
കഥ
കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍
മറിയയെ കൊല്ലാന്‍ തീരുമാനിച്ച രാവില്‍, ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം തെറ്റിച്ച് ഊക്കനൊരു മഴ പെയ്യുകയും തിടുക്കപ്പെട്ട് തോരുകയുമുണ്ടായി. ആ നേരം, അഞ്ചാം നിലയിലെത്തി, കതകുമണിയടിക്കാതെ, മറിയയുടെ ഫ്‌ളാറ്റിന്റെ വാതിലില്‍ അര്‍ജുന്‍ മുട്ടി. മറിയ ഇപ്പോള്‍ ഉറങ്ങിക്കാണുമെന്ന് അവന്‍ സിനദിലിനോട് പറഞ്ഞു.
''അതിനെന്താ.. നമുക്കുണര്‍ത്താം.'' സിനദില്‍ പുലമ്പി. അവന്റെ കീഴ്ചുണ്ടില്‍ നിന്ന് മദ്യമിറ്റി.
''അകത്താരോ സംസാരിക്കുന്നൊണ്ട്.'' അര്‍ജുന്‍ കതകില്‍ ചെവി ചേര്‍ത്തുപിടിച്ച് പറഞ്ഞു. ഈ രാത്രി അവളുടെ മുറിയില്‍ ആരുമുണ്ടാവില്ല എന്നു പറഞ്ഞത് നുണയാകുമോ? അര്‍ജുന്‍ കൂടുതല്‍ ശ്രദ്ധയോടെ കാതുകളെ ഉള്ളിലേക്ക് കടത്തിവിട്ടു. ''അത് മറിയേടെ ശബ്ദമാണ്. അവളേതോ പാട്ട് പ്രാക്ടീസ് ചെയ്യുന്നു.'' അര്‍ജുന്‍ ചിരിച്ചു.
സിനദില്‍ കോപത്തോടെ കതകിലേക്ക് നോക്കി. ''പാതിരാത്രീലാണ് കൂത്തിച്ചീടെ പാട്ട്. പാടട്ടെ... അവടെ ഒടുക്കത്തെപ്പാട്ട്.'' എന്നുപറഞ്ഞ് അവന്‍ കാലുയര്‍ത്തി കതകില്‍ തൊഴിച്ചു.
''അയ്യോ... ശബ്ദമൊണ്ടാക്കല്ല്. അടുത്ത ഫ്‌ളാറ്റുകളീന്ന് ആരെങ്കിലും ഒണര്‍ന്നു വരും.'' അര്‍ജുന്‍ ചകിതനായി. അടുെത്താരു ഫ്‌ളാറ്റിന്റെ കതക് ലേശം തുറന്ന്, വിടവിലൂടെ ഒരാള്‍ എത്തിനോക്കി. പഴയ ഒരു സദാചാരസംഘക്കാരനാണ്. മറിയയുടെ വാതില്‍ക്കല്‍ തൂങ്ങിയാടുന്ന രണ്ടു ചെറുപ്പക്കാരെ കണ്ടയാള്‍ നിന്ദയോടെ കതക് ചേര്‍ത്തടച്ചു.
മറിയ കതകു തുറന്നു. പച്ചനിറമുള്ള നിശാവസ്ത്രമായിരുന്നു അവള്‍ അണിഞ്ഞിരുന്നത്. പഠിച്ചുകൊണ്ടിരുന്ന പാട്ടിന്റെ രണ്ടുവരികള്‍ അവള്‍ ചുമ്മാതെ മൂളി.
''രണ്ടാളുമൊണ്ടല്ലോ? നനഞ്ഞാ?'' അവള്‍ ചോദിച്ചു. അര്‍ജുന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു- ''സിനന്റെ കാറ് ഉള്ളില് പാര്‍ക്ക് ചെയ്യാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല. ഗേറ്റിന് വെളീലിട്ടു.''
''കാലുകള് നെലത്ത് ഒറയ്ക്കുന്നില്ല സിനന്‍. എന്നിട്ടാണ്ടാ പാതിരാത്രീല് നീയ് ഡ്രൈവു ചെയ്തത്.'' അവള്‍ അവന്റെ ബാക്ക്പാക്ക് പിടിച്ചു വാങ്ങിയിട്ട് അവനെ ദിവാന്‍കോട്ടിലേക്ക് നയിച്ചു.
നല്ല പൂസിലും ആ ദിവാന്‍ അവനോര്‍മ്മ വന്നു. അതില്‍ കിടന്നാണ് അവനും മറിയയും ആദ്യസംഭോഗം ചെയ്തത്. ആ ഉച്ചനേരം അവന്‍ മറക്കില്ല. അവന്‍ അവളുടെ ഛായാചിത്രം വരച്ച ദിവസമായിരുന്നു അത്. അനക്കമറ്റ് മുന്നില്‍ അവളിരുന്ന നേരമത്രയും അവന്റുള്ളില്‍ പ്രണയക്കൊടുങ്കാറ്റാരുന്നു. ചിത്രം പൂര്‍ത്തിയായപ്പോള്‍ അവളവനെ ചുംബിച്ചു. അവര്‍ ഒട്ടിച്ചേര്‍ന്ന് കിടക്കയില്‍ വീണു. വസ്ത്രങ്ങളില്‍ നിന്ന് മോചിതരായി. സംഭോഗമൂര്‍ച്ചയില്‍ അവന്‍ ഉറക്കെ വിളിച്ചലറിയതും ഓര്‍മ്മയുണ്ട്. വീണ്ടും വീണ്ടും അവളുടെ ഫ്‌ളാറ്റില്‍ അവന്‍ പോയിവന്നു. ആരുമൊന്നും അറിയുന്നില്ല എന്നവര്‍ കരുതി. എന്നാല്‍ ഒരു ദിവസം ആ കെട്ടിടസമുച്ചയത്തിലെ സദാചാരസംഘം മുറി പുറത്തുനിന്ന് പൂട്ടി. ദിവസം മുഴുവന്‍ അവര്‍ അവനെ പുറത്തുവിട്ടില്ല. ഒടുക്കം കതകുതുറന്നപ്പോള്‍ സദാചാരക്കമ്മറ്റിക്കാരെ മറിയ തെറിയഭിഷേകം ചെയ്തു. അവരുടെ മെരട്ടൊന്നും അവള്‍ കാര്യമാക്കിയില്ല. എന്നാല്‍ സിനദില്‍ ആകെച്ചൂളി. കൂക്കുവിളികളുടെ ഇടയിലൂടെ തല കുനിച്ചുപിടിച്ചാണ് അന്നവന്‍ സ്ഥലം വിട്ടത്.
പക്ഷേ വീണ്ടും അഞ്ചാം നിലയില്‍ ചെല്ലാതിരിക്കാന്‍ അവനായില്ല. വീണ്ടും വീണ്ടും അവന്‍ ചെന്നു. ആകെ മുങ്ങിയാല്‍ കുളിരുപോകും. പോരാത്തതിന് സാമാന്യത്തിലേറിയ പ്രണയവും. പിന്നെപ്പിന്നെ മറിയ അവനെ സ്വീകരിക്കുന്നത് തണുപ്പന്‍ മട്ടിലായി. അവള്‍ അവനോട് പണം ആവശ്യപ്പെടാനും തുടങ്ങി.
അര്‍ജുനാണ് സിനദിലിനോട് പറഞ്ഞത്, മറിയ മാംസം വില്‍ക്കുന്ന കച്ചവടകേന്ദ്രം തുടങ്ങിയ കാര്യം. സിനദില്‍ നടുങ്ങി. അന്നവന്‍ ഓടിപ്പാഞ്ഞ് ചെന്നപ്പോള്‍ അവിടെ മറ്റൊരാള്‍ ഇരിപ്പുണ്ട്.
''ഇത് നെന്റെ കസ്റ്റമറോ അതോ പുതിയ കാമുകനോ?'' -സിനദില്‍ ഉറഞ്ഞുതുള്ളി.
''ഒക്കെത്തിനും നിയ്യാണ് കാരണം സിനന്‍. തൊടക്കമിട്ടത് നീയാണ്ടാ... അത് കഴിഞ്ഞു. ഇനി പഴയ അധികാരോം പറഞ്ഞോണ്ട് വരല്ല്. നെനക്കു മൂക്കുമ്പോ വല്ലപ്പൊഴും വന്നോ. അതൊരൗദാര്യമായി കണ്ടാമതി.''
''അപ്പോ... അപ്പൊ ഞാന്‍ നിന്നെ പ്രേമിച്ചതോ..?'' സിനദിലിന്റെ ശബ്ദമിടറി.
''അതെന്റെ കുറ്റമല്ല.'' അവളുടെ മുഖത്ത് പരിഹാസം!
വളരെച്ചെറിയ കാലം കൊണ്ട് മറിയ താരമായി. തരംഗമായി. അവളുടെ വളര്‍േച്ചടെ ഏതോ ഘട്ടത്തില്‍ അര്‍ജുന്‍ പോലും അവളുടെ ആരാധകനും കസ്റ്റമറുമായി. അതു മനസ്സിലായപ്പോഴാണ് സിനദില്‍ അര്‍ജുന്റെ മുന്നില്‍ ദുഖഭാരത്തോടെ വീണത്. സിനദിലിന് പ്രതികാരം ചെയ്യണമത്രെ! കൂട്ടുകാരന്റെ മുന്നില്‍ അര്‍ജുന്‍ വഴങ്ങി. എന്തു സഹായമാണ് വേണ്ടത് എന്നു ചോദിച്ചപ്പോള്‍ ''ശുദ്ധ പ്രേമത്തെ പൊറങ്കാലിനു തട്ടിയെറില്ലേ അവള്. അവരാതിച്ചി. മുഴുവന്‍ ആണ്‍വര്‍ഗ്ഗത്തിനും വേണ്ടി അവളെ കൊല്ലണം.'' എന്ന് സിനദില്‍ കരഞ്ഞു.
ഒരു പെണ്ണിനെ രഹസ്യമായി കൊല്ലുന്നത് രസകരമായിരിക്കുമെന്ന് അര്‍ജുന് തോന്നി. പിടിക്കപ്പെടാത്ത മട്ടില്‍ അതെങ്ങനെ വേണമെന്ന് അവര്‍ പദ്ധതിയിട്ടു. തെളിവുകള്‍ അവശേഷിപ്പിക്കാതെ ചെയ്യണം. ആയുധങ്ങള്‍ ശേഖരിച്ചു. പക്ഷേ, ഇപ്പോള്‍ സ്ഥലമെത്തിയപ്പോള്‍ സിനദില്‍ നനഞ്ഞ കിളിയെപ്പോലെ കൂനിപ്പിടിച്ചിരിക്കുന്നു. ആയുധങ്ങള്‍ വച്ച ബാഗ് മറിേയടെ കൈയിലാണ്. അവളത് തുറന്ന് കത്തിയും വാളും ചുറ്റികയും കയറുമൊക്കെ പുറത്തെടുത്തു പരിശോധിച്ചു.
''ഇതെന്തൊക്കെയാ സിനന്റെ ബാഗില് ടൂള്‍സ്? നീയെന്താണ്ടാ വര മത്യാക്കി പുതിയ വല്ല പണീം തൊടങ്ങിയാ..? സത്യത്തിലെന്താണ് നിങ്ങക്കടെ പദ്ധതി?'' അവള്‍ ചിരിച്ചുകൊണ്ട് അര്‍ജുനോട് ചോദിച്ചു.
അവന് സത്യം പറയാനാണ് തോന്നിയത്. അതുകേട്ടപ്പോള്‍ മറിയ കൂടുതല്‍ ഉറക്കെച്ചിരിച്ചു. തുറന്നു ചിരിക്കുമ്പോള്‍ അവടെ മുഖത്ത് പുതിയൊരു ഭാവം വിരിയുമെന്ന് അര്‍ജുന്‍ കണ്ടെത്തി. കുസൃതി കാട്ടിയതിന് പിടികൂടപ്പെട്ട ഒരു ചെറിയ കുട്ടിയുടെ മുഖഭാവം പോലെയെന്തോ..! സെക്‌സിനായി ആളുകള്‍ ചെല്ലുമ്പോള്‍ മറിയയുടെ മുഖത്ത് ഒരു പ്രത്യേക ചിരിയാണത്രെ! അര്‍ജുന്‍ അത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കല്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറിയ പറഞ്ഞു- അത് എനിക്ക് ആണുങ്ങളോടു തോന്നുന്ന ബാല്‍സല്യത്തീന്ന് ഒണ്ടാകുന്നതാണ്ടാ. എന്റെ മോല നൊണയുമ്പഴും എന്റെ മറ്റടത്തൂന്ന് എറങ്ങി തളന്നു കെടക്കുമ്പഴുമൊക്കെ എനിക്ക് തോന്നും. ഒക്കെ എന്റെ കുഞ്ഞുങ്ങളാന്ന്.''
അതുകേട്ടപ്പോള്‍ അവടെ മുഖത്ത് ആഞ്ഞൊരടി കൊടുക്കാനാണ് അര്‍ജുന് തോന്നീത്. ലോകം അംഗീകരിച്ച ഏറ്റവും പവിത്രമായ ഒരു റിലേഷനേക്കുറിച്ചാണ് അവടെ താന്തോന്നിത്തരം.
ഇപ്പോളിതാ... മറ്റൊരു ചിരി. എന്താണാ ചിരിയുടെ അര്‍ത്ഥം എന്നു കണ്ടെത്താനാവാതെ അവന്‍ കുഴഞ്ഞു. ചോദിച്ചാല്‍ വല്ല താന്തോന്നിത്തരം പറയും. അര്‍ജുന്‍ കൂട്ടുകാരനെ നോക്കി. സിനദിലിന്റെ നെറ്റിയില്‍ വിയര്‍പ്പു ചാലുകളുണ്ട്. അത്ര പരിചയമില്ലാത്ത ഒരു വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വന്നുപെട്ട ഒരു ബാലനെ കണക്കാണ് ഇപ്പോളവന്റെയിരിപ്പ്.
അതിനിടെ മറിയ ചെന്ന് സിനദിലിനോട് ഒട്ടിച്ചേര്‍ന്നു- ''സത്യത്തിലെനിക്ക് ചാവാന്‍ പേടീല്ല. ജീവിച്ചിട്ടും വല്യ കാര്യമില്ല. പാപഭാരോന്നുമല്ല. ഒരുതരം മരവിപ്പ്. വെറും മാംസപിണ്ടമായപോലെ. നൂറുവട്ടം സ്വയം തീര്‍ക്കാന്‍ തോന്നീട്ടൊണ്ട്. പക്ഷെ ധൈര്യം പോരാരുന്നു. ഏതായാലും ഒരാളെ കൊല്ലാനുള്ള നിങ്ങക്കടേക്കെ ധൈര്യമൊണ്ടല്ലോ... അത് നന്നായി. പക്ഷേ ഒരു പ്രശ്‌നോണ്ട്. എേത്രക്കെ തെളിവുകള് ഇല്ലാണ്ടാക്കിയാലും എവിടെ ഒളിച്ചാലും എങ്ങനെയെങ്കിലും നിങ്ങളെ പോലീസ് പൊക്കും. പിന്നെ ഒള്ളകാലം ജയിലും ആടത്തെ ദുരിതങ്ങളും.''''പക്ഷെ നീയെന്നെ വഞ്ചിച്ചത്...'' സിനദില്‍ അവളിലേക്ക് ചാരിയിരുന്നാണ് അത് പറഞ്ഞത്. അവന് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടാരുന്നു. അവന്റെ മുതുകില്‍ അവള്‍ തലോടി. പിന്നെ താങ്ങിയെടുത്ത് വാഷ്‌ബേസിന്റെ അടുക്കല്‍ കൊണ്ടുപോയി. ഛര്‍ദ്ദി കഴിഞ്ഞ ശേഷം തളര്‍ന്ന അവനേത്താങ്ങി. ഞാന്‍ പിടിക്കട്ടെ എന്നു പറഞ്ഞ് അര്‍ജുന്‍ എത്തിയപ്പോള്‍ വേണ്ട എന്നവള്‍ വിലക്കി. സിനദിലിന്റെ കണ്ണുകള്‍ ഭിത്തിയില്‍ ഞാന്നുകിടന്ന ചിത്രത്തിലെത്തി. അവന്‍ വരച്ച മറിയയുടെ പോട്രൈറ്റ്. മുറിയിലെ റെയിന്‍ ഡ്രോപ്പ് ലൈറ്റില്‍ നിന്ന് തുളുമ്പിയെത്തുന്ന തുള്ളിവെട്ടത്തില്‍ ആ ചിത്രം കൂടുതല്‍ കമനീയമായി. ചിത്രത്തിലെ മറിയയുടെ ചുണ്ടിലുള്ള കാമം തുളുമ്പുന്ന ചിരി മാറ്റി വരയ്ക്കണമെന്ന് സിനദിലിനപ്പോള്‍ തോന്നി.
''അങ്ങനേക്കെ പറ്റിപ്പോയെഡാ... നിന്നെ കെട്ടി ജീവിച്ചാ ചെലപ്പോള്‍ നന്നായിരുന്നേനെ. അതേ... ചെലപ്പോള്. പക്ഷേങ്കി എടയിലെവിടോ എനിക്ക് തെറ്റി. ഈ ലോകത്ത് ആര്‍ക്കെങ്കിലുമൊക്കെ തെറ്റേണല്ലോ... എങ്കിലല്ലേ ലോകം മുന്നോട്ട് പോകൂ സിനന്‍. എല്ലാരും എല്ലാം ശരിയാക്കിയാല്‍ പിന്നൊന്നും ബാക്കി ഒണ്ടാവില്ലല്ലൊ. അല്ലെടാ..?''
സിനദിലിന് അവള്‍ പറഞ്ഞത് മനസ്സിലായില്ല. അര്‍ജുനും. അവര്‍ പരസ്പരം നോക്കി. വെളിയില്‍ വീണ്ടും മഴ. ഒരു ചൂണ്ടുവിരല്‍ ജാലകത്തിലൂടെ ഉള്ളിലേക്ക് തള്ളിക്കേറ്റി മഴയെന്തോ വരച്ചിടുന്നുണ്ട്.
''ഡാ... നെന്റെ ബാഗില് ഒരുപാട് ടൂള്‍സൊണ്ടല്ലോ... എങ്ങനാണ്ടാ നീയെന്നെ കൊല്ലുന്നത്?''''അത്... അത്...'' അവന് വാക്കുകള്‍ കിട്ടിയില്ല.
''ഒരു പെണ്ണിനെ കൊല്ലാനാണോ സിനന്‍, നിനക്കിത്ര ബത്തപ്പാട്. ഇന്നീ ലോകത്ത് അതെത്ര ഈസിയാണ്. നീയൊരു ചിത്രം വരച്ച് നെറം ചെയ്യുന്നത്ര പാടുണ്ടോ അയിന്. പെണ്ണിനേ കൊല്ലാന്‍ ഒരു ചുറ്റികയോ കയറോ വേണോ? വെറും വാക്കുകള്‍ മാത്രം പോരേ..? നോക്കുകൊണ്ടുപോലും പെണ്ണുങ്ങളെ കൊല്ലുന്നതല്ലേ ലോകം? എന്റെ മരണത്തെ നീ ചുമ്മാ വരച്ചാ മതീഡാ... ഞാന്‍ തീരും.'' അവള്‍ വീണ്ടും ചിരിച്ചു. അവനോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അവന്റെ കനം തൂങ്ങിയ കണ്ണുകളില്‍ അല്പനേരം നോക്കിയിരുന്നിട്ട് അവള്‍ തുടര്‍ന്നു- ''നിങ്ങക്ക് അപകടമില്ലാതെ കാര്യം നടത്താന്‍ ഒരൈഡിയ ഞാന്‍ പറയാം. ഞാനൊരു ചാവുകുറിപ്പെഴുതി പോലീസിനയയ്ക്കാം. അതുകഴിഞ്ഞാലുടന്‍ കയര്‍ എന്റെ കഴുത്തില്‍ ചുറ്റി നീയെന്നെ കൊല്ലണം. എന്നിട്ട് ഈ ഫാനില് തൂക്കണം. അല്ലെങ്കി ബാല്‍ക്കണീന്ന് പുറത്തേക്കിടണം. ചാകാന്നേരം പേടി കൊണ്ട് ഞാന്‍ കുതറിയേക്കും. അപ്പോ നിങ്ങ ബലം പിടിച്ച് ചെയ്യണം. എന്നിട്ട് ഇവിടെ തെളിവൊന്നും അവശേഷിപ്പിക്കാണ്ട് ഓടിപ്പൊക്കോളണം. രണ്ടാളും ഓക്കെയല്ലേ..?''
മറുപടിക്ക് കാത്തുനില്‍ക്കാതെ അവള്‍ സെല്‍ഫോണെടുത്ത് സി ഐയ്ക്ക് സന്ദേശം എഴുതി.
''ദാ... അയയ്ക്കുന്നു. ആളെന്റെ പുതിയ ചങ്കാണ്. ഇതുകണ്ടാ പെട്ടെന്നിങ്ങെത്തും. അതോണ്ട് നിങ്ങ വേഗം തയാറായിക്കോ...''
സിനദിലും അര്‍ജുനും ചാടിയെഴുന്നേറ്റു. അര്‍ജുന്‍ ഊണുമേശയിലിരുന്ന ജഗ്ഗെടുത്ത് രണ്ടിറക്ക് വെള്ളം കുടിച്ചു. മറിയയുടെ ഫോണ്‍ ശബ്ദിച്ചു. അവളത് കട്ട് ചെയ്തു.
''ദേ... സര്‍ക്കിളേമ്മാന് ഒറക്കമില്ല. ആള് കൊറച്ചുസമയം കൊണ്ട് ഇങ്ങുവരും. അയിനുമുമ്പെല്ലാം തീര്‍ക്കണം. വേഗം... വേഗം. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഒരു പാട്ട് പഠിച്ചതാണ്ടാ... അതൊന്നു മുഴുവനായി പാടി നോക്കുന്നതിനു മുമ്പ് ചാകേണ്ടി വരുന്നതില്‍ മാത്രാണ് വെഷമം. സാരമില്ല. ചെറിയ ജീവിതമാകുമ്പോ അങ്ങനെ പലയിഷ്ടങ്ങളും ഉപേക്ഷിക്കേണ്ടി വരും, അല്ലേണ്ടാ സിനനേ..? നീയൊക്കെ എത്ര ഇഷ്ടങ്ങളാ ഉപേക്ഷിച്ചത്...''
മറുപടി പറയാതെ സിനദില്‍ തിടുക്കപ്പെട്ട് ബാഗെടുത്തു. ആയുധങ്ങള്‍ ചിലമ്പി. വാടാ... എന്ന് അര്‍ജുനെ വിളിച്ചു. പുറത്തെത്തി ലിഫ്റ്റിന് കാത്തുനില്‍ക്കാതെ അവര്‍ പടിക്കെട്ടുകളിലൂടെ താഴേക്ക് തുഴഞ്ഞു. അവരങ്ങനെ തുഴഞ്ഞിറങ്ങുമ്പോള്‍, കോണിപ്പടിയുടെ മുക്കിലും ലിഫ്റ്റ് ലോബിയുടെ അങ്ങേത്തലയ്ക്കലും കാലാകാലങ്ങളില്‍ തോറ്റ സദാചാരപ്പടയാളികളുടെ പ്രേതങ്ങള്‍ കൂനിക്കൂടി നില്‍പ്പുണ്ടായിരുന്നു.