രാജേഷ്   അവസ്തിയുടെ ആത്മഹത്യ; എന്‍റേയും

ലേഖനം
അനിൽകുമാർ എ വി

നമ്മൾ അതിനായി പോരാടാതിരുന്നാൽ മാത്രമേ പത്രപ്രവർത്തനം മരിക്കൂ, - അത്‌ ഇല്ലാതായാൽ നമ്മുടെ ജനാധിപത്യത്തിന്‌  അന്ത്യംകുറിക്കുമെന്ന്‌  മുന്നറിയിപ്പുനൽകിയത്‌    ലാഭേച്ഛയില്ലാത്ത അമേരിക്കൻ ഓൺലൈൻ വിദ്യാഭ്യാസ ഉറവിടമായ ഇൻസൈറ്റിന്‍റെ  സ്ഥാപകയും അധ്യക്ഷയുമായ    മാർഗരറ്റ് ച്യൂ ബാരിഞ്ചർ. ഒരാൾക്ക് നോവലിസ്റ്റാകാനുള്ള കഴിവില്ലെങ്കിൽ, അഭിഭാഷകനാകാനുള്ള ബുദ്ധിയില്ലെങ്കിൽ, ശസ്‌ത്രക്രിയ  നടത്താൻ  കൈകൾ വിറയ്ക്കുന്നുവെങ്കിൽ, അയാൾ   പത്രപ്രവർത്തകനാവുമെന്ന ഉദ്ധരണി നോർമൻ കിങ്ങ്‌സ്ലി  മെയിലർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായ നാച്ചെം മാലെക് മെയിലറുടേതും.    വിനാശകരങ്ങളായ കോർപ്പറേറ്റ് പുനഃസംഘടനകളിലൂടെ  മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കടുത്ത ഭീഷണികളിലൂടെ കടന്നുപോകുന്ന  ആഗോള മാധ്യമ രംഗത്ത്‌  വൻതോതിലുള്ള പിരിച്ചുവിടലുകളും അടിച്ചേൽപ്പിക്കുകയാണ്‌.     ന്യൂസ് റൂം വെട്ടിക്കുറയ്ക്കലുകളും വിഭവങ്ങൾ നിർമിത ബുദ്ധിയിലേക്ക് തിരിച്ചുവിടുന്നതുമാണ്‌ പ്രധാന കെടുതി.   വാഷിങ്‌ടൺ പോസ്റ്റ് 2026ന്‍റെ  ആരംഭത്തിൽ   മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ടു,   മുന്നൂറിലേറെ  ജേണലിസ്‌റ്റുകൾ.   ഇന്ത്യ, ആസ്‌ത്രേലിയ  തുടങ്ങിയ രാജ്യങ്ങങ്ങളിലെ സ്‌പോർട്‌സ് ഡെസ്‌കുകളും   അന്താരാഷ്ട്ര ബ്യൂറോകളും നിർത്തിയതും    അതിലുൾപ്പെടുന്നു. ബിബിസി ഉൾപ്പെടെയുള്ളവ  കോടിക്കണക്കിന് പൗണ്ട് ലാഭിക്കുന്ന  പദ്ധതികളുടെ ഭാഗമായ നടപടികളും സ്വീകരിക്കുന്നുണ്ട്‌.   അനന്തരഫലമാവട്ടെ  വാർത്താ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് തൊഴിൽ നഷ്ടങ്ങൾ.  ഇന്ത്യയിൽ  സീ എന്റർടൈൻമെന്‍റ് പോലുള്ള ബഹുജന മാധ്യമ കമ്പനികളും വിവിധ എഫ്എം നെറ്റ്‌വർക്കുകളും ബിസിനസ്സ് പുനർനിർമാണത്തിന്റെ   ഫലമായി നൂറുകണക്കിന് ജോലികൾ വെട്ടിക്കുറച്ചു. 

 വാഷിങ്‌ടൺ പോസ്റ്റ് 2026ന്‍റെ  ആരംഭത്തിൽ   മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ടു,   മുന്നൂറിലേറെ  ജേണലിസ്‌റ്റുകൾ.   ഇന്ത്യ, ആസ്‌ത്രേലിയ  തുടങ്ങിയ രാജ്യങ്ങങ്ങളിലെ സ്‌പോർട്‌സ് ഡെസ്‌കുകളും   അന്താരാഷ്ട്ര ബ്യൂറോകളും നിർത്തിയതും    അതിലുൾപ്പെടുന്നു.  

ഡിജിറ്റൽ ഫോർമാറ്റുകളിലേക്കുള്ള മാറ്റം, കോർപ്പറേറ്റ് പുനഃസംഘടന, കോവിഡ്-19 മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആഗോളതലത്തിലും ഇന്ത്യയിലും മാധ്യമപ്രവർത്തകരുടെ കൂട്ട പിരിച്ചുവിടലുകൾക്ക്‌ പിന്നിൽ.   ഈ   മാറ്റങ്ങൾ കടുത്ത തൊഴിൽ അരക്ഷിതാവസ്ഥയിലേക്കും പ്രധാന മാധ്യമ ശൃംഖലകളിൽ നിർബന്ധിത രാജിയിലേക്കും നയിച്ചു.    മീഡിയ ഗ്രൂപ്പുകൾ ബ്യൂറോകൾ അടച്ചുപൂട്ടുകയും പ്രാദേശിക പതിപ്പുകൾ അവസാനിപ്പിക്കുകയും  റിപ്പോർട്ടിങ്‌  ടീമുകളെ  കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ  
180 രാജ്യങ്ങളിൽ ഇന്ത്യ 157-‐ാമത്‌  
കോവിഡ്‌      രാജ്യത്ത്‌ രണ്ടായിത്തി അഞ്ഞൂറിലലധികം പത്രപ്രവർത്തകരെ തൊഴിൽരഹിതരാക്കിയതായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) റിപ്പോർട്ട് എടുത്തുകാണിക്കുന്നു.  അതിൽ 80 ശതമാനത്തെയും  മഹാമാരിയുടെ സമയത്തും   തൊട്ടുപിന്നാലെയും ഉചിതമായ നടപടിക്രമങ്ങളില്ലാതെ  രാജിവയ്ക്കാൻ നിർബന്ധിക്കുകയോ പിരിച്ചുവിടുകയോ ചെയ്തു.  പ്രധാന നെറ്റ്‌വർക്കുകൾ ക്യാമറ ക്രൂ, മാഗസിൻ എഴുത്തുകാർ തുടങ്ങിയ   പഴയ പ്രൊഡക്ഷൻ ടീമുകളെ ക്രമാനുഗതമായി കുറച്ച്‌  മൊബൈൽ, ഡിജിറ്റൽ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  പിരിച്ചുവിടലുകൾക്ക് പുറമേ  ഇന്ത്യയിലെ പത്രപ്രവർത്തകരുടെ വിശാലമായ അന്തരീക്ഷം വളരെ അസ്ഥിരമായി തുടരുന്നു.  റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ലോക  മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ പത്രസ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും   റാങ്കിങ്ങിൽ  180 രാജ്യങ്ങളിൽ ഇന്ത്യ 157-‐ാം സ്ഥാനമെന്ന  ഭയപ്പെടുത്തുന്ന നിലയിലാണ്,  മാധ്യമ സ്വാതന്ത്ര്യവും സർക്കാർ സമ്മർദ്ദവും സംബന്ധിച്ച വെല്ലുവിളികൾ അത് പ്രതിഫലിപ്പിക്കുന്നു.   ഉത്തർപ്രദേശ്,  ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ   പ്രവർത്തിക്കുന്ന,   മൂന്നര പതിറ്റാണ്ടിലേറെ   പാരമ്പര്യമുള്ള   പ്രമുഖ ഹിന്ദി വാർത്താ സ്ഥാപനമാണ് അമൃത് വിചാർ. 2019ൽ    പുതിയ കാഴ്ചപ്പാടും ഡിജിറ്റൽ-   സമീപനവും ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കപ്പെട്ട അത്  ശക്തമായ സാങ്കേതികളാൽ ശാക്തീകരിക്കപ്പെട്ടു. നിലവിൽ ബറേലി, ലഖ്‌നൗ, മൊറാദാബാദ്, കാൺപൂർ, അയോധ്യ, ഹൽദ്വാനി എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അമൃത് വിചാർ എൻസിആറിലേക്കും ഡെറാഡൂണിലേക്കും   വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കയാണ്‌.    പ്രിന്റ്, ഡിജിറ്റൽ, മൾട്ടിമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തവും വളർന്നുവരുന്നതുമായ സാന്നിധ്യവുമുണ്ട്.   വാർത്താ പോർട്ടലിലൂടെ  രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള ഹിന്ദിയിലെ ഏറ്റവും പുതിയ ബ്രേക്കിങ്‌  ന്യൂസുകൾ, ആഴത്തിലുള്ള കവറേജ്, അപ്‌ഡേറ്റുകൾ എന്നിവ  നൽകുന്നു.   ചെലവ് ചുരുക്കലിന്റെ പേരിൽ മുൻകൂർ അറിയിപ്പില്ലാതെ  അമൃത് വിചാർ പത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട 26 മാധ്യമപ്രവർത്തകർ കോടതിയെ സമീപിക്കാൻ തീരുമാനിച്ച 2025 മെയ് 13 ലെ  വാർത്ത  എഡിറ്റോറിയൽ വിഭാഗത്തിന്റെയും   മറ്റ്‌ ജീവനക്കാരുടെയും ഉപജീവനമാർഗം നേരിടുന്ന    അഗാധമായ പ്രതിസന്ധിയുടെ തെളിവായി.   ഏതെങ്കിലും ജീവനക്കാരനെ നീക്കം ചെയ്യുംമുമ്പ് ഒരു മാസത്തെ അറിയിപ്പ് നൽകേണ്ടത് നിർബന്ധമാണ്, എന്നാൽ ഇവിടെ എല്ലാ നടപടിക്രമങ്ങളും കടലാസിൽ മാത്രമാണുള്ളത്‌.    അക്കൗണ്ടുകളോ ലെഡ്ജറുകളോയില്ല.        അമർ ഉജാലയുടെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പരസ്യ വിഭാഗങ്ങളിൽ  ജോലി ചെയ്തിരുന്ന കോർപ്പറേറ്റ് എക്സിക്യൂട്ടീവും  ബിസിനസ് ട്രാൻസ്ഫോർമറുമായ   പുതിയ സിഇഒ     ഡോ. പാർത്ഥോ കുനാർ നഷ്ടം കുറയ്ക്കുന്നതിനും ഉടമകളുടെ പ്രീതി നേടുന്നതിനും നിർബന്ധിതമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പതിപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. മൊറാദാബാദ് എഡിഷൻ  ഇപ്പോൾ നിലവിലില്ല - അച്ചടി ബറേലിയിലാണ്, കൂടാതെ വാർത്താ ഡെസ്കും അവിടെ  കേന്ദ്രീകരിച്ചിരിക്കുന്നു.  ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചൂടേറിയ ആഭ്യന്തര ചർച്ചകളും നടക്കുന്നുണ്ട്. പത്രം നിലനിർത്താൻ ശ്രമിക്കുന്നത് ചുരുക്കം ചില റിപ്പോർട്ടർമാർ മാത്രമാണ്. ദുരൂഹ നടപടികൾക്കും ജീവനക്കാർക്കെതിരായ നീക്കങ്ജൾക്കും  കുപ്രസിദ്ധനായതിനാൽ "മറഞ്ഞിരിക്കുന്ന സിഇഒ’ എന്നാണ്‌ പാർത്ഥോ കുനാർ അറിയപ്പെടുന്നത്‌.    ദില്ലി, മീററ്റ്, ഡെറാഡൂൺ എന്നിവിടങ്ങളിൽ   പുതിയ പതിപ്പുകൾ ഉടൻ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്ത് മാനേജ്‌മെന്റ് ജീവനക്കാരെ അടക്കിയിരുത്താൻ ശ്രമിക്കുന്നുണ്ട്‌.  കൂടാതെ  ബറേലി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി  ചാൻസലറും രോഹിൽഖണ്ഡ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ കോളേജുകളുടെയും സ്ഥാപനങ്ങളുടെയും തലവനും കമ്പനി      സിഎംഡിയുമായ  ഡോ. കേശവ് അഗർവാൾ  ആശുപത്രിയും സ്വകാര്യ മെഡിക്കൽ കോളേജും തുറക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നു.  

വിശ്വസ്തതയ്‌ക്കുള്ള   ഒരേയൊരു
പാരിതോഷികമായി   പിരിച്ചുവിടൽ
പ്രമുഖ ദിനപത്രമായ ‘ദൈനിക് ജാഗരൺ'  (ഇംഗ്ലീഷ്‌ അർഥം ദിഡെയ്‌ലി എവയ്‌ക്കനിങ്‌)  ഹിന്ദി പത്രത്തിന്‍റെ  മീററ്റ് ബ്യൂറോയിലെ ദീർഘകാല  സേവനത്തിന് ശേഷം വിശ്വസ്തതയ്‌ക്കുള്ള ഒരേയൊരു പാരിതോഷികമായി   പിരിച്ചുവിടൽ നേരിട്ടതിനെ  തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലും വിഷാദത്തിലുമായ മുതിർന്ന മാധ്യമപ്രവർത്തകൻ രാജേഷ് അവസ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്‌ ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌. 

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നിട്ടും തൊഴിലിനോട് അതീവ വിശ്വസ്തത പുലർത്തിയിരുന്ന   മുതിർന്ന സഹപ്രവർത്തകനായ  രാജേഷ് അവസ്തിയുടെ  ദാരുണാന്ത്യം മാധ്യമ ലോകത്തെ  വലിയ ഞെട്ടലിലാഴ്ത്തിയിരിക്കയാണ്.     

                                                      രാജേഷ് അവസ്തി

കൂട്ടപ്പിരിച്ചുവിടലിന്‍റെ ഭാഗമായിരുന്നു  ജോലി നഷ്ടം.  കുടുംബം പുറത്തുപോയ സമയത്ത് ഒരു പാർക്കിൽ വിഷം കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നു.  2026 മെയ് 22  വീട്ടിൽ നിന്നും ഇറങ്ങിയ അദ്ദേഹത്തെ  പിറ്റേന്നാണ് മീററ്റ് നഗരപ്രാന്തത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  വൈകുന്നേരവും രാത്രിയും കുടുംബം അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേക്ക്  തുടർച്ചയായി വിളിക്കാൻ ശ്രമിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് മാധവ്‌പുരം സെക്ടർ ഒന്നിൽ ഗ്രീൻ ബെൽറ്റിലെ  വൃക്ഷത്തിനടിയിലായിരുന്നു ജഡം.  സംഭവസ്ഥലത്തുനിന്ന് മാരകമായ  അലുമിനിയം ഫോസ്‌ഫൈഡ്‌  ഗുളികകളുടെ ഒഴിഞ്ഞ   പാക്കറ്റുകൾ  പൊലീസ് കണ്ടെടുത്തു.   മാധ്യമ റിപ്പോർട്ടുകൾ പ്രകാരം  അവിടെ  ഒരു കത്ത്   എഴുതിവെച്ചിരുന്നു.  അതിൽ  കുടുംബത്തെക്കുറിച്ചുള്ള വൈകാരിക കുറിപ്പുകളായിരുന്നു.    മരണത്തിന് മറ്റാരെയും കുറ്റപ്പെടുത്തിയില്ല.   തന്‍റെ  കുടുംബം നല്ലവരാണ്, എന്നാൽ തനിക്ക് അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന കുറ്റബോധമുണ്ട്‌.   കാര്യമായൊന്നും സമ്പാദിക്കാൻ സാധിക്കാത്തതിൽ     അദ്ദേഹത്തെ വളരെയധികം  വേദനിപ്പിച്ചു.  അവസ്തിയുടെ മരണവാർത്തയിൽ പോലും  അവജ്ഞയും അവഗണനയും തുറിച്ചുനോക്കി.  മുരാരി ലാൽ മഹേശ്വരി, ഡോറി ലാൽ അഗർവാൾ  തുടങ്ങിയവർ ചേർന്ന്‌ 1948 ൽ സ്ഥാപിച്ച്‌ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 180 ജില്ലകളെ ഉൾക്കൊള്ളുന്ന 22 പതിപ്പുകളുള്ള പ്രശസ്‌തമായ അമർ ഉജാല (ദി ഇമ്മോർട്ടൽ ബ്രൈറ്റ്‌നെസ്) പത്രത്തിന്റെ തലക്കെട്ട്‌   മാധവ്പുരം സെക്ടർ ഒന്നിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി  എന്നായിരുന്നു.  സ്വന്തം അന്തസ്സിനായി പത്രപ്രവർത്തനം തെരഞ്ഞെടുത്ത ഒരാളുടെ മരണത്തെക്കുറിച്ചുള്ള ശീർഷകത്തിൽ   എന്തൊരു  അനാദരവാണ്‌ അടക്കംചെയ്‌തത്‌.  അത്‌ കുറച്ചുകൂടി മാന്യമാക്കാമായിരുന്നു.  ഓഫീസിലെ സങ്കുചിത രാഷ്ട്രീയത്തിൽനിന്ന്  അകന്നുനിന്ന  കഠിനാധ്വാനിയായ   പത്രപ്രവർത്തകനായിരുന്നു അവസ്തി.  എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.  ബഹുമാനവും ചൊരിഞ്ഞു.    എന്നിട്ടും ദൈംനംദിന ജീവിതത്തിൽ  എത്രയോ ദുരനുഭവങ്ങൾക്ക്‌ ഇരയായി.  ഒരു  ശമ്പള ദിവസം.   എല്ലാവരുടെയും ശമ്പളം ബാങ്ക്‌ അക്കൗണ്ടിലെത്തി.  അവസ്തി ബാങ്കിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ച്‌    ചെറിയ ബാഗിലാക്കി  സൈക്കിളിൽ തൂക്കി.  ഒരു പോക്കറ്റടിക്കാരൻ   സൈക്കിൾ മോഷ്ടിച്ചു. ഒപ്പം  കാശും  പോയി.   വൈകുന്നേരം ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം  വളരെ ദുഃഖിതനും ഏറെ അസ്വസ്ഥനുമായിരുന്നു.  അതറിഞ്ഞപ്പോൾ അടുത്ത ചങ്ങാതിയായ സഹപ്രവർത്തകൻ  കടലാസ് എടുത്ത് ആദ്യം സ്വന്തം  പേരും  നിശ്ചിത തുകയും എഴുതി.   അത് പ്യൂൺ വശം ഓഫീസിലാകെ എത്തിച്ചു.    എല്ലാവർക്കും ശമ്പളം ലഭിച്ചെന്നും ഇന്ന് വീട്ടിൽ ആഘോഷങ്ങൾ ഉണ്ടാകുമെന്നും അയാൾ ഏവരെയും ധരിപ്പിച്ചു. എന്നാൽ  അവസ്തി ദുഃഖിതനായി   ഇരുന്നാൽ തങ്ങളുടെ സന്തോഷം അപൂർണമായിരിക്കുമെന്ന വിശദീകരണവും നൽകി.  മിതഭാഷിയായ അദ്ദേഹം  അത്ഭുതപ്പെടുകയും താഴ്ന്നസ്വരത്തിൽ വിസമ്മതിക്കുകയും ചെയ്തു.   അത്‌  വകവെക്കാതെ  ഒരാളുടെയും സമ്മർദമില്ലാതെ എല്ലാവരും അവരുടെ ഇഷ്ടത്തിനും വരുമാനത്തിനും അനുസൃതമായി സംഭാവന നൽകി.  ശേഖരിച്ച തുക     കൈമാറിയപ്പോൾ   അദ്ദേഹത്തിന്റെ ശമ്പളത്തെക്കാളും സൈക്കിളിന്റെ വിലയെക്കാളും   ഇരുന്നൂറ്‌  രൂപ കൂടുതൽ.

അവസാനിപ്പിക്കാൻ തീരുമാനിച്ച
പരാജയങ്ങൾ വേട്ടയാടിയ ജീവിതംശാന്തശീലം,  മൃദുഭാഷണം, സഹകരണ സ്വഭാവം എന്നിവയ്ക്ക് പേരുകേട്ട  രാജേഷ് അവസ്തി 1980 കളിൽ ലഖ്‌നൗവിൽ നിന്ന്‌   മീററ്റിലേക്ക് തൊഴിൽതേടിയെത്തി    ജാഗരൺ, അമർ ഉജാല തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു.   സത്യസന്ധമായ എഴുത്ത്, നിഷ്പക്ഷ ചിന്ത, സമൂഹത്തോടുള്ള സമർപ്പണം എന്നിവയാൽ അദ്ദേഹം എന്നും ഓർമിക്കപ്പെടും. നാല്‌  പതിറ്റാണ്ടിലേറെ   ജോലി ചെയ്തിട്ടും   അവസാന വേതനം   ‌35000 രൂപ മാത്രം. നീണ്ട  വർഷങ്ങളുടെ  സേവനത്തിനുശേഷവും  ചീഫ് സബ് എഡിറ്ററേ ആയുള്ളൂ.   പെൻഷൻ   തുഛമായ 2000 രൂപ.   വിരമിച്ച ശേഷം   മീററ്റിലെ പ്രാദേശിക പത്രങ്ങളിൽ  ചെറിയ ജോലിക്ക് നിന്നു.   മകളെ വിവാഹം കഴിപ്പിച്ചു.   താമസിച്ചിരുന്ന ഭവന വികസന  വകുപ്പിന്‍റെ കീഴിലെ വീടിന്‍റെ ഗഡുക്കൾ ചിലപ്പോഴെല്ലാം മുടങ്ങി.  ഒപ്പം പലവിധ രോഗങ്ങളും അലട്ടി.   മകൻ തൊഴിൽരഹിതനായിരുന്നതിനാൽ   കുടുംബം കഷ്ടിച്ച് പിടിച്ചുനിന്നുവെന്നേ പറയാനാവൂ.  നിരന്തരം കാശ്‌  കടം വാങ്ങേണ്ട അവസ്ഥയിലായിരുന്നു. ആത്മാഭിമാനമുണ്ടായ  അവസ്‌തി    ആരുടെ മുന്നിലും   പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിച്ചില്ല.   ആറ് മാസമായി  വിഷാദാവസ്ഥയിലായിരുന്നു. ഒരു  സുഹൃത്ത്   സാമ്പത്തിക സഹായം   വാഗ്ദാനം ചെയ്‌തെങ്കിലും അതേറ്റുവാങ്ങിയില്ല.  നിരന്തരം പരാജയങ്ങൾ വേട്ടയാടിയ അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.  എല്ലായിടത്തും വിരമിച്ച  സത്യസന്ധരായ  താഴ്ന്ന‐ ഇടത്തരം ശമ്പളക്കാരായ പത്രപ്രവർത്തകരുടെയെല്ലാം  അവസ്ഥ ഇതാണ്.  കേരളത്തിൽ പെൻഷൻ പദ്ധതിയിലേക്ക്‌ കുറവല്ലാത്ത തുക പ്രതിമാസ പ്രീമിയമായി ഈടാക്കുന്നുണ്ടെങ്കിലും   ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം  നിസാരമായ സാങ്കേതികത്വത്തിന്‍റെ ചുവപ്പുനാടയിൽ കുരുക്കുകയാണ്‌. ആനുകൂല്യം അനുവദിക്കുന്നതിനു പകരം എങ്ങനെയെങ്കിലും തടഞ്ഞുവെക്കാനുള്ള ജാഗ്രതതാപൂർണമായ ഗവേഷണത്തിലാണ്‌ ചിലരെങ്കിലും.  

മാധ്യമ ലോകത്തെ  വലിയ
ഞെട്ടലിലാഴ്ത്തിയ ദാരുണാന്ത്യം

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നിട്ടും തൊഴിലിനോട് അതീവ വിശ്വസ്തത പുലർത്തിയിരുന്ന   മുതിർന്ന സഹപ്രവർത്തകനായ  രാജേഷ് അവസ്തിയുടെ  ദാരുണാന്ത്യം മാധ്യമ ലോകത്തെ  വലിയ ഞെട്ടലിലാഴ്ത്തിയിരിക്കയാണ്.

എല്ലായിടത്തും വിരമിച്ച  സത്യസന്ധരായ  താഴ്ന്ന‐ ഇടത്തരം ശമ്പളക്കാരായ പത്രപ്രവർത്തകരുടെയെല്ലാം  അവസ്ഥ ഇതാണ്.  കേരളത്തിൽ പെൻഷൻ പദ്ധതിയിലേക്ക്‌ കുറവല്ലാത്ത തുക പ്രതിമാസ പ്രീമിയമായി ഈടാക്കുന്നുണ്ടെങ്കിലും   ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം  നിസാരമായ സാങ്കേതികത്വത്തിന്‍റെ ചുവപ്പുനാടയിൽ കുരുക്കുകയാണ്‌.

                              അവസ്‌തിയുടെ ജഡം തെരുവിൽ 

നാഥനില്ലാതായി കടുത്ത പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ സഹപ്രവർത്തകർ   ധനസമാഹരണ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.   അവസ്തിയുടെ നിര്യാണത്തിൽ ദില്ലി  ജേണലിസ്റ്റ്സ് യൂണിയൻ (ഡിയുജെ) കടുത്ത നടുക്കവും  ദുഃഖവും രേഖപ്പെടുത്തി. സമകാലിക ഇന്ത്യൻ മാധ്യമമേഖലയിൽ നിലനിൽക്കുന്ന കടുത്ത തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പുതിയ നിയമ ഭേദഗതികളുമാണ് പത്രപ്രവർത്തകരെ ഇത്തരം കടുംകൈകളിലേക്ക് നയിക്കുന്നതെന്ന് സംഘടന പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.    മാധ്യമപ്രവർത്തകർക്ക് മൂന്ന് മാസത്തെ പിരിച്ചുവിടൽ വേതനവും കൃത്യമായ തൊഴിൽ സുരക്ഷയും ഉറപ്പുനൽകിയിരുന്ന 1955 ഡിസംബർ 20-ന് പാർലമെന്റ് പാസാക്കി  1970-ൽ  നിലവിൽവന്ന ചരിത്രപ്രസിദ്ധമായ  വർക്കിങ്‌ ജേണലിസ്റ്റ്സ് ആക്ട്‌ പൂർണമായും അട്ടിമറിക്കപ്പെട്ടതായി   ചൂണ്ടിക്കാട്ടി.  ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്കും   ജീവനക്കാർക്കും വേതനം നിശ്ചയിക്കുന്നതിനും കാലാകാലങ്ങളിൽ പരിഷ്കരിക്കുന്നതിനും  വേതന ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകിയതാണ്‌ ആ  നിയമം. പുതിയ ലേബർ കോഡുകളിലൂടെ  മാനേജ്മെന്റുകൾക്ക് അനുകൂലമായി നഷ്ടപരിഹാരം  ഒരു മാസമായി ചുരുക്കിയതും  കടുത്ത ചൂഷണത്തിന് വഴിവെക്കുന്ന കരാർ തൊഴിൽ സമ്പ്രദായം  വ്യാപകമാക്കിയതും  മാധ്യമപ്രവർത്തകരുടെ സാമൂഹിക-‐സാമ്പത്തിക സുരക്ഷ പാടേ ഇല്ലാതാക്കി. നിലവിലെ സാഹചര്യത്തിൽ  വൻകിട  മാനേജ്‌മെന്റുകൾ കൃത്യമായ ആനുകൂല്യങ്ങൾ നൽകാൻ വിസമ്മതിക്കുന്നതിനാൽ വിവിധ സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവന്ന് പത്രപ്രവർത്തകർക്ക് മാന്യമായ പെൻഷൻ സംവിധാനം അടിയന്തിരമായി അനുവദിക്കണം.   അന്തരിച്ച രാജേഷ് അവസ്തിയുടെ കുടുംബത്തിന് അർഹമായ  നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറാകേണ്ടതുമുണ്ട്‌. മെച്ചപ്പെട്ട വേതന ഘടന, കരിനിയമ വ്യവസ്ഥകളുള്ള കരാർ സമ്പ്രദായം അവസാനിപ്പിക്കൽ, കൃത്യമായ പെൻഷൻ, കുടുംബാരോഗ്യ പരിരക്ഷ എന്നിവ   പുനഃസ്ഥാപിക്കുന്നതിന്‌ എല്ലാ മാധ്യമപ്രവർത്തകരും ഭേദചിന്തകളന്യേ ഒന്നിച്ച് നിൽക്കണം.   മേഖലയിൽ നിലനിൽക്കുന്ന    അനീതിക്ക് മറ്റൊരു പത്രപ്രവർത്തകൻ കൂടി ഇരയായിരിക്കുന്നു.  ദൈനിക്‌ ജാഗരണിൽ ഇത്രയും കാലം സേവനമനുഷ്ഠിച്ച ശേഷം  അവസ്തി ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായെങ്കിൽ അത്  കൊലപാതകമാണ്. പത്ര  മാനേജ്‌മെന്‍റാ ണ് അതിന്‌ ഉത്തരം പറയേണ്ട തെന്നും  ഡിയുജെ   വ്യക്തമാക്കി.

 മെച്ചപ്പെട്ട വേതന ഘടന, കരിനിയമ വ്യവസ്ഥകളുള്ള കരാർ സമ്പ്രദായം അവസാനിപ്പിക്കൽ, കൃത്യമായ പെൻഷൻ, കുടുംബാരോഗ്യ പരിരക്ഷ എന്നിവ   പുനഃസ്ഥാപിക്കുന്നതിന്‌ എല്ലാ മാധ്യമപ്രവർത്തകരും ഭേദചിന്തകളന്യേ ഒന്നിച്ച് നിൽക്കണം.  

 ചെറു പട്ടണങ്ങളിലെയും  സംസ്ഥാന തലസ്ഥാനങ്ങളിലെയും പത്രപ്രവർത്തകർക്ക് കാര്യമായ വരുമാനമില്ല. തൊഴിൽ  സാഹചര്യങ്ങൾ ക്ലേശകരമാണ്. ജോലി  സമയം അനന്തം.   രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഓട്ടോമേഷനിലൂടെയാണ് പിരിച്ചുവിടലുകൾ തകൃതിയായത്.  റിപ്പോർട്ടർമാർ, സ്‌ട്രിങ്ങർമാർ, എഴുത്തുകാർ, എഡിറ്റർമാർ എന്നിവരെ ഇനി അധികം ആവശ്യമില്ല.  ഉള്ളടക്കം  അധികാരത്തിന്റെ ഇടനാഴികളിൽ നിന്നാണ് വരുന്നത്, അല്ലെങ്കിൽ ഓൺലൈനിൽ റെഡിമെയ്ഡ് ആയി ലഭ്യമാണ്.  അനുഭവിച്ച    സ്വാതന്ത്ര്യവും  കൈക്കൊണ്ട നിലപാടുകളും   ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാൻ   കഴിയാത്തവയായി.  

സത്യസന്ധ മാധ്യമ പ്രവർത്തകരെ
രംഗമൊഴിയാൻ നിർബന്ധിതരാക്കും

തെരുവുകളിൽ ജനങ്ങളുടെ ശബ്ദം ഉയർത്തുന്ന  എഡിറ്റർമാരെയും പത്രപ്രവർത്തകരെയും ജീവനോടെ കുഴിച്ചുമൂടുന്ന  രീതിയുമുണ്ട് പ്രധാന പത്രങ്ങളിലും സ്ഥാപനങ്ങളിലും.  അര ലക്ഷം രൂപ  വേതനംപോലും പത്രങ്ങളിൽ വളരെവലുതായി കണക്കാക്കപ്പെടുന്നു.  അത്ര ചുരുങ്ങിയ കാശുകൊണ്ട്‌   മാന്യമായ ജീവിതം നയിക്കുകയും കുടുംബം പോറ്റുകയും ഏറെ  ബുദ്ധിമുട്ടാണ്.  80 ശതമാനം പത്രപ്രവർത്തകർക്കും 40000 രൂപയോ അതിൽ കുറവോ ആണ്‌ നൽകുന്നത്‌.  അപ്പോൾ   അവശേഷിക്കുന്ന ഒരേയൊരു പോംവഴി ബ്രോക്കർമാരാവുകയും ഗൂഢാലോചനയിൽ ഏർപ്പെടുകയും ചെയ്യുകയാണ് അതിന്‌ മനസുവരാത്ത  പലരും  പാതിവഴിയിൽ ഇടറിവീഴുന്നു.  ക്രമേണ  പരിചയസമ്പന്നരായ   സത്യസന്ധ മാധ്യമ പ്രവർത്തകരെ രംഗമൊഴിയാൻ നിർബന്ധിതരാക്കും.  അതിസമർഥരും അൽപ്പവിഭവക്കാരുമായ  ചിലർ സഹപ്രവർത്തകരെ ഇടിച്ചുതാഴ്‌ത്തി അനർഹങ്ങളായ വലിയ കസേലകളിൽ  ഇരിപ്പുറപ്പിക്കും.   ഒറ്റുകാരുടെ വേഷം നന്നായി എടുത്തണിഞ്ഞ്‌  മാനേജ്‌മെന്റിന്റെ ഇഷ്ടഭാജനങ്ങളാവുന്നവരും കുറവല്ല. ഗോസ്‌റ്റ്‌ റൈറ്റിങ്ങിലൂടെ  ഉടമകളുടെ‐ നേതാക്കളുടെ പേര്‌ പൊലിപ്പിച്ചെടുക്കും. അക്കൂട്ടർ വിരമിച്ച ശേഷം അടിമപ്പണിയുടെ കൂലിയെന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിലേക്ക്‌ ആനയിക്കപ്പെടുന്നതും പതിവാണ്‌. ബെനിഫിഷ്യറി ഇക്കോസിസ്‌റ്റത്തിന്റെ  ആ ദല്ലാൾമാർ നിന്നുപുളയ്‌ക്കുന്നത്‌ ഏറെയും കേരളത്തിലാണ്‌.    ഏത്‌ ജനവിരുദ്ധതയ്‌ക്കും ആ ഇത്തിൽക്കണ്ണികൾ വെള്ളപൂശും.   ഉമിക്കരി പഞ്ചസാരയാക്കുന്ന  കൗശലം    പലമട്ടിൽ അംഗീകരിക്കപ്പെടുകയുമാണ്‌.

രാജ്യത്തുടനീളമുള്ള താഴ്ന്ന മധ്യവർഗത്തിന്റെ ദുരവസ്ഥ അക്ഷരാർഥത്തിൽ  അതിദയനീയമാണ്.  വിരമിച്ചശേഷം അത്‌   താങ്ങാനാവാത്തതാവും.   

അപ്പോൾ   അവശേഷിക്കുന്ന ഒരേയൊരു പോംവഴി ബ്രോക്കർമാരാവുകയും ഗൂഢാലോചനയിൽ ഏർപ്പെടുകയും ചെയ്യുകയാണ് അതിന്‌ മനസുവരാത്ത  പലരും  പാതിവഴിയിൽ ഇടറിവീഴുന്നു.  ക്രമേണ  പരിചയസമ്പന്നരായ   സത്യസന്ധ മാധ്യമ പ്രവർത്തകരെ രംഗമൊഴിയാൻ നിർബന്ധിതരാക്കും

                                        അമൃത് വിചാർ പത്രം ഓഫീസ്‌ 

ഉത്തരവാദിത്തത്തോടും  സത്യസന്ധമായും ഇടപെടുന്ന പത്രപ്രവർത്തകരെ  കൂട്ടത്തോടെ അഴിമതിക്കാരായി പ്രഖ്യാപിക്കുന്നു.   പോരാടുന്ന, പ്രതിജ്ഞാബദ്ധരായ   80 ശതമാനം വരുന്ന  പത്രപ്രവർത്തകർ  ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും തെറ്റായതോ അഴിമതി നിറഞ്ഞതോ ആയ മാർഗങ്ങൾ അവലംബിക്കാൻ ഒരിക്കൽപ്ന്ല്ലപ്പോലും ഒരുങ്ങാറേയില്ല. സാമ്പത്തിക സുരക്ഷയോ ആരോഗ്യ  പിന്തുണയോ   ഒന്നുമില്ല അവർക്കെന്നതും വേദനാജനകം.   അതിനാൽ ഇൻഷുറൻസ് കമ്പനികൾ  കൂടുതൽ ചൂഷണം ചെയ്യാൻ തുടങ്ങും.   മീററ്റിലെ ദൈനിക് ജാഗരണിൽ നിന്ന് പോയ ശേഷം അവസ്‌തി   പലേടത്തും ജോലി ചെയ്തു, എന്നാൽ  എവിടെയും  ഇഷ്ടപ്പെട്ടില്ല. പക്ഷേ  അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥിരോത്സാഹമുണ്ടായി.  ഉപേക്ഷിക്കുന്ന ആളല്ലായിരുന്നു. ഒരു വെബ്‌സൈറ്റിലും സ്വകാര്യ ഇൻഷുറൻസ് കമ്പനി  ഏജന്‍റായും   പ്രവർത്തിച്ചു.  സ്വഭാവം അതിന്‌  അനുയോജ്യമല്ലായിരുന്നു.  സാധാരണ പത്രപ്രവർത്തകൻ എന്ന നിലയിൽ  ഇൻഷുറൻസിനായി ആരെയും പ്രേരിപ്പിക്കാൻ   കഴിഞ്ഞില്ല, അതിനാൽ ആ മേഖലയിൽ  പരാജിതനായി.   50 ‐ 60  പ്രായപരിധിയിലെ  പത്രപ്രവർത്തകർക്ക് അവസ്തിയുടെ വിയോഗം   മുന്നറിയിപ്പാണ്. ഗുസ്തിക്കാരുടെ വാർധക്യത്തെക്കുറിച്ച് പഴഞ്ചൊല്ലുകൾ നിലവിലുണ്ട്, എന്നാൽ പത്രപ്രവർത്തകരുടെ വാർധക്യം ക്ലീഷേ മാത്രമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു.   തകർന്ന ഹൃദയത്തിന്‍റെ ശബ്ദം തിരിച്ചറിയാൻ കഴിയാത്ത വൈകാരിക നിരക്ഷരർക്ക്  ജീവിതത്തിന്‍റെ തുരുമ്പിച്ച സസ്യജാലങ്ങളിലൂടെ പ്രതിധ്വനിക്കുന്ന സ്നേഹത്തിന്‍റെ സൂക്ഷ്മ സ്പന്ദനങ്ങൾ ഒരിക്കലും കേൾക്കാൻ കഴിയില്ല.   

ഇന്ന് മാധ്യമങ്ങൾ അധികാരത്തിലും സ്വാധീനമുള്ളവരുടെ   കൈപ്പിടിയിലും ഒതുങ്ങിയിരിക്കയാണ്‌. വാണിജ്യവൽക്കരണത്തിന്‍റെയും അഹങ്കാരത്തിന്‍റെയും  ഘട്ടത്തിൽ  ഏറെ  ദുരിതമനുഭവിക്കുന്നത്  മേഖലയിൽ പ്രവർത്തിക്കുന്ന ആത്മാഭിമാനികളും  സത്യസന്ധരും. 

                                       ദൈനിക് ജാഗരണ്‍ ആസ്ഥാനം

കത്തീഡ്രൽ പോലെ തലകറങ്ങുന്ന സ്നേഹം  എന്ന - ബെൽജിയൻ ചിത്രകാരനും എഴുത്തുകാരനുമായ എറിക് പെവർനാഗിയുടെ പ്രതികരണം മറക്കാതിരിക്കാം.    പതിറ്റാണ്ടുകൾ നീണ്ട  പത്രപ്രവർത്തനത്തിലൂടെ അവസ്തിയെപ്പോലുള്ള സത്യസന്ധനും സൗമ്യനുമായ  പത്രപ്രവർത്തകന് എന്താണ് ലഭിച്ചത്? അപമാനകരമായ മരണം മാത്രം. 

മാധ്യമങ്ങൾ  ഇന്ന്‌ അധികാരത്തിലും
സ്വാധീനമുള്ളവരുടെ   കൈപ്പിടിയിൽ

ജനാധിപത്യത്തിന്‍റെ നാലാം സ്തംഭമായി മാധ്യമങ്ങളെ  ഇപ്പോൾ കണക്കാക്കുന്നതിൽ ഒരർഥവുമില്ല.  ഒരു കാലത്ത്  അവ  സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും അഴിമതി തടയുന്നതിനുള്ള  മാർഗമായി പ്രവർത്തിക്കുകയും ചെയ്തു.  പത്രപ്രവർത്തകർക്ക്‌ ഒരു കാലത്ത് നല്ല ശമ്പളവും ബഹുമാനവും വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് മാധ്യമങ്ങൾ അധികാരത്തിലും സ്വാധീനമുള്ളവരുടെ   കൈപ്പിടിയിലും ഒതുങ്ങിയിരിക്കയാണ്‌. വാണിജ്യവൽക്കരണത്തിന്‍റെയും അഹങ്കാരത്തിന്‍റെയും  ഘട്ടത്തിൽ  ഏറെ  ദുരിതമനുഭവിക്കുന്നത്  മേഖലയിൽ പ്രവർത്തിക്കുന്ന ആത്മാഭിമാനികളും  സത്യസന്ധരും. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് സ്വന്തം വൃത്തത്തിലുള്ളവർക്കുവേണ്ടി നിലകൊള്ളാൻ   കഴിയാത്ത സ്ഥിതിയാണ് നിലവിൽ.   ഈ ദുരവസ്ഥയ്ക്ക്   ഉത്തരവാദികളാവട്ടെ ഗവൺമെന്റുകളും   ഉടമകളും   തങ്ങളെമാത്രം സ്‌നേഹിക്കുന്ന സ്ഥാപനങ്ങൾക്കകത്തെ അഞ്ചാംപത്തികളും. ആരെങ്കിലും    അവകാശങ്ങൾക്കായി സംസാരിച്ചാൽ  അവരിൽ ഭൂരിഭാഗവും മാനേജ്‌മെന്റിനൊപ്പം നിൽക്കും. മാധ്യമ പ്രവർത്തകരെ എത്രമാത്രം ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്താലും ലാഭവും അധികാരവും മാത്രം ലക്ഷ്യംവച്ചുള്ള   കുതിരകളെന്ന നടിക്കുന്ന കഴുതകളായ പോക്കറ്റ് എഡിറ്റർമാർക്കാണ്‌ പ്രാമുഖ്യം.   ഈ രംഗത്ത്‌ ഇരകളാക്കപ്പെടുന്നവർക്ക് സർക്കാരിൽ നിന്ന് പിന്തുണയോ ജുഡീഷ്യറിയിൽ നിന്ന് നീതിയോ ലഭിക്കുന്നില്ല.  സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിൽരഹിതരെ   പാറ്റകളോടും പരാദങ്ങളോടുമാണ്‌    താരതമ്യം ചെയ്‌തത്‌.   2026 മെയ് 15 ന്   മുതിർന്ന അഭിഭാഷക പദവി അമിതമായി പിന്തുടരാൻ ശ്രമിച്ച  അഭിഭാഷകനെ ശാസിക്കുന്നതിനിടെയായായിരുന്നു ആ    പരാമർശങ്ങൾ.   തൊഴിലില്ലാത്ത  ചിലർ മാധ്യമങ്ങളിൽ ചേരുകയും മറ്റുള്ളവർ വിവരാവകാശ പ്രവർത്തകരായി മാറുകയും ചെയ്യുന്നുവെന്നും  പറഞ്ഞു.  ഈ വ്യക്തികൾ വ്യവസ്ഥിതിയെ ചെറുക്കാൻ തുടങ്ങുന്നു. ജുഡീഷ്യറിയിൽനിന്ന്  ഇരകൾക്ക് എത്രമാത്രം  നീതി ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്‌.   അച്ചടി മാധ്യമങ്ങൾക്കായി      വിരമിച്ച  ജസ്റ്റിസ് ജി ആർ  മജീതിയയുടെ  നേതൃത്വം നൽകിയ   മജീതിയ വേജ്‌  ബോർഡ് പ്രഖ്യാപിച്ചത്‌ സുപ്രിം കോടതി യാണ്‌. ഗണ്യമായ ശമ്പള വർധന (വേരിയബിൾ പേയും പൂർണ ഡിഎ ന്യൂട്രലൈസേഷനും ഉൾപ്പെടുത്തി) നിർദ്ദേശിച്ച്‌    2010 ഡിസംബറിൽ   സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.  2011 നവംബറിൽ കേന്ദ്ര സർക്കാർ  ശുപാർശകൾ ഔദ്യോഗികമായി അംഗീകരിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തു. അതിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്   ഉടമകൾക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തപ്പോൾ  അവർക്ക് ശരിയായ വിവരങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി    ഇളവ് നൽകി. മജീതിയ വേതന ബോർഡ്  നടപ്പാക്കണമെന്നാവശ്യപ്പെട്ട മാധ്യമ പ്രവർത്തകരെ പുറത്താക്കി.    പിരിച്ചുവിട്ടവരുടെ കേസുകൾ പരമോന്നത നീതിപീഠം   ലേബർ കോടതിയിലേക്ക് അയച്ചു.   12 വർഷമായി നീതി തേടിയവർ തെരുവിലായി. 1956-ൽ ജസ്റ്റിസ് എച്ച് വി   ദിവാട്ടിയ  അധ്യക്ഷനായാണ്‌  ആദ്യ വേജ്‌ ബോർഡ്‌.   തുടർന്ന്‌  ഷിൻഡെ, പലേക്കർ, ബച്ചാവത്, മണിസാന തുടങ്ങിയവർ അധ്യക്ഷരായവ നിലവിൽവന്നു.  

‘ഇത്രയും നാണംകെട്ട ഒരു പത്രത്തിൽ  
 ജോലി ചെയ്തതിൽ  ലജ്ജ തോന്നുന്നു’

നാം ഒരു മധ്യസ്ഥ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ബംഗാളി എഴുത്തുകാരനും       ഭാഷാശാസ്ത്രജ്ഞനും പ്രശസ്ത പത്രപ്രവർത്തകനുമായ  സയ്യിദ് അലി മുജ്തബയുടെ അഭിപ്രായം അതീവ ഗൗരവതരമാണ്‌.   തെറ്റായ കാരണങ്ങളാൽ പലപ്പോഴും മാധ്യമപ്രവർത്തകർ ശ്രദ്ധാകേന്ദ്രമാകുന്ന രാജ്യത്ത്‌  രാജേഷ് അവസ്തിയുടെ  ആത്മഹത്യ  അസ്വസ്ഥത ഉളവാക്കുന്ന   യാഥാർഥ്യം   പ്രതിഫലിപ്പിക്കുന്നു.  2014 മുതൽ  മാധ്യമ രംഗം രാഷ്ട്രീയ വിന്യാസങ്ങളെ ആശ്രയിച്ച് ഗോഡി മീഡിയയെന്നും  ഗോഡി ഇതരമെന്നും  വിഭജിക്കപ്പെട്ടു.  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സർക്കാർ സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്ത്   മാധ്യമ സ്വാതന്ത്ര്യം ഔദ്യോഗികമായി ഏറ്റവും താഴ്ന്ന നിലയിലെത്തി.  അന്നത്തെ ചോദ്യങ്ങൾ  പലരും ഉന്നയിക്കാൻ തുടങ്ങിയിരിക്കുന്നു.  മാധ്യമ സ്വാതന്ത്ര്യം മാത്രമാണോ പ്രധാനം.  അവസ്തിയുടെ കേസ് എടുത്തുകാണിക്കുംപോലെ  വയോധികരായ  ഒട്ടേറെ പൗരന്മാർക്ക്  ലൈഫ് സപ്പോർട്ട് സിസ്റ്റം എന്ന് ആലങ്കാരികമായി  വിളിക്കാവുന്നത്‌ ന്ന് നിഷേധിക്കപ്പെടുന്നു.  പരമ്പരാഗത  കൂട്ടുകുടുംബ ഘടന ദുർബലമായിട്ടുണ്ട്‌.    പ്രായമായവർ  പലപ്പോഴും റോഡ്, റെയിൽ, വ്യോമ മാർഗങ്ങളിലൂടെ വായ്പകൾ, ഇൻഷുറൻസ് അല്ലെങ്കിൽ യാത്രാ ഇളവുകൾ എന്നിവ നേടാൻ പാടുപെടുന്നു. പല പാശ്ചാത്യ ‐ യൂറോപ്യൻ രാജ്യങ്ങളെയും പോലെ ഇന്ത്യയിൽ സമഗ്ര  സാമൂഹിക സുരക്ഷാ സംവിധാനമില്ല.  60 വയസ്സിനു മുകളിലുള്ള പലർക്കും  പെൻഷൻ മാത്രമാണ്  ഏക ആശ്രയം.  കോവിഡ്-  പല പത്രങ്ങൾക്കും പേജുകൾ കുറയ്ക്കുന്നതിനും ഫ്രീലാൻസ് ഉള്ളടക്കത്തെ കൂടുതലായി ആശ്രയിക്കുന്നതിനും  ഒഴികഴിവ് നൽകി.  പലപ്പോഴും ദീർഘകാല പ്രതിബദ്ധതയോ സമയബന്ധിതമായ നഷ്ടപരിഹാരമോ ഇല്ലാതെയാണ്‌ പല  പരിഷ്‌ക്കാരങ്ങളും.  രാജേഷ് അവസ്തിയുമായി ദീർഘകാലം പ്രവർത്തിച്ചിരുന്ന  സഹപ്രവർത്തകർ പറഞ്ഞത്,  അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടിയിരുന്നു, പക്ഷേ ഒരിക്കലും തളർന്നില്ല എന്നാണ്.  ഗുരുതര  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും   സജീവമായി തുടർന്നു.   അവസ്തിയെപ്പോലുള്ള യഥാർഥ പത്രപ്രവർത്തകർക്ക് അവശേഷിക്കുന്ന ഒരേയൊരു പോംവഴി വിഷാദം, ദാരിദ്ര്യം, ഒടുവിൽ മരണം എന്നിവ.  മോദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൈനിക് ജാഗരൺ   പത്ര ഉടമകൾക്ക്‌  കഴിയുന്നത്ര പണം കുന്നുകൂട്ടണമെന്ന അമിതമായ ആഗ്രഹം മാത്രമാണ്‌.    മാധ്യമപ്രവർത്തകരെ മില്ലിപീഡുകൾ, പാറ്റകൾ, മണ്ണിരകൾ എന്നിവയെപ്പോലെ പരിഗണിക്കുന്നതിന്റെ   അനന്തരഫലങ്ങൾ വ്യക്തം.   ജോലിയിൽ നിന്ന് പിരിച്ചുവിട്ട ശേഷം രാജേഷ് അവസ്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.  അദ്ദേഹത്തിന്റെ ജഡമാണ്‌ നമുക്ക്‌ മുന്നിൽ.  അതേക്കുറിച്ച്‌ ലോകത്തിലെ ഒന്നാം നമ്പർ പത്രമെന്ന് അവകാശപ്പെടുന്ന ദൈനിക് ജാഗരൺ ഒരു കോളം പോലും പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല.  ഇത്രയും നാണംകെട്ട ഒരു പത്രത്തിൽ   എപ്പോഴെങ്കിലും ജോലി ചെയ്തതിൽ  ലജ്ജ തോന്നുന്നു. ഏറ്റവും അഴിമതിക്കാരും സംവേദനക്ഷമതയില്ലാത്തവരുമായ ആളുകളുടെ വാസസ്ഥലമാണതെന്നാണ്‌ -ഇപ്പോൾ ജയ്‌പൂർ  രാജസ്ഥാൻ പത്രികയിലെ പത്രപ്രവർത്തകൻ    അവേശ്‌ തിവാരി  രോഷംകൊണ്ടത്‌.


Comments
* The email will not be published on the website.