
കവിത
രജനി മേനോൻ
കണ്ണുകൾക്ക്
സത്യം കാണാനാകുമെന്നത്
മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും മനോഹരമായ മിഥ്യകളിലൊന്നാണ്.
കണ്ണുകൾ നേരിന്‍റെ സാക്ഷ്യപത്രങ്ങളല്ല.
അതുകൊണ്ടാണ്
കാതുകൾക്കുള്ളിലെ പിരിയൻ ഗോവണികളിലൂടെ
ഞാൻ അകത്തേക്ക് കയറിപ്പോയത്.
അവിടെ, പൊടിപിടിച്ചൊരു ഗ്രാമഫോണിൽ
നിങ്ങൾ പണ്ടെന്നോ മറന്നുവെച്ച ചില മനുഷ്യരുടെ
സാമീപ്യങ്ങൾ ഇന്നും പാടുന്നുണ്ടായിരുന്നു.
ആ സംഗീതം പിന്തുടർന്ന്
തലച്ചോറിലെ ആൽഫയും ബീറ്റാ ഉം കടന്നപ്പോൾ,
സർറിയലിസ്റ്റ് ചിത്രങ്ങളുടെ പണിപ്പുരയിൽ
ഓർമ്മകൾ നിറം കലർത്തുന്നത് ഞാൻ കണ്ടു.
ന്യൂറോണുകളുടെ തിരക്കേറിയ വഴികളിലൂടെ
അവ എന്നെ കൂട്ടിക്കൊണ്ടുപോയത്
ഓർമ്മകളുടെ ബർമുഡ ട്രയാങ്കിളിലേയ്ക്കായിരുന്നു.
തിരിച്ചുവരുന്നവർ
പഴയവരായിരിക്കില്ലെന്ന് പറയുന്ന
അഗാധ സമുദ്രത്തിലേയ്ക്ക്.
സ്നേഹത്തിന്‍റെ ചോർച്ചകളെ
വിശ്വാസമെന്ന പശകൊണ്ട്
എപ്പോഴും അടച്ചുവെക്കാനാവില്ല.
അപ്പോൾ ചുംബനങ്ങളുറഞ്ഞ ചുണ്ടുകൾപോലും
പഴയ ശിലകളായി മാറും.
അതുകൊണ്ടാണ് ചില വേർപാടുകൾ
രക്തസ്രാവമില്ലാതെയും ഇന്നും
മനുഷ്യരെ വേദനിപ്പി
ക്കുന്നത്.
ഓർമ്മ,
ഒരു പുരാവസ്തു ശാസ്ത്രജ്ഞനാണ്.
കാലത്തിന്‍റെ ഭൂഗർഭപാളികളിലൂടെ
മന്ദഗതിയിൽ സഞ്ചരിച്ച്,
ഹൃദയത്തിന്‍റെ ഇരുണ്ട ഖനിയിൽ
ഒരു ഫോസിലായി കിടക്കുന്ന പ്രണയത്തെ
അത് സൂക്ഷിച്ചുവെക്കുന്നു.
അതിന് മുകളിൽ
അടിഞ്ഞുകൂടുന്ന മണ്ണിന്‍റെ പാളികളെയാണ്
നാം മറവി എന്നു വിളിക്കുന്നത്.
അതിനാൽ ഭൂമി മുഴുവൻ ഖനനം ചെയ്താലും
പ്രണയത്തിന്‍റെ അസ്ഥികൾ
ആരും കണ്ടെത്തുകയില്ല.
ഫോസിലുകൾ
ജീവിച്ചിരുന്ന ജീവികളുടെ മരണരേഖകളല്ല;
ഒരിക്കൽ
ജീവൻ ഇവിടെ താമസിച്ചിരുന്നുവെന്ന
പ്രപഞ്ചത്തിന്‍റെ കയ്യൊപ്പാണ്.
അതുപോലെ, പ്രണയത്തിന്‍റെ ഫോസിലുകളും
നഷ്ടപ്പെട്ട ബന്ധങ്ങളുടെ സ്മാരകങ്ങളല്ല.
ഒരു ദിവസം
എന്‍റെ ഹൃദയം ഖനനം ചെയ്യപ്പെടുകയാണെങ്കിൽ,
നിങ്ങൾ കണ്ടെത്തുക
മനുഷ്യന്‍റെ അസ്ഥികളെയാവില്ല—
ഒരു കാലത്ത്
പ്രപഞ്ചത്തെക്കാൾ വലുതായിരുന്ന
ഒരു പ്രണയത്തിന്‍റെ
ഫോസിലായിരിക്കും.
അതുകൊണ്ടാണ് ചില മനുഷ്യരെ നാം
മറന്നുവെന്ന് പറയുമ്പോഴും,
അവരുടെ പേരുകൾ നമ്മുടെ ഉള്ളിൽ
ഇപ്പോഴും കല്ലാകാൻ വിസമ്മതിക്കുന്ന
ഹൃദയമിടിപ്പുകളായി മുഴങ്ങുന്നത്.
പ്രണയത്തിന്‍റെ ഫോസിലുകൾ കണ്ടെത്തുന്നത്
പുരാവസ്തുശാസ്ത്രജ്ഞരല്ല.
സ്വന്തം ഹൃദയത്തിന്‍റെ അവശിഷ്ടങ്ങളിൽ
ഇപ്പോഴും ഖനനം തുടരുന്നവരാണ്.