരു ആണ്‍ബന്ധു ആകരുത് അമ്മയുടെ ശരീരം കത്തിക്കുന്നത് എന്ന് ഞാനുറപ്പിച്ചിരുന്നു.. ശിവാംഗിക്ക് അതിനുള്ള തന്റേടവുമുണ്ട്. അച്ഛന്‍ ചെയ്യേണ്ട കര്‍മ്മങ്ങളെല്ലാം അവള്‍ ചെയ്തു.
അമ്മയുടെ അടിയന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് സീതമ്മ പോയത്. നാട്ടില്‍ നിന്ന് തിരിച്ചെത്തി വീടു മുഴുവന്‍ വൃത്തിയാക്കി, ഒരു ദിവസത്തേക്കുള്ള ഭക്ഷണവും റെഡിയാക്കി വച്ചാണ് അവള്‍ ഇറങ്ങിയത്. പോകാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ അവളെ കൂടുതല്‍ ആവശ്യം അമ്മയ്ക്കായിരുന്നല്ലോ.. അതു വേണ്ടാതായല്ലോ.. അമ്മയുടെ ദശപ്രാണനിലെ ധനഞ്ജയന്‍ എല്ലാവരിലുള്ളതിനേക്കാള്‍ സീതമ്മയോടാവും ചേര്‍ന്നു നിന്നിട്ടുണ്ടാകുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അമ്മ ഇട്ടിരുന്ന സ്വര്‍ണ്ണക്കമ്മല്‍ സീതമ്മയ്ക്ക് കൊടുക്കാനാണ് എനിക്ക് തോന്നിയത്. കാരണം അവളാണതിന് പൂര്‍ണ്ണ അര്‍ഹ. അവള്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. പക്ഷേ എന്റെ നിര്‍ബന്ധത്തിന് അവള്‍ വഴങ്ങി. നിറകണ്ണുകളോടെ കമ്മല്‍ കൈപ്പറ്റി അവളെന്നെ കെട്ടിപ്പിടിച്ചു.
തിരിഞ്ഞു നോക്കാതെ, യാത്ര പറയാതെയാണ് അവള്‍ പടിയിറങ്ങി പോയത്.
സന്ധ്യക്ക് ശേഷമുള്ള ശൂന്യതയില്‍ പല ദിവസങ്ങളിലും ഞാന്‍ സീതമ്മയെ  ഓര്‍ത്തു. അവളുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ എന്നും ചിന്തിച്ചു. അവളുടെ ഉറക്കെയുറക്കെയുള്ള സംസാരത്തെ ഞാന്‍ വീണ്ടും ആഗ്രഹിച്ചു
ഇന്നവള്‍ വരികയാണല്ലോ. വീട്ടിലെത്തി. വേഗം കുളിച്ച് സീതമ്മയെയും കാത്തിരിക്കാന്‍ തുടങ്ങി. ടിവി തുറന്നു. രേവതിയുടെ ഏതോ ഒരു പഴയ തമിഴ് സിനിമയാണ് യൂട്യൂബില്‍ മുന്നില്‍ വന്നത്. അതിനിടയില്‍ അമ്മയുടെ റൂമിലെ ജനാല തുറന്നിടണമെന്ന് തോന്നി.
'സീതമ്മ വന്നോ?
ജനാല തുറന്നപ്പോള്‍ വിശ്വന്‍റെ ശബ്ദം കേട്ടു. സീതമ്മയാണെന്ന് വിചാരിച്ചാണ് അയാള്‍ ചോദിച്ചത്. ഞാനാണെന്ന് കണ്ടപ്പോള്‍ അയാള്‍ ഒന്ന് ചിരിച്ച ശേഷം പിന്തിരിഞ്ഞു.
സീതമ്മ വരുന്നത് ഇയാള്‍ എങ്ങനെ അറിഞ്ഞു?
മുന്‍പ് വിശ്വന്‍ ജനലിലൂടെയാണ് അമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചിരുന്നത്. അധികം സംസാരിക്കാത്ത അയാള്‍ സീതമ്മയോടാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നത്. അവളുടെ തമിഴും അയാളുടെ മലയാളവും ജനലിനിടയിലൂടെ തട്ടിത്തടയുന്നതും ഇഴചേരുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അമ്മ മരിച്ച ശേഷം ഒറ്റയാനായി ജീവിക്കുകയാണ്.
സിനിമയില്‍ ശ്രദ്ധയോടെ ഇരിക്കുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. കയ്യില്‍ ബാഗുമായി ചുമന്ന പോളിയസ്റ്റര്‍ സാരിയിലെ രൂപം അതിവേഗം അകത്തേക്ക് കയറി, അനുവാദം കാത്തുനില്‍ക്കാതെ അമ്മയുടെ മുറിയിലേക്ക് പോയി.
' ഇനിമേ നാന്‍ ഇങ്കെ വിട്ട് പോകമാട്ടേ.. '
ഞാനമ്പരന്ന് റിമോട്ട് കയ്യില്‍ പിടിച്ച് സോഫയില്‍ നിന്ന് എണീക്കാതെ കണ്ണും തുറന്ന് ഇരുന്നു.
മുറിയുടെ വാതില്‍ക്കല്‍ നിന്നും ഉയര്‍ന്ന പുരുഷ ശബ്ദത്തിന് ഉറപ്പു കൂടുതലായിരുന്നു. ഒപ്പം ഉയര്‍ന്ന പാദസരക്കിലുക്കം അടുക്കളയെ ലക്ഷ്യമാക്കി നീങ്ങുന്നതും ഞാനറിഞ്ഞു. ഇനി തിരിച്ചു പോകുന്നില്ലെന്ന് പറഞ്ഞതിന്‍റെ കാരണമെന്താവും എന്നോര്‍ത്ത് ഞാനൊന്നമ്പരന്നെങ്കിലും എന്‍റെ ഏകാന്തതയെ അവള്‍ മുറിക്കുമെന്നറിഞ്ഞതില്‍ സന്തോഷിക്കുകയും ചെയ്തു.
വിശ്വനപ്പോള്‍ ജനാലയിലൂടെ വീണ്ടും വീണ്ടും നോക്കുന്നുണ്ടായിരുന്നു. സീതമ്മ വരുന്നത് എന്നേക്കാള്‍ മുന്നേ വിശ്വന്‍ അറിഞ്ഞിരുന്നു. സീതപ്പെണ്ണിനേയും അവളിലെ വെറ്റില മണത്തെയും ചിരിമുഴക്കങ്ങളെയും വാതോരാസംസാരങ്ങളെയും അയാളും കാത്തിരിക്കുകയായിരുന്നു.


Comments
* The email will not be published on the website.