പിരിഞ്ഞതില്പിന്നെ

രാജന്‍ സി എച്ച്

പിരിയുമ്പോള്‍
അവളെന്‍റെ നെറ്റിമേലുമ്മ വെച്ചു.
തിരിഞ്ഞു നോക്കാതെ
നടന്നു പോയി.
അവളുമ്മവെച്ച നെറ്റി
ഞാനെന്‍റെ കൈലേസില്പൊതിഞ്ഞ്
ക്ഷിച്ചുവെച്ചു. 
അന്നൊക്കെ ഞാനത്
ഇടക്കൊക്കെ എടുത്തുനോക്കുമായിരുന്നു.
അവളുടെ ചുണ്ടുകളിലൊട്ടിയ
എന്‍റെ നെറ്റിത്തടം.
സന്തോഷമേകുമൊരു വേദന
ഉള്ളില്‍ പതയും.
അതാ കൈലേസില്‍ത്തന്നെ
പൊതിയുമ്പോള്‍
വേര്‍പിരിയുന്ന അവളുടെ പിന്‍ഭാഗം
തമാശയാക്കിയാടുന്ന മുടിപ്പിന്നല്‍
പോ പോയെന്നാട്ടുമ്പോലുള്ള
കൈത്തലപ്പിന്‍റെ ദ്രുതതാളം
കാലുകള്‍ നീട്ടിവെക്കുമ്പോഴുള്ള
ചവിട്ടും ചവിട്ടുമെന്നുള്ള
കാലടികളിലെ രൗദ്രം
മറക്കാനാവാതായി.
ക്രമേണ ഞാനാ കൈലേസും മറന്നു.
വര്‍ഷങ്ങളെത്രയായി.
ഈയിടെ എനിക്ക് തലവേദന
ഇടക്കിടെ വന്നു.
മാറാതായി.
നെറ്റിമേലാരോ
ആണിയടിക്കുന്നതു പോലെ.
അവള്‍ ചുംബിച്ചിടമാണതെന്ന്
ഓര്‍മ്മ വന്നു. 
ഞാനാ പഴയ കൈലേസ് തിരഞ്ഞു,
പെട്ടിക്കടിയിലും അലമാരയിലും
പുസ്തകറേക്കിലും.
പൊടിയേറി
എനിക്ക് തുമ്മി.
തുമ്മലേറിയൊടുക്കം
തലവേദനയില്ലാതായി. 
നെറ്റിമേലുമ്മ തന്ന്
ഒരാള്‍ പിരിയുന്നതു പോലെയാണ്
തലവേദനയുമെന്ന്
എനിക്ക് ചിരി വന്നു.
കരച്ചില്‍പോലെ

Comments
* The email will not be published on the website.