ദൈവ കഥകളുടെ അപനിർമ്മാണം


പുസ്തകവായന
സുനിത ബഷീർ   

(പി.ജെ.ജെ.ആൻ്റണിയുടെ ദൈവ കഥകളുടെ വായന).
യഥാർത്ഥ വസ്തുവിനേക്കാൾ പ്രാധാന്യം അതിൻ്റെ പകർപ്പുകളോ പ്രതിനിധാനങ്ങളോ നേടുന്ന അവസ്ഥയെക്കുറിച്ച് ബോദ്രിയാദ്(Jeen Bowdrillad) നിരീക്ഷിച്ചിട്ടുണ്ട്.യഥാർത്ഥമായതിനെക്കാൾ കൃത്രിമ നിർമ്മിതികൾക്ക് പ്രാധാന്യം ലഭിക്കുന്ന സമകാല ലോകത്തെ വിശകലനം ചെയ്യാൻ ബോദ്രിയാദിൻ്റെ ഈ തിയറി ഉപയോഗിക്കാറുണ്ട്. ഭാഷയിൽ നിന്ന് ആശയങ്ങളും അതിൻ്റെ അർത്ഥവും ഇല്ലാതാകുന്നു എന്നത് ആർട്ടിൻ്റെ ഡിജിറ്റൽ സാധ്യതയാണ്. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വ്യവച്ഛേദിച്ച് പറയാൻ കഴിയുന്നില്ല. ശരിയോ തെറ്റോ എന്നതിൻ്റെ അർത്ഥം അനിശ്ചിതമായി നീട്ടിവയ്ക്കപ്പെടുകയാണ്.ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല. എല്ലാം മാറിമറിയുന്നു എന്ന തോന്നൽ മാത്രം.പി.ജെ.ജെ. ആൻറണിയുടെ ദൈവ കഥകളിലൂടെ കടന്നുപോയപ്പോൾ ഇത്തരമൊരു ലോക ക്രമമല്ലേ ഈ കഥകളിൽ ആഖ്യാനം ചെയ്യപ്പെടുന്നതെന്ന് തോന്നിപ്പോകുന്നു. 

ദൈവ കഥകളിൽ ദൈവത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും ദൈവ സങ്കല്പത്തെക്കുറിച്ചുമുള്ള മുൻവിധികളെ അല്ലെങ്കിൽ ധാരണകളെ ചോദ്യം ചെയ്യുകയും കർതൃ കേന്ദ്രിതവും വചന കേന്ദ്രിതവുമായ തത്വചിന്തയെ അപനിർമ്മാണത്തിന് അഥവാ ഡീ കൺസ്ട്രക്ഷന് വിധേയമാക്കുകയും ചെയ്യുന്നു.


ദൈവ കഥകളിൽ ദൈവത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും ദൈവ സങ്കല്പത്തെക്കുറിച്ചുമുള്ള മുൻവിധികളെ അല്ലെങ്കിൽ ധാരണകളെ ചോദ്യം ചെയ്യുകയും കർതൃ കേന്ദ്രിതവും വചന കേന്ദ്രിതവുമായ തത്വചിന്തയെ അപനിർമ്മാണത്തിന് അഥവാ ഡീ കൺസ്ട്രക്ഷന് വിധേയമാക്കുകയും ചെയ്യുന്നു. അതിലൂടെ പല ഡയമെൻഷനിൽ ദൈവത്തെ പുനർ വായനയ്ക്ക് വിധേയമാക്കുകയാണ് കഥാകൃത്ത്.അത് ഒരു യുക്തിവാദിയുടെ യാന്ത്രികമായ താർക്കിക തലങ്ങളിലൂടെയുള്ള വായനയല്ല. മറിച്ച് ദൈവം, മനുഷ്യൻ എന്നീ ദ്വന്ദ്വാഖ്യാനങ്ങളിലൂടെ അതിഭൗതികമായ തത്വചിന്താ വിവക്ഷകൾ വിശകലനത്തിന് വിധേയമാക്കുകയാണ് കഥാകൃത്ത്.ദൈവം,ചോദ്യചെയ്യപ്പെടാനാവാത്ത സുപ്പീരിയർ പവർ ആണ് എന്ന വിശ്വാസത്തെ,ദൈവം, പാപപുണ്യങ്ങളുടെ വിചാരിപ്പുകാരനാണെന്ന സങ്കല്പത്തെ, ലൈംഗികത പാപമാണെന്നുള്ള ക്രിസ്ത്യൻ തിയോളജിക്കൽ കൺസെപ്റ്റിനെ ഒക്കെ ഈ കഥകളിലൂടെ പി.ജെ ജെ പ്രശ്നവല്ക്കരിക്കുന്നു.

എഴുപതുകളിലേയും എൺപതുകളിലേയും കേരളീയ നാട്ടിൻപുറ സാമൂഹ്യ ജീവിതക്രമത്തിൻ്റെ പുന:ക്രമീകരണം ഈ പുസ്തകത്തിലെ പല കഥകളിലും നമുക്ക് കാണാം."പുലരിത്തൂമഞ്ഞുതുള്ളിയിൽ" എന്ന കഥ അത്തരത്തിൽ വായിക്കാവുന്ന ഒന്നാണ്. ദൈവശാസ്ത്ര സംബന്ധമായ എല്ലാ സങ്കല്പങ്ങളെയും ഈ കഥയിൽ കഥാകൃത്ത് ഡീകൺസ്ട്രക്റ്റ് ചെയ്യുന്നു.രാഷ്ടീയവും സാമൂഹ്യവും ചരിത്രപരവുമായ പാഠങ്ങൾ കഥയിൽ ധാരാളമായി കടന്നു വരുന്നു. എഴുപതുകളിലെ യുവത്വത്തെ പ്രചോദിപ്പിച്ച നക്സൽ മൂവ്മെൻ്റിൻ്റെയും അതിനെ പരാജയപ്പെടുത്താനുള്ള ജന്മിത്വത്തിൻ്റെ പരിശ്രമത്തിൻ്റെയും ഓർമ്മകൾ ഉണർത്തുന്ന ചിഹ്നങ്ങൾ പ്രത്യക്ഷത്തിലല്ലാതെ തന്നെ കഥയിൽ കടന്നുവരുന്നു.

എല്ലാം മാറിമറിയുന്നു എന്ന തോന്നൽ. അതായത് ബോദ്രിയാദ് സൂചിപ്പിച്ച സമകാല ലോകക്രമം.ഇത്തരമൊരു അവസ്ഥയുടെ അപരത്വത്തെ ആവിഷ്കരിക്കാനുള്ള ശ്രമം. ഇങ്ങനെയൊരു രാഷ്ട്രീയ വായന കൂടി ഈ കഥയിൽ സാധ്യമാണെന്നു തോന്നുന്നു. 


കഥയുടെ തുടക്കത്തിൽ തന്നെ ദൈവമെന്ന ബൃഹദ് സംഹിത ഉടച്ചു വാർക്കുകയാണ് കഥാകൃത്ത്. പാതിരായടുത്ത നേരത്ത് ഉമയുടേയും ദിവാകരൻ്റെയും വീട്ടിലേയ്ക്ക് അലച്ചിലിൻ്റെ ഭൂപടം പോലെ, ക്ഷീണിതനായി കടന്നു ചെന്ന യേശു വീടിൻ്റെ മൂലയിലെ ബെഞ്ചിൽ പാവത്താനെപ്പോലെ പിന്നാക്കം ചാരിയിരിക്കുകയാണ്.ഇത് കണ്ടിട്ട് "ഞങ്ങടെ ദൈവങ്ങൾക്കെല്ലാം നല്ല കാലമായിട്ടും ഈ പാവത്തിൻ്റെ കഷ്ടകാലം നീങ്ങുന്നില്ലല്ലോ"യെന്ന സങ്കടമാണ് ഉമയെ നീറ്റുന്നത്.ഇവിടെ ഞങ്ങടെ ദൈവം/ നിങ്ങടെ ദൈവം, നല്ല കാലം/ കഷ്ടകാലം എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളിലൂടെ കേരളീയ ജീവിത സ്വത്വത്തിൽ അന്തർ നിഹിതമായിരിക്കുന്ന ജാതി ബോധവും മതബോധവും പുറത്തു കൊണ്ടുവന്ന് അതിനെ പ്രശ്നവത്കരിക്കുകയാണ് കഥാകൃത്ത്. മാത്രമല്ല ലോകത്തിൻ്റെ വ്യാകുലതകളിൽ ആണ്ടു പോകുന്ന യേശുവിൻ്റെ സങ്കടങ്ങളെ ഏക സ്വത്വത്തിലേയ്ക്ക് ലളിതവത്കരിച്ച് കീഴ്മേൽ മറിക്കുകയുമാണ്.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തപ്പെട്ട ദിവാകരൻ കാപ്പി ഊതിക്കുടിച്ചിരിക്കുന്ന യേശുവിനെ കാണുമ്പോഴുള്ള അന്ധാളിച്ച പ്രതികരണം നോക്കുക: "എൻ്റെ കണിച്ചുകുളങ്ങര ഭഗവതിയേ, ഞാനെന്താടീ ഈ കാണുന്നത്! പൗലോസച്ചായൻ്റേം മറ്റും യേശു ക്രിസ്തുവല്ലേടീ ഈ ഇരിക്കുന്നത്?" ഇവിടെയും അപ്പൊസ്തലനായ പൗലോസിൽ നിന്ന് നാട്ടിൻ പുറത്തുകാരനായ പൗലോച്ചായനിലേയ്ക്കുള്ള അപനിർമ്മാണം തന്നെയാണ്. നർമ്മവും സറ്റയറും ഇടകലർന്ന ആഖ്യാനരീതിയാണ് ഈ കഥകൾക്കുള്ളത്. ദൈവിക പരിവേഷത്തോടെ യേശു ചെയ്തതായി വിശ്വസിക്കപ്പെടുന്ന പല അദ്ഭുത പ്രവൃത്തികളും ഈ കഥയിൽ സറ്റയറിക്കലായി കടന്നു വരുന്നുണ്ട്.കല്യാണ വീട്ടിൽ വച്ച് പച്ചവെള്ളം വീഞ്ഞാക്കി മാറ്റിയ അദ്ഭുത പ്രവൃത്തി ഓർമ്മപ്പെടുത്തിക്കൊണ്ട് കഥയിൽ, ദിവാകരന് മൂഡ് വരാനായി പച്ച വെള്ളത്തെ തെങ്ങിൻ കളളാക്കി മാറ്റി നൽകുന്നു. കണ്ണടച്ച് കള്ളു മോന്തിയ ദിവാകരൻ യേശുവിനോട് പറയുന്നത് നോക്കുക: " പണ്ടൊരു കല്യാണ വീട്ടില് വെള്ളം വീഞ്ഞാക്കിയ കഥയൊക്കെ ഞാനും വായിച്ചിട്ടുണ്ട് ". എന്നിട്ട് തൻ്റെ ഭാര്യയായ ഉമയോട് അയാൾ പറയുകയാണ്: "ദൈവം സാക്ഷി, ഇത്രേം നല്ല കള്ള് ഞാൻ ഈ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല". ഇവിടെ ദൈവപക്ഷത്തുനിന്നും യേശുവിനെ മനുഷ്യ പക്ഷത്തേയ്ക്ക് ഡീകൺസ്ട്രക്റ്റ് ചെയ്യുകയാണ് കഥാകൃത്ത്. മധ്യ പൂർവേഷ്യയിലൂടെയുള്ള യേശുവിൻ്റെ അലച്ചിലുകളും യാത്രകളും യഹൂദന്മാരുടെ പലായനവുമെല്ലാം കഥയിൽ ചരിത്ര പാഠങ്ങളായി കടന്നു വരുന്നുണ്ട്. എന്തിനാ ഇങ്ങനെ അലയുന്നതെന്ന് യേശുവിനോട് ഉമ ചോദിക്കുമ്പോൾ യേശു പറയുന്നത്, ജനിക്കും മുൻപേ തുടങ്ങിയതാണ് തൻ്റെ അലച്ചിലെന്നും നിറവയറുമായി പ്രസവിക്കാൻ ഇത്തിരി ഇടം തേടി അമ്മയും അച്ഛനും ഒരു പാട് അലഞ്ഞിട്ടുണ്ടെന്നും ജനിച്ചു കഴിഞ്ഞപ്പോൾ അത് തൻ്റെ ഊഴമായി എന്നുമാണ്. എല്ലാദേശവും മെല്ലെ പരദേശമായി മാറുന്നതാണ് തൻ്റെ അനുഭവമെന്നും അതുകൊണ്ടാണ് അലച്ചിൽ ഒടുങ്ങാത്തതെന്നുമാണ്.പെട്ടെന്ന് അതിൻ്റെ മറുപടിയെന്നോണം ഉമ പറയുന്നത് "ഞങ്ങളുടെ ഗുരുവും ഇങ്ങനാരുന്നു. ജീവിതകാലം മുഴുവൻ അലഞ്ഞു.എന്നും സങ്കടമാരുന്നു " എന്നാണ്. ബൈബിളിൽ യേശുവിൻ്റെ അലച്ചിലിനേയും യാത്രകളേയും ഒരു ബൃഹദ് പരിവേഷത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽ ഉമയുടെ മറുപടിയിലൂടെ അതിനൊക്കെ അപ്പുറം സ്വന്തം സമുദായത്തിൻ്റെയും വിശ്വാസങ്ങളുടേയും തനതിടങ്ങളിൽ അഭിരമിക്കുന്ന കേരളീയ ജീവിതത്തിൻ്റെ സ്വത്വാ വിഷ്കാരത്തെയാണ് കഥാകൃത്ത് പ്രശ്നവത്കരിച്ചിരിക്കുന്നത്‌. കഥയിലൊരിടത്ത് "ഞങ്ങടെ അയൽക്കാരെല്ലാം നിങ്ങടെ ജാതിക്കാരായിരുന്നു ". എന്ന് ദിവാകരൻ യേശുവിനോട് പറയുന്നു മുണ്ട്. യേശുവിൻ്റെ ദൈവ പരിവേഷമെല്ലാം ചോർത്തിക്കളഞ്ഞ്, ദൈവപുത്രനിൽ നിന്ന് മനുഷ്യപുത്രനിലേയ്ക്ക് യേശുവിനെ അപനിർമ്മിക്കുകയാണ് ഈ കഥയിൽ. സങ്കടങ്ങളെല്ലാം ഏറ്റുവാങ്ങുന്ന അപാരമായ മനുഷ്യസ്നേഹത്തിൻ്റെ മാതൃക.കഥയിൽ ഉമയുടേയും ദിവാകരൻ്റെയും മകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ സങ്കടം യേശു ഏറ്റുവാങ്ങുന്നുണ്ട്. മതം, ജാതി, റെയ്സിസം, യുദ്ധം, വംശഹത്യ, പലായനം എന്നിവയാൽ ലോകം ഇന്ന് കലുഷിതമാണ്. കേരളത്തിൻ്റെ സാമൂഹികക്രമത്തിലും മതബോധവും ജാതി ബോധവും അധികാര ചിഹ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അത് കഥാകൃത്തിനെ ഖിന്നനാക്കുന്നു. ശരിയേത് തെറ്റേത് ? പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ. എല്ലാം മാറിമറിയുന്നു എന്ന തോന്നൽ. അതായത് ബോദ്രിയാദ് സൂചിപ്പിച്ച സമകാല ലോകക്രമം.ഇത്തരമൊരു അവസ്ഥയുടെ അപരത്വത്തെ ആവിഷ്കരിക്കാനുള്ള ശ്രമം. ഇങ്ങനെയൊരു രാഷ്ട്രീയ വായന കൂടി ഈ കഥയിൽ സാധ്യമാണെന്നു തോന്നുന്നു. തോന്നൽ മാത്രം !

ബൈബിളിന്‍റെ സാംസ്ക്കാരികമായ സംവാദാത്മകത നിലനിർത്തുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്."ഹാ! വിജിഗീഷു, മ്യുത്യുവിന്നാമോജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" എന്ന വൈലോപ്പിള്ളിയുടെ "കന്നിക്കൊയ്ത്ത്" എന്ന കവിതയിലെ വരികളാണ് രണ്ടാമത്തെ കഥയുടെ title. ഈ കഥയിൽ വളരെനാടകീയമായി ദൈവം കടവന്ത്രയിൽ താമസിക്കുന്നഎഴുത്തുകാരന്‍റെ വീട്ടിൽ പ്രത്യക്ഷപ്പെടുകയാണ്.ആ ദൈവത്തെഎഴുത്തുകാരൻ ചോദ്യം ചെയ്യുകയാണ്.മുച്ചൂടും മുടിഞ്ഞുപോകട്ടെയെന്ന് ശപിക്കുന്നുമുണ്ട് . ദൈവവുമായി നടക്കുന്ന ആ നേർക്കുനേർ ഭാഷണം ഒരു ചിരിയോടെയല്ലാതെ നമുക്ക് വായിക്കാനാവില്ല. പാപ പുണ്യങ്ങളുടെ വിചാരിപ്പുകാരനാകാൻ നീ ആര്? എന്ന കഥയിൽ പാപവും പുണ്യവും തുലനം ചെയ്യുന്ന വിചാരിപ്പുകാരനല്ല ദൈവമെന്ന് ഇനി എപ്പോഴാണ് നാം മനസിലാക്കുക എന്ന ചോദ്യം ഉയർത്തുന്നുണ്ട്. "വരുവിൻ നമുക്ക് പാപം ചെയ്യാം " എന്ന കഥയിൽ സെക്സ് പാപമാണെന്ന സങ്കല്പത്തെ, അല്ലെങ്കിൽ പാപ പുണ്യങ്ങളുടെ സങ്കീർണ്ണതകളിൽ പിടയുന്ന മനുഷ്യന്‍റെ നിസ്സഹായതയെ ആണ് കഥയാക്കപ്പെട്ടിരിക്കുന്നത്. അലീന ഇസിദോർ വന്യമ്പറമ്പിലിന്‍റെ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത എസ്തപ്പാനോസച്ചന് ഈ കഥയിൽ കുരിശു മരണമാണ് വിധിച്ചിരിക്കുന്നത്.

ബൈബിളിന്‍റെ പശിമയിൽ നിന്നുകൊണ്ടുള്ള തികച്ചും ആശയ സംമ്പുഷ്ടവും സംവാദാത്മകവുമായ കഥകളാണ് 'ദൈവമേ,ദൈവമേ, നീ എന്നെ കൈവിടാത്തത് എന്തുകൊണ്ട്?',''മേരിയുടെ മകൻ ഇമ്മാനുവേൽ','ഫ്രാൻസിസ് പാപ്പ വധിക്കപ്പെടുമോ' എന്നീ കഥകൾ. കഥാകൃത്തിന്‍റെ സർഗാത്മകതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് ഈ കഥകൾ. ഒരു തികഞ്ഞ കലാകാരൻ ഭാഷയിലും സാഹിത്യത്തിലും നടത്തുന്ന അനിഷേധ്യവും സത്യസന്ധവുമായ അന്വേഷണങ്ങളുടെയും ഇടപെടലുകളുടെയും സാകല്യമാണ്. അഖ്യാനത്തിന്‍റെ അനായാസതയും രൂക്ഷമായ സറ്റയറും ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷതയാണ്.


Comments
* The email will not be published on the website.