
കവിത
ഷാജി മട്ടന്നൂർ
പേച്ചുരച്ച് തിളങ്ങിപ്പോയ ഒരു വാക്ക്
വെളിച്ചപ്പെടും മുമ്പ്
വീട് വിട്ടിറങ്ങി നടന്നു
ഉറക്കറയിൽ മുഷിഞ്ഞ നിഴലുരിഞ്ഞിട്ട്
നിലാവിറങ്ങിപ്പോയി
അടുക്കളയിൽ വിശപ്പുരുകിയ വെളിച്ചം മാത്രമേയുള്ളൂ
കെട്ടിയേറ്റിയ കനങ്ങളിൽ നിന്ന് ഒഴിഞ്ഞിറങ്ങിയതാണ്,
ഏച്ചിണക്കിയ വലിപ്പത്തിൽ നിന്ന് തിരിച്ചിറങ്ങിയതാണ്
ഒഴിഞ്ഞ ചെവികൾ
ഒച്ചകൾ കൊണ്ട് നിറയ്ക്കണം
അടിവയറ്റിൽ അമർത്തിപ്പിടിച്ച ഒച്ചകളെ പതുക്കെ പറത്തി വിടണം ,
തോന്ന്യാടനങ്ങളിൽ
തോറ്റമാലകൾ പോലെ
കാടിൻ്റെ തേറ്റച്ചിരികളിലേക്ക്
വായ്ത്തലപ്പമമർത്തണം
ഉപ്പുരുചി ഒപ്പിയെടുക്കണം
ഒട്ടിയൊട്ടിയരം ചേർത്ത്
കടഞ്ഞെടുക്കണം
നിലാവും വെയിലും തിരയും മുമ്പ്
അക്ഷരങ്ങളിൽ ഒളിച്ചു വന്നതാണ്
നാട്ടിൽ പുതിയ വാക്കുകൾക്ക് പിടി വീണിട്ടുണ്ടാവും,ഉറപ്പാണ്
അടിയക്ഷരങ്ങൾ
അവിടെ
പടുത്തു തുടങ്ങിയിട്ടുണ്ടാവും
വാക്ക് കൊണ്ട് വീടൊരുക്കുന്ന വിദ്യ
അവർക്കെല്ലാം അറിയാം
വാക്ക് ,ഒരു വീടാകുന്നു
കൂടുമാറുന്ന കൂറ്റാകുന്നു.
കാട്ടിൽ നിന്നോ കടലിൽ നിന്നോ പെറുക്കിയെടുത്ത അക്ഷരങ്ങൾ
ചെവിയിൽ ചേർത്താൽ
കേൾക്കാം,
ഇറങ്ങിപ്പോയ വാക്കുകളുടെ ഇരമ്പൽ
വായിൽ നിന്ന് വാക്കിലേക്കെത്താൻ
എത്ര വാതിൽ കടക്കണമെന്ന്
ആ ഇരമ്പൽ പറഞ്ഞുതരും.