സ്കൂൾ മുറ്റത്തെ ഗാന്ധി

കവിത
കുറിഞ്ചിലക്കോട് ബാലചന്ദ്രൻ


ജനിച്ച്
ഏറെ കഴിഞ്ഞാണ്
അച്ഛനെന്നിൽ
ഗാന്ധിയെ ജനിപ്പിച്ചത്...!

പലവ്യഞ്ജനക്കടേടെ വെളീല്
വെറുതേ ചാരി വച്ചിരിക്കുന്ന
ഉപ്പു ചാക്കിൽ

അപ്പൂപ്പനെ
വീട്ടിൽ നിന്നും മുക്കിലേക്കും
തിരിച്ചും തേരാപ്പാരാ നടത്തിച്ച
ഊന്നു വടിയിൽ

അമ്മൂമ്മ
വെറ്റേം പാക്കും പൊകേലഞെട്ടും
തുറന്ന കടലാസ് പൊതിയിൽ നിന്ന്
കുനു കുനു നുള്ളിപ്പറക്കിയ
വട്ടക്കണ്ണടയിൽ

വല്യച്ഛൻ
അന്തിയാവോളം
മരച്ചീനിക്ക് കെളച്ച
അർധ നഗ്നതയിൽ

ആഗസ്റ്റ് 15 ന്
ഒന്നും മനസ്സിലാവാതെ പാടിയ
ദേശഭക്തി ഗാനത്തിൽ,
വായിൽ ചാളുവയൊലിപ്പിച്ച
മുട്ടായി ഇനുപ്പിലൊക്കെയും
ഒരു ഗാന്ധിപ്രതിമ
വളരുന്നുണ്ടായിരുന്നു...

അച്ഛനോ
ഞാനോ
ഗാന്ധിയെ
കണ്ടിട്ടില്ല;
തൊട്ടിട്ടില്ല
തൊട്ടവരെ
കണ്ടിട്ടുമില്ല

എങ്കിലും
അച്ഛനും ഞാനും പഠിച്ച
പാഠാവലികളിൽ
ഗാന്ധിജിയുണ്ടായിരുന്നു
ദണ്ഡിയിൽ
നവഖലിയിൽ
വൈക്കത്ത്...

പുത്തൻ നോട്ടിലേക്കും
പഴയ തോട്ടിലേയ്ക്കും(thought)
നിങ്ങൾ വഴിമാറി സഞ്ചരിക്കാൻ
തുടങ്ങുംവരെ!

തലമുടി കൊഴിഞ്ഞതിന്‍റെ
വസന്താഘോഷത്തിനാണ്
ഞങ്ങൾ വീണ്ടും
പള്ളിക്കൂടത്തിലെത്തിയത്

മുറ്റത്തൊരു ഗാന്ധി...!

കണ്ണടയുണ്ട്
കണ്ണടഞ്ഞിട്ടുണ്ട്
ചുവട്ടിൽ
ജനനവും മരണവും
കൊത്തി വച്ചിട്ടുണ്ട്

ഹേ,കൊത്തുകാരാ,
ഗാന്ധി മരിച്ചതോ...?

ഒരു നിമിഷം...

മിണ്ടാട്ടമില്ലാത്തവരും
ഒന്നും കേൾക്കാനാവാത്തവരും
കാഴ്ച മങ്ങിയവരുമായ
ഞങ്ങൾ, കുട്ടികൾ
നെഞ്ചിൽ തറച്ച
വെടിയുണ്ടകളുമായി
ചെഞ്ചോര തുപ്പി
ചുവപ്പിക്കാൻ തുടങ്ങുന്നു,
ആ ഗാന്ധിപ്പെരുമയെ...

ഗാന്ധിക്കിപ്പോൾ
ചെമ്പട്ടുടുത്ത കാന്തി!


Comments
* The email will not be published on the website.