മണ്ണിനും മഞ്ഞിനുമിടയിൽ

കഥ

ജോബി റെയ്ച്ചൽ ഏബ്രഹാം

 'എന്‍റെ അമ്മച്ചി '
എന്നാടി കാറിക്കൂവുന്നത്?
പൊടിയുടെ കാറിക്കൂവൽ കേട്ട് കെട്ടിയോൻ 'സുര' ഒച്ചയെടുത്തു.
കരിയിലക്കൂട്ടത്തിൽ ഉണ്ടൊരെണ്ണം, പത്തി വിടർത്തി നിപ്പുണ്ട്, ഞാൻ കണ്ടു പൊടി ശ്വാസം വിടാതെ തിക്കി മുക്കി പറഞ്ഞു.
കുട നിവർത്തി നിന്ന ചേനത്തണ്ടുകൾക്കിടയിലൂടെ പല നിറങ്ങളിലെ തോർത്തു മുണ്ടുകൾ പൊതിഞ്ഞ തലകൾ പൊന്തി വരുന്നു.
കെട്ടിയോന്‍റെയും, കെട്ടിയോളുടെയും ഒച്ചയും നിലവിളിയും കേട്ട് നാഗത്താൻ പൊത്തിനുള്ളിലേക്ക് ഊർന്നിറങ്ങി.
അടുക്കളയോട് ചേർന്ന വരാന്തയിൽ പച്ചമാങ്ങ കുഞ്ഞുള്ളിയും, ഉപ്പും ചേർത്ത് പൊട്ടിക്കുമ്പോളാണ് ത്രേസ്യ ചേട്ടത്തി പറമ്പിലെ പൂരം കേട്ടത്. കൈ നെറ്റിയോട്‌ ചേർത്ത്  തോട്ടത്തിലേക്ക് നോക്കി അവർ വിളിച്ചു.
എടീ സിമിയെ....
 പെണ്ണുങ്ങൾ വീണ്ടും തല്ല് തുടങ്ങി, നീ അപ്പനെ വിളിച്ചേ!
അതും പറഞ്ഞവർ കാന്താരിയും തേങ്ങയും കൂടി ചേർത്തരച്ച് ഉരുട്ടി  പിഞ്ഞാണത്തിലേക്ക് വടിച്ചെടുത്ത് ഉരുളയാക്കി.
അമ്മച്ചിക്കെന്നാ ഇത് പുതിയ കാര്യമാണോ?
‘സിമി’ വരാന്തയുടെ വെളിച്ചത്തിലേക്ക് നീങ്ങി നിന്ന്, കണ്ണുകൾ അറബിക്കടല് പോലെ വിശാലമായ പറമ്പിലേക്ക് പരതിയുമാണത് പറഞ്ഞത്.
ന്നാടാ കൂവേ?
ന്നാടാ ഒച്ചയും ബഹളവും.
ഇരുണ്ട് കറുത്ത നെഞ്ചിലെ വെളുത്ത രോമങ്ങൾ ഞെരിടി കൊണ്ട് പറമ്പിലെ തേൻ വരിക്കയെ വെല്ലുന്ന കുട വയറുമായി കറിയാച്ചൻ, കൂയ്....കൂയ് എന്ന് നീട്ടി വിളിച്ചു.

വെളുത്ത പൂടകൾക്കിടയിൽ കറുത്ത ചെള്ളുകൾ പോലെ പാലുണ്ണി നിറഞ്ഞ ദേഹം മറയ്ക്കാതെ പണിക്കാർക്കിടയിലേക്ക് ചെന്ന കറിയാപ്പനെ കണ്ട് പെണ്ണുങ്ങൾ പണി ധൃതിയിലാക്കി.
അല്ലെങ്കിൽ കണ്ണ് പൊട്ടുന്ന തെറി അയാൾക്ക് മുന്നേ വരുമെന്നവർക്കറിയാം.
'മണ്ണും പ്രകൃതിയും ' അപ്പനും അമ്മയുമാണ്.
കറിയാച്ചാന്‍റെ നിയമപെട്ടകത്തിലെ രേഖപ്പെടുത്തിയ ലിഖിതങ്ങളാണ്.
അപ്പനപ്പൂപ്പന്മാരായിട്ട് കൊത്തി കിളച്ചുണ്ടാക്കിയതും കറി യാച്ചൻ കൂട്ടിച്ചേർത്തതും കൂട്ടി പത്ത് തലമുറയ്ക്ക് ഉണ്ണാനുള്ളത് പായിക്കൽ കുടുംബത്തിലുണ്ട്.
രണ്ട് ബിരുദങ്ങൾ 'ജോച്ചൻ ' നേടുമ്പോഴും അപ്പൻ ഓർമിപ്പിച്ചു 'അറിവ് നേടുന്നതിനാണ് വിദ്യാഭ്യാസം '
മണ്ണ് കനിഞ്ഞ് കിട്ടുന്നവൻ വിയർപ്പൊഴുക്കേണ്ടവൻ കൂടിയാണ്.
തനിക്കും ചുറ്റുമുള്ള സകല ജീവജാലങ്ങളുടെയും അന്നദാതാവ് കൂടിയാണവൻ.
അധ്വാനിച്ചും, പ്രതിരോധിച്ചും മുന്നേറുന്നവന്‍റെയാണ് ഈ പ്രപഞ്ചം.ഡാർവിന്‍റെ സിദ്ധാന്തത്തെ കവച്ചു വെയ്ക്കുന്ന 'കറിയാച്ചന്‍റെ പ്രമാണങ്ങൾ'
ജോച്ചാ ഇത് കണ്ടോ!
വെളുത്ത കാറിനുള്ളിലിരുന്ന് പ്രകാശപൂരിതമായ മഹാനഗരത്തിന്‍റെ മായിക കാഴ്ചകളിൽ കണ്ണ് നട്ട് കൊണ്ടാണവൾ പറയുന്നത്.
 വെള്ള മാലാഖയുടെ വസ്ത്രമണിഞ്ഞതേ യൂറോപ്പെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാനാണ്.
‘മാത്തപ്പൻ ‘തന്‍റെ മടിയിൽ ഉറങ്ങുന്നു. 'ജസ്റ്റിൻ ജോ സ്‌കറിയ ' തിരിച്ചറിയൽ പുസ്തകങ്ങളിൽ അവനെ അടയാ ളപ്പെടുത്തിയിരിക്കുന്നതങ്ങനെയാണ്.
അപ്പനാണ് മാത്തപ്പനെന്ന് വിളിച്ചു തുടങ്ങിയത്.
ആദ്യമായി ആശുപത്രി വരാന്തയിൽ,ചുണ്ട് ഇളം ചെവിയിൽ ചേർത്ത് 'നീ ആണെന്‍റെ മണ്ണിന്‍റെ അവകാശിയെന്ന് 'വാർധ്യകം പുലമ്പുമ്പോൾ കണ്ട് നിന്ന ജോച്ചന്‍റെയും കണ്ണ് നനഞ്ഞിരുന്നു.
ട്രോളി ബാഗിലേക്ക് സിമി സാമാനങ്ങൾ പെറുക്കിയിടുന്നു. പറമ്പിൽ കൈ കൊണ്ട് പറിച്ചെടുത്തിരുന്ന 'പച്ചക്കറികൾ' തണുത്ത് മരവിച്ച്, മോർച്ചറിയിൽ നിന്നെടുക്കുന്ന മൃതദേഹം പോലെ.
'ഫ്രോസൺ ' എന്ന ലേബലിൽ അവിയലും, സാമ്പാറും, അടയും.  ഏതോ മണ്ണിലെ കർഷകന്‍റെ വിയർപ്പ്. അപ്പന്‍റെ മുഖം.
 തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ, അതേ വാടക കൂട്ടിലേക്ക് തങ്ങൾ ചേക്കേറിയിരിക്കുന്നു.
വിശാലമായ തന്‍റെ മണ്ണിൽ നിന്നും ഒരു കൊച്ചു കൂട്ടിലേക്ക്.
ചുമ  തടസ്സപ്പെടുത്തിയ ഉറക്കത്തിന്‍റെ ബാക്കി മാത്തപ്പൻ ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ടായിരുന്നു. നാട്ടിലെ പോലെ വേഗം ഡോക്ടറെ കാണാൻ ഇവിടെ സാധിക്കുകയില്ല. ആന്‍റിബയോട്ടിക്‌ ഒന്നും കൊടുക്കാൻ സാധിക്കുകയുമില്ല.
 സിമി, വാങ്ങിയ സാധനങ്ങൾ അലമാരയുടെ നെഞ്ചിനുള്ളിൽ, പിന്നെ ഫ്രീസറിൽ ഒക്കെ അടുക്കി കൂട്ടുകയാണ്.
അവൾ പുതുജീവിതത്തിന്‍റെ ആഘോഷ ലഹരിയിലാണ്.
ഇച്ചായൻ ഇപ്പോഴും കട്ടപ്പനയിൽ തന്നെയാണല്ലോ?
സാൻവിച്ചും കോഫിയുമായി, ഏതോ ഇംഗ്ലീഷ് ഗാനം മൊബൈലിൽ കേട്ടു കൊണ്ടുവന്ന സിമിയുടെ പരിഹാസം കേട്ട് ജോച്ചൻ കണ്ണുകൾ തുടച്ചു.
 ജോച്ചന് പിന്നെ ഇതൊന്നും ഇഷ്ടപ്പെടില്ലല്ലോ?
 കാന്താരി, ചുവന്നുള്ളിയും വെളിച്ചെണ്ണയും കൂടെ ചേർത്ത്, ചുട്ട മീനിന്‍റെ കൂടെ പുഴുക്ക് അതാണല്ലോ ജോച്ചന് പ്രിയം.
ഒരു കുരുക്ഷേത്ര യുദ്ധം തന്നെ വേണ്ടിവന്നു ഈ പറിച്ചുനടീലിന് അപ്പനും അമ്മയും പിന്നെ ഈ നിമിഷം വരെ തന്നോട് നന്നായി മിണ്ടിയിട്ടില്ല.
 സിമിയെ നിനക്ക് രജിസ്ട്രേഡ് ഉണ്ട്.
 കറിയാച്ചന്‍റെയാണ് ശബ്ദം.
സിമി ഓടിച്ചെന്ന് പിടിച്ചു പറിക്കുന്ന പോലെ രജിസ്റ്റേർഡ് വാങ്ങി ഒപ്പിട്ടു കൊടുത്തു.
 എന്താടി കൊച്ചേ അത്?
 ഓ ഒന്നുമില്ല അപ്പാ!
സർട്ടിഫിക്കറ്റ് ആണെന്ന് തോന്നുന്നു. കറിയാച്ചനൊന്ന് അമർത്തി മൂളി.
സിമി ‘OET’ പാസായതും, ഇന്‍റർവ്യൂ കഴിഞ്ഞ് ഉടൻ വിസ വരുമെന്ന്  ജോച്ചന് അറിയാമായിരുന്നു. അവളെ പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചതുമാണ്. പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ,'മാത്തപ്പന്' അപ്പനോ അമ്മയോ ഒരാൾ മാത്രമേ മുന്നോട്ട് ഉണ്ടാവൂ എന്നയാൾ തിരിച്ചറിഞ്ഞു.

അടുക്കളയിൽ പതിവില്ലാതെ പാത്രങ്ങൾ വീഴുന്ന ശബ്ദം. അടുപ്പത്ത് ന്തോ കരിഞ്ഞ് മണക്കുന്നുമുണ്ട്.
 അമ്മ പണിക്കാരോട് ഒച്ച എടുക്കുന്നു.
പൊതുവേ ശാന്തരാണ് അപ്പനും അമ്മയും. അളവ് നോക്കിയല്ല അമ്മ പണിക്കാർക്ക് അന്നവും ധനവും വിളമ്പുന്നത്, എന്നിട്ടും ഒന്നിനും കുറവുണ്ടായിട്ടില്ല.
 'അളന്നാൽ തീരാത്ത ഭൂമിയും അളന്നെടുത്താൽ കഴിയാത്ത മനുഷ്യരുടെ സ്നേഹവും' കൂടിയിട്ടേയുള്ളൂ.
അമ്മ കാര്യം അറിഞ്ഞിരിക്കുന്നു, അതാണ് അടുക്കളയിൽ ശബ്ദം.
എനിക്ക് നീ സ്വന്തം മകളല്ലേ?
നിനക്ക് എന്തിന്‍റെ കേടാ സിമി?
പതിവിലും ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് കറിയാച്ചൻ അടുക്കള വാതിലിൽ എത്തി നോക്കിയത്. 
"അപ്പാ, ഇവള് പറയുന്നത് കേട്ടോ?
നാടും നമ്മളെയും വിട്ട് അന്യനാട്ടിലേക്ക് പോവാണെന്ന് ".
അടുക്കള വാതിലിലൂടെ അകത്തേക്ക് നീങ്ങിയ കറിയാച്ചൻ ഒന്നു വേച്ചു. എന്തിന്?
എവിടേക്ക്?
ശബ്ദത്തിന്‍റെ മാറ്റം ആളുകളുടെ ഹൃദയം കൂടി അളക്കാനുള്ള ഉപാധി ആണല്ലോ?
 നൊമ്പരം വാക്കുകളെ തടയുമ്പോൾ നെഞ്ചിലെ രോമങ്ങളിൽ ഉത്തരം തേടുന്ന കറിയാച്ചന്‍റെ വിരലുകൾ 'രാജ്യം വിട്ടു, രാജ്യം തേടുന്ന,  കൂട് വിട്ടു കൂട് തേടുന്ന' മനുഷ്യന്‍റെ അങ്കലാപ്പ് പോലെയായിരുന്നു.
 "എന്‍റെ മണ്ണിന്‍റെ അവകാശിയും കൊണ്ട് ആർക്കും എവിടെയും പോകുവാൻ സാധിക്കില്ല" കറിയാച്ചന്‍റെ ശബ്ദം ഇടറിയിരുന്നു.
 'ഇല്ലപ്പാ എനിക്ക് പോയേ പറ്റൂ, എന്‍റെ കരിയർ’.
 നിന്‍റെ കരിയർ, തേങ്ങാക്കൊല!
 നിനക്കും നിന്‍റെ അഞ്ച് തലമുറയ്ക്കും ധൂർത്തടിച്ചാൽ പോലും തീരാത്ത അത്ര സ്വത്തുണ്ട്  ഇവിടെ  എന്നിട്ടാ അവൾ വല്ലവനും അടിമപ്പണി ചെയ്യാൻ പോകുന്നത്.
 നെഞ്ചിൽ ഉതിർന്ന കരച്ചിലും, കിതപ്പും കൊണ്ട് കറിയാച്ചൻ  അടുക്കളയിലെ ബെഞ്ചിലേക്കിരുന്നു.
'എന്‍റെ തൊഴിൽ സേവനം കൂടിയാണ് അപ്പാ, എനിക്ക് പോണം.
 സേവനം ആണെങ്കിൽ നിനക്ക് ഇവിടുത്തെ സാധാരണ മനുഷ്യരില്ലേ?
നമ്മുടെ തോട്ടത്തിലെ തൊഴിലാളികൾ ഇല്ലേ?
അവരെ ശ്രുശ്രുഷിയ്ക്ക്. അല്ലാതെ നാടും കൂടും അപ്പനേയും അമ്മയെയും ഉപേക്ഷിച്ച് അഭയാർത്ഥികളെ പോലെ!
 ഒച്ചയും കരച്ചിലും കൂട്ടി കലർത്തി കരളലിയുന്ന ഭാഷയിൽ പ്രതിരോധിക്കുന്ന അപ്പനും അമ്മയും.
അതേ ഭാഷയിൽ പ്രതിരോധം തീർക്കുന്ന സിമി.
പറഞ്ഞിട്ട് കാര്യമില്ല 'മാത്തപ്പൻ' അവനൊപ്പം ഓടിക്കളിച്ച് അവന്‍റെ കുഞ്ഞു വർത്തമാനങ്ങൾ കേട്ടാണ് ആ വീടും ആ വീട്ടിലെ മനുഷ്യരും ഉണരുന്നത്.
 സിമിക്കും തൊണ്ടയിൽ വാക്കുകൾ കുടുങ്ങി, ശ്വാസംമുട്ടി ഇനി ഇവിടെ നിന്നാൽ ഇവർ തന്‍റെ തീരുമാനങ്ങളെ മാറ്റിയെഴുതും.
പാടില്ലാ, തന്‍റെ സ്വപ്നമാണിത്.
യൂറോപ്യൻ രാജ്യത്തെ ഉയർന്ന ജോലിയും , തണുപ്പിന്‍റെ ഗന്ധമുള്ള ജീവിതവും.
കട്ടിലൊതുങ്ങിയ ദീർഘനിശ്വാസമായി തീർന്ന കറിയാച്ചനെയും, ത്രേസ്യാമ്മയെയും മറി കടന്നുകൊണ്ട്, സിമി കടൽ കടന്നു.
കൂടെ ആ മണ്ണിന്‍റെ അവകാശിയും.
പാർട്ടിക്ക് എല്ലാരും എത്തുമായിരിക്കും അല്ലേ?
ഞാനീ പ്ലേറ്റുകൾ കഴുകിത്തുടച്ച് വെക്കാം. കേക്കിന്‍റെ പണിയും തീർത്ത് വയ്ക്കാം.
നാളെ ഡ്യൂട്ടി അല്ലേ? പിന്നെ പണി ഒന്നും നടക്കില്ല. ബാക്കി കാര്യങ്ങൾ നീ സെറ്റ് ചെയ്തോണം. സിമി അവൾ ആഗ്രഹിച്ച  ജീവിതത്തിന്‍റെ ആഘോഷങ്ങളെ എത്തിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്.
ദേശങ്ങൾക്കിപ്പുറം സമൂഹത്തോട് ചേർന്ന് നിൽക്കാനുള്ള മനുഷ്യന്‍റെ തൃഷ്ണ. കൂട്ടായ്മകൾ, സംഘടനകൾ എന്നൊക്കെയാണ് നാം അവയ്ക്ക് പേര് നൽകിയിട്ടുള്ളത്.
എല്ലാരും എത്തിട്ടുണ്ട്.
ഗീതുവും, ശൈലനും, ജെയ്നിയും. മാത്യുവും, റോസും, അജയ്‌യും  അങ്ങനെ ഒരു സൗഹൃദ കൂട്ടായ്മയാണ്.
 ബിരിയാണിയും, കേക്കും, മദ്യവും എല്ലാം ഒഴുകി ഉണർന്ന പുലരിയിൽ ജീവിതത്തിന്‍റെ തിരക്കുകളുമായി എല്ലാവരും വീണ്ടും പകലിലേക്ക് ലയിച്ചു.    
ജോച്ചനും, കുഞ്ഞും ആ ചുമരുകളുടെ ചാരുതയ്ക്കുള്ളിൽ ലോകം കണ്ടെത്തുകയായിരുന്നു.
പുറത്ത് ശൈത്യം അതിന്‍റെ കഠിനതകളിലേക്ക് യാത്ര തുടങ്ങുകയും ചെയ്തിരിക്കുന്നു.
മഞ്ഞ് മാറാല തീർത്ത വൃക്ഷത്തലപ്പുകൾക്കിടയിലൂടെ കാണുന്ന  മറ്റൊരു ചിത്രമായി, അടുത്ത വില്ലയുടെ ജനാലക്കരികിൽ നിന്ന് ചിത്രം വരയ്ക്കുന്ന മാർഗരറ്റ്  ആന്‍റി.
ഇടയ്ക്കിടെ മാത്തപ്പന് സമ്മാനങ്ങളുമായെത്തുന്ന അടുത്ത വീട്ടിലെ മാർഗ്ഗരറ്റ് ആന്‍റിയും, വിക്ടറങ്കിളും.
വല്യപ്പച്ചനും, വല്യമ്മയും വേഷപ്പകർച്ച നടത്തി വന്നതാവുമെന്ന് മാത്തപ്പൻ വിചാരിച്ചിട്ടുണ്ടാവാം!
 അതുകൊണ്ടുതന്നെ അവനവരോട് വേഗം അടുക്കുകയും ചെയ്തു.
ഫോണിൽ ചിലമ്പൽ കൂടി വന്നപ്പോൾ കമ്പിളിയിൽ  നിന്നിറങ്ങിയ ജോച്ചന്‍റെ കൈകൾ കേട്ട വാർത്തയിൽ വിറച്ചു.
 ‘സിമി….. സിമി…. അലർച്ചയും കരച്ചിലും കൂടി 'അജയ്' എന്ന പദം മാത്രമേ  ജോച്ചനിൽ നിന്ന് പുറത്തേക്ക് വന്നുള്ളൂ.
‘റോസ്’ ഇറുമ്പടക്കം കെട്ടിപ്പിടിച്ച് മടിയിലേക്ക് ഊർന്നിറങ്ങുമ്പോൾ, അവളുടെ വേദനകളെല്ലാം സിമിയുടേതാകുന്നുണ്ടായിരുന്നു.
 ബോഡി  നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾക്കിടയിൽ  കൂട്ടം കൂടിയ ആളുകൾക്കിടയിൽ ‘ചികിത്സ സമയത്ത് ലഭിച്ചിരുന്നെങ്കിലെന്ന’ അടക്കം പറച്ചിലുകൾ ശ്വാസംമുട്ടി നിൽക്കുന്നു.
“ നഗരത്തിന്‍റെ വശ്യതകൾ, കണ്ണു പൂട്ടുന്ന മനുഷ്യാവസ്ഥകളുടെ യാഥാർത്ഥ്യം”.
‘ആശുപത്രി’യെന്നത് അടിയന്തര രോഗാവസ്ഥകൾക്ക് ഓടിച്ചെല്ലുന്ന ഇടത്തിൽ നിന്ന് ,അപ്പോയ്മെന്‍റുകളുടെ കാത്തിരിപ്പായി മാറുന്ന സത്യം.

ആരോഗ്യവും ജീവനും നഷ്ടമാകുന്ന സത്യം. നഗരവും- ഗ്രാമവും വികസനവും- വികസ്വരവുമൊക്കെ അർത്ഥം മാറി ചിന്തിക്കുന്ന ഇടം.അവർ മടങ്ങുകയാണ്.
ഒരാൾ ജീവനില്ലാത്ത ശരീരമായി, മറ്റേയാൾ ആത്മാവ് നഷ്ടപ്പെട്ട ശരീരമായി.
റോസും, അജയ്‌യും.
നഗരത്തിന്‍റെ കാഴ്ച വിരുന്നുകൾ അവസാനിപ്പിച്ച് ജനിച്ച് വളർന്ന മണ്ണിലേക്ക്.
മോർണിംഗാണ് അപ്പോയിൻമെന്റ്.
കാറിൽ പോകുമ്പോൾ, പക്ഷികൾ കെട്ടിടങ്ങളുടെ മുകളിലൂടെ പറക്കുന്നു. തണുത്ത കാറ്റ് തെരുവിലൂടെ ഒഴുകി വരുന്നു.
ശ്വാസം പുറത്ത് വിടുമ്പോൾ ചെറിയ വെളുത്ത പുക.  തണുപ്പ് ശരീരത്തിലേക്ക് കയറുന്നു.
ചില ജാലകങ്ങളിൽ ലൈറ്റ് തെളിഞ്ഞു.
രാവിലെക്കായി ഒരാൾ ഉണർന്നുവെന്ന് ഓർമ്മപ്പെടുത്തി.
 ആശുപത്രിയുടെ ഉള്ളിൽ വൈറ്റ് കോട്ട് ധരിച്ച മനുഷ്യർ കയ്യിൽ കാപ്പിക്കപ്പ് പിടിച്ച് മൗനത്തിൽ തന്നെ സംസാരിക്കുന്നു.
 ക്ലൈഡ് നദിയിലെ തണുത്ത കാറ്റ് ആശുപത്രിയുടെ ഉള്ളിലേക്ക് എത്തുന്നു.
അജയ്‌യുടെയും, റോസിന്‍റെയും ചിരിയും, ഗന്ധവും അവസാനിക്കാത്ത അസ്വസ്ഥതയായി സിമിക്കും, ജോച്ചനും ചുറ്റും അലയുന്നുണ്ടായിരുന്നു.
ആകാശ നീല ഉടുപ്പിട്ട, കുസൃതി കുട്ടി 'മാത്തപ്പൻ' കസേരയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്  കണ്ട് ചിരിക്കുന്ന വെള്ള മാലാഖമാർ.
ഒരു ഡോക്ടറും നഴ്സും പുഞ്ചിരിയോടെ തങ്ങളുടെ അടുത്തേക്ക് വന്നു.
 'സിറിഞ്ച്' വെളിച്ചത്തിൽ ഒരു നിമിഷം തിളങ്ങുന്നു. സിനി മകനെ കൈകളിൽ ചേർത്ത് പിടിച്ചു.
ഒന്നും പേടിക്കണ്ട അവൾ മാത്തപ്പന്‍റെ ചുമലിൽ ചുംബിച്ചു.
 അവളുടെയും ജോച്ചന്റേയും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
തന്‍റെ അമ്മ ചെറുപ്പത്തിൽ അസുഖമായിരുന്നപ്പോൾ തന്നെയുമെടുത്ത് ഇതേ പോലെ വൈദ്യന്‍റെ അടുത്ത് പോയ കഥകൾ വേലക്കാരിയോട് പറയുന്നത് ജോച്ചൻ കേട്ടിട്ടുണ്ട്.
ഒരു ചെറിയ കരച്ചിൽ, ഒരൊറ്റ നിമിഷം കൊണ്ട് കഴിഞ്ഞു.
 ‘മാത്തപ്പന്‍റെ കരച്ചിൽ’ അമ്മയുടെ നെഞ്ചിൽ ലയിച്ച് മൗനമാകുന്നു.
 ‘മാത്തപ്പൻ’ നിലത്തേക്കിറങ്ങുന്നില്ല, ജോച്ചന്‍റെ തോളിൽ തന്നെ ചാഞ്ഞു കിടക്കുകയാണ്. ഞരക്കവും മൂളലും മാത്രം,  കുഞ്ഞി വിരലുകൾ ജോച്ചന്‍റെ പുറത്തേക്ക് അമർന്നിറങ്ങുന്നുമുണ്ട്.
വേദനിക്കുന്നുണ്ടോ മാത്താ? 
അല്ലെങ്കിൽ, വീട് തല തിരിച്ച് വെയ്ക്കുന്ന തന്‍റെ മാത്തൻ.
ചെറിയ കാലുകൾ നിലത്തു തൊട്ടു, പക്ഷേ ശരീരം മുന്നോട്ടു നീങ്ങുന്നില്ല. കാലുകൾക്ക് ശക്തിയില്ല.
കരച്ചിൽ മാത്രം മുഴങ്ങി കേട്ടു.
അവർ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി. ഡോക്ടർമാരുടെ പരിശോധനകൾ, പരീക്ഷണങ്ങൾ, സ്കാനുകൾ.
 സമയം എടുക്കും, ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല.  അവരുടെ മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് മനുഷ്യർ.
സ്വന്തവും ബന്ധവും അടുത്തില്ലാത്ത രണ്ടു മനുഷ്യർ.
 വീടും, കൂടും ഉപേക്ഷിച്ച് അന്യ നാട്ടിലേക്ക് ചേക്കേറിയ രണ്ടു മനുഷ്യർ.
ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ യാത്രകളായി.
ഒരു ഡോക്ടർ പിന്നെ മറ്റൊന്ന്l.
 ഓരോ മുറിയിലും 'അതേ ചോദ്യം, അതേ മറുപടി' .
‘വാക്സിൻ ‘എന്ന വാക്ക് ആരും തുറന്നു പറയുന്നില്ല.
അത് വായുവിൽ തൂങ്ങി നിൽക്കുന്നു, പേരിടാൻ ആരും ധൈര്യപ്പെടാത്ത ഒരു സംശയം പോലെ.
മനുഷ്യനെ രക്ഷിക്കാനല്ലേ മരുന്നും ആശുപത്രിയും?
 ശിക്ഷിക്കാനാണോ?
ഡോക്ടർ എന്ന നിലയിൽ ഉത്തരവാദിയായ ഒരു മനുഷ്യൻ.
അപ്പൻ, അമ്മ എന്ന നിലയിൽ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്ത രണ്ടു മനുഷ്യർ.
ചേർത്തുപിടിച്ച സുഹൃത്തുക്കൾക്കൊക്കെ ആശങ്കയായിരുന്നു . എല്ലാ ആശങ്കകളെയും ബാക്കിയാക്കി അവർ തിരിച്ചുപോക്കിനൊരുങ്ങി.
നഗരത്തിന്‍റെ സുന്ദരകാഴ്ചകൾ പിന്നിലുപേക്ഷിച്ച് കൊണ്ട് സ്വന്തം മണ്ണിലേക്ക് വേരുകൾ തേടി, കൂട് തേടി…..
ഒരു പക്ഷെ, അവർ തിരികെ പോകുന്നത് ഒരു സ്ഥലത്തേക്കല്ല, മറിച്ച് തങ്ങളെന്ന സത്യത്തിലേക്കാവാം.
ഒടുവിൽ യാത്രകളെല്ലാം അവസാനിക്കുന്നത് നമ്മൾ ഒരിക്കൽ വിട്ടു പോയ നമ്മളിലേക്കാണ്.


Comments
* The email will not be published on the website.