വാദിലജബ്‌: മരുഭൂമിയിലെ സ്വർഗീയ താഴ്‌വര.

യാത്ര
താഹ കൊല്ലേത്ത്

"ജീവിതം മരുഭൂമിയിൽ ഒരു സമ്മാനമാണ്; ഒരു നിധിയാണ്; ഒരത്ഭുതമാണ്. ജീവിതം അതിന്‍റെ മഹിമയിൽ: അപൂർവതയുടെ മഹിമ, എല്ലായെപ്പോഴും അത്ഭുതകരം. ഇവിടെയാണ് അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതുപോലൊരു മണൽപ്പരപ്പിൽ, ഇതുപോലെ മാറിവരുന്ന മറ്റു ഭൂഭാഗങ്ങളിലും"   വിശ്രമമില്ലാത്ത യാത്രികനായിരുന്ന മുഹമ്മദ് അസദിന്‍റെ ലോക പ്രശസ്‌ത ഗ്രന്ഥമായ "മക്കയിലേക്കുള്ള പാത" (The road to Mecca)യിൽ മരുഭൂമിയുടെ ആഴവും പരപ്പും സൗന്ദര്യവും വിവരിക്കുന്ന ഒരു ചെറിയ ഭാഗമാണിത്. മരുഭൂമി മനുഷ്യന്‍റെ  ഉള്ളിലേക്കുള്ള ഒരു യാത്രയാണെന്ന് പലപ്പോഴും പറയാറുണ്ട്. അതിന്‍റെ   നിശ്ശബ്ദത, വിശാലത, വന്യത, സൗന്ദര്യം എല്ലാം ഒരുതരം ദർശനമാണ്.
അദ്‌ഭുതപ്പെടുത്തുന്ന പ്രകൃതി സൗന്ദര്യവും മനം മയക്കുന്ന കാഴ്ചകളും കൊണ്ട് മരുഭൂമിയിലെ സ്വർഗീയ താഴ്വരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിസാൻ പ്രവിശ്യയിലെ അതിമനോഹരമായ താഴ്വരയാണ് വാദിലജബ്.
ബഹ്‌റൈനിലെ സഖീർ മരുഭൂമിയുടെ നടുവിൽ നാലു നൂറ്റാണ്ടിലേറെയായി ഒറ്റയ്ക്ക് നിൽക്കുന്ന ജീവന്‍റെ മര (Tree of Life)ത്തെക്കുറിച്ച് പ്രശസ്‌ത എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ വി.മുസഫർ അഹമ്മദാണ് എന്നോട് ആദ്യമായി പറഞ്ഞത്. അറബിയിൽ 'ശജറത്ത് അൽഹയാത്ത്' എന്നറിയപ്പെടുന്ന ഈ മരമുത്തശ്ശിയുടെ അതിജീവനം വലിയൊരു അദ്‌ഭുതമാണ്. സമീപത്തെങ്ങും ശുദ്ധജലസ്രോതസില്ലാത്ത മരുഭൂമിയിലെ ചെറിയൊരു മണൽക്കുന്നിന് മുകളിലാണ് ആ മരം വളരുന്നത്. ചുറ്റും പച്ചപ്പൊന്നുമില്ലാത്ത മരുഭൂമിയിൽ ആ വൻമരം ഒറ്റയാനായി തലയുയർത്തി നിൽക്കുന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസുകളിൽ നിന്ന് വളരെ ആഴത്തിലുള്ള വേരുകളിലൂടെ ഈ മരം ജീവജലം കണ്ടെത്തുന്നുണ്ടാകാം. അറേബ്യയിലെ മരുഭൂമികളുടെ തൊട്ടടുത്തുതന്നെ അദ്‌ഭുതപ്പെടുത്തുന്ന താഴ്വരകളും അരുവികളും പ്രകൃതി രമണീയമായ ഇടങ്ങളും ചിലപ്പോൾ നമുക്ക് കണ്ടെത്താനാകും. സൗദിയിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന ജിസാൻ പ്രവിശ്യയിലെ മരുഭൂപ്രദേശങ്ങളുടെ സമീപവും കുളിരണിയിക്കുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും സമൃദ്ധമായ പച്ചപ്പു നിറഞ്ഞ പ്രകൃതിയുടെ അതിശയകരമായ അനേകം കാഴ്ച്ചകൾ കാണാൻ കഴിയും. ജിസാനിലെ ഭൂപ്രകൃതിയുടെ വിസ്മയകരമായ ഈ വൈരുധ്യം ഞാൻ അടുത്തറിയുന്നത് 2006 ൽ വി.മുസഫർ അഹമ്മദിനൊപ്പം ജിസാനിൽ നടത്തിയ യാത്രകളിലാണ്. വർഷങ്ങളായി ജിസാനിൽ ജോലി ചെയ്യുന്ന എനിക്ക് ജിസാനിലെ ഭൂപ്രകൃതിയുടെയും മരുഭൂമിയുടെയും ശക്തിസൗന്ദര്യങ്ങൾ ബോധ്യപ്പെട്ടതും അദ്ദേഹത്തോടൊപ്പമുള്ള ആ യാത്രയിലാണ്.  
മരുഭൂമി മനുഷ്യന്‍റെ  ഉള്ളിലേക്കുള്ള ഒരു യാത്രയാണെന്ന് പലപ്പോഴും പറയാറുണ്ട്. അതിന്‍റെ   നിശ്ശബ്ദത, വിശാലത, വന്യത, സൗന്ദര്യം എല്ലാം ഒരുതരം ദർശനമാണ്ജിദ്ദയിൽ നിന്നെത്തിയ മുസഫർ അഹമ്മദ് അന്ന് ഒരാഴ്ചയോളം എന്നോടൊപ്പം ജിസാനിൽ താമസിച്ചാണ് യാത്രകൾ നടത്തിയത്. ചെങ്കടലിലെ പ്രശസ്‌തമായ ഫറസാൻ ദ്വീപിലും ഫിഫ മലനിരകളിലും ജിസാനിലെ മരുഭൂമികളിലുമെല്ലാം അദ്ദേഹത്തിനൊപ്പം യാത്രചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. ജിദ്ദയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ്‌ ദിനപത്രത്തിന്‍റെ എഡിറ്ററായിരുന്ന അദ്ദേഹം അക്കാലത്ത് സൗദിയിലുടനീളം പലപ്പോഴായി നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് "മരുഭൂമിയുടെ ആത്മകഥ" എന്ന കൃതി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആ പുസ്തകത്തിൽ പല അദ്ധ്യായങ്ങളിലായി ജിസാനിലെ യാത്രാനുഭവങ്ങൾ അദ്ദേഹം കാവ്യാത്മകമായി വിവരിക്കുന്നുണ്ട്. ഞങ്ങൾക്ക് അന്ന് കാണാൻ കഴിയാതെ പോയ പ്രകൃതിയുടെ വിസ്മയകരമായൊരു ഒരിടമായിരുന്നു വാദി ലജബ്‌. അദ്‌ഭുതപ്പെടുത്തുന്ന പ്രകൃതി സൗന്ദര്യവും മനം മയക്കുന്ന കാഴ്ചകളും കൊണ്ട് മരുഭൂമിയിലെ സ്വർഗീയ താഴ്വരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിസാൻ പ്രവിശ്യയിലെ അതിമനോഹരമായ താഴ്വരയാണ് വാദിലജബ്.
ജിസാനിലെ പ്രവാസ ജീവിതത്തിനിടയിൽ വാരാന്ത്യ അവധികളിൽ പലപ്പോഴും വാദിലജബിലേക്ക് പോകണമെന്ന് ഞാനും കുടുംബവും ആഗ്രഹിച്ചിരുന്നു. ഓരോ തവണയും പലതരം അസൗകര്യങ്ങൾ നിമിത്തം താഴ്വരയിലേക്കുള്ള യാത്ര വർഷങ്ങൾ നീണ്ടു. ഇക്കഴിഞ്ഞ വർഷം നവംബറിലെ ഒരു വെള്ളിയാഴ്ച്ചയാണ് ഞാനും ലീമയും മകൾ എട്ടാം ക്ലാസുകാരി ഖദീജയുമായി ആദ്യമായി വാദിലജബിലേക്ക് യാത്രതിരിച്ചത്.  

ജിസാൻ നഗരത്തിന് വടക്ക് കിഴക്ക് 130 കിലോമീറ്റർ അകലെ അൽറെയ്ത്തിനടുത്ത് സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അൽഖഹർ  മലനിരകൾക്കിടയിലുള്ള താഴ്വരയാണ് പ്രകൃതിയുടെ വിസ്‌മയമായ വാദിലജബ്‌. ജിസാൻ ബെയിഷ് നാഷണൽ ഹൈവേയിൽ മഹല്ലയിൽ നിന്ന് തിരിഞ്ഞ് അൽഹക്യു വഴി അൽറെയ്ത്തിലെത്തി അവിടെനിന്ന് 30 കിലോമീറ്ററിലധികം ഇടുങ്ങിയതും ചെങ്കുത്തായതുമായ ചുരവും മലഞ്ചരുവുകളും കടന്നെത്തിയാലേ വാദിലജബിലെത്താൻ കഴിയൂ. അൽഖഹർ അൽസഹ് വാൻ മലനിരകളുടെ ഇടയിൽ 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള പാറക്കെട്ടുകൾക്കിടയിൽ പ്രകൃതിദത്തമായി രൂപപ്പെട്ട വിള്ളലിലൂടെ അഞ്ചു കിലോമീറ്ററോളം ദുർഘടമായ വഴി താണ്ടിയാണ് താഴ്വരയിലെത്തേണ്ടത്.  മനം കുളിർപ്പിക്കുന്ന നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി വാദിലജബിൽ പ്രകൃതിയൊരുക്കിയിരിക്കുന്നത്. മരുഭൂമിയും പർവ്വതങ്ങളും ചെറുവനങ്ങളുമെല്ലാം ചേർന്ന് പകരം വെക്കാനില്ലാത്ത യാത്രാനുഭങ്ങൾ പകരുന്ന സൗദിയിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രമാണ് വാദിലജബ്‌. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും തിളങ്ങുന്ന അരുവികളും ചെറുവെള്ളച്ചാട്ടങ്ങളുമെല്ലാം വാദിലജബിന്‍റെ  സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വ്യത്യസ്‌തമായ ഭൂപ്രകൃതിയും ജീവജാലങ്ങളും സസ്യലതാദികളുമുള്ള ഈ താഴ്വരയുടെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം.

ജിസാനിൽ നിന്ന് അതിരാവിലെ തന്നെ ഞങ്ങൾ മഹല്ലയിലെത്തി. അവിടെ നിന്ന് അൽഹഖ്യു വഴി അൽറെയ്തിലേക്ക് എത്തിയപ്പോൾ വാദിലജബിലേക്കുള്ള കവാടം കണ്ടു. 30 കിലോമീറ്റർ കൂടി മുന്നോട്ടുള്ള യാത്ര അത്ഭുതങ്ങളുടെ തുടക്കമായിരുന്നു. ചെറുവളവുകളിലൂടെ ഉയരുകയും താഴുകയും ചെയ്യുന്ന കൂർത്ത മലമടക്കുകൾ, ഇടയ്ക്കിടെ കല്ലു ചിതറുന്ന പാതകൾ, ചുവപ്പും തവിട്ടും കലർന്ന പാറയുടെ നിറ വിന്യാസങ്ങൾ തുടങ്ങിയവയെല്ലാം പുതിയ അനുഭവം പകർന്നു. വഴിയിലെ ഓരോ വളവിനപ്പുറവും കാത്തിരിക്കുന്ന പുതിയ കാഴ്ചകൾ ഞങ്ങളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പാറകളുടെ ഇടയിലൂടെ വീശിയെത്തുന്ന തണുത്ത കാറ്റ്, സൂര്യപ്രകാശം പാറക്കെട്ടുകളിൽ തീർത്ത സുവർണനിറം, അകലെയൊരിടത്ത് വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം എല്ലാം ചേർന്ന് ഞങ്ങളുടെ മനസ്സിൽ ഒരു മായാജാലം തീർത്തു. വാദിലജബിൽ കയറിത്തുടങ്ങുമ്പോൾ, പ്രകൃതി തന്‍റെ മൃദുലമായ മുഖം തുറന്നു കാണിക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി. ഇടുങ്ങിയ പാറക്കുഴികളിലൂടെ ഒഴുകുന്ന നീരൊഴുക്ക്, പാറകളിൽ പതിയുന്ന ചെറുവെള്ളച്ചാട്ടങ്ങൾ, കുളിരു പകരുന്ന ചെറുതടാകങ്ങൾ എല്ലാം ചേർന്ന് ഒരു സ്വർഗ്ഗാനുഭൂതി പകർന്നു. താഴ്വരയിൽ നടക്കുമ്പോൾ പാറകളുടെ ഇടയിലൂടെ സൂര്യരശ്മികൾ കടന്നു വരുന്നതു കാണാം. ആ പ്രകാശരശ്മികൾ വെള്ളത്തിൽ പതിയുമ്പോൾ ചിതറിയ വജ്രകണികകളായി തിളങ്ങി. കാറ്റിന്റെ മൃദുചലനത്തിൽ ജലകണങ്ങൾ മുഖത്ത് തട്ടിയപ്പോൾ, മരുഭൂമിയുടെ ചൂട് മറന്ന് മനസിനെയും ശരീരത്തെയും കുളിരു മൂടുന്നതായി തോന്നി. താഴ്വരയിലെ പാറകളുടെ മുകളിൽ വളരുന്ന ചെറിയ ചെടികളും മരങ്ങളും കണ്ടപ്പോൾ അത്ഭുതം തോന്നി. ഇതുവരെ എങ്ങും കണ്ടിട്ടില്ലാത്ത സസ്യലതാദികൾ. ചിലതിന്‍റെ വേരുകൾ പാറക്കുഴികളിൽ നിന്നും വെള്ളം തേടി ദീർഘമായി സഞ്ചരിക്കുന്നത് കാണാം.
പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും തിളങ്ങുന്ന അരുവികളും ചെറുവെള്ളച്ചാട്ടങ്ങളുമെല്ലാം വാദിലജബിന്‍റെ  സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വ്യത്യസ്‌തമായ ഭൂപ്രകൃതിയും ജീവജാലങ്ങളും സസ്യലതാദികളുമുള്ള ഈ താഴ്വരയുടെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം.
താഴ്വരയിലെ ചെറു വെള്ളച്ചാട്ടങ്ങളും പാറകളിൽ വളരുന്ന മരങ്ങളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതി ഒരുക്കുന്ന കാഴ്ച്ചകളും അവിസ്മരണീയമായ അനുഭവം നൽകി. സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന അരുവികളും കണ്ട് താഴ്വരയിലൂടെയുള്ള കാൽനടയാത്ര മനസിനും ശരീരത്തിനും കുളിർമ പകർന്നു. ഇടുങ്ങിയതും ആഴമുള്ളതുമായ താഴ്‌വരയിലെ ചില പ്രദേശങ്ങളിലെ വ്യൂപോയിന്റുകൾ അതിശയകരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചു. താഴ്വരയിലെ യാത്രയിൽ മലകയറ്റവും പാറകയറ്റവും നീന്തലും മീൻ പിടുത്തവുമൊക്കെ ഇഷ്‌ടംപോലെ നടത്താം. റോക്ക് ക്ളൈമ്പിങ്ങിന് ജിസാൻ വിനോദ സഞ്ചാര വികസന കൗൺസിലിൻറെ അംഗീകൃത സ്ഥലമാണ് വാദിലജബ്‌. ട്രെക്കിംഗ് പ്രേമികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഏറെ അനുയോജ്യമായ സ്ഥലമാണ് വാദിലജബ്‌. ഏറെ അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലം കൂടിയാണിത്. റോക്ക് ക്ലൈംബിംഗ്, ഹൈക്കിംഗ്, നീന്തൽ, ട്രക്കിംഗ് എന്നിവയ്ക്ക് അനുയോജ്യമായ വസ്‌ത്രങ്ങളും പാദരക്ഷകളുമൊന്നും കൈയിൽ കരുതാത്തതിനാൽ ഞങ്ങൾ എല്ലാം കണ്ടും കേട്ടും താഴ്വരയിൽ കൂടി വെറുതെ നടന്നു. മകൾ ഖദീജ ഒരദ്‌ഭുതലോകത്തെത്തിയപോലെ ഞങ്ങൾക്കൊപ്പം പലതരം കുസൃതിത്തരങ്ങളുമായി ഓടിച്ചാടി നടന്നു. കൈയിലിരുന്ന തോർത്തുമുണ്ടു കൊണ്ടു ചെറുതടാകങ്ങളിൽ നിന്ന് ചെറുമീനുകളെ അവൾ കോരിയെടുത്തു. അവൾ തടാകത്തിൽ ഉത്സാഹത്തോടെ നീന്തിക്കുളിക്കുന്നത് ഞാനും ലീമയും ഏറെനേരം നോക്കിനിന്നു. മുന്നോട്ടുള്ള യാത്രയിൽ ഇടയ്ക്കിടെ മരച്ചുവടുകളിലിരുന്ന് കൈയിൽ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ചു ഞങ്ങൾ വിശ്രമിച്ചു.
സൗദിയിലെ ഏറ്റവും കഠിനമായ പാറകളാണ് വാദിലജബിലുള്ളത്.ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത സ്‌ഫോടനങ്ങളെത്തുടർന്ന് ഭൂമിയുടെ ഉപരിതലത്തിൽ രൂപപ്പെട്ട ആഗ്നേയശിലകൾക്ക് രൂപമാറ്റം വന്ന കഠിനമായ ശിലകളാണ് വാദിലജബിലെ അൽഖഹർ മലനിരകളിലുള്ളത്. അതിപുരാതന കാലത്തു തന്നെ അറേബ്യൻ മേഖലയിൽ ജനജീവിതം തുടങ്ങിയ പ്രദേശങ്ങളിലൊന്നാണ് വാദിലജബെന്ന് സൗദി ചരിത്ര ഗവേഷകനായ ഡോ.ഹാദി അലിയുടെ ഗവേഷണ പ്രബന്ധങ്ങളിൽ പറയുന്നു. ഇവിടുത്തെ കുന്നുകളിൽ നിന്നും പാറകളിൽ നിന്നും ചരിത്രാതീത കാലത്തെ ഫോസിലുകൾ സൗദി ജിയോളജി വിഭാഗം കണ്ടെത്തിയിരുന്നു. സൗദി ആർക്കിയോളജിക്കൽ വിഭാഗവും ജിയോളജിക്കൽ സർവേയും വാദിലജബിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭൂമിയിലെ മനുഷ്യന്‍റെ ഉത്ഭവത്തോളം പഴക്കവും ചരിത്രവുമുള്ള ഒരു ഭൂപ്രദേശത്ത് എത്തിച്ചേർന്നതിൻറെ അഭിമാനവും ആഹ്ലാദവും താഴ്‌വരയിൽ നിന്നപ്പോൾ എനിക്ക് തോന്നി.

വിശ്വപ്രസിദ്ധമായ അറേബ്യൻ പ്രണയകഥയായ ലൈല മജ്‌നൂൻ കഥയിലെ നായകൻ, പ്രണയം കൊണ്ട് ഭ്രാന്തനായ ബദൂയൻ കവി ഖൈസിന്‍റെ  ജന്മദേശം വാദിലജബിലെ അൽറെയ്ത്ത് മലനിരകളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. മജ്‌നൂൻ എന്നാൽ അറബിയിൽ ഭ്രാന്തൻ എന്നാണ് അർത്ഥം. പ്രണയവും വിരഹവുമായി ലൈലയെത്തേടി മരുഭൂമിയിൽ ഭ്രാന്തനായി അലഞ്ഞുതിരിഞ്ഞ ഖൈസ് മജ്‌നൂനായത് അങ്ങനെയാണ്. കവിയും കാമുകനും ഭ്രാന്തനുമെല്ലാം തീവ്രമായ പ്രണയത്തിന്‍റെ  അവസ്ഥാന്തരങ്ങളാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ അനശ്വര കാമുകൻ. ലൈലയെ കാണാൻ കഴിയാതെ ഭ്രാന്തമായി അലയുകയും മരുഭൂമിയിലെ കല്ലുകളിൽ അവൾക്കായി കവിത കുറിക്കുകയും ചെയ്‌ത ഭ്രാന്തൻ കവി മജ്‌നൂനിന്‍റെ കാൽപ്പാടുകൾ തേടുകയായിരുന്നു വാദിലജബിൽ എന്‍റെ  മനസ്സ്. മജ്‌നൂനിൻറെ പ്രണയ നായിക ലൈല താമസിച്ചിരുന്നതായി കരുതുന്ന ലൈല അഫ്‌ലജ് ഗ്രാമത്തിലേക്കുള്ള യാത്ര ഒരു പ്രണയ കവിതപോലെ വി.മുസഫർ അഹമ്മദ് "മരുഭൂമിയുടെ ആത്മകഥ"യിൽ വിവരിക്കുന്നുണ്ട്. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അഫ്‌ലജ് നഗരത്തിലെ ലൈല ഗ്രാമവും ലൈല കുളിക്കാൻ വന്നിരുന്നുവെന്ന് പറയുന്ന ലൈലാക്കുളം എന്ന വറ്റിവരണ്ടുപോയ പുഴയെക്കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നുണ്ട്. വാദിലജബിൻറെയും ലൈലയുടെയും സൗന്ദര്യത്തെ ഭ്രാന്തമായി പ്രണയിച്ച നാടോടി കവി ഖൈസ് എന്ന അനശ്വര കാമുകൻറെ ഓർമ്മകളും ആ ദുരന്ത പ്രണയവുമെല്ലാം ഒരു ഇളം കാറ്റുപോലെ മനസിലേക്ക് ഒഴുകിയെത്തി.
വാദിലജബ് സന്ദർശിക്കാൻ ഉചിതമായ സമയം പ്രഭാതമാണ്. രാവിലെ തന്നെ അവിടെയെത്തി വൈകുന്നേരം നാലിന് മുമ്പ് മടങ്ങേണ്ടതാണ്.
സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള സ്വദേശികളും പ്രവാസികളും വിദേശവിനോദസഞ്ചാരികളുമടക്കം നൂറുകണക്കിന് സന്ദർശകരാണ് ഈ അപൂർവ താഴ്വരയുടെ കുളിരും മനോഹാരിതയും തേടി ദിനംപ്രതി ഇവിടെയെത്തുന്നത്. ചെറുവെള്ളച്ചാട്ടങ്ങളുടെയും തടാകങ്ങളുടെയും അരുവികളുടെയും നീരുറവകളുടെയും കുളിരുനുകരാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. അനേകം സൗദികളെയും അറബികളെയും യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളെയും ഞങ്ങൾ അവിടെ കണ്ടു. മലയാളികളിൽ ഏറെപ്പേരും ജിദ്ദ, ദമ്മാം, റിയാദ് പോലുള്ള വിദൂര നഗരങ്ങളിൽ നിന്ന് എത്തിയവരാണ്. പലരും കേട്ടറിഞ്ഞ് വന്നവരും മലയാള പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തകളിലൂടെ വിവരം അറിഞ്ഞവരുമാണ്. വാദിലജബിൻറെ ഈ പ്രകൃതി സൗന്ദര്യത്തിന് പിന്നിൽ ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. പാറകളിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടത്തിന്‍റെ ശക്തി ചിലപ്പോഴൊക്കെ അനുമാനിക്കാനാവാത്തതായിരിക്കും. പെട്ടെന്നുള്ള മഴയും കാലാവസ്ഥാവ്യതിയാനവും താഴ്വരയെ അപകടകരമാക്കും. അതുകൊണ്ട് തന്നെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വൈകുന്നേരങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറില്ല. വാദിലജബ് സന്ദർശിക്കാൻ ഉചിതമായ സമയം പ്രഭാതമാണ്. രാവിലെ തന്നെ അവിടെയെത്തി വൈകുന്നേരം നാലിന് മുമ്പ് മടങ്ങേണ്ടതാണ്.
ഞങ്ങൾ വൈകുന്നേരം മൂന്നരയോടെ മലയിറങ്ങി വാദിലജബിൻറെ കവാടത്തിനരികിലുള്ള ഒരു മരച്ചുവട്ടിലേക്ക് വന്നു. കാമറയിലും മൊബൈലിലും രാവിലെ മുതൽ എടുത്ത ചിത്രങ്ങൾ ഓരോന്നായി ഖദീജ ഞങ്ങളെ കാണിച്ചുതന്നു. വെള്ളത്തിന്റെ ഒഴുക്കും പാറകളുടെ ആകൃതിയും ആകാശത്തിന്റെ നീലിമയും ചേർന്നുണ്ടാക്കിയ ഓരോ ഫ്രെയിമും പ്രകൃതിയുടെ ചിത്രശാലപോലെ തോന്നി. സൗദി സുരക്ഷാ ഉദ്യോഗസ്ഥർ സന്ദർശന സമയം കഴിഞ്ഞെന്ന് അറിയിച്ചതോടെ മനസില്ലാമനസോടെ ഞങ്ങൾ മുന്നിലെ പ്രധാന റോഡിലേക്ക് നടന്നുനീങ്ങി. കാറിലേക്ക് കയറിപ്പോഴേക്കും മുഷിഞ്ഞ കുപ്പായമണിഞ്ഞ ഒരു യെമനി വൃദ്ധൻ ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി. കാറിൽ ഇരുന്ന ഞങ്ങൾക്കുനേരെ ദൈന്യമായ നോട്ടത്തോടെ കൈയിലിരുന്ന കുടിവെള്ളക്കുപ്പികൾ നീട്ടി. ആവശ്യമില്ലാതിരുന്നിട്ടും ഞങ്ങൾ വൃദ്ധന് പണം നൽകി വെള്ളക്കുപ്പികൾ വാങ്ങി.
 "തഫദൽ ബിസിയാറത്തിനാ മറത്തൻ ഉഹ്‌റ" (വീണ്ടും വരണേ)  വൃദ്ധൻ വിളിച്ചു പറഞ്ഞു.
"ഇൻഷാ അള്ളാഹ്"   ഞങ്ങൾ മറുപടി പറഞ്ഞു.  
കാർ മുന്നോട്ട് നീങ്ങിയപ്പോൾ വൃദ്ധൻ കറപിടിച്ച പല്ലുകാട്ടി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഞങ്ങൾക്കുനേരെ കൈവീശി. പ്രകൃതിയുടെ നിഷ്‌കളങ്കതയുടെ പ്രതീകമായി ആ ഗ്രാമീണ വൃദ്ധൻറെ മുഖവും വാദിലജബിന്‍റെ  പച്ചപ്പും കുളിരും സൗന്ദര്യവുമെല്ലാം ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞുനിന്നു.
പ്രണയം കൊണ്ട് ഭ്രാന്തനായ ബദൂയൻ കവി ഖൈസിന്‍റെ പ്രണയാർദ്രമായ ഏതോ കവിതാശകലങ്ങൾ വാദി ലജബിലെ കാറ്റിലൂടെ ഒഴുകിവന്ന് അപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.


Comments
* The email will not be published on the website.