
പുസ്തകവായന
ടിനോ ഗ്രേസ് തോമസ്
മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണ്ണസഞ്ചാരപഥങ്ങളുടെ ഭൂപടനിര്‍മ്മിതിയാണ് അജിജേഷ് പച്ചാട്ടിന്‍റെ കഥകള്‍. തന്‍റെ പ്രഥമസമാഹാരമായ “കിസേബി” മുതല്‍ ഇത്തരമൊരു ഗൂഢസഞ്ചാരത്തിന്‍റെ പ്രത്യക്ഷപ്പെടല്‍ സാധ്യമാക്കുവാന്‍ എഴുത്തുകാരന് ശ്രദ്ധിച്ചിട്ടുണ്ട്.മനുഷ്യനെന്ന സങ്കീര്‍ണ്ണ യാഥാ യാഥാ്ത്ഥ്യത്തിന്‍റെ ദാര്‍ശനികമായ പിരിച്ചെഴുത്താണ് അജിജേഷിന്‍റെ കഥകള്‍. ദുര്‍ബ്ബലവും നിസ്സഹായവുമായ ജീവപ്രകൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ഏതുനിമിഷവും ശാക്തീകരിക്കപ്പെടാവുന്ന അനുഭവപരിസരങ്ങളെയും അനാവരണം ചെയ്യുന്നു.”കോഹിനൂര്‍ മാലപൊട്ടിക്കല്‍” എന്ന രചന മുതല്‍ സമാഹാരത്തിലെ മിക്കരചനകളിലും ഈ ആവിഷ്കാരശൈലി ദര്‍ശിക്കാം. തന്‍റെ മുന്നില്‍ നടന്ന കുറ്റകൃത്യത്തെ സധൈര്യം തുറന്നുപറയുവാന്‍ ആര്‍ജ്ജവമുള്ള വ്യക്തിയാണ് സനല്‍. റിഹാന എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മാല കവരുവാനുള്ള അക്രമിയുടെ ശ്രമത്തില്‍ പെണ്‍കുട്ടി മരണപ്പെടുന്നു. പകല്‍ സമയത്ത് കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതയിലെ കോഹിനൂര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നില് നടന്ന സംഭവം മറ്റൊരു യാത്രികനായ സനല് കാണുന്നു. കവിത്വം സിദ്ധിച്ച വ്യക്തിയാണ് കഥാനായകനായ സനല്‍. അയാള് അക്രമിയായ അഷ്റഫിനെ കാണുന്നു. അഭിശപ്ത മുഹൂര്‍ത്തത്തെ അതിന്‍റെ ക്രൗര്യപൂ ര്‍ത്തിയില്‍ സനല്‍ അനുഭവിക്കുന്നു. അത്തരമൊരു അനുഭവം സനല്‍ എന്ന യാത്രികനിലേയ്ക്ക് വന്നുചേരുന്നതാണ്. വിധിയുടെ അദൃശ്യമായ പിരിയ ന്‍ഗോവണിയില്‍ മനുഷ്യന് കുരുങ്ങിപ്പോകുന്നതിന്‍റെ ഉദാഹരണം. കണ്മുന്നില്‍ തെളിഞ്ഞ വന്യതയെ, പാപനിമിഷത്തിന്‍റെ കൂര്‍മ്പന്‍ അരമുള്ള അനുഭവത്തെ, അത് തന്നില്തീര്‍ത്ത ശിലാഹൃദയവേട്ടയെ നീതിപീഠത്തിനും നിയമപാലകര്ക്കും മുന്നില്‍ തുറന്നുപറയുവാന്‍ സനല്‍ ഒരുക്കമാണ്. അതിലൂടെ ഇരയായ ബാലികയ്ക്ക്, അപരന് ലഭിക്കേണ്ട നീതിയെക്കുറിച്ച് ബോധവാനാണ്. മാനുഷിക ജൈവബോധ്യത്തിന്‍റെ ഭാഗമാണത്. എന്നാല്‍ മറ്റൊരു കൂടിക്കാഴ്ചയില്‍ സനലെന്ന വ്യക്തി നന്മ-തിന്മകളുടെ അക്ഷരത്തെറ്റുകളില്, അവസാനവരികള്‍ നഷ്ടമായ കവിതപോലെ വലയുന്നു.
ഈ വിധം നന്മ-തിന്മകളുടെ ഘടനാവൈചിത്ര്യത്തെ അനന്യമായ മാനസ്സിക സഞ്ചാരത്തിലൂടെ അനുഭവവേദ്യമാക്കിത്തീര്‍ക്കുന്ന രചനയാണ് കോഹിനൂര്‍ മാലപൊട്ടിക്കല്‍. 
അഷ്‌റഫിന്‍റെ ഭാര്യയെന്ന ശോഷിത രൂപത്തിനുമുന്നില്‍, അവരുടെ നിരാലംബമായ വാക്കുകളുടെ അലയിടലില്‍ സനല്‍ സംശയാലുവാകുന്നു. അഷ്‌റഫ് കുറ്റം ചെയ്തിട്ടില്ല എന്നാണ് സ്ത്രീയുടെ പക്ഷം. അഷ്‌റഫിനോട് രൂപസാദൃശ്യമുള്ള മറ്റാരോ ആണ് കുറ്റകൃത്യത്തിന് ഉടമ. സനലിന്‍റെ ഭാര്യ പ്രമീള കാലത്തിന്‍റെ ഈ സമയനാടകത്തിന് സാക്ഷിയാവുന്നു. വിദ്യാസമ്പന്നയായിരിക്കുമ്പോഴും അപരവ്യക്തിത്വത്തെ കേള്‍ക്കാനോ, ഉള്‍ക്കൊള്ളാനോ പര്യാപ്തമായ മാനസ്സികനില അവര്‍ക്കില്ല. ഏകപക്ഷീയമായ കാഴ്ചാപാടിന് ഉടമയാണവര്‍. ശരിതെറ്റുകള്‍ക്ക് രേഖീയമായ ചലനതലങ്ങള്‍ മാത്രമേ അവര്‍ക്ക് കണ്ടെത്തുവാന്‍ സാധിക്കൂ. അഷ്റഫിന്‍റെ ഭാര്യയുമായുള്ള കൂടിക്കാഴ്ചയിലൂടെ, തന്നില്‍ ചേര്‍ക്കപ്പെട്ട വിധിയുടെ ചതുരംഗപ്പലകയിലേയ്ക്ക് അപസര്‍പ്പകനായി വേഷമിടുന്ന സനലിനെയാണ് കഥയുടെ കഥയുടെ തുടര്‍ന്നുള്ള ഭാഗത്ത് ദര്‍ശിക്കുക. തന്നിലെ കാഴ്ചയെ അയാള്‍ രണ്ടായി ഭാഗിക്കുന്നു. നിരത്തിലും വാഹനത്തിലുമുണ്ടായിരുന്ന മനുഷ്യര്‍ തങ്ങളുടെ സുരക്ഷിതവലയത്തിനുള്ളില്‍ ആമയെപ്പോലെ ഒളിച്ചപ്പോള്‍ ദൃസാക്ഷിത്വത്തിന്‍റെ ഒരേയൊരു പേര് സനല്‍ മാത്രമാകുന്നു. അയാള്‍ സമൂഹത്തിനൊപ്പമല്ല. സാമൂഹികനീതിയ്ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. അഷ്‌റഫിനെയാണ് താന്‍ കണ്ടതെങ്കില്‍ നിസ്സഹായതയുടെ പരിവേഷമുള്ള അയാളുടെ ഭാര്യയുടെ പ്രതീക്ഷകളെ തള്ളിക്കളയണം. കാരണം നീതിലഭിക്കേണ്ടത് റിഹാനയെന്ന പെണ്‍കുട്ടിക്കാണ്. ജീവിതത്തിന്‍റെ അവസാനനിമിഷങ്ങളില്‍ തീര്‍ക്കപ്പെട്ട കാരുണ്യരഹിതമായ ആകസ്മികതയിലൂടെ മരണത്തിന്‍റെ വര്‍ത്തുള രൂപം കവര്‍ന്നെടുത്ത നിസ്സഹായതയുടെ പേരാണ് റിഹാന. അങ്ങനെയെങ്കില്‍ അഷ്‌റഫ് തന്‍റെ കര്‍മ്മഫലം സ്വീകരിക്കുവാന്‍ സര്‍വ്വവിധയോഗ്യനാണ്. മറിച്ചാണെങ്കില്‍ അഷ്‌റഫും റിഹാനയും അഷ്‌റഫിന്‍റെ ഭാര്യയും മക്കളും നീതിയില്‍നിന്നും നിഷ്കരുണം തള്ളിമാറ്റപ്പെടുന്ന പൗരത്വരഹിതരാകും. അതാകട്ടെ തങ്ങള്‍ക്ക് ഇപ്പോഴും പിടിതരാത്ത കുറ്റവാളിയുടെ അംഗീകാരയോഗ്യമല്ലാത്ത സ്വാതന്ത്രലബ്ധിക്ക് കാരണഭൂതമാകും. കിരാതത്വത്തിന്‍റെ സാഗരം പേര്‍ത്തും പേര്‍ത്തും ഗര്‍ജ്ജിച്ചുകൊണ്ടിരിക്കും. ഈ വിധം നന്മ-തിന്മകളുടെ ഘടനാവൈചിത്ര്യത്തെ അനന്യമായ മാനസ്സിക സഞ്ചാരത്തിലൂടെ അനുഭവവേദ്യമാക്കിത്തീര്‍ക്കുന്ന രചനയാണ് കോഹിനൂര്‍ മാലപൊട്ടിക്കല്‍.
അജിജേഷ് പച്ചാട്ടിന്‍റെ കഥകള്‍ മനുഷ്യമനസ്സുകളുടെ ഗൂഡസഞ്ചാരത്തിന്‍റെ യും വന്യപ്രകൃതിയുടെയും തെളിമയാര്ന്ന ആവിഷ്കാരങ്ങളാണ്.
ഇതേ മാനസിക വ്യവഹാരം “മുള്ളന്‍ചുഴി”എന്ന കഥയിലും നിദര്‍ശിക്കാം. കിണറ്റില്‍ വീണ മുള്ളന്‍ പന്നിയെ രക്ഷിക്കുകായെന്നതാണ് ദൗത്യം. വിഷലിപ്തപ്രണയത്തിന് ഇരയായ നായകന്‍ തന്‍റെ കാമുകിക്കൊപ്പം നടത്താനിരുന്ന യാത്ര നീട്ടിവെച്ചുകൊണ്ടാണ് അതിനായി പരിശ്രമിക്കുന്നത്. അതാകട്ടെ അയാളില്‍ സ്വയമേവ രൂപംകൊള്ളുന്നതല്ല. നിയമത്തിന്‍റെ കാര്‍ക്കശ്യസ്വഭാവവും പ്രത്യാഘാതങ്ങളും സഹോദരന്‍റെ ഭയപ്പെടുത്തുന്ന വാക്കുകളും ഉള്‍ക്കൊണ്ടുള്ള നിര്‍ബന്ധിത പ്രവൃത്തിയാണത്.മൃഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിലൂടെ പ്രകൃതിയോട് നീതിപുലര്‍ത്തുകയാണ് കേന്ദ്രകഥാപാത്രം. എന്നാല്‍ കൂട്ടില്‍നിന്നും തുറിച്ചു നോക്കുന്ന ജീവിയുടെ കണ്ണുകളിലെ തീക്ഷ്ണത അയാളെ തളര്‍ത്തുന്നു. ”നീയവനെ കയറ്റിയയച്ചല്ലേ...ആ കുടുംബം നീ കുളം തോണ്ടിയല്ലേ...ഇണയില്ലാതെ നീ ഉഴലും..നോക്കിക്കോ..” എന്ന അപരന്‍റെ വാക്കുകളില്‍ അയാള്‍ നന്മ-തിന്മകളുടെ അളവുനാടയില്‍ കുടുങ്ങിപ്പോകുന്നു. ”ആരാണ് ശരി? അയാളോ? ഞാനോ? അതോ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റാണോ? അതല്ലെങ്കില്‍ എന്‍റെ കാമുകിയാണോ? സമസ്യാപൂരിതമായ സ്ഥിതിവിശേഷത്തിലേക്കാണ് അയാളുടെ യാനം. ഉത്തരങ്ങള്‍ സാധ്യമായിരിക്കുമ്പോഴും ഒന്നിനോടൊന്ന് തികയാത്തതുപോലെ മനുഷ്യന്‍ വിഷാദമുഖരിതമായ വിപിനകാഠിന്യത്തില്‍ അകപ്പെടുന്നതിനെയാണ് കഥാകൃത്ത് ആഖ്യാനം ചെയ്യുന്നത്.
വാതില്‍ എന്ന കഥയിലും മനുഷ്യമനസ്സുകളുടെ ഡിഎന്‍എ പരീക്ഷണം കാണാം. ഭൂതകാലത്തില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ സ്ത്രീയാണ് ആച്ചല്‍. ഗര്‍ഭപാത്രത്തില്‍ നാമ്പിട്ട കിരാതമനുഷ്യരിലൊന്നിന്‍റെ ബീജചലനത്തെ ചുറ്റിലുമുള്ള മനുഷ്യര്‍ എതിര്‍ത്തിട്ടും ഉദരത്തില്‍ പേറിയ പോര്‍മുഖം. ബീജത്തിന്‍റെ ഇരുകാല്‍ രൂപമാണ് വര്‍ത്തമാനത്തിലെ ഇവാന്‍. തന്‍റെ പിതാവ് മരിച്ചിട്ടില്ല, പകരം സ്വന്തം അമ്മയെ പീഡിപ്പിച്ച കുറ്റത്തിന് ജയില്‍വാസം അനുഭവിക്കുകയാണെന്ന് ഇവാന്‍ തിരിച്ചറിയുന്നു. ആ നിമിഷമാണ് ഇവാന്‍ അദ്യമായി ലഹരിയുടെ കയത്തിലേക്ക് കാല്‍ നനയ്ക്കുന്നത്. ലഹരിയുടെ മറവിയിലേക്കോ, ആശ്വാസത്തിലേക്കോ ഉള്ള അപകടകരമായ വാതായനങ്ങളെ സ്പര്‍ശിക്കുന്നത്. എഴുപത്തിയെട്ട് വയസ്സുള്ള, വാര്‍ദ്ധക്യത്തിന്‍റെയും വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെയും ആനൂകൂല്യത്തില്‍ പരോള്‍ കിട്ടാന്‍ സാധ്യതയുള്ള, സമൂഹം വെറുക്കുകയും മറക്കുകയും ചെയ്ത പൈശാചിക ജന്മമാണ് ഗോപാലകൃഷ്ണന്‍. ഇവാനെ സംബന്ധിച്ചിടത്തോളം സ്മൃതിയുടെയോ വിസ്മൃതിയുടെയോ തപ്തഗുണിതങ്ങളില്‍ അയാളുണ്ടയിരുന്നില്ല. വിധിയുടെ ഗൂഢവന്യസ്മിതംകൊണ്ട് ജീവിതത്തിന്‍റെ താല്ക്കാലിക ധവളിമയിലേക്ക് അനിശ്ചിതത്വത്തിന്‍റെ ഇരുണ്ടകരുക്കളെ ചലിപ്പിക്കുംവരെമാത്രമേ ഇവാനില്‍ ഗോപാലകൃഷ്ണന്‍റെ അസാന്നിധ്യമുണ്ടായിരുന്നുള്ളു. ഗോപാലകൃഷ്ണനെ ജയിലില്‍നിന്നും സ്വന്തം വീട്ടിലേക്കുകൊണ്ടുവരാനുള്ള ഇവാന്‍റെ തീരുമാനം ആച്ചല്‍ എന്ന സ്ത്രീയുടെ പതിറ്റാണ്ടുകള്‍ നീണ്ട ജീവിതപ്പോരാട്ടത്തെ പ്രാപഞ്ചികവിസ്ഫോടനത്തിലെന്ന വിധം തകര്‍ത്തെറിയുന്നു. ഒരു സ്ത്രീയിലും അംഗീകാരയോഗ്യമല്ലാത്ത തീരുമാനത്തെ തന്‍റെ തിരോധാനത്തിലൂടെ ആച്ചല്‍ മറികടക്കുന്നു. പരാജയപ്പെടാന്‍ തയ്യാറല്ലാത്ത,സ്നേഹത്തിന്‍റെ ഭാഷ മനോഹരമായി ഉപയോഗപ്പെടുത്തിയ സ്ത്രീയുടെ ആത്മപ്രതിരോധത്തിന്‍റെ തുടര്‍പ്രയാണം സാധ്യമാകുന്നു. ശയ്യാവലംബിയായി പരാവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഗോപാലകൃഷ്ണന്‍ വടക്കേപ്പുരയെന്ന പീഡകന്‍ ഇവാനോട് ചോദിക്കുന്നത് എന്നെ വധിക്കാന്‍ കൊണ്ടുവന്നതാണോ എന്നാണ്. ഭൂതകാലത്തിലെ പ്രവൃത്തിയുടെ ഫലം തന്‍റെ ജീവഹത്യയാണ് എന്ന അതിസാധാരണ ചിന്ത ഗോപാലകൃഷ്ണനെ ജീവവംശത്തില്‍ തീരെ ചെറുതാക്കുന്നു. സ്ത്രീപുരുഷമനസ്സുകളുടെ അനിര്‍വചനീയമായ മാനസ്സികവ്യവഹാരങ്ങളുടെ രേഖപ്പെടുത്തലാണ് വാതില്‍ എന്ന ചെറുകഥ. ബോധപൂര്‍വ്വം തുറക്കാതിരിക്കേണ്ടതും തുറന്നാല്‍ അടയ്ക്കാന്‍ പ്രയാസമേറിയാതുമായ ഓര്‍മ്മകളുടെ വാതില്‍.
മനുഷ്യവന്യതയുടെ ആവിഷ്കാരമാണ് ഈരോത്തുമല വന്യജീവിസങ്കേതം. കുടുംബം അധികാരത്തിന്‍റെ ആദ്യപടിയായി തീരുന്നത് കഥ പ്രതിഫലിപ്പിക്കുന്നു. അതേസമയം, മനുഷ്യര് മനുഷ്യര്‍ക്ക് മേല്‍ നടത്തുന്ന വേട്ടയെ അനാവരണം ചെയ്യുന്നുമുണ്ട്. ആഹാരം ജീവവംശത്തിന്‍റെ അടിസ്ഥാനമാണ്. വിശപ്പ് എക്കാലത്തെയും വലിയ സത്യവും. വിശപ്പ് സ്വന്തം രുചികളുടെ മാത്രം ആവശ്യകതയായി മാറുകയും സ്നേഹം വേരറുത്ത് മാറ്റപ്പെടുകയും ചെയ്യുന്ന വര്ത്തമാനകാല സാമൂഹിക-കുടുംബജീവിതാവസ്ഥകളുടെ ആവിഷ്കാരമാകുന്നു ഈരോത്തുമല വന്യജീവിസങ്കേതം. ആര്ത്തിയും അത്യാര്ത്തിയും പിടിവാശികളും മനുഷ്യബന്ധങ്ങളില്‍ തീര്‍ത്ത വന്യതയെ കഥ വ്യാഖ്യാനിക്കുന്നു. കുടുംബം കൊടുംവനമാകുകയും മനുഷ്യര്‍ ജൈവമൂല്യങ്ങള് ഹനിക്കപ്പെട്ടവരായി പരിണമിക്കുകയും ചെയ്യുന്ന വിനാശകരമായ സ്ഥിതിവിശേഷത്തെയാണ് അജിജേഷ് പച്ചാട്ട് രേഖപ്പെടുത്തുന്നത്. ആശയം ശക്തമാകുമ്പോഴും കഥയുടെ മുറുക്കം നഷ്ടപ്പെടുന്നതായും നാടകീയത മുഴച്ചുനില്ക്കുന്നതായും മനസ്സിലാക്കാം.
വിനോദിനിയുടെയും സുഹൈലിന്‍റെയും സ്വകാര്യജീവിതത്തെ ശാരീരികാവയവംപോലെ പറ്റിച്ചേര്‍ന്ന് നിരീക്ഷിക്കുന്ന റഷീദിനെ അങ്കവാല്‍ എന്ന കഥയിലും സുരക്ഷിതമായ ഇടങ്ങളെല്ലാം പീഡനത്തിന്‍റെ മുഖങ്ങളാകുന്ന അവസ്ഥ കങ്കെട്ടുകള്‍ക്കിടയില്‍ കുഞ്ഞാമിന എന്ന കഥയിലും മനസ്സിന്‍റെ ഫാന്‍റസിയെ പ്രതിനിധീകരിക്കുന്ന ജീവിതത്തെ ആനന്ദ വാള്‍ ചാട്ടം എന്ന കഥയിലും നഷ്ടപ്രണയം പ്രേതപരിശോധനയ്ക്കായി കണ്മുന്നിലെത്തുന്ന വൈകാരികലോകത്തെ തുന്നല് എന്ന കഥയിലും കാണാം. അജിജേഷ് പച്ചാട്ടിന്‍റെ കഥകള്‍ മനുഷ്യമനസ്സുകളുടെ ഗൂഡസഞ്ചാരത്തിന്‍റെയും വന്യപ്രകൃതിയുടെയും തെളിമയാര്ന്ന ആവിഷ്കാരങ്ങളാണ്. വന്യസംലയനകാന്തി എന്ന് രേഖപെടുത്താം.