
കവിത
പി.എം. ഗോവിന്ദനുണ്ണി
1
മൺമുയലിനെ പുൽത്തകിടിയിൽ വച്ചു
കാട്ടിലേക്കതു ചാടിപ്പോകണം.
പുല്ലടിയിൽ ഒളിച്ചു പാർക്കുന്ന
തേയിപ്പാമ്പ്
അതിനു സ്വൈര്യം കൊടുക്കാത്ത ഉറുമ്പുകൾ
വൈകുന്നേരത്തെ പന്തുകളിക്കാരായ കുട്ടികൾ
അവരൊക്കെക്കാണട്ടെ
ആ പോക്ക്.
2
അവർ മരിച്ചിരിക്കുന്നു
ജലത്തിലേക്ക് ജീവനോടെ
കെട്ടിത്താഴ്ത്തപ്പെട്ടവർ.
ദൃഷ്ടിയിലേക്ക് ചീർത്തു പൊന്തിയത്
മണ്ണാൽ മെനഞ്ഞ
ഒരു മുയലിൻ്റെ ജഢം.
3
മഞ്ഞുതിന്നാൻ വന്ന സൂര്യരശ്മികൾ
പുല്ലിൻ്റെ പച്ചമേൽ.
ഊരിയെടുത്ത കടിഞ്ഞാണുമായി
ഒരു ഭ്രാന്തൻ.
കുട്ടികളവനെ ചത്ത കുതിരയെന്ന് കളിയാക്കും
കളി കഴിയുന്ന മയക്കലിൽ.
4
ഗാനവാഹിനിയായ പക്ഷി
മേലെ പറക്കുമ്പോൾ
അതിൻ്റെ നിഴലിനെ പിൻതുടർന്ന്
ഒരു പൂച്ച.
അതിനു കഴിയില്ലല്ലോ
ഭ്രാന്തൻ
സ്വന്തം പ്രതിബിംബം കൊണ്ടെന്ന പോലെ
തൻ്റെ ഛായയിൽ നിന്ന് വിശപ്പാറ്റാൻ.
5
മൺമുയലിനെ ചുട്ടെടുത്തവനെ
ആരും കണ്ടിട്ടില്ല.
പുൽത്തകിടിമേൽ
അതിനെ വെച്ച കൈകളേയും .
എന്നാൽ
ആ കൈകൾ എൻ്റേതാണ്
എന്നും
മേഘങ്ങളെ തലോടാറുള്ളത്.
6
പന്തിനും കുട്ടികൾക്കും മുമ്പുള്ള സമയം
പുൽത്തകിടി പ്രശാന്തം
ഏതു ഭ്രാന്തിനും അതിന്മേൻ
മലർക്കാം
മുയലുറങ്ങും പോലെ മയങ്ങാം.
7
തേയിപ്പാമ്പിനും
പക്ഷിക്കും
ഭ്രാന്തനും ഉളള ജിവൻ
ആർകൊടുക്കും മൺമുയലിന് ?
അതിനുമാത്രമായി
മരിച്ചു നിൽക്കാൻ വയ്യ
ജീവൻ്റെ ലോകത്ത്
അമ്മ പെറ്റിട്ട അതേ രൂപത്തിൽ .