
കവിത
സുമ സത്യപാൽ
കരിംപച്ച വെളളത്തെ വളഞ്ഞു പിടിക്കണം
വേരുകൾ വെള്ളത്തിൽ
പൊട്ടിത്തരിക്കണം
വേലിയേറ്റങ്ങളെ അടക്കിപ്പിടിച്ച്
വേലിയിറക്കങ്ങളെ അമർത്തിത്തുടച്ച്
കടലിനും കായലിനുമിടയിൽ
പച്ചപ്പിരാന്ത് പോലെ ചിരിക്കണം
പായൽപ്പച്ചയിൽ തഴച്ച വള്ളികളെ
ചുരുട്ടിത്തെറുത്ത് ആഴത്തിലേക്കെറിയണം
കൊഴുത്ത ചളിക്കുണ്ടിലവ
മുങ്ങാംകുഴിയിടട്ടെ
വെള്ളത്തിൽ പച്ചഞരമ്പാണ്
ദുഷിച്ചതൊക്കെ ഉള്ളിലേന്തി
തെളിഞ്ഞ് തെളിഞ്ഞ്
ജീവശ്വാസം നൽകേണ്ടതാണ്
ഉള്ളിലേക്കെടുക്കട്ടെ
ഉള്ളം കലക്കിയവർ…..