
കഥ
കെ.എസ്. വീണ
ഏതോ ചിന്തകളിൽ മനസ്സു കൊരുത്ത് ഗൗരി.. ചെറുതല്ലാത്ത ദേഷ്യമടക്കി ഞാനും ... ഒരു കപ്പു കാപ്പിക്കിരുപുറം ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. ഒരു പകുതി രാത്രിയിൽ അവളെന്നെ വിളിച്ചു. ആരാവും എന്താവും എന്ന് വെപ്രാളപ്പെട്ട് ഫോണെടുത്തു. അസമയത്തെ ഫോൺ വിളികൾ എന്നും ഭയമാണ്. ഓരോ വിളിക്കു പിന്നിലും ഒളിഞ്ഞിരുന്നത് വേദനകളും വേർപാടുമാണ്.
"ഉടനെ കാണണം... ഇവിടെ വരെ വരണം".
ഇത്രമാത്രം പറഞ്ഞു.
തിരിച്ച് എന്തെങ്കിലും ചോദിക്കും മുന്നേ ഫോൺ വച്ചു. ചിലപ്പോൾ ഒരുമുണ്ടാവില്ല. നിസാര കാര്യങ്ങൾ ആവാനും മതി. ഇടക്കിടെ രതീഷിനെ കുറിച്ച് ചില പരാതിപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. രതീഷ് ഒരുപാട് മാറി. പഴയ ആളേ അല്ല എന്നൊക്കെ... എന്തു മാറ്റം എന്ന് ചോദിക്കുമ്പോൾ വ്യക്തമായ മറുപടി കിട്ടിയിട്ടും ഇല്ല. അപ്പോഴൊക്കെ അവളുടെ ശബ്ദത്തിൽ സങ്കടം ഇടറുന്നത് ഞാൻ അറിഞ്ഞിരുന്നു. പഠന കാലം മുതൽ ഗൗരിയുടെ ഇണക്കങ്ങളും പിണക്കങ്ങളും ഞാനും രതീഷുമൊക്കെ എത്ര കണ്ടിരിക്കുന്നു എന്നോർത്ത് വലിയ പ്രാധാന്യം നൽകിയില്ല. എപ്പോഴെങ്കിലും രതീഷിനെ വിളിച്ച് അന്വേഷിക്കാം എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോഴത്തെ വിളി. ഗൗരിയെ കണ്ടിട്ടും ഒരുപാടായി. ഗൗരവതരമായി എന്തെങ്കിലും ആണെങ്കിൽ പിന്നീടൊരു വിഷമത്തിന് ഇടവരരുതല്ലോ.
ഒരു പകലിനൊടുവിൽ യാത്രയ്ക്കുള്ള തീരുമാനത്തിലെത്തി. അതിരാവിലെ പുറപ്പെട്ടു. ട്രെയിനോ ബസ്സോ എന്ന് സന്ദേഹിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം ഓർത്തപ്പോൾ ബസ് മതിയെന്നായി. ഞായറാഴ്ച ആയതിനാൽ തിരക്കില്ലാതൊരു യാത്ര തരപ്പെട്ടു.
ദൂരമിത്ര താണ്ടി ഇവിടെയെത്തിയപ്പോൾ ഒന്നും പറയാതെ ഗൗരി ! ഇങ്ങനെ മിണ്ടാതെ ഗൗരിയെ കണ്ടിട്ടേയില്ല. എന്തും അവൾക്ക് വിഷയമാണ്. ചെറു ചിരിയോടെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കവൾ തെന്നിമാറുമ്പോൾ കൗതുകത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല. ദിവസങ്ങൾ കഴിഞ്ഞാലും ഗൗരിയുടെ ചിരി കിലുങ്ങുന്ന വാക്കുകൾ വിട്ടുപോവാതെ കൂടെയുണ്ടാവും. അതുകൊണ്ടു തന്നെ അവളോട് മിണ്ടിപ്പറഞ്ഞിരിക്കാൻ ഞങ്ങളെപ്പോഴും മത്സരിച്ചു. ഗൗരിയിലെ മാറ്റങ്ങൾ കണ്ടു കണ്ടിരിക്കേ പെട്ടെന്നവൾ മൗനം മുറിച്ചു.
" രാവിലേ തന്നെ ചൂടു തുടങ്ങി. വേനൽമഴ ഇനി എന്നാണാവോ..."
ആശ്വാസം തോന്നി. അവൾ മിണ്ടിത്തുടങ്ങിയല്ലോ. ഇനി കാര്യങ്ങൾ അറിയാം.
"എവിടെ രതീഷ് ?"
എന്നെ കേൾക്കാത്തതു പോലെ അവൾ..
"അവിടെ എങ്ങനെ.. ചൂടാണോ. മഴ കിട്ടിയോ ?"
അടക്കിപ്പിടിച്ച ദേഷ്യം കുതറി മാറി ഗൗരിയെ തുറിച്ചു നോക്കി.
" ഇതു ചോദിക്കാനാണോ നീ എന്നെ വിളിച്ചു വരുത്തിയത് ?"
" ദേഷ്യപ്പെടണ്ട.. ഇതിനല്ല"
അവൾ എണീറ്റു..
പതുക്കെ മുറ്റത്തേക്കിറങ്ങി. അവൾക്കു പിന്നാലെ നടക്കുമ്പോൾ ചുറ്റുപാടിന്‍റെ മനോഹാരിതയിൽ മനസ്സു കുളുർന്നു. വീടിനകം പോലെ തന്നെ പുറവും ഗൗരി നന്നായി ശ്രദ്ധിക്കുന്നുണ്ട്. ധാരാളം ചെടികൾ .. പൂക്കൾ... ശലഭങ്ങൾ . മതിലിനപ്പുറം അമ്പലക്കാഴ്ചകൾ... അധികവും തൊഴുതുമടങ്ങുന്നവർ..
മുൻപു വന്നപ്പോൾ മതിലില്ലായിരുന്നു. അമ്പലം അടുത്തുണ്ട് എന്ന താൽപ്പര്യത്തിലാണ് ഗൗരിയും രതീഷും ഇവിടെ വീടു വയ്ക്കാൻ തീരുമാനിച്ചത്. എത്രയെത്ര സ്ഥലങ്ങൾ നോക്കി! ഒന്നും ഇഷ്ടമാവാതെ വിഷമിച്ചിരുന്നപ്പോഴാണ് ആരോ പറഞ്ഞ് ഇവിടെ എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ 'ഇവിടെ മതി' എന്നൊരു തോന്നലിൽ ഹൃദയം തുടിച്ചു എന്ന് പല തവണ ഗൗരി പറഞ്ഞിട്ടുണ്ട്. റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയ്ക്ക് ഇരുവശവും പാടങ്ങളാണ്. പിൻവശത്ത് തോട് .അധികം അകലെയല്ലാതെ ആമ്പൽക്കുളം.. റോഡിനപ്പുറം അതിരില്ലാതെ നീണ്ടു നീണ്ടു പോകുന്ന പാടങ്ങൾ.. എത്ര കണ്ടാലും കൊതിതീരാത്ത ഭംഗി !
എങ്ങനെ ഇങ്ങനെയൊരു മതിൽ ഇവിടെ ഉണ്ടായി എന്നത് അമ്പരിപ്പിക്കുന്നുണ്ട്. ഗൗരി പരാതിപ്പെടുന്ന രതീഷിന്‍റെ മാറ്റങ്ങളിൽ പെടുന്നതാവുമോ ഈ മതിലും ! കാർ പോർച്ചിലുണ്ട്. രതീഷിനെ കാണാനുമില്ല.
" രതീഷ് എവിടെ ? യാത്രയിലാണോ ?" വീണ്ടും ചോദിച്ചു.
" രതീഷിനെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ ലീനാ.."
എന്‍റെ ചോദ്യത്തിന്മേൽ ഗൗരിയുടെ വാക്കുകൾ വീണു ചിതറി.
" ഞാൻ മനസിലാക്കിയതു പോലെ രതീഷിനെ മനസിലാക്കിയവർ ആരുണ്ട് ലീനാ..."
വർഷങ്ങൾക്കപ്പുറത്തു നിന്നും ഗൗരിയുടെ വാക്കുകൾ ഓർമ്മകളിൽ തട്ടിത്തടയുന്നു..
അത്രമേൽ ഇഷ്ടപ്പെട്ട് പ്രണയിച്ച് ഒന്നായവർ. ഇവർക്കിതെന്തു പറ്റി. രതീഷ് എവിടെയാണ്? ബിസിനസ് സംബന്ധമായുള്ള യാത്രയിലാവുമോ.. വിവേക് ഹോസ്റ്റലിൽ നിന്നും വാരാന്ത്യങ്ങളിൽ വീട്ടിലേക്ക് എത്താറില്ലേ...
ചോദ്യങ്ങൾ അനവധി മുന്നിലുണ്ട്. ഗൗരിയുടെ കയ്യിൽ ഉത്തരങ്ങളുമുണ്ട്..
പെട്ടെന്ന് ഗൗരി എനിക്കു നേരേ തിരിഞ്ഞു. എന്‍റെ കൈകളിൽ മുറുകെ പിടിച്ചു.
" രതീഷിന്‍റെ തീരുമാനമാണ് ഈ മതിൽ. ഇതിലും ശക്തമായൊരു മതിൽ ഇപ്പോൾ മനസ്സുകൾക്കിടയിലും ഉണ്ട് .."
അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശൂന്യതയിൽ ഞാൻ നീറി.
" ഒരുമിച്ചിനി വയ്യ ലീനാ... "
അവൾ കരയാതെ കരഞ്ഞു. ഏതേതു കാരണങ്ങളിലാവും ഇവർക്കിടയിൽ അകൽച്ചയുണ്ടായത് എന്ന ചിന്തയിൽ മനസ്സു പതറി. ഗൗരിയെ ആശ്വസിപ്പിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചെങ്കിലും മറന്നു പോയ വാക്കുകൾ പരതി ഞാനാകെ കുഴങ്ങി.
" വഴക്കിട്ടു പോയതാണ്. നിന്നെ വിളിച്ച രാത്രിയിൽ. "
രതീഷ് ഇനിയും തിരിച്ചു വന്നില്ലല്ലോ എന്നോർത്തപ്പോൾ വല്ലായ്മ തോന്നി.
"കാർ ഇവിടെ ഉണ്ടല്ലോ. രതീഷ് എങ്ങനെ പോയി ? "
ഒരു മാത്ര ഗൗരി എന്തോ ചിന്തിച്ചു നിന്നു .
"പുതിയ കാർ വാങ്ങി. അതിലാ പോയത്.. "
"എന്താ ഗൗരീ ഇതൊക്കെ.വഴക്കിട്ടു പോകാൻ തക്ക കാരണമെന്താ? "
എനിക്ക് നല്ല വിഷമം തോന്നി.
" ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാതെ വരുമ്പോഴുള്ള പ്രശ്നങ്ങൾ തന്നെ.."
ദേഷ്യവും സങ്കടവും ഗൗരിയെ മാറി മാറി തൊട്ടു.
"പുതിയ കാറല്ലേ. അമ്പലത്തിൽ താക്കോൽ പൂജിച്ചു വാങ്ങുക.. ഇതൊക്കെ നമ്മൾ സാധാരണ ചെയ്യാറുണ്ടല്ലോ. രതീഷിന് ഇതിലൊന്നും വിശ്വാസമില്ലത്രെ! പരസ്പരം ഓരോന്നു പറഞ്ഞ് വലിയ വഴക്കായി . ആ കാറിൽ ഒരിക്കലും ഞാൻ കയറില്ല എന്നു തീർത്തു പറഞ്ഞു.."
കുറച്ചു നേരത്തേക്ക് ഗൗരി ഒന്നും മിണ്ടിയില്ല.
" നിനക്കറിയില്ലേ രതീഷിന്‍റെ അമ്മാവന്‍റെ മകൾ സൂര്യ.
ഇന്നലെ സൂര്യയുടെ കല്യാണമായിരുന്നു. അന്നു രാത്രിയിൽ അവിടേക്കു പോകാനായിരുന്നു തീരുമാനം. പക്ഷേ ആ കാറിൽ പോകാൻ ഞാൻ കൂട്ടാക്കിയില്ല. വലിയൊരു വഴക്കിനൊടുവിൽ രതീഷ് തനിയെ പോയി."
"നീ എന്താ ഗൗരീ കാട്ടിയത്. വളരെ മോശമായിപ്പോയി. രതീഷിന്‍റെ അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ എന്തു കരുതിയിട്ടുണ്ടാവും..."
ഒരു മൂളലിൽ അവൾ മറുപടി ഒതുക്കി. മതിലിനപ്പുറത്തു നിന്നും ആരോ ഗൗരിയെ വിളിച്ചു. വെളുപ്പിനും സന്ധ്യയ്ക്കും നിമിഷ നേരം കൊണ്ട് അമ്പലത്തിലെത്തിയിരുന്ന ഗൗരി ഇപ്പോൾ നന്നായി ബുദ്ധിമുട്ടുന്നുണ്ടാവും റോഡിലെത്തി നടന്നവിടെ എത്താൻ സമയം വേണം.
"നീ അമ്പലത്തിൽ പോകാറില്ലേ ?"
പതുക്കെ ചോദിച്ചു.
"കുറച്ചു പിന്നിലായി മതിലിൽ ചെറിയൊരു ഗെയ്റ്റുണ്ട്. അതു
വഴി പോകും. "
" രതീഷ്..?"
" ഈ അമ്പലത്തിലെന്നല്ല ഒരമ്പലത്തിലും രതീഷ് ഇപ്പോൾ പോകാറില്ല. "
ഗൗരിയുടെ ശബ്ദത്തിലെ നിർവികാരതയിൽ നൊന്തു നിന്നപ്പോൾ രതീഷിന്‍റെ നെറ്റിയിൽ എപ്പോഴും കാണാറുള്ള ചന്ദനക്കുറി ഓർമ്മ വന്നു. ഏതു തിരക്കിനിടയിലും രാവിലെയുള്ള അമ്പല ദർശനം രതീഷ് മുടക്കിയിരുന്നില്ല. പഠനകാലത്തും ജോലിയിൽ പ്രവേശിച്ചപ്പോഴും കല്യാണ ശേഷവും ഈ പതിവ് തെറ്റിയിരുന്നില്ല. അങ്ങനെയുള്ള രതീഷിന്റെ മാറ്റം ഉൾക്കൊള്ളാനാവാതെ ഞാനവളെ നോക്കി.
ഇടയ്ക്കിടെ അവളുടെ ശബ്ദം കണ്ണീര് വീണ് നനയുന്നുണ്ട്..
നിരാശയുടെ അഗാധഗർത്തങ്ങളിലേക്ക് വാക്കുകൾ ഇടറി വീഴുന്നുണ്ട്..
നിസഹായതയുടെ നിശ്ശബ്ദതയിൽ അവളിലെ ദയനീയത എന്‍റെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പി.
ഒരേ വിശ്വാസങ്ങൾ മുറുകെ പിടിച്ചിരുന്നവർ... അതിലൊരാൾ വ്യത്യസ്ത വിശ്വാസങ്ങളിലേയ്ക്ക് വഴി മാറുമ്പോൾ അസ്വാരസ്യങ്ങൾ സ്വാഭാവികം.
വർഷത്തിലൊരിക്കലുള്ള മൂകാംബിക, ഗുരുവായൂർ ദർശനങ്ങൾ .. അധികം അകലെയല്ലാതെയുള്ള മറ്റ് അമ്പലങ്ങൾ... ഇപ്പോൾ എവിടെയും പോകാറില്ലെന്ന് പറയുമ്പോൾ ഗൗരിയുടെ ശബ്ദം നേർത്തില്ലാതാവുന്നു.
"എനിക്ക് പോകാം.. തനിച്ചോ. മറ്റുളളവരുടെ കൂടെയോ .അതിന് വിലക്കൊന്നുമില്ല.. പക്ഷേ എനിക്കങ്ങനെ പോകാൻ തോന്നാറുമില്ല."
മൗനത്തിന്‍റെ ഇടവേളകൾ പലതു കഴിഞ്ഞപ്പോൾ അവളുടെ ശബ്ദം വല്ലാതുയർന്നു.
" അയാളാണ് ഇതിനെല്ലാം കാരണം.."
" ആര് ?"
എന്‍റെ ആകാംക്ഷയെ മറികടന്നുകൊണ്ട് അവളുടെ ശബ്ദം വീണ്ടും ഉയർന്നു.
"എപ്പോഴും അയാളോട് സംസാരിക്കുക.. അയാൾ പറയുന്നതു കേൾക്കുക.. അതതു പോലെ വിശ്വസിക്കുക.."
"നിനക്കറിയാമോ ലീനാ. ഒരുമിച്ചിരുന്ന് മനസ്സു തുറന്നൊന്ന് സംസാരിച്ചിട്ട് എത്ര നാളായെന്നോ."
ആരാണ് ഈ അയാൾ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഗൗരി വീണ്ടും...
" അയാളെ കാണാനായി എത്ര തവണ ഇവിടെ നിന്നും പോയിട്ടുണ്ടെന്നോ. അയാളും അയാളുടെ വാക്കുകളുമാണ് ഇപ്പോൾ രതീഷിന്‍റെ സന്തോഷം."
' കാതൽ' സിനിമയിലെ മാത്യു ദേവസ്സിയും തങ്കനും എന്നെ അമ്പരപ്പിച്ചു കൊണ്ട് മനസ്സിലൂടെ മിന്നിമറഞ്ഞു.
രതീഷിന് അങ്ങനെ എന്തെങ്കിലും...
ഉള്ളിലെ സംശയം പുറത്തു കാണിക്കാതെ ഗൗരിയെ ചേർത്തു പിടിച്ചു.
"എത്ര നേരമായി നമ്മളിങ്ങനെ നിൽക്കുന്നു. നമുക്ക് അകത്തേയ്ക്കിരിക്കാം ഗൗരീ.
സങ്കടക്കടലിൽ നിന്നും ഗൗരിയിലെ ആതിഥേയ പെട്ടെന്നു പുറത്തു വന്നു.
"ഓ.. ഞാൻ മറന്നു..നീ ഒന്നും കഴിച്ചില്ലല്ലോ. നിനക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ കരുതിയിട്ടുണ്ട്..."
ഇഡ്ഡലിയും സാമ്പാറും എനിക്കേറെ ഇഷ്ടമുള്ള ഓട്ടടയും പഴം പുഴുങ്ങിയതും മുന്നിൽ നിരന്നുവെങ്കിലും ഗൗരിയുടെ മൗനവും 'അയാളും' എന്നെ വല്ലാതെ അലോസരപ്പെടുത്തി. നല്ല വിശപ്പുണ്ടായിരുന്നിട്ടും കഴിക്കാൻ തോന്നിയില്ല.
"നീ ഒന്നും കഴിച്ചില്ലല്ലോ..."
ഗൗരി നിർബന്ധിച്ചു.
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു.
വരാന്തയിൽ നല്ല കാറ്റുണ്ട്. വെയിലിന് നല്ല ചൂടും. വിവേകിന്‍റെ പഠന കാര്യങ്ങൾ തിരക്കി. ഇനി ഒരു സെമസ്റ്ററും കൂടി. അതു കഴിഞ്ഞ് എം.ബി.എയ്ക് പോകാനാണത്രെ താത്പ്പര്യം. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ അവനെ നന്നായി ബാധിക്കുന്നുണ്ടെന്ന് ഗൗരിയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും. അധിക ദിവസം നിൽക്കാതെ മടങ്ങാറാണ് പതിവ്.
വന്നപ്പോൾ തന്നെ ശ്രദ്ധിച്ചു. അമ്പലത്തിലെ മൈക്കിന് ശബ്ദം തീരെ കുറവ്. മുൻപ് ഇങ്ങനെ ആയിരുന്നില്ല. അടുത്തടുത്ത് ഇരുന്ന് സംസാരിച്ചാൽ പോലും കേൾക്കാനാവാത്തവിധം ഉച്ചത്തിലാണ് പാട്ടുകൾ കേട്ടിരുന്നത്.
"എന്താ ശബ്ദം! മൈക്കൊന്ന് മാറ്റിവയ്ക്കാൻ പറയരുതോ.''
"ഞങ്ങൾക്കിതു ശീലമായി. ഭക്തിഗാനങ്ങളല്ലേ. ഇങ്ങനെ കേട്ടാലേ ഒരു സുഖമുള്ളൂ..''
രതീഷ് ചിരിക്കും.
"പ്രത്യേകം പറഞ്ഞ് ഇവിടേക്ക് തിരിച്ചു വച്ചിരിക്കുകയാ."
അഭിമാനത്തോടെ പറയുമ്പോൾ ഭക്തിയുടെ പാരമ്യതയിൽ ഗൗരിയുടെ കണ്ണുകൾ പകുതി അടയും.ആ മനോഹര കാഴ്ച ഇന്നും മനസ്സിലുണ്ട്.
" ഇതെന്താ ശബ്ദം തീരെ കുറവ് ?"
" രതീഷ് ആവശ്യപ്പെട്ടിട്ടാണ്."
എന്‍റെ മുഖത്തു നോക്കാതെ ഗൗരി പറഞ്ഞു.
" ശബ്ദം സഹിക്കാൻ വയ്യത്രെ. "
രതീഷിലുണ്ടായ മാറ്റം എനിക്കിപ്പോൾ ശെരിക്കും ഊഹിക്കാൻ കഴിയുന്നുണ്ട്.
"നമുക്കാവശ്യത്തിന് കൗൺസിലിംഗ് സെന്‍ററുകൾ ഇല്ലാത്തതിനാലാണ് ആൾക്കാർ അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്. വിഷമങ്ങൾ പേപ്പറിൽ എഴുതി മാറ്റിയാൽ മനസ്സിന് ആശ്വാസം കിട്ടും. ഇതിന് പകരമാണത്രെ പ്രാർത്ഥന. ഒരു ശക്തിയുണ്ടെന്ന വിശ്വാസം.. പ്രാർത്ഥിച്ചൊന്നും നേടാനാവില്ല...
ഇങ്ങനെയൊക്കെയാ രതീഷ് പറയുന്നത്."
ഇതൊക്കെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്തിരുന്നപ്പോൾ അവൾ വീണ്ടും..
" ഒക്കെ അയാളുടെ അഭിപ്രായങ്ങളാണ്. പറഞ്ഞു പറഞ്ഞ് അയാൾ ഞങ്ങളുടെ ജീവിതം തകർത്തു. എനിക്കിനി വയ്യ ലീനാ. എന്താന്ന് വച്ചാൽ ആയിക്കോട്ടെ. രതീഷിന് അയാളെ മതി.. ഞാൻ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. "
ഗൗരി നിശ്ശബ്ദം കരഞ്ഞു.
'അയാൾ' ആരായിരിക്കും..അത്രമേൽ രതീഷിന് പ്രിയമുള്ളൊരാൾ!
ആരെന്ന് ഗൗരി പറയുന്നുമില്ല. രതീഷ് വരും മുന്നേ ഗൗരി ഇവിടം വിട്ടു പോയാലോ എന്ന പേടിയിൽ ഞാനാകെ ഉലഞ്ഞു. ഹൃദയബന്ധച്ചരടുകൾ അതിലോലമാണ്. സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നതങ്ങ് പൊട്ടും..
അയാൾ ആരെന്നറിഞ്ഞേ മതിയാവൂ. ഇവർക്കിടയിൽ ഇനി അയാളുണ്ടാവാൻ പാടില്ല.
" പറയൂ ഗൗരീ.. ആരാണയാൾ ? "
" നിറക്കറിയില്ലേ അയാളെ... അയൾ തന്നെ. മൈത്രേയൻ ! "
ചിരിക്കണോ കരയണോ എന്നറിയാതെ നിൽക്കുന്ന എന്നെ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ മാത്യു ദേവസ്സിയും തങ്കനും മനസ്സിൽ നിന്നും ചാടിയിറങ്ങി ധൃതിയിൽ നടന്നകന്നു.
അവരെ മറികടന്ന് മുറ്റത്തേക്കെത്തുന്ന കാർ ആരുടേതാവും?...