എ. ഐ ശോശാമ്മ

കവിത

നന്ദിനി രാജീവ്
    
എ. ഐ ശോശാമ്മയുടെ പ്രഭാത മോഡ്
ഉണരുമ്പോൾ
ബ്രഡ്, ഓംലറ്റ് , ചോറ് മീൻകറി ഇത്യാദികൾ
ഞൊടിയിടയിൽ നിരക്കുന്നു...

ഇടയ്ക്കു തിളച്ചു തൂവിപ്പോയ
പുളിശ്ശേരി ഡിലീറ്റഡ് ......!

ക്ലീൻ മോഡിലേക്ക് ശോശാമ്മയുടെ
വഴക്കമില്ലാ വിരൽത്തുമ്പു തരിക്കുമ്പോൾ
ഉണ്ണിക്കുട്ടൻ തട്ടിയൊഴിച്ച പാൽത്തരികൾ
ബാഷ്പ മോഡിലേക്ക് .....

തരംമാറ്റിയ തുണികളലക്കി
വിരിച്ച ശോശാമ്മ സൂപ്പർ സ്പീഡിൽ
ഓഫീസ്   മോഡിലേക്ക് .....

ഈവനിംഗ് മോഡിലെ ശോശാമ്മ
ജാതി മറന്ന് അന്തിത്തിരി കൊളുത്തി
നാമം ജപിച്ചു തീരുമ്പോൾ
അത്താഴമോഡ് റെഡി....

യന്ത്രസന്ധികൾ വിയർത്തൊട്ടിയിട്ടും
അകവും പുറവും കുളിരു നിറച്ച്
ശോശാമ്മ പ്രണയ മോഡിലേക്ക്
നക്ഷത്രങ്ങൾ നിരത്തുന്നു ......


Comments
* The email will not be published on the website.