സവർണ്ണർ എഴുതുന്ന അവർണ്ണരുടെ ‘നൂറു സിംഹാസനങ്ങൾ’

ലേഖനം

ജൂലി ഡി . എം
 

എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരും സെലിബ്രിറ്റികളുമെല്ലാം സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരാളുടെ എഴുത്തിലെ, പ്രഭാഷണങ്ങളിലെ, നിലപാടുകളിലെ കാപട്യത്തെ ഏതൊരു സാധാരണ മനുഷ്യനും വന്ന് നിന്ന് ചോദ്യം ചെയ്യാൻ കഴിയുന്ന കാലം. എഴുത്തിലെയും സംസാരത്തിലെയും രാഷ്ട്രീയ ശരികേടുകളും സത്യസന്ധതയില്ലായ്മയും വ്യക്തികളുടെ വലിപ്പച്ചെറുപ്പത്തിനപ്പുറം ചോദ്യം ചെയ്യപ്പെടുന്ന കാലം. അങ്ങനെ ഒരു കാലത്ത് സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നവരുടെ ജീവിതം ഏറ്റവും അനുതാപപൂർവം പകർത്തുന്നതെന്ന മട്ടിൽ അവതരിക്കുന്ന കൃതികൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും പാഠപുസ്തകമായി കുട്ടികൾ പഠിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മലയാളസാഹിത്യത്തിൽ ദളിത് ജീവിതം സത്യസന്ധമായി ആവിഷ്കരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ കൃതിയാണ് ജയമോഹന്‍റെ നൂറു സിംഹാസനങ്ങൾ. ദളിത് പക്ഷത്തുനിന്ന് സത്യസന്ധമായി ജീവിതം ആവിഷ്കരിക്കുന്നു എന്ന രീതിയിൽ ആഘോഷിക്കപ്പെട്ട ‘നൂറു സിംഹാസനങ്ങൾ ‘ എന്ന കൃതി ’ എത്രത്തോളം ദളിത് വിരുദ്ധമാണെന്നും സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ മനുഷ്യരുടെ ജീവിത സമരങ്ങളെ പ്രസ്തുത കൃതി എങ്ങനെ റദ്ദു ചെയ്യുന്നു എന്നും പരിശോധിക്കുന്നു.

മനുഷ്യരുടെ നിസ്സഹായതയെ , ദയനീയതയെ ജാതിയിൽ ഊന്നി ആക്ഷേപിച്ചും അധികാരത്തിന്‍റെ
സിംഹാസനങ്ങൾ തങ്ങൾക്കു പറ്റിയതല്ലെന്ന് തോന്നിപ്പിച്ചും പഴയ ഭൂതകാലത്തിലേക്ക് സ്വയം ഇറങ്ങിപ്പോവാൻ പ്രേരിപ്പിക്കുക എന്നതാണ് നൂറു സിംഹാസനങ്ങൾ പോലെയുള്ള ദളിത്  കഥാ കഥനങ്ങളിലൂടെ
 എഴുത്തുകാർ ലക്ഷ്യമിടുന്നത്.

നൂറു സിംഹാസനങ്ങളിലെധർമ്മപാലന്‍റെ ജീവിതം

നായാടിയായ ധർമ്മപാലൻ ഉന്നത വിദ്യാഭ്യാസം നേടി ഐ എ എസ് പദവിയിൽ എത്തിയതിനുശേഷം അനുഭവിക്കുന്ന ജാത്യധിക്ഷേപങ്ങളും അതിൽ നിന്നുണ്ടാകുന്ന അപകർഷതാബോധവും ഭൂതകാലം അമ്മയുടെ രൂപത്തിൽ അയാളെ വേട്ടയാടുന്നതും “തമ്പ്രാക്കളുടെ കസേരയിൽ ഇനി ഞാൻ ഇരിക്കില്ല. ഞാൻ എണീക്കാം.” എന്ന ബോധ്യത്തിലേക്ക് അയാളെ കൊണ്ടെത്തിക്കുന്നതുമാണ് കൃതിയുടെ പ്രതിപാദ്യം എന്ന് പറയാം. ഏഴു വയസ്സുവരെ അമ്മയോടൊത്ത്
ഭിക്ഷയെടുത്തും ചവറ്റുകൂനകളിലെ മാലിന്യം വാരിത്തിന്നും ചൊറിയും ചിരങ്ങുമായി നടന്ന കാപ്പൻ എന്ന് അമ്മ വിളിച്ചിരുന്ന കുട്ടിയുടെ ജീവിതം ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ പ്രജാനന്ദന്‍റെ ആശ്രമത്തിൽ എത്തുന്നതോടെ മാറിമറിയുന്നു. അമ്മയിൽ നിന്നും പറിച്ചുമാറ്റപ്പെട്ട കുട്ടി ധർമ്മപാലൻ എന്ന പേരിൽ സ്കൂൾ - കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി ജോലിയിൽ പ്രവേശിക്കുന്നു. ഭാര്യയും മകനുമൊത്തുള്ള ജീവിതത്തിലേക്ക് ഭൂതകാലം അമ്മയുടെ രൂപത്തിൽ തിരിച്ചെത്തുന്നു. ജോലിയിൽ പ്രവേശിച്ച കാലം മുതൽ അധികാരിയിൽ നിന്ന് അധികാരം നീക്കം ചെയ്യപ്പെട്ട  ‘ജാതി മനുഷ്യ’നായും സ്വയം നിർമ്മിച്ച അപകർഷതാബോധത്തിന്‍റെ മലയ്ക്കുള്ളിലെ എലിയായും ധർമ്മപാലൻ മാറുന്നു.പഴയ ഭൂതകാലത്തേക്ക്
മടങ്ങിപ്പോകുന്നതിലൂടെ മാത്രമേ അമ്മയോട് പ്രായശ്ചിത്തം ചെയ്യാനാവൂ എന്ന തിരിച്ചറിവിൽ അയാളെത്തുന്നു. അപമാനത്തിൽ മുക്കിക്കൊല്ലുന്ന ഭൂതകാലത്തെ മറികടക്കാൻ നൂറു ജന്മങ്ങളിലെ നൂറു അധികാര സിംഹസനങ്ങൾ കൊണ്ടും ദളിത്‌  മനുഷ്യർക്ക് കഴിയില്ല എന്നാണ് ജയമോഹൻ പറഞ്ഞു വയ്ക്കുന്നത്.ഇത്തരം അവതരണം ഈ ഒരു കൃതിയിൽ മാത്രമല്ല കാണാൻ കഴിയുന്നത്. ദളിതരുടെയും ആദിവാസികളുടെയും ജീവിതം ആവിഷ്കരിക്കുന്ന മിക്ക കൃതികളിലും ഇതേ അവതരണമാണുള്ളത്. ജാതിപരമായ, മതപരമായ, കോളനിവൽക്കരണത്തിന്റേതായ അടിമത്തങ്ങൾ പേറുന്നവരാണ് ഇന്ത്യയിലെ എല്ലാ ജാതി-മത സമുദായങ്ങളും. ഇത്തരം ചരിത്രപരമായ അടിമത്തം ദളിത്/ ആദിവാസി വിഭാഗങ്ങളെ മാത്രം വർത്തമാനകാലത്തിലും
വേട്ടയാടിക്കൊണ്ടിരിക്കും എന്നാണ് ഇത്തരം സാഹിത്യകൃതികൾ പറഞ്ഞ് ഉറപ്പിക്കാൻ ശ്രമിക്കുന്നത്. എത്ര ഉന്നതമായ പദവികളിൽ എത്തിച്ചേർന്നാലും ഭൂതകാലം നിരന്തരം അവരെ വേട്ടയാടി കൊണ്ടിരിക്കുമെന്നും അവരുടെ അപകർഷതാബോധം ഒരിക്കലും മാറില്ലെന്നും ഇത്തരം കൃതികൾ ആവർത്തിച്ചു പറഞ്ഞ് ഉറപ്പിക്കുന്നുണ്ട്.
അധികാരത്തിലിരിക്കുന്ന ദളിതന്‍റെയും ആദിവാസിയുടെയും കളസവും ചട്ടയും ഊരി അധികാരക്കസേരയിൽ നിന്നിറക്കി വിടേണ്ടത് സവർണ്ണ ജാത്യധികാരത്തിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തിന്‍റെ ആവശ്യമാണ്‌. നിയമം കൊണ്ടോ
ഭരണാധികാരം കൊണ്ടോ അതിന് കഴിയില്ല എന്നതുകൊണ്ട് അത്തരം മനുഷ്യരുടെ നിസ്സഹായതയെ , ദയനീയതയെ ജാതിയിൽ ഊന്നി ആക്ഷേപിച്ചും അധികാരത്തിന്‍റെ
സിംഹാസനങ്ങൾ തങ്ങൾക്കു പറ്റിയതല്ലെന്ന് തോന്നിപ്പിച്ചും പഴയ ഭൂതകാലത്തിലേക്ക് സ്വയം ഇറങ്ങിപ്പോവാൻ പ്രേരിപ്പിക്കുക എന്നതാണ് നൂറു സിംഹാസനങ്ങൾ പോലെയുള്ള ദളിത്  കഥാ കഥനങ്ങളിലൂടെ
 എഴുത്തുകാർ ലക്ഷ്യമിടുന്നത്.

ദളിത് പക്ഷത്തുനിന്ന് സത്യസന്ധമായി ജീവിതം ആവിഷ്കരിക്കുന്നു എന്ന രീതിയിൽ ആഘോഷിക്കപ്പെട്ട ‘നൂറു സിംഹാസനങ്ങൾ ‘ എന്ന കൃതി ’ എത്രത്തോളം ദളിത് വിരുദ്ധമാണെന്നും സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ മനുഷ്യരുടെ ജീവിത സമരങ്ങളെ പ്രസ്തുത കൃതി എങ്ങനെ റദ്ദു ചെയ്യുന്നു എന്നും പരിശോധിക്കുന്നു.

തിരുവനന്തപുരത്തെ നായാടികൾ -
ജയമോഹന്‍റെ വ്യാജചരിത്ര നിർമ്മിതി

     ചരിത്രത്തെ അപനിർമ്മിച്ചോ പാരഡിയാക്കിയോ കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെയല്ലാതെ ചരിത്രം അടയാളപ്പെടുത്തിയ സമൂഹങ്ങളെ, സംഭവങ്ങളെ, ചരിത്രരേഖകളെ പരാമർശിച്ച് കൃതികൾ രചിക്കുമ്പോൾ അത് വസ്തുതാപരമായിരിക്കണം. ലഭ്യമായ ആധികാരിക പഠനങ്ങളെയും ഗവേഷണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള വ്യാജ ചരിത്ര നിർമ്മിതിയാണ് നൂറു സിംഹാസനങ്ങളിൽ കാണാൻ കഴിയുന്നത്. നൂറു സിംഹാസനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നായാടി സമൂഹത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ തീർത്തും വ്യാജമാണെന്ന് കാണാം. സിവിൽ സർവീസിനുള്ള ഇന്‍റർവ്യൂവിൽ ധർമ്മപാലന്‍റെ ജാതിയെക്കുറിച്ച് ചോദ്യം ഉണ്ടാകുന്നു. “നിങ്ങൾ മലയിൽ ജീവിക്കുന്നവരാണോ? എന്താണ് നിങ്ങളുടെ പ്രത്യേകത?” എന്ന ചോദ്യത്തിന് അയാൾ നൽകുന്ന ഉത്തരം തിരുവിതാംകൂർ സ്റ്റേറ്റ്
മാന്വലിൽ നായാടികളെ കുറിച്ച് പറയുന്ന ഭാഗമാണ്. തന്‍റെ ഭൂതകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ നായാടികളെ കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്- “അക്കാലത്ത് തിരുവിതാംകൂറിലെ നായാടികളിൽ പകുതിയും തിരുവനന്തപുരത്തായിരുന്നു. ബാക്കിയുള്ളവർ തിരുനെൽവേലിയിലും നാഗർകോവിലിലും ചെന്ന് കുടിയേറി.” ഇപ്പറയുന്ന നായാടികളെ കുറിച്ചുള്ള പരാമർശങ്ങൾ യാഥാർഥ്യമോ ചരിത്ര രേഖകളുമായി ഒത്തുപോകുന്നതോ അല്ല. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ നായാടികളെ കുറിച്ച് പരാമർശങ്ങളില്ല. 1906- ലെ നാഗം അയ്യയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ നായാടികളെ കുറിച്ച് യാതൊരു പരാമർശവും കാണാൻ സാധിക്കില്ല. നായാടികളെ കുറിച്ച് ആദ്യപരാമർശം കാണുന്ന ഔദ്യോഗിക ചരിത്രരേഖ വില്യം ലോഗന്‍റെ മലബാർ മാന്വൽ ആണ്.(1887) മലബാറിലെ ഏറ്റവും താഴ്ന്ന ജാതികളിൽ ഒന്നായ നായാടി വിഭാഗത്തോട് സമൂഹം വെച്ച് പുലർത്തിയിരുന്ന അയിത്തത്തെയും
 അവരുടെ ജീവിത രീതിയെയും കുറിച്ചുള്ള  വിശദമായ വിവരണം കാണപ്പെടുന്ന ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ ആധികാരിക രേഖയാണിത്.

ലഭ്യമായ ആധികാരിക പഠനങ്ങളെയും ഗവേഷണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള വ്യാജ ചരിത്ര നിർമ്മിതിയാണ് നൂറു സിംഹാസനങ്ങളിൽ കാണാൻ കഴിയുന്നത്. നൂറു സിംഹാസനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നായാടി സമൂഹത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ തീർത്തും വ്യാജമാണെന്ന് കാണാം.

1909- ൽ പ്രസിദ്ധീകരിച്ച എഡ്ഗാർ തേർസ്റ്റന്‍റെ (Edgar Thurston) Castes and Tribes of Southern India എന്ന കൃതിയാണ് മലബാർ മാന്വലിന് ശേഷം പ്രസിദ്ധീകരിച്ച നായാടികളെ കുറിച്ചുള്ള വിശദവിവരണങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ കൃതി. നായാടികളുടെ തൊഴിൽ, ആചാരവിശ്വാസങ്ങൾ എന്നിവയെ കുറിച്ചെല്ലാമുള്ള വിശദവിവരണങ്ങൾ ഉൾപ്പെടുന്ന ആദ്യ നരവംശ ശാസ്ത്ര പഠനം കൂടിയാണിത്. ഏഴ് വോള്യം ഉള്ള പ്രസ്തുത കൃതിയുടെ അഞ്ചാം വോള്യത്തിലാണ് നായാടികളെക്കുറിച്ചുള്ള പഠനം ഉൾപ്പെടുന്നത്. മലബാറിലെയും കൊച്ചിയിലെയും നായാടികളെ നേരിൽ കണ്ട് തയ്യാറാക്കിയ പ്രസ്തുത പഠനത്തിൽ വിവാഹം, മതം, ഭക്ഷണരീതി, സാമൂഹിക ക്രമം എന്നിവ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് രേഖപ്പെടുത്തലുകളും കോളനിവാഴ്ചക്കാലത്തെ ചരിത്ര നിർമ്മിതിയാണ് എന്ന പോരായ്മ ഉള്ളപ്പോൾ തന്നെ പിൽക്കാല ഗവേഷണങ്ങളിലേക്ക് വെളിച്ചം വീശുന്ന ആദ്യ ചരിത്രരേഖകൾ എന്ന നിലയ്ക്ക് ഇവ വളരെ പ്രധാനപ്പെട്ടവയാണ്. നായാടികളെക്കുറിച്ച് ഏറ്റവും ആധികാരികമായ ആദ്യകാല ഇന്ത്യൻ പഠനം അനന്തകൃഷ്ണ അയ്യരുടെ ‘The Cochin Tribes and Castes’ ആണ്. നായാടികളെക്കുറിച്ച് മാത്രമുള്ള ഏറ്റവും ആധികാരികമായ പഠനം 1937-ൽ പ്രസിദ്ധീകരിച്ച പ്രൊഫ.എ. അയ്യപ്പന്‍റെ ‘Social and Physical Anthropology of the Nayadis of Malabar’ ആണ്. പ്രൊഫ. അയ്യപ്പന്‍റെ പഠനത്തിൽ നായാടികളുടെ ജനസംഖ്യ ക്രമേണ കുറയുന്നതിന്‍റെ കൃത്യമായ കണക്ക് 1901 മുതൽ 1931 വരെയുള്ള സെൻസസ് രേഖകൾ ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.

 ഈ നാല് ചരിത്രരേഖകൾ ഇവിടെ പരാമർശിച്ചത് ജയമോഹൻ പറയുന്ന കാര്യങ്ങൾക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് കാണിക്കാനാണ്.

മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ തിരിച്ചുള്ള കണക്കുകളാണ് നൽകിയിരിക്കുന്നത്. പ്രസ്തുത കണക്കുകൾ പ്രകാരം മലബാർ, കൊച്ചി പ്രദേശങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ തിരുവിതാംകൂറിലെ നായാടികളുടെ എണ്ണം നാമമാത്രമാണെന്ന് കാണാം. തിരുവിതാംകൂറിലെ സെൻസസ് രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന നായാടികളിൽ ചിലർ കൊച്ചി അതിർത്തിയിൽ നിന്ന് സഞ്ചരിച്ച് എത്തിയവർ ആയിരിക്കാമെന്നും ഉള്ളാടൻ വിഭാഗത്തിൽപ്പെട്ടവരെ നായാടികളായി തെറ്റായി രേഖപ്പെടുത്തിയതായിരിക്കാൻ സാധ്യതയുള്ളതായും തിരുവിതാംകൂർ സെൻസസ് സൂപ്രണ്ടായിരുന്ന എൻ. കുഞ്ഞൻപിള്ള തന്നോട് പറഞ്ഞതായി പ്രൊഫ. എ. അയ്യപ്പൻ രേഖപ്പെടുത്തുന്നുണ്ട്.

 ഈ നാല് ചരിത്രരേഖകൾ ഇവിടെ പരാമർശിച്ചത് ജയമോഹൻ പറയുന്ന കാര്യങ്ങൾക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് കാണിക്കാനാണ്. നായാടികൾ പ്രധാനമായും മലബാർ, കൊച്ചി പ്രദേശങ്ങളിലായി വസിച്ചുവന്ന ജനവിഭാഗമാണ്. തിരുവിതാംകൂറിൽ തന്നെ പത്തനംതിട്ട, കൊല്ലം പ്രദേശങ്ങളിലാണ് അപൂർവമായി നായാടികൾ വസിച്ചിരുന്നത് എന്നാണ് രേഖകൾ പറയുന്നത്. എന്നാൽ ജയമോഹന്‍റെ കണക്കുകൾ പ്രകാരം തിരുവിതാംകൂറിലെ നായാടികൾ പകുതിയും തിരുവനന്തപുരത്താണ് ഉള്ളത്! ഒരു നോവലിൽ ചരിത്രം അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ആധികാരികമായ രേഖകൾക്ക് കടകവിരുദ്ധമായ കാര്യങ്ങൾ സിവിൽ സർവീസിനുള്ള ഇന്‍റർവ്യൂവിൽ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വവലിൽ നിന്നെന്ന വണ്ണം ഒരു സിവിൽ സർവീസ് ഉദ്യോഗാർത്ഥിയെ കൊണ്ട് പറയിക്കുന്നത് പരിഹാസ്യമാണ്.

കേരളം എന്ന സംസ്ഥാനത്തോടും മലയാളികളോടും ജയമോഹൻ എന്ന എഴുത്തുകാരനുള്ള വിദ്വേഷം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ നിന്ന് വ്യക്തമായതാണ്.

 ചരിത്രവുമായി ബന്ധമില്ല എന്നതുപോലെ തന്നെ സ്ഥലകാലങ്ങളെയും തോന്നിയത് പോലെയാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് കാണാം. സിവിൽ സർവീസ് ഇന്‍റർവ്യൂ കഴിഞ്ഞശേഷം സെൻ ഗുപ്തയോട് സംസാരിക്കവേ പ്രജാനന്ദന്‍റെ മരണം 1984-ല്‍ ആണെന്ന് പറയുന്ന ധർമ്മപാലൻ മൂന്നാം അധ്യായത്തിന്‍റെ തുടക്കത്തിൽ താൻ ഇന്‍റർവ്യൂവിന് ചെല്ലുന്ന ദിവസമാണ് തിരുവനന്തപുരത്ത് സ്വാമി സമാധിയായ വാർത്ത വന്നത് എന്ന് പറയുന്നു. ആഖ്യാന തന്ത്രമായി സ്ഥലകാലങ്ങളെ യുക്തിക്ക് നിരക്കാത്ത വിധം അട്ടിമറിക്കുന്നതും പരസ്പര ബന്ധമില്ലാതെ ആവിഷ്കരിക്കുന്നതും നമുക്ക് പരിചിതമാണെങ്കിലും ഇത് വളരെ വിചിത്രവും ആക്ഷേപാർഹവുമാണെന്ന് കാണാം. എഴുത്തിൽ വേണ്ടത്ര ജാഗ്രതയോ സൂക്ഷ്മതയോ പുലർത്താത്തത് കൊണ്ടുണ്ടാകുന്ന വീഴ്ചകളാണിവ. മധുരയിൽ ആയിരുന്നു ധർമ്മപാലന്‍റെ ആദ്യ നിയമനം. “ പോലീസിന്‍റെ സഹായത്തോടെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ അമ്മയെ തേടിപ്പിടിച്ചു.” ഇതു വായിക്കുമ്പോൾ അമ്മയെ മധുരയിൽ നിന്നാണ് കണ്ടെത്തിയത് എന്ന തോന്നലാണ് വായനക്കാർക്ക് ഉണ്ടാവുക.

എന്നാൽ മകനുമൊത്തുള്ള ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാൻ ആവാത്ത അവർ “ അവൾക്ക് മടക്കി ക്കിട്ടിയ കുട്ടിയോടൊപ്പം തിരുവനന്തപുരത്തെ ചവറ്റുകുട്ടയിലേക്ക് മടങ്ങാനാണ് അമ്മ ശ്രമിച്ചത്. “ എന്നും ” അമ്മയെ കുടിപ്പിച്ചു ബോധം ഇല്ലാതാക്കി എന്‍റെ ഒപ്പം മധുരയിലേക്ക് കൊണ്ടുപോയി” എന്നുമുള്ള വാക്യങ്ങൾ വായിക്കെ അവരെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി എന്ന് തന്നെയാണ് മനസ്സിലാവുന്നത്.

ഏഴു വയസ്സിൽ അമ്മയെ പിരിഞ്ഞ, കയ്യിൽ അവരുടെ ഒരു ഫോട്ടോ പോലുമില്ലാത്ത, മധുരയിൽ താമസിക്കുന്ന ഒരാൾ പതിറ്റാണ്ടുകൾ കഴിഞ്ഞു വെറും രണ്ടു ദിവസം കൊണ്ട് പോലീസുകാരുടെ സഹായത്തോടെ അമ്മയെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എന്തെഴുതിയാലും ആളുകൾ വായിച്ചോളും എന്ന അപാരമായ ‘ആത്മവിശ്വാസം’ കൊണ്ടാണ്.

 നായകനിൽ എഴുത്തുകാരൻ ആവേശിക്കുമ്പോൾ

      ചരിത്രരേഖകൾ ഒന്നും പരിശോധിക്കാതെയാണ് ജയമോഹൻ നോവൽ എഴുതിയത് എന്ന് കരുതുന്നില്ല. ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ നായാടികളെ കുറിച്ച് പരാമർശം ഒന്നുമില്ലാതിരിക്കെ, അങ്ങനെ ഒരു പരാമർശം ഉണ്ടെന്ന് വരുത്തിത്തീർക്കുന്നതിനും തിരുവിതാംകൂറിലെ നായാടികളിൽ പകുതിയും തിരുവനന്തപുരത്തായിരുന്നു ഉണ്ടായിരുന്നത് എന്ന് ആധികാരികമായി പറയുന്നതിനും പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ പരിശോധിക്കേണ്ടതാണ്. കേരളം എന്ന സംസ്ഥാനത്തോടും മലയാളികളോടും ജയമോഹൻ എന്ന എഴുത്തുകാരനുള്ള വിദ്വേഷം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ നിന്ന് വ്യക്തമായതാണ്.ഒരു സിനിമയെ വിമർശിക്കാം. പക്ഷേ, ആ സിനിമയെ മുൻനിർത്തി മലയാളികൾ മുഴുവൻ “കുടികാര പൊറുക്കി”കളാണെന്നും സംസ്കാരമില്ലാത്തവരാണെന്നും സാമാന്യവൽക്കരിക്കുന്നതിൽ വിദ്വേഷ പ്രചരണം മാത്രമാണുള്ളത്. നൂറു സിംഹാസനങ്ങളിലെ നായകനും കേരളത്തോടും മലയാളികളോടും വെറുപ്പുണ്ട്. ഈ സന്ദർഭം ചിത്രീകരിക്കുന്ന ഇടങ്ങളിൽ ധർമ്മപാലൻ എന്ന നായകനിൽ ജയമോഹൻ ആവേശിക്കുന്നതായി കാണാം.

“പെട്ടെന്ന് തോന്നി ഒന്ന് തിരുവനന്തപുരത്തേക്ക് പോയാലെന്ത് എന്ന്. അവിടെ എനിക്ക് ആരുമില്ല. എനിക്ക് കേരളത്തോട് വെറുപ്പോ അകൽച്ചയോ ഉണ്ട്. എന്നെപ്പോലൊരു കറുത്ത മനുഷ്യന് അവിടെ സ്ഥാനമില്ല എന്ന ചിന്ത. അവിടെയുള്ളവരുടെ മട്ടിലും ഭാവത്തിലും ഉള്ള ധിക്കാരം എനിക്ക് എന്‍റെ നേർക്കുള്ള അധികാരം ആയിട്ട് മാത്രമേ തോന്നാറുള്ളൂ. മഞ്ഞയുടുത്ത് കണ്ണാടിപ്പെട്ടിക്കുള്ളിൽ ഇരിക്കുന്ന നാരായണഗുരുവിന്‍റെ പ്രതിമ എന്നോട് ‘മാറിപ്പോടാ’ എന്ന് പറയുന്നതുപോലെ.”

 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ നവോത്ഥാനം അധ:കൃതരിൽ നിന്നാണ് ഉണ്ടായത്. അതിൽ തന്നെ, അധ:കൃതരിൽ നിന്ന് സവർണ്ണ മേധാവിത്വത്തിനെതിരെ സാമൂഹിക നീതിക്കുവേണ്ടിയുള്ള വലിയ വലിയ പ്രക്ഷോഭങ്ങൾ നടന്നത് തിരുവിതാംകൂറിലും തിരുവനന്തപുരത്തുമായിരുന്നു എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. നവോത്ഥാന നായകരായ ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായ സാമൂഹിക മുന്നേറ്റങ്ങളാണ് കേരളമെമ്പാടും അലയടിച്ചുയർന്നത്. ഇത്തരം നവോത്ഥാന സമരങ്ങളെ നിസ്സാരവത്കരിക്കാനും വില കുറച്ച് കാണിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമത്തിന്‍റെ ഭാഗമായി വേണം നാരായണഗുരുവിനെ കുറിച്ചും തിരുവനന്തപുരത്തെ കുറിച്ചുമുള്ള പരാമർശങ്ങളെ കാണാൻ. ധർമ്മപാലൻ എന്ന

നൂറു സിംഹാസനങ്ങളിലെ നായകന് IAS നേടിയതിന് ശേഷവും ജാതിയുടെ പേരിൽ പരിഹാസവും അപമാനവും അവമതിപ്പും നേരിടേണ്ടി വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. 


ഇത്തരം നവോത്ഥാന സമരങ്ങളെ നിസ്സാരവത്കരിക്കാനും വില കുറച്ച് കാണിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമത്തിന്‍റെ ഭാഗമായി വേണം നാരായണഗുരുവിനെ കുറിച്ചും തിരുവനന്തപുരത്തെ കുറിച്ചുമുള്ള പരാമർശങ്ങളെ കാണാൻ.

തെരുവിൽ അമ്മയോടൊപ്പം ഭിക്ഷയെടുത്ത് നടന്ന അയാൾക്ക് വിദ്യാഭ്യാസം നൽകിയതും അവകാശബോധം ഉള്ളവനാക്കിയതും സിവിൽ സർവീസിലേക്ക് വഴി കാണിച്ചതും വേണ്ട എല്ലാ സഹായവും ചെയ്തതും ശ്രീനാരായണഗുരുവിന്‍റെ ശിഷ്യനായ പ്രജാനന്ദനാണ്. സ്നേഹവും കരുതലും കാണിച്ച ബോധാനന്ദൻ എന്ന സ്വാമിയും അയാളുടെ മനസ്സിലുണ്ട്. എന്നിട്ടും അയാൾക്ക് വെറുപ്പും അനിഷ്ടവുമെല്ലാം കേരളത്തോടും മലയാളികളോടുമാണ്! ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ‘മാറിപ്പോടാ’ എന്ന് പറയുന്നതായാണ് അയാൾക്ക് തോന്നുന്നത്. ഇത് നായകനിൽ ജയമോഹൻ എന്ന എഴുത്തുകാരൻ ആവേശിക്കുന്നത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ജയമോഹൻ എന്ന എഴുത്തുകാരൻ കേരളത്തിലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്.


“ അഗാധമായ നെടുവീർപ്പുകൾ അവസാനിപ്പിച്ചു കൊണ്ടാണ് ശ്രീ.ജയമോഹൻ പറഞ്ഞ ധർമ്മപാലന്‍റെ കഥ ഞാൻ വായിച്ചു തീർത്തത്. പിന്നീട് പുസ്തകമായപ്പോഴും നൂറു സിംഹാസനങ്ങൾ ഞാൻ വായിച്ചു. ജാതി സമ്പ്രദായത്തിന്‍റെയും വ്യവസ്ഥിതിയുടെയും ഭാഗമായി മനുഷ്യകുലത്തോട് ഒറ്റയ്ക്ക് പോരാടുന്ന അടിസ്ഥാന വിഭാഗങ്ങളുടെ കഥയാണിത്. ലോകത്തെവിടെയും ഈ അമ്മയേയും മകനേയും നമുക്ക് കണ്ടുമുട്ടാനാവും. അതിനാൽ പാഠപുസ്തകം പോലെ നാം ഓരോരുത്തരും നൂറു സിംഹാസനങ്ങൾ വായിക്കേണ്ടതുണ്ട്.”- എന്നാണ് സുസ്മേഷ് ചന്ത്രോത്ത് നൂറു സിംഹാസനങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇത് വായിച്ചിട്ടാവണം കോളേജ് സിലബസിൽ നൂറു സിംഹാസനങ്ങൾ ഉൾപ്പെടുത്തിയത് !

“ജാതി സമ്പ്രദായത്തിന്‍റെയും വ്യവസ്ഥിതിയുടെയും ഭാഗമായി മനുഷ്യകുലത്തോട് ഒറ്റയ്ക്ക് പോരാടുന്ന അടിസ്ഥാന വിഭാഗങ്ങളുടെ കഥയാണിത്.”- എന്നെഴുതുമ്പോൾ അതെഴുതുന്ന ആൾ അടിസ്ഥാന വിഭാഗത്തെ മനുഷ്യകുലത്തിൽ പെടുത്തിയിട്ടില്ല എന്നുകൂടിയാണ് അർത്ഥം ! കൃതിയുടെ ആത്മാവ് കണ്ടറിഞ്ഞ് തന്നെയാവണം സുസ്മേഷ് ചന്ത്രോത്ത് ബ്ലർബ് എഴുതിയത്!!

“നൂറു സിംഹാസനങ്ങൾ വെറുമൊരു ജീവിത കഥയല്ല. അതൊരു കാലത്തിന്‍റെ ചരിത്രവും പ്രാദേശികവുമായ അന്വേഷണത്തിന്‍റെ അടയാളം കൂടിയാകുന്നു.” എന്ന മണ്ടത്തരം മധുപാലും നോവലിനെക്കുറിച്ച് എഴുതിയിരിക്കുന്നു. അർഹിക്കുന്നതിലേറെ മലയാളികൾ ആഘോഷിച്ചിട്ടും ജയമോഹന് കേരളത്തോടും മലയാളികളോടും വെറുപ്പുള്ളത് പോലെയാണ് നൂറു സിംഹാസനങ്ങളിലെ നായകനും ഉള്ളത്.  

അരാഷ്ട്രീയ നായകൻ

ഒരു അരാഷ്ട്രീയ നായകന് സമൂഹത്തിൽ ഒന്നും ചെയ്യാനില്ല. ഒന്നുകിൽ അയാൾക്ക് ആത്മരതിയിൽ മുഴുകി ജീവിക്കാം. അല്ലെങ്കിൽ അപകർഷതകളിൽ മുങ്ങി മരിക്കാം. നൂറു സിംഹാസനങ്ങളിലെ നായകൻ രണ്ടാമത്തെ മാർഗം സ്വയം തിരഞ്ഞെടുക്കുന്നു. നായകൻ വ്യക്തി എന്ന നിലയ്ക്ക് തന്‍റെ പ്രശ്നങ്ങളിലേക്ക് ചുരുങ്ങുന്നു. തന്‍റെ പ്രശ്നം തന്‍റെ മാത്രം പ്രശ്നമല്ലെന്നും  അതിനു പരിഹാരം കാണേണ്ടത് രാഷ്ട്രീയമായാണെന്നുമുള്ള ബോധം ഇല്ലാത്ത നായകനെ സൃഷ്ടിക്കുന്നത് അയാളെ തന്‍റെ അപകർഷതകളിലേക്ക്, നിസ്സഹായതകളിലേക്ക്, അരക്ഷിതത്വത്തിലേക്ക് തിരികെ നടത്താൻ വേണ്ടിയാണ്.നോവലിലെ നായകന്‍റെ പ്രശ്നം രാഷ്ട്രീയ പ്രശ്നമോ സാമൂഹികപ്രശ്നമോ ആവാത്തിടത്തോളം  അതിന് പരിഹാരവുമില്ല. അതിനു പരിഹാരം ഉണ്ടാകാതിരിക്കേണ്ടത് ഇത്തരം കൃതികൾ എഴുതുന്ന എഴുത്തുകാരുടെയും അവരെ ആഘോഷിക്കുന്ന വ്യവസ്ഥിതിയുടെയും ആവശ്യമാണ്.  താൻ ചട്ടയും കളസവും ഊരി അധികാരത്തിന്‍റെ കസേര ഉപേക്ഷിക്കാമെന്നും അമ്മയ്ക്ക് വേണ്ടി ചെയ്യേണ്ട ഏക പ്രായശ്ചിത്തം അതൊന്നു മാത്രമാണെന്നും നായകനെ കൊണ്ട് പറയിക്കുമ്പോൾ എഴുത്തുകാരന്‍റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നു. ഭീകരമായ സാമൂഹിക അനീതി കാരണം മനുഷ്യാവകാശങ്ങളെ കുറിച്ചോ മനുഷ്യാന്തസ്സിനെ കുറിച്ചോ ഉള്ള കേവല ധാരണ പോലും ലഭിച്ചിട്ടില്ലാത്ത, ചപ്പുചവറുകൾക്കിടയിൽ മൃഗങ്ങളേക്കാൾ ദയനീയമായ ജീവിതം നയിക്കേണ്ടി വന്ന, മാനസിക പ്രശ്നങ്ങൾ കൂടിയുള്ള ഒരാളോട് ഐക്യപ്പെട്ടുകൊണ്ട് ആ ആളോടുള്ള (അമ്മ )പ്രായശ്ചിത്തമായി താൻപൊരുതി നേടിയ ഇടത്തു നിന്നും ഇറങ്ങിപ്പോരാൻ തയ്യാറാവുന്ന ഒരു ദളിത് നായകൻ ആ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?

സാമൂഹികമായഅനീതികൾക്കിരയായ ഏറ്റവും അരക്ഷിതമായ ചുറ്റുപാടിൽ കഴിയുന്ന മനുഷ്യരുടെ അടിമത്ത ബോധങ്ങളെ, തങ്ങളോട് തന്നെയുള്ള അവ മതിപ്പുകളെ, അതേ ചുറ്റുപാടിൽ കഴിഞ്ഞ മനുഷ്യർക്ക് മനസ്സിലാക്കാനും അവർക്ക് വേണ്ടി പോരാടാനും കഴിയണമെങ്കിൽ ആ വ്യക്തി കാര്യങ്ങളെ രാഷ്ട്രീയമായി കാണുകയും ചരിത്രപരമായി വിശകലനം ചെയ്യുകയും അതിനെ രാഷ്ട്രീയമായും സാമൂഹ്യമായും പരിഹരിക്കുകയും വേണം. 


ഇതൊക്കെ സ്വാതന്ത്ര്യത്തിനു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ പോരാട്ടങ്ങൾ ആയിരുന്നുവെന്ന് നമ്മൾ ഓർക്കണം. അപ്പോഴാണ് 1980കളിൽ സിവിൽ സർവീസിൽ പ്രവേശിച്ച ധർമ്മപാലൻ തന്‍റെ അപകർഷതകളിൽ മുങ്ങി മരിക്കുന്നത് !

പ്രൊഫ.കുഞ്ഞാമന്‍റെ എതിര് എന്ന ആത്മകഥയിലെ ഒന്നാമത്തെ അധ്യായത്തിൽ ഭക്ഷണത്തിനുവേണ്ടി തന്നെ കടിച്ചുമാറ്റിയ നായയോട് പോലും അദ്ദേഹത്തിന് ദേഷ്യം തോന്നുന്നില്ല. തന്‍റെ അതേ അവസ്ഥയുള്ള മറ്റൊരു ജീവി എന്ന അനുതാപം മാത്രമാണ് ഉണ്ടാവുന്നത്. താൻ പ്രൊഫസറായി ജോലി ചെയ്തിരുന്ന കോളേജുകളിൽ അധ:കൃതരായ കുട്ടികൾക്ക് വേണ്ടി അദ്ദേഹം പ്രത്യേകം സമയം ചിലവിടുണ്ട്. ഔദ്യോഗിക ജീവിതത്തിലും ഒട്ടനവധി അനീതികളും വിവേചനങ്ങളും നേരിടുമ്പോഴും അദ്ദേഹം ഒരിക്കലും താൻ ജനിച്ച ചാളയിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല. അംബേദ്കർ ആകട്ടെ, അടിമുടി രാഷ്ട്രീയമായി സ്വയം പരിവർത്തനം ചെയ്ത മനുഷ്യനായിരുന്നു. കീഴാള വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങളുടെ സ്വഭാവം വളരെ വ്യാപകമാണെന്നും അതിന് രാഷ്ട്രീയവും സാമൂഹികവും ധാർമ്മികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ തലങ്ങൾ ഉണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അവയ്ക്കെല്ലാം പരിഹാരം കാണാൻ മരണം വരെ പോരാടുകയും ചെയ്തു. അയിത്ത ജാതിയിൽപ്പെട്ട മനുഷ്യർക്ക് തങ്ങളുടെ മാനുഷികമായ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടാക്കാനും അവ നേടിയെടുക്കാനായി നിരന്തരം പോരാടാനുമുള്ള ധൈര്യം കൊടുക്കുകയാണ് അംബേദ്കർ ചെയ്തത്. കേരളത്തിലെ ദളിത് മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി അയ്യങ്കാളി നടത്തിയ സമരങ്ങൾ നവോത്ഥാന കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ധീരോജ്ജ്വലമായ ഏടുകളാണ്. തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലെ ആദ്യ ദളിത് പ്രതിനിധിയായ അദ്ദേഹത്തിന് ദളിത്‌ മനുഷ്യരുടെ മോചനം രാഷ്ട്രീയമായ സമരങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവുണ്ടായിരുന്നു. ഇതൊക്കെ സ്വാതന്ത്ര്യത്തിനു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ പോരാട്ടങ്ങൾ ആയിരുന്നുവെന്ന് നമ്മൾ ഓർക്കണം. അപ്പോഴാണ് 1980കളിൽ സിവിൽ സർവീസിൽ പ്രവേശിച്ച ധർമ്മപാലൻ തന്‍റെ അപകർഷതകളിൽ മുങ്ങി മരിക്കുന്നത് !



മൃഗങ്ങളേക്കാൾ താണ നിലയിൽ മനുഷ്യരെ നിലനിർത്തേണ്ടതും അങ്ങനെ ഒരു തോന്നൽ അവരിൽ ഉണ്ടാക്കേണ്ടതും വർണ്ണ വ്യവസ്ഥയിൽ
അധിഷ്ഠിതമായ ഒരു സിസ്റ്റത്തിന്‍റെ മാത്രം ആവശ്യമാണ്.

 തന്നെപ്പോലെ ജാതി വിവേചനം നേരിടുന്ന മനുഷ്യരുടെ പരിദേവനങ്ങൾ കേൾക്കുമ്പോൾ അവരെ ചേർത്തുപിടിക്കാൻ നായകന് തോന്നുന്നില്ല.അവരുടെ വാക്കുകൾ അയാളിൽ തന്നെക്കുറിച്ചുള്ള അവമതിപ്പ് കൂട്ടുകയാണ് ചെയ്യുന്നത്.


“സർ, ഞാൻ എസ് സി കോട്ടയിൽ വന്നവനാണ്. എന്നെപ്പോലുള്ള ആളുകൾക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. വൃത്തികെട്ട ഏതോ പ്രാണിയെ നോക്കുന്നത് മാതിരിയാണ് എന്നെ ഇവർ നോക്കുന്നത്. ഞാൻ സർവീസിൽ കയറി ഇപ്പോൾ പതിനെട്ട് കൊല്ലം കഴിഞ്ഞിരിക്കുന്നു. സീനിയറാണ് സാർ. പക്ഷേ, ഇന്നുവരെ അന്തസ്സായിട്ട് ചെയറിലിരുന്ന് രോഗികളെ നോക്കിയിട്ടില്ല. സർവീസ് മുഴുവൻ പോസ്റ്റുമോർട്ടം ചെയ്യാനും ഇതുപോലുള്ള സ്ഥലങ്ങളിൽ പണിയെടുക്കാനുമാ സാർ എന്‍റെ യോഗം. ഇവിടെ വലിയ ജാതിയിലുള്ള ഒരൊറ്റ ആളില്ല. ഈ ചെറിയ ഡോക്ടറും എന്‍റെ ജാതിയാ… ഞങ്ങൾ രണ്ടാളെയും….” എന്ന ഡോ. മാണിക്യത്തിന്‍റെ വാക്കുകൾ കേട്ട ധർമ്മപാലന് “ ഇറങ്ങി അയാളെ തള്ളിയിട്ട് ചവിട്ടി, അരച്ച്, മെതിച്ച്, ചെളിയായി മാറ്റി മണ്ണോടു മണ്ണാക്കണമെന്ന് തോന്നി.” എന്നാണ് നോവലിസ്റ്റ് എഴുതിയിരിക്കുന്നത്.

“ പഠിച്ച പഠിത്തത്തിന് വേറെ എവിടെപ്പോയാലും അന്തസ്സായി ജീവിക്കാമായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന് സ്വപ്നം കണ്ട് രാവും പകലും ഇരുന്ന് പഠിച്ചവനാ സാർ… ഈ തോട്ടികളുടെ ഒപ്പം തോട്ടി ഡോക്ടറായി എന്നെ ഇരുത്തിയിരിക്കുന്നു…” എന്ന ഡോക്ടറുടെ വാക്കുകൾ കേട്ട്  “ വേറെ പണിക്ക് പോയാലും ഇതുതന്നെയാ ഗതി. സിവിൽ സർവീസ് എഴുതി എന്നെപ്പോലെ ആയാലും വേറെ മാർഗ്ഗമില്ല. ഞാൻ സിവിൽ സർവീസിലെ തോട്ടിയാ… ” എന്നുപറഞ്ഞുകൊണ്ട് ധർമ്മപാലൻ തന്‍റെ അപകർഷതകളുടെ ചവറ്റുകൂന ഡോക്ടറുടെ തലയിൽക്കൂടി തട്ടുന്നു.

ശേഷം “ ഈ അന്യനോട് ഞാൻ എന്തിനാണ് പിച്ചയെടുത്ത് തിന്ന കാര്യങ്ങളൊക്കെ പറഞ്ഞത്? ഇവന്‍റെ മനസ്സിൽ എന്നെപ്പറ്റി എന്ത് ചിത്രമാണ് ഉണ്ടാവുക? തീർച്ചയായും എല്ലാ മതിപ്പും പോയിട്ടുണ്ടാവും. അയാൾ തന്നെപ്പോലെ ഒരാളായി കരുതിയിട്ടുണ്ടാവും. “ എന്ന ധർമ്മപാലന്‍റെ വിചാരത്തിൽ ഡോക്ടർ  അയാളെപ്പോലെ ഒരാളായി തന്നെ കാണുന്നതിൽ ധർമ്മപാലന് അവമതിപ്പുണ്ട് എന്ന കാര്യം വ്യക്തമാണ് . ഡോ. മാണിക്യത്തോട് സംസാരിക്കവേ  “ ഈ ശരീരം കണ്ടോ? ഇതിൽ ഓടുന്ന ചോര മുഴുവൻ പിച്ചയെടുത്ത് ഉണ്ട ചോറിൽ ഊറിയതാ. എനിക്ക് പിച്ചയിട്ട ഒരാളും അത് മറക്കില്ല. മറക്കണമെങ്കിൽ മുഴുവൻ ചോരയും കീറി പുറത്തെടുക്കണം. വേറെ വല്ല നല്ല രക്തവും കുത്തിക്കേറ്റണം. പുലി, നായ, കഴുത അങ്ങനെ വല്ല അന്തസ്സുള്ള ജീവിയുടെയും രക്തം….. ” എന്ന ധർമ്മപാലന്‍റെ വാക്കുകൾ കൊടിയ സാമൂഹിക വിവേചനങ്ങൾ നേരിടേണ്ടി വന്ന അധ:കൃതരായ മനുഷ്യരിൽ വലിയ അപകർഷതയുണ്ടാക്കും. സമൂഹത്തിന്‍റെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരുടെ ജീവിതം തങ്ങളുടെ പിച്ചയോ ഔദാര്യമോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം കൃതികൾ ആഘോഷിക്കപ്പെടുന്നതിൽ അദ്‌ഭുതപ്പെടാനില്ല.

മൃഗങ്ങളേക്കാൾ താണ നിലയിൽ മനുഷ്യരെ നിലനിർത്തേണ്ടതും അങ്ങനെ ഒരു തോന്നൽ അവരിൽ ഉണ്ടാക്കേണ്ടതും വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സിസ്റ്റത്തിന്‍റെ മാത്രം ആവശ്യമാണ്. അതിന് പൂർണമായും വിധേയപ്പെടുന്ന ഒരു നായകനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ജയമോഹൻ ചെയ്തത്. മനുഷ്യരെ മൃഗങ്ങളെക്കാൾ മോശമായി പരിഗണിച്ച ഒരു സിസ്റ്റത്തിൽ ജീവിക്കേണ്ടിവന്ന മനുഷ്യർക്കല്ല , മൃഗങ്ങളെക്കാൾ മ്ലേച്ഛമായി മനുഷ്യരെ പരിഗണിച്ച സിസ്റ്റത്തിനും അതിനെ താങ്ങി നിർത്തുന്നവർക്കുമാണ് അപകർഷതാബോധം ഉണ്ടാകേണ്ടത്. അക്കാര്യം സാഹിത്യത്തിൽ അവതരിപ്പിക്കാൻ ഇവിടെ എഴുത്തുകാരില്ലാതെ പോയി.

തന്‍റെ പ്രശ്നങ്ങളെയോ തന്നെപ്പോലുള്ള മനുഷ്യരുടെ പ്രശ്നങ്ങളെയോ രാഷ്ട്രീയമായി കാണാനോ ഭരണപരമായി പോലും പരിഹരിക്കാനോ കഴിയാത്ത ഒരു ജില്ലാ ഭരണത്തലവനെയാണ് ജയമോഹൻ നൂറു സിംഹാസനങ്ങളിൽ സൃഷ്ടിച്ചെടുത്തത് എന്ന് കാണാം.

സിവിൽ സർവീസിന്‍റെ ഇന്‍റർവ്യൂവിൽ ധർമ്മപാലന്‍റെ നേർക്ക് ഇങ്ങനെ ഒരു ചോദ്യമുണ്ടാവുന്നു. “ നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക? ” അതിനു നൽകേണ്ട മറുപടി എന്തെന്ന് നന്നായിട്ടറിയാമെങ്കിലും അയാൾ മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു. “സർ, ന്യായം എന്ന് വെച്ചാൽ എന്താണ്? വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്ന് പറഞ്ഞാൽ അതിന്‍റെ കാതലായ് ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമ്മത്തിന്‍റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടിഅനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.” കൊടിയ ജാതി വിവേചനങ്ങൾ നേരിട്ട മനുഷ്യർ ഉന്നത സ്ഥാനങ്ങളിലെത്തിയാൽ തങ്ങൾ നേരിട്ട വിവേചനങ്ങളുടെ പേരിൽ അവർ തങ്ങളുടെ സമുദായത്തിൽപ്പെട്ട മനുഷ്യരുടെ പക്ഷം ചേർന്ന് നിലപാടെടുക്കും എന്ന സന്ദേശമാണല്ലോ നായകൻ നൽകുന്നത്.

 ഏതാണ്ട് സമാനമായ ഒരു സന്ദർഭത്തെക്കുറിച്ച് അംബേദ്കർ എഴുതുന്നുണ്ട്. ഒരിക്കൽ അയിത്ത ജാതിക്കാരനായ ഒരു വിദ്യാർത്ഥിയുടെ പിതാവ് മകനുവേണ്ടി പ്രൊഫസറായ അംബേദ്കറുടെ അടുക്കൽ ശിപാർശ ചെയ്യാൻ എത്തി. അംബേദ്കറുടെ മറുപടി ഇങ്ങനെയായിരുന്നു-

“എനിക്ക് വേണമെങ്കിൽ ഇത് ചെയ്യാൻ കഴിയും. പക്ഷേ, എനിക്കത് ഒരിക്കലും ചേർന്നതല്ല. വിദ്യാസമ്പന്നനായ ഒരു അയിത്ത ജാതിക്കാരനായ യുവാവ് മറ്റ് വിദ്യാസമ്പന്നരായ യുവാക്കളുമായി താരതമ്യം ചെയ്യുമ്പോൾ സ്വയം നിസ്സാരനും ചെറിയവനും ഹീനനുമായി എന്തിന് കരുതണം? എന്‍റെ ആഗ്രഹം അയിത്ത ജാതിക്കാരനായ ഒരു വിദ്യാർത്ഥി സ്വന്തം കഴിവുകൊണ്ട് താരതമ്യേന മികച്ച വിദ്യാർഥിയായി പേരെടുക്കണമെന്നാണ്.” വലിയ അനീതികളോട് പടവെട്ടി ജീവിതത്തിന്‍റെ ഉയരങ്ങളിലേക്ക് പിടിച്ചു കയറിയ മനുഷ്യരുടെ യഥാർഥ ജീവിത സന്ദർഭങ്ങളാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

അവരാരും തങ്ങളുടെ കഴിവും അധ്വാനവും കൊണ്ട് നേടിയെടുത്ത ഇടങ്ങളിൽ നിന്ന് ഭൂതകാലത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവരല്ല. വലിയ സാമൂഹിക അനീതി നേരിട്ട മനുഷ്യർക്ക് പ്രചോദനമാകുന്നത് മേൽപ്പറഞ്ഞ മനുഷ്യരുടെ ജീവിതങ്ങളാണ്. അല്ലാതെ ‘ജയമോഹന്മാർ’ അവതരിപ്പിക്കുന്ന പോലുള്ള അപകർഷതകൾ കൊണ്ട് നിർമ്മിച്ച അരാഷ്ട്രീയ നായകന്മാരല്ല.


ഒരിക്കലും ഒഴിയാത്ത അപകർഷ ബോധമുള്ളവരാക്കി അധ:കൃതരായ മനുഷ്യരെ നിലനിർത്തേണ്ടത് സവർണ്ണ ജാത്യധികാരത്തിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തിന്‍റെയും അതിനു കുഴലൂത്ത് നടത്തുന്ന ജയമോഹനെപ്പോലുള്ള എഴുത്തുകാരുടെയും ആവശ്യമാണെന്നാണ് നൂറു സിംഹാസനം പോലുള്ള കൃതികൾ വായനക്കാരോട് പറയുന്നത്.

 അവർണ്ണരെയും ആദിവാസികളെയും രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ കൊണ്ടോ സാമൂഹിക നിയമങ്ങൾ കൊണ്ടോ അവർ എത്തിപ്പിടിച്ച സ്ഥാനങ്ങളിൽ നിന്ന് ആട്ടിയോടിക്കാൻ ആവില്ലെന്ന് തിരിച്ചറിയുമ്പോൾ പിന്നെ ചെയ്യാൻ കഴിയുന്നത് അവരുടെ അപകർഷതകളെ ആളിക്കത്തിച്ച് തങ്ങളുടെ ഭൂതകാലത്തിലേക്ക് തിരികെ നടത്തിക്കുക എന്നതാണ്. അത്തരം ലക്ഷ്യപ്രാപ്തിയാണ് നൂറു സിംഹാസനം പോലെയുള്ള കൃതികൾ സാധ്യമാക്കുന്നത്. അംബേദ്കറും അയ്യങ്കാളിയുമെല്ലാം തങ്ങളുടെ അധ:കൃത സ്വത്വത്തെ, അപകർഷതകളെ രാഷ്ട്രീയമായി ചിന്തിച്ചും പ്രവർത്തിച്ചുമാണ് മറികടന്നത് എന്ന വസ്തുത നമ്മൾ ഓർക്കേണ്ടതുണ്ട്. ചൂഷിത വർഗത്തിന്‍റെ മോചനം ലക്ഷ്യം കാണുന്ന എഴുത്തുകാർ വേദനകളെ കുഴിവെട്ടി മൂടാനും പൊന്നാര്യന് മുമ്പ് അധികാരം കൊയ്യാനും ആഹ്വാനം ചെയ്യും. എന്നാൽ ഒരു ചൂഷിത വിഭാഗം അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതിനാൽ ജയമോഹൻ “ എന്നോട് സംസാരിക്കുമ്പോൾ ആർക്കും ഒരുതരം അധികാരത്തിന്‍റെ സ്വരം ഉണ്ടായി വരും. അധികാരത്തിന്‍റെ മുന്നിൽ ഞാൻ എപ്പോഴും നിശ്ശബ്ദനായിരുന്നു. ഞാനൊരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണമുണ്ട്. ‘ഒന്ന് ജീവിച്ചോട്ടെ’ എന്ന മട്ടുണ്ട്. കാലുകൾക്ക് താഴെയാണ് അതിന്‍റെ ലോകം. ചവറുകളിലാണ് അതിന്‍റെ ജീവിതം.എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ല് വളയ്ക്കേണ്ട കാര്യമില്ല. വളച്ചു തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.” - എന്നെഴുതും. ഒരിക്കലും ഒഴിയാത്ത അപകർഷ ബോധമുള്ളവരാക്കി അധ:കൃതരായ മനുഷ്യരെ നിലനിർത്തേണ്ടത് സവർണ്ണ ജാത്യധികാരത്തിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തിന്‍റെയും അതിനു കുഴലൂത്ത് നടത്തുന്ന ജയമോഹനെപ്പോലുള്ള എഴുത്തുകാരുടെയും ആവശ്യമാണെന്നാണ് നൂറു സിംഹാസനം പോലുള്ള കൃതികൾ വായനക്കാരോട് പറയുന്നത്.



Comments
* The email will not be published on the website.