
കവിത
ഷീല വിജയ്
ഇടവേളകളില്ലാതെ മനസ്സിൽ
വിഷാദം കൂടുകൂട്ടുമ്പോൾ
ഞാനെന്നെ വീടിൻ്റെ
ഇരുണ്ടമൂലകളിലേക്കു
പറിച്ചുനടാറുണ്ട്..
കടന്നു പോകുന്ന ഓരോ നിമിഷവും
നോവിൻ്റെ സീൽക്കാരങ്ങളാൽ
കാതുകൾ കൊട്ടിയടയ്ക്കപ്പെടാറുണ്ട്.
ഉള്ളിലെവിടെയോനിന്നുറവ
പൊട്ടുന്ന ഹ്യദയരക്തം
ഞാനാവോളം പാനം ചെയ്യാറുണ്ട്.
വിഷാദം ഒരു രോഗാവസ്ഥയല്ല
ചിലപ്പോഴതെന്നിൽ
ആത്മസംതൃപ്തിയുടെ
തീക്ഷ്ണഭാവമായി മാറുന്നു.
സ്വയംമുറിവേൽപ്പിച്ച് വന്യമായ
ആനന്ദത്തിലേക്കൊരു
കൂപ്പുകുത്തൽ.
മനസ്സിലെ മങ്ങിയകലുന്ന
വർണങ്ങൾക്കു മീതെ കറുത്ത
കരിമ്പടം വിരിച്ചിടുന്നൊരുന്മാദം,
ഏറ്റവും പ്രിയമേറിയതായൊളിച്ചു വച്ചതൊക്കെ
ദൂരേക്കെറിഞ്ഞുകളയാൻ
തോന്നുന്നൊരാസക്തി,
പൊട്ടിച്ചിതറിയ ചില്ലുപാത്രം
പോലെസ്വയം തകർന്നു പലയിടങ്ങളിലേക്കു
തെറിച്ചു പോകുന്നയെന്നെ നോക്കി
പൊട്ടിച്ചിരിക്കണം.
എത്ര കൂട്ടിവച്ചാലും
പഴയതുപോലെയാകാതെ
വികൃതമായ മുഖത്തോടെ
വീണ്ടുംവീണ്ടുമാർത്തു ചിരിക്കണം,
കാലം തെറ്റിപ്പെയ്ത മഴയിൽ
കനവൊഴിഞ്ഞ മനസ്സുമായി
ഇരുളിൻ്റെ മറവിൽ മതിയാവോളം
നനയണം.
വിഷാദമുന്മാദമായ് മാറണം....