An underdog

കവിത
നിഷ നാരായണൻ  

തടാകം...
നീലച്ച അതിന്‍റെ കാല്,
തൂൺ മുളച്ചുപൊങ്ങിയ അതിന്‍റെ അടിവയറ്,
മിന്നാമിന്നികൾ മുങ്ങിക്കുളിക്കുന്ന 
അതിന്‍റെ പൊക്കിൾചുഴി,
മിന്നുന്ന ദൃഷ്ടാന്തങ്ങളെ വെല്ലുന്ന- പൊട്ടിയടർന്ന
ക്യാമറക്കണ്ണുകളിലെ- അതിന്‍റെ ഒരു ഫോട്ടോ,
ഹാലൂസിനേഷനിൽ ജീവിക്കുന്ന 
മറിയയുടെ  കണ്ണാടിച്ചില്ലിൽ 
കാണുന്ന അതിന്‍റെ  മങ്ങിയ
പ്രതിബിംബം,
മീനുകൾ "നീയൊരു ജീവിതമാണ് "
എന്നുപറഞ്ഞുരസിപ്പോകുമ്പോൾ
അതിന്‍റെ കണ്ണുകളിലെ കുസൃതി..

ഒരു underdog ആയ ഞാൻ
തടാകത്തെ വെല്ലുന്ന അതിന്‍റെ
തിരക്കഥയെഴുതാൻ
തടാകക്കരയിലിരുന്നു..

"നിശ്ചലമാണെങ്കിലും
എനിക്ക്
അന്ത:സംഘർഷങ്ങളുണ്ട്"
തടാകം പറഞ്ഞു.

"പറഞ്ഞുതരണ്ട ;
സംഘർഷങ്ങളിലൂടെ
ഔന്നത്യത്തിലെത്താൻ
നോക്കുന്ന ആളാണ്‌ ഞാനും.
An underdog".
ഞാൻ പറഞ്ഞു,
"നീയുമതെ. An underdog".

തടാകം നറേഷൻ തുടങ്ങി.
ഞാൻ തടഞ്ഞു.
"അണ്ടർഡോഗുകൾ
മിണ്ടിപ്പോവരുത്.
അവരുടെ ഉൾത്തടങ്ങൾ എന്നും
പ്രക്ഷുബ്ധമാകണം.
പുറംതിരയില്ലാതെ
ശാന്തവും."

തടാകം കൈകൊട്ടി.
"നിർത്തൂ,
'അണ്ടർഡോഗുകൾക്ക് കൈയ്യടികൾ
കിട്ടില്ല.
ലോകം അവർക്കുനേരെ
നിശബ്ദത കാണിക്കും."

തടാകം മീനുകളെ കൂട്ടുവിളിച്ചു.
"വിളിക്കണ്ട, ആരും വരില്ല
ലോകം അണ്ടർഡോഗുകളുടെ
കൂടെയല്ല."

മൗനമായി..
മൗനത്തിനൊടുവിൽ

അന്ത:സംഘർഷങ്ങളുടെ
ഒരു വെടിത്തിര പൊട്ടി.
മറിയയുടെ കണ്ണാടിച്ചില്ലുകൾ
ജ്വലിച്ചു.
ലോകം ഭസ്മമായി.


Comments
* The email will not be published on the website.