കവിത
ഡോ. ജയ അനിത എബ്രഹാം

ഇതുവരെപാടിയ പാട്ടുകളെക്കാൾ
ഈണമുള്ളതെന്തോ
ഉള്ളിൽ മിടിക്കുന്നുണ്ട്
എന്നോർത്ത്
വിശാലമായ ലോകം
ചിറകിലേന്തി
ചില്ലുജനാലയിൽ
ആൺകിളി
കൊത്തി നോക്കുന്നു.
ചില്ലു പൊട്ടിക്കാതെ
അല്പം ചേർന്നിരുന്നു
കാതോർത്തെങ്കിലെന്ന്
ചെന്തീപോലെ
ഉള്ളിലൊരു തിളക്കം.
നിഴലുകളെ
കൊത്തിമിനുക്കി
നേരം വെളുപ്പിച്ച്
ഉടുപുടവയുടെ
ചുളിവു നീർത്തി
ആയിരത്തി ഒന്നാമത്തെ കഥ
പറയുന്നു ഷെഹർസാദാ.
ആയിരം കടലുകൾ
ഇനിയും കടന്നാലും
കാറ്റുകളെ
കുതിരകളാക്കി
ആയിരം കാതങ്ങൾ
ഇനിയും പറന്നാലും
വേഗത തീവ്രതയുടെ
പര്യായമാവില്ല
എന്നോർമ്മിപ്പിച്ച്
ചില്ലു വാതിലുകൾക്കിപ്പുറം
അവൾ ഊറിച്ചിരിക്കുന്നു.
കഥകളുടെ കുരുക്കുകൾ
കൊത്തിയഴിക്കാനാവാതെ
ആൺകിളി
വീണ്ടും കൊത്തി
അവളിലേക്കായുന്നു.