മഹാമനുഷ്യൻ

കളത്തറ ഗോപൻ

ഓരോ മനുഷ്യരിലും
ഒരു മഹാമനുഷ്യൻ
ഒളിച്ചു പാർക്കുന്നു.
എന്നാൽ ഇതിനെ
കുഗ്രാമത്തിൽ ഒളിച്ചുപാർക്കുന്ന
വിപ്ലവകാരിയോടു-
ഉപമിക്കേണ്ടതില്ല.

അവനിൽ ഗാന്ധിജിയെ
ചെഗുവേരെയെ
ഭഗത് സിംഗിനെയൊന്നും
തിരയേണ്ടതില്ല.
അവൻ, അവിടെയുണ്ട്.
പൂവിൽ സുഗന്ധം എന്നതുപോലെ .
ചിലപ്പോൾ
വളരെ അത്യാവശ്യ ഘട്ടത്തിൽ
അവൻ ,ഒരുമാത്ര
വെളിപ്പെട്ടെന്നു വരാം
ചിലപ്പോൾ
അനവസരത്തിൽ ചാടി
വെളിപ്പെട്ടെന്നും വരാം.
ചിലപ്പോൾ വൈകി
വെളിപ്പെട്ടെന്നും വരാം
ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്
വെളിപ്പെടാൻ 
സമയമെടുക്കുമല്ലോ!
മഹാമനുഷ്യൻ്റെ ഒരുതരിയെങ്കിലും
നമുക്കുണ്ടെങ്കിലേ
അവനെ തിരിച്ചറിയാനൊക്കൂ.
അത് അനുഭവിക്കാനൊക്കൂ.

സ്നേഹിക്കുകയെന്നാൽ
എല്ലാ പരിമിതികളോടെയും
ഒരാളെ സ്നേഹിക്കുക.
സ്നേഹം മഹാമനുഷ്യൻ്റ
 അടയാളമാകുന്നു.

മഹാമനുഷ്യനെ
മൃഗങ്ങൾക്ക് വേഗം
തിരിച്ചറിയാനാകും
അതുകൊണ്ടാണ്
എത്ര ക്രൗര്യമുണ്ടെങ്കിലും
അവ എപ്പോഴും ഇണങ്ങുന്നത്.

ഒരു മനുഷ്യനിൽനിന്ന് 
സ്നേഹമൊഴിച്ച്
എല്ലാം വളരെ ക്ഷമയോടെ,
അതിലധികം സ്നേഹത്തോടെ,
ചിലതൊക്കെ ത്യജിച്ച്
വേര്‍തിരിച്ചെടുത്താൽ
നമുക്കവനിൽ മഹാമനുഷ്യനെ
കണ്ടെത്താം
ആ സന്തോഷത്തിൽ 
നില്ക്കുമ്പോൾ
നമ്മളും ഒരു മഹാമനുഷ്യനായ്
മാറിയത് സ്വയം തിരിച്ചറിയാം.
മറ്റൊരു ലോകത്തെ 
അനുഭവിക്കുന്ന ആനന്ദം.


Comments
* The email will not be published on the website.