ബുദ്ധിപരതയുടെ  കാവ്യോപന്യാസങ്ങൾ

പുസ്തകവായന
അനിൽ നീണ്ടകര

സാബു കോട്ടുക്കല്‍ രചിച്ച "ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം" എന്ന കവിതാസമാഹാരത്തിന്‍റെ വായന
 

ലോകത്തോട് എന്തെങ്കിലും പറയുവാനാഗ്രഹിക്കുന്നവർ ഇന്ന് ആദ്യം തിരഞ്ഞെടുക്കുന്ന മാധ്യമം കവിതയാണ്.ഉള്ളിൽ തോന്നുന്നത് അതേപടി എഴുതാനും എഴുതിയത് ആ നിമിഷം തന്നെ ലോകം മുഴുവൻ വീക്ഷിക്കും വിധം പ്രകാശിപ്പിക്കാനും ഉതകുന്ന സ്വാതന്ത്ര്യം സൈബർലോകം തുറന്നുവച്ചതോടെ കവിതയുടെ 'ഉല്പാദനനിര'ക്കിൽ ക്രമാതീതമായ വർദ്ധനവുണ്ടായി. സാഹിത്യകലയുടെ ഭാഗ്യമോ ദൗർഭാഗ്യമോ എന്നു പറയുവാനാകാത്തവിധം സാമൂഹ്യമാധ്യമങ്ങളിലും ആഴ്ചപ്പതിപ്പുകളിലും കവിതകൾ തിക്കിത്തിരക്കുന്ന വിചിത്രസാഹചര്യത്തിലാണ് സാബു കോട്ടുക്കലിന്റെ ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം എന്ന വ്യത്യസ്തമായ കവിതാസമാഹാരം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യാജരചനകളുടെ മരുഭൂമിയിൽ ഉർവ്വരതയുടെ പച്ചപ്പുപോലെ ഈ കാവ്യഗ്രന്ഥം നല്ല വായനക്കാരന് അഭയമാകുന്നു.

നമ്മൾ ഇതുവരെ പരിചയപ്പെടാത്ത, സങ്കല്പിക്കാത്ത അർത്ഥങ്ങൾ വാക്കുകളിൽ നിന്ന് ഉല്പാദിപ്പിച്ചു കൊണ്ട് സാബു കവിതകളെ വാക്കിന്‍റെ വിചിത്ര ലീലയാക്കുന്നു.വാക്കിൽ ചെയ്യുന്ന ഒരു തരം കാരിക്കേച്ചറാണിത്.
  ഇപ്പോൾ പിറന്നുവീണ കുഞ്ഞിന്‍റേതു പോലെ നിഷ്കളങ്കമായ ഭാഷ കൊണ്ട് കാലത്തിന്‍റെ കുടിലതകളെ രേഖപ്പെടുത്തണമെന്ന അതിമോഹം ഒരു കവിതയിൽ സാബു നേരിട്ടു തന്നെ പ്രകാശിപ്പിക്കുന്നുണ്ട് (സംവാദം2).എന്നാൽ ജീവിതത്തിലെ നിഷ്കളങ്കതയല്ല കവിതയിലെ നിഷ്കളങ്കതയെന്ന് സാബു തിരിച്ചറിയുന്നു.അത് പലപ്പോഴും സത്യാന്വേഷണത്തിന്‍റെ രക്തം പൊടിക്കുന്ന നിശിത മനോജ്ഞതയാണ്. കവിതയിലെ നിഷ്കളങ്കത ബൗദ്ധികമായ സത്യാന്വേഷണമായി മാറുന്നതിന്റെ സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിലെ കവിതകൾ. കാപട്യം  ജീവിതരീതി തന്നെയായി മാറുന്ന ലോകത്ത് ഇടംവലം മുറിവേൽപ്പിച്ചു കൊണ്ട്  സാബുവിന്‍റെ പരിഹാസം മുന്നേറുകയാണ്.ഭാഷയുടെ അപൂർവ്വ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കവി ഇതു നിറവേറ്റുന്നത്. വ്യക്തമായ വാക്ക് എന്നാണ് ഭാഷയ്ക്ക് ഉള്ളൂർ നൽകുന്ന നിർവചനം. എന്നാൽ  നമ്മൾ ഇതുവരെ പരിചയപ്പെടാത്ത, സങ്കല്പിക്കാത്ത അർത്ഥങ്ങൾ വാക്കുകളിൽ നിന്ന് ഉല്പാദിപ്പിച്ചു കൊണ്ട് സാബു കവിതകളെ വാക്കിന്‍റെ വിചിത്ര ലീലയാക്കുന്നു.വാക്കിൽ ചെയ്യുന്ന ഒരു തരം കാരിക്കേച്ചറാണിത്. ഇരിപ്പ് , കൊഴുപ്പ്, ആവിഷ്കാരം, വാൽ തുടങ്ങിയ പദങ്ങൾക്കൊന്നും നിഘണ്ടുവിലോ സാമാന്യ വ്യവഹാരത്തിലോ പരിചയപ്പെട്ട അർത്ഥമല്ല ഈ കവിയുടെ കവിതയിലുള്ളത്. എന്നല്ല,ഒറ്റ വാക്ക് പല ദിശയിൽ മാറിമാറി ഇരുന്ന് വ്യത്യസ്ത അർത്ഥതലങ്ങൾ പ്രകാശിപ്പിക്കുന്നു. ദാർശനികമായ ആഴത്തിന്റെ ധ്വനി മുഴക്കുന്നു. ചരിത്രം രേഖപ്പെടുത്തി വച്ച നുണകളിലേക്ക് ചുഴിഞ്ഞു നോക്കുന്നു. അതുകൊണ്ടാണ് വാക്കിന്‍റെ വിചിത്രലീലകൊണ്ടെഴുതിയ കവിതകളാണ് ഈ പുസ്തകത്തിലുള്ളതെന്ന് നേരത്തേ സൂചിപ്പിച്ചത്.
     ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം എന്ന കവിതയിൽ, മനുഷ്യനാർജ്ജിച്ച  പ്രകൃതിവിരുദ്ധമായ ജീവിതരീതിയുടെ ഉറച്ചുപോയ ശരീരഭാഷയായി കവി ഇരിപ്പിനെ പരിചയപ്പെടുത്തിയിട്ട് ഇരിപ്പെന്ന ക്രിയാനാമത്തിന്‍റെ പ്രയോഗവൈവിധ്യങ്ങൾ ഇത്തിരി നർമ്മത്തിൽ നിരത്തിവയ്ക്കുന്നു.
നമ്മുടെ ആലോചനകളെല്ലാം
ഇരിപ്പിനെക്കുറിച്ചാണ്
അവൾ കാണാൻ എങ്ങനെയിരിക്കും?
ഭൂമി ഉരുണ്ടുതന്നെ ഇരിക്കുകയായിരിക്കുമോ?
പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശരിയോ?  .....
     എന്നിങ്ങനെ.
   എന്നാൽ നടക്കുമ്പോഴും എഴുതുമ്പോഴും ആലോചിക്കുമ്പോഴും നമ്മൾ ഇരിക്കുകയാണെന്ന് കവി എഴുതുമ്പോൾ  പറയാൻ ഉദ്യമിക്കുന്നത് അകമേയുള്ള കുടിയിരിപ്പുകളെക്കുറിച്ചാണ്. ചരിത്രം ഇരിപ്പിന്റെ മാത്രം കഥ പറയുന്നു. സിംഹാസനത്തിലിരുന്നവരുടെയും ഇറക്കി വിടപ്പെട്ടവരുടെയും കഥകൾ. ഇരിപ്പ് അദ്ധ്വാനത്തിന്‍റെ എതിർപക്ഷത്തു നിൽക്കുന്ന അധികാരത്തിന്‍റെ നിഷ്ഠുരമായ ശരീര ഭാഷയും മനോഭാവവുമാണെന്ന പ്രത്യയശാസ്ത്ര ദർശനത്തിലേക്ക് കവിത അതിവേഗം വളരുന്നു.ഇരിപ്പിന്‍റെ നേർവിപരീതമാണ് ചലനം,അദ്ധ്വാനം. അത് പ്രകൃതിദത്തമായ ജന്മവാസനയാണ്. ഇരിപ്പിൽ നിന്നു മാറുമ്പോൾ നമ്മൾ പ്രകൃതിയിലേക്കു മാറുകയാണ്.കാരണം പ്രകൃതിയിൽ മനുഷ്യനല്ലാതെ ഇരിപ്പു ശീലമാക്കിയ മറ്റൊരു ജന്തുവുമില്ല.
അതാ മരത്തിലൊരു കിളി,
അല്ലെങ്കിൽ
നിരത്തിലൊരു നായയിരിക്കുന്നു
എന്നു പറഞ്ഞു കഴിയുമ്പോഴേക്കും
കിളി പറന്നുപോയിരിക്കും.
നായ നടന്നു കഴിഞ്ഞിരിക്കും.
     എന്ന് കവിതയുടെ ആരംഭത്തിൽ തന്നെ കവി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ഇരിപ്പിൽ നിന്നു മാറുമ്പോൾ മനുഷ്യനും പ്രകൃതിയിലേക്കു തിരിച്ചു പോവുകയാണ്.
വിറകുവെട്ടിയിൽ
ഇരയെ കീഴ്പ്പെടുത്തുന്ന
സിംഹത്തിന്റെ ചലനമുണ്ട്.
കൊയ്ത്തുകാരിൽ
മേയുന്ന ആട്ടിൻപറ്റത്തിന്റെ
വേവലാതിയുണ്ട്.
മരം കയറിയിൽ വാനര വഴക്കമുണ്ട്.
നീന്തൽക്കാരനിൽ മത്സ്യമുണ്ട്.

ആരും അപ്പോഴതറിയില്ല.അല്പം കഴിഞ്ഞു രക്തം പൊടിക്കുമ്പോൾ മനസ്സിലാവും,നമ്മുടെ കാപട്യം അല്ലെങ്കിൽ ചിത്തദൗർബല്യം ഇതാ ആക്രമിക്കപ്പെട്ടിരിക്കുന്നു.വർത്തമാനത്തിലും കവിതയിലും ഒരുപോലെ വന്നുനിറയുന്ന സൗന്ദര്യാത്മകമായ ബുദ്ധിപരതയാണ് സാബുവിന്‍റെ മൗലികത.

    ചലിക്കുമ്പോൾ , അദ്ധ്വാനിക്കുമ്പോൾ മനുഷ്യനും പ്രകൃതിയുടെ ഭാഗമാവുകയാണ്.  എന്നാൽ മനുഷ്യന്റെ അദ്ധ്വാനം ഈ ലോകത്തെ പുതുക്കിപ്പണിയുന്നു. ഉഴുതുവിതയ്ക്കുന്നതിന്റെയും കൊയ്തു മെതിക്കുന്നതിന്റെയും വിപരീതമാണ് ഇരുന്നുണ്ണുക എന്നത്.അദ്ധ്വാനത്തിൽ നിന്ന് വിരമിച്ച് ഇരുന്നുണ്ണാനാണ് നമുക്ക് കൊതി. ആശയങ്ങൾ കൊണ്ടും അദ്ധ്വാനം കൊണ്ടും ലോകത്തെ മാറ്റിമറിച്ചവരെയെല്ലാം നമ്മൾ ചില ഇടങ്ങൾ കണ്ടെത്തി ഇരുത്താൻ തുടങ്ങി എന്നതാണ് സത്യാനന്തരകാലത്തെ ജീവിതവൈപരീത്യം. ബുദ്ധനും ഗാന്ധിയും പരമഹംസരും ശ്രീനാരായണ ഗുരുവുമെല്ലാം അങ്ങനെ ഇരുത്തപ്പെട്ടതിന്റെ വിഷാദപൂർണ്ണമായ കാഴ്ചകൾ തൊട്ടു കാണിച്ചുകൊണ്ടാണ് ഇരിപ്പിന്റെ വാഗ്‌ലീല സമാപിക്കുന്നത്.
      ഭാഷയുടെ ഇതേ സാധ്യതകൾ വീണ്ടും പരീക്ഷിച്ചു വിജയിക്കുന്ന മൂന്നു കവിതകളാണ് ആവിഷ്കാരം,വാൽ,കൊഴുപ്പ് എന്നിവ.

നിന്റെ പീലിക്കണ്ണുകളിൽ ആരാണു
കടമ്പിൻ ചോലകൾ ആ വിഷ്കരിച്ചത് ?
എന്നു ചോദിച്ചുകൊണ്ട്
അവൻ അവളുടെ കവിളിൽ
ഒരു മുത്തം ആ വിഷ്കരിക്കുന്നു...

കുളം മീനിനേയും മീൻ കുളത്തേയും
ആവിഷ്കരിക്കുന്നുണ്ട്.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്കരിക്കുന്നു.
       ആവിഷ്കാരങ്ങൾ കൊണ്ടു ലോകം നിറയുന്നു. ചിലർ സ്വയം ആവിഷ്കരിക്കുമ്പോൾ ചിലർ മറ്റുള്ളവർക്ക് ആവിഷ്കരിച്ചു കൊടുക്കുന്നുവെന്ന  വർത്തമാനകാല സാംസ്കാരികലോക ജീർണ്ണതയിലേക്ക് കൂർത്ത ഒരമ്പ് സാബു തൊടുത്തുവിടുന്നു.
     വാൽ എന്ന കവിതയിൽ
'ആരുടെയും വാലാകാത്തതിനാൽ
എനിയ്ക്കു വാലല്പം കൂടുത'ലെന്ന്
ഒരേ വാക്ക് അർത്ഥത്തിന്റെ ഇരട്ടമുഖവുമായി പ്രത്യക്ഷപ്പെടുകയും പിന്നെയതു പത്തു മുഖമായി പെരുകുകയും ചെയ്യുന്ന കാഴ്ച എത്ര രസകരമായാണ് സാബു ചിത്രീകരിക്കുന്നത്! കൗമാരത്തിൽ ഒപ്പം കൂടിയ പെണ്ണിനോട് നീയെന്തിനാ അവന്റെ വാലാകുന്നത് എന്ന് അമ്മ ചോദിക്കുന്നു. ഇന്ന് അവളുടെ വാലായി അവനും മക്കളും മുന്നിലെത്തുമ്പോൾ കാലം കാതുകത്തോടെ അതു നോക്കി നിൽക്കുന്നു. പലദിശയിൽ വെട്ടിത്തിരിഞ്ഞു കൊണ്ടുള്ള പൊരുളിന്റെ ഈ വാലാട്ടം വായനക്കാർ കവിതയിൽ നിന്ന് നേരിട്ട് തന്നെ അനുഭവിക്കുക.
      തിന്നതിന്‍റെ വാശിയും വെന്നതിന്‍റെ ബാക്കിയുമായി ഉടലിലും ഉള്ളിലും അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ പല ആംഗിളിൽ അടയാളപ്പെടുത്തുന്ന കവിതയാണ് കൊഴുപ്പ്. വാക്കിലും നോക്കിലും ചിന്തയിലും ഭാവനയിലും അടിഞ്ഞ കൊഴുപ്പ് അലിയിച്ചുകളയാനാകാതെ മ്യൂസിയം വളപ്പിൽ വ്യർത്ഥമായ നടപ്പ് പുരോഗമിക്കുന്നു.
കാടിറങ്ങി വന്ന വിശപ്പിനെ തൊഴിച്ചു കൊല്ലും കൊഴുപ്പേ ഒഴിഞ്ഞുപോ എന്ന  ശാസനയോടെ കവിത ഉപസംഹരിക്കുമ്പോൾ നിസ്സഹായരോടുള്ള പരിഷ്കൃതജനതയുടെ  നിർദ്ദയത്വത്തിന്റെ ഇരുണ്ട ശേഷിപ്പു തന്നെയായി കൊഴുപ്പ് വായനക്കാരനിൽ വന്നടിഞ്ഞു ഭാരപ്പെടുത്തുന്നു. വാക്കു കൊണ്ട് സാബു നടത്തുന്ന ഈ കളികളെല്ലാം തന്നെ അന്യമാകുന്ന സത്യത്തെയും ജീവിത മൂല്യങ്ങളെയും നിലനിർത്താനുള്ള മാനവികമായ ഉദ്യമം തന്നെയാണെന്ന് നമ്മൾ തിരിച്ചറിയുന്നു.
      മുപ്പത്തഞ്ചു കവിതകളുള്ള ഈ പുസ്തകത്തിലെ ഏഴോളം കവിതകളിൽ സമകാലകവിത തന്നെ വിഷയമാകുന്നു. വ്യാജരചനകൾ കുന്നു കൂടുകയാൽ ആഴ്ചപ്പതിപ്പുകളിൽ കവിത പ്രിന്‍റുചെയ്തുവരുന്ന താളുകൾ വായനക്കാർ അലസമായി മറിച്ചുവിടുകയാണ്. കവിതയെക്കുറിച്ചുള്ള ചർച്ചാവേദികളും സർഗ്ഗാത്മകതയും ബുദ്ധിപരമായ സത്യസന്ധതയുമില്ലാത്ത വന്ധ്യമായ ഇടങ്ങളായി മാറിക്കഴിഞ്ഞു. ഈ ജീർണ്ണതയെ , അപചയത്തെ രൂക്ഷപരിഹാസത്താൽ ആക്രമിച്ചുകൊണ്ട് സാബു  സാഹിത്യചരിത്രപരമായ തന്‍റെ കടമ കൃത്യമായി നിറവേറ്റുകയാണ്.

ഞാൻ കവിതയുടെ നെറ്റിയിൽ
തൊട്ടു നോക്കി ,
ഞെട്ടിപ്പോയി;
മരവിപ്പിക്കുന്ന തണുപ്പ്.
"നിങ്ങൾ ഈ ബോർഡിലെ
എഴുത്തുകൾ മായ്ക്കണം
എന്നിട്ട് അവിടെ
കവിതയുടെ മോർച്ചറി എന്നെഴുതണം"
ക്ഷോഭത്തോടെ ഞാൻ പറഞ്ഞു.

അപ്പോൾ വിദഗ്ദ്ധരിൽ ഒരാൾ
അതൊരു നല്ല ആശയമാണല്ലോ
എന്നു പറഞ്ഞുകൊണ്ട്
വേഗം ഡയറിയിൽ അതു കുറിച്ചെടുത്തു.
   സർഗ്ഗാത്മകമായ ദാരിദ്ര്യത്തെ  ഇതിനേക്കാൾ ആഴത്തിൽ എങ്ങനെ പരിഹസിക്കും?
       പൊട്ടിയമ്മ, കുശണ്ണൻ ,മണിയക്ക എന്ന പാഠം എന്നീ കവിതകളിൽ പ്രാദേശിക ജീവിതത്തിന്റെ തനതു മണ്ണിൽ നിന്ന് ഉയിരെടുത്ത ചില കഥാപാത്രങ്ങളെ നമ്മൾ പരിചയപ്പെടുന്നു. കാപട്യമറിഞ്ഞു കൂടാത്ത മനസ്സും ത്യാഗത്തിന്റെ ഉപ്പുനീർ കിനിയുന്ന ജീവിതവുമാണ് അവരുടേത്.കുട്ടിക്കാലം മുതൽ കവിയെ അകമേ പിന്തുടരുന്ന ഈ നിസ്വജന്മങ്ങൾക്ക് വാഗ്രൂപം നൽകുക വഴി ഉള്ളിൽ വിങ്ങിനിൽക്കുന്ന വൈകാരികലോകത്തിന് കവി സ്വയം അറിയാതെ ഒരു സമീകരണം തേടുന്നുണ്ടാകാം.
     ഈ കവിതകളെല്ലാം വായിച്ചു കഴിയുമ്പോൾ എഴുത്ത് സ്വയം  എഴുത്തുകാരൻ തന്നെയായിത്തീരുന്ന രീതീശാസ്ത്രം ഓർത്തുപോകും.സാബുവിനെ നേരിട്ട് പരിചയമുള്ളവർക്ക് അദ്ദേഹത്തിന്‍റെ വർത്തമാന രീതിയുടെയും ശരീര ഭാഷയുടെയും സ്റ്റൈലൈസേഷൻ ഈ കവിതകളിൽ നിശ്ചയമായും കാണാനാവും. ജീവിതവൈരുദ്ധ്യങ്ങളെക്കുറിച്ച് സൗമ്യമായി, സൂക്ഷ്മമായി, ഉള്ളിൽ നിന്നും വന്നുനിറയുന്ന നർമ്മഭാവത്തോടെ  സാബു സംസാരിക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്. ഈ പുസ്തകത്തിലെ കവിതകൾ സാബുവിനെപ്പോലെ നീട്ടിയും കുറുക്കിയും ധ്വനിപ്പിച്ചും വിരുദ്ധോക്തികൾ കൊണ്ട് ഊറിച്ചിരിച്ചും ബൗദ്ധികമായ ഉൾക്കാഴ്ചയുടെ പ്രകാശം പരത്തുന്നു. സ്വന്തം വർത്തമാനരീതിയിൽ നിന്ന് സ്വന്തം ആഖ്യാനകല കണ്ടെത്തുന്ന വിശിഷ്ടമായ സർഗ്ഗാത്മകതയാണ് ഇത്.അതോടൊപ്പം സൗമ്യമായ കളിവാക്കുകൾ പോലെ തോന്നിപ്പിക്കുന്ന കവിത നമ്മുടെ ദൗർബല്യങ്ങളെ നൈസായൊന്നു പോന്തി വിടും. ആരും അപ്പോഴതറിയില്ല.അല്പം കഴിഞ്ഞു രക്തം പൊടിക്കുമ്പോൾ മനസ്സിലാവും,നമ്മുടെ കാപട്യം അല്ലെങ്കിൽ ചിത്തദൗർബല്യം ഇതാ ആക്രമിക്കപ്പെട്ടിരിക്കുന്നു.വർത്തമാനത്തിലും കവിതയിലും ഒരുപോലെ വന്നുനിറയുന്ന സൗന്ദര്യാത്മകമായ ബുദ്ധിപരതയാണ് സാബുവിന്‍റെ മൗലികത.ആ ബുദ്ധിപരത തേടിച്ചെല്ലുന്ന ഉൾക്കാഴ്ചകളുടെ ലോകം മലയാളകവിതയ്ക്ക് ഏറെ വിലപ്പെട്ടതാണ്.


Comments
* The email will not be published on the website.