കവിത
രാധാകൃഷ്ണൻ എടച്ചേരി

നിൻ്റെഅരികിലേക്ക്
പറത്തിവിട്ട
കുഞ്ഞു തത്ത
തിരിച്ചുവന്നില്ലല്ലോ
അധികാരം
വെട്ടിമാറ്റിയോ
അതിൻ്റെ ചിറകുകളെ?
വാൽസല്യം
കൂട്ടിലാക്കിയോ
അതിൻ്റെ ചന്തത്തെ ?
രാത്രി
ജാലകക്കമ്പിയിൽ
വന്നിരിക്കാറുള്ള
അതിൻ്റെ പാട്ട്
കേൾക്കാതെ
എൻ്റെ ഹൃദയം
നിലച്ചുപോകും
ചുവന്ന ചുണ്ടുതിർക്കുന്ന
ആ പാട്ടിൽ
ഒരു സ്വപ്നം മുഴുവൻ
ഞാനും നീയും നടന്ന
ഋതുക്കളുണ്ട്
ഞാൻ നിനക്കെഴുതിയ
പ്രണയ സന്ദേശങ്ങളുടെ
നീറുന്ന നനവും
ഏകാന്തതയിൽ
നീ അറിഞ്ഞിട്ടില്ലാത്ത
പ്രണയത്തിൻ്റെ
നിഗൂഢ ഗന്ധങ്ങൾ
ഉച്ഛ്വാസ നിശ്വാസങ്ങളിൽ നിന്നും
പറന്നുപോകുന്ന ശലഭങ്ങളെ നോക്കി
നിമിഷത്തിൻ്റെ
കടയ്ക്കൽ രണ്ടു ശരീരങ്ങൾ.
ഇപ്പോൾ
അരികത്ത്
ചിറകൊതുക്കിയ
പച്ചപ്പുള്ള സങ്കൽപ്പത്തെ
മാറോടു ചേർത്ത്
വെറുതേ
അതിൻ്റെ അറ്റത്തെ ച്ചുവപ്പിൽ
ഒന്നുമ്മ വയ്ക്കൂ
നീ
ചുംബിച്ച് ചുംബിച്ച്
ചോന്നുപോയ
എൻ്റെ ചുണ്ടുകളാണവ!