മൂന്ന് കവിതകള്‍

കവിത
ടി.കെ.സന്തോഷ് കുമാർ



1. 
സൂചിയും നൂലും
പൂവുവിരിയുന്ന
താരെങ്കിലും ഇതൾ
ചൂടാൻ വരും എന്ന
മോഹത്താലോ?

പക്ഷി പറക്കുന്ന
താകാശത്തിൻനറു
മുത്തോ പവിഴമോ
കിട്ടിടാനോ ?

ചിത്രശലഭം ചിറകു
നീർത്തുന്നതു
കിട്ടും പൂന്തേനെന്ന
തോന്നലിലോ ?

മാരിയും വേനലും
ഗ്രീഷ്മ ശിശിരവും
മാറി വസന്തം
വിരിഞ്ഞിടുന്നു

ആറുകളെല്ലാ
മൊഴുകി 
സമുദ്രത്തി-
ലെത്തുന്നു, മേഘമായ്
മാറിടുന്നു

മായും വെളിച്ചം
പ്രഭാതമായ് മാറുന്നു
വീണ്ടും കടലിൽ
ചുവന്നിടുന്നു

ചക്രങ്ങൾ വീണ്ടും
കറങ്ങുന്നു സൂചികൾ
ചിത്രങ്ങൾ നെയ്യുന്നു
നൂലിഴയും

ഒന്നുമെവിടെയു
മാരേയും കണ്ടല്ല
ഒന്നിനുമല്ലാതെ 
നീളും കാലം.

2. എന്തുകൊണ്ടെന്നറിയില്ല

മുഷിഞ്ഞ ഉടുപ്പുകൾ
എടുത്തു കളയും പോലെ
ചേർച്ചകളിലും വേണ്ടി വരും
ചില വിടുതലുകൾ
 
വീട്ടിനുള്ളിലേക്ക്
കയറി വരുന്ന  പൂച്ചക്കുഞ്ഞ്
മതിൽക്കെട്ടിനകം
സ്വന്തമാക്കിയ പട്ടിക്കുഞ്ഞ്
പൂടപൊഴിച്ച്
വാതിലും  തിണ്ണയും പതിച്ചെടുത്ത്
ഗർ... ഗർ... ഗർ.....ഗർഗരരാകുമ്പോൾ
വടിവീശി ചാടിക്കും.
ഒടുവിൽ ഉണ്ടെണീക്കുമ്പോൾ
എത്ര വേണ്ടായെന്നു കരുതിയാലും
ഒരുരുള അവർക്ക്
കൊടുക്കാതിരിക്കാനാവില്ല.
 
വീടിന്റെ കൂരയിൽ
ചിറകുരുമ്മുന്ന പ്രാവുകൾ
എഴികൾക്കിടയിൽ
കൂടുകെട്ടിയ മൈനകൾ
എറയത്തും മുറ്റത്തും കാഷ്ഠിച്ചിടും
ഉച്ചയ്ക്കൊന്നു മയക്കം വരുമ്പോൾ
കുറു.. കുറേ... അല്ലെങ്കിൽ ചിലെ... ചിലേ
എത്ര വെടിപ്പാക്കിയാലും
വടി വീശി പറത്തിയാലും
 വൈകുന്നേരം
ചായ കുടിക്കാനിരിക്കുമ്പോൾ
ചിറകടിയും ഒച്ചയും കാതിലുയരും
എത്ര വേണ്ടായെന്നു കരുതിയാലും
ചെറുതിനകൾ മുറ്റത്തു വാരിയിട്ടു
കൊടുക്കാതിരിക്കാനാവില്ല.
 
പണ്ട് ഉച്ചയ്ക്ക് കുളക്കരയിലിരുന്ന്
മറ്റൊരു കൈവെള്ളയുടെ ചൂടറിഞ്ഞ്
വെള്ളത്തിൽ കാലിട്ടടിച്ചപ്പോൾ
തൊട്ടറിഞ്ഞ നനവുകൾ നെഞ്ചിലൂടെ പടർന്ന്
കണ്ണുകളിൽ ഇപ്പോഴും നിറയുന്നത്
എന്തുകൊണ്ടെന്ന്  അറിയില്ല. 

3. ഭൂമിയെ തൊട്ടു നെറ്റിയിൽ വയ്ക്കും വെളിച്ചങ്ങൾ

തോറ്റുപോയ നിമിഷങ്ങളൊക്കെയും
ചേർത്തു കെട്ടിയുയർത്തിയ പമ്പരം
കാറ്റു തട്ടിയാൽ വീഴില്ലതു നേർത്തു
പാളിയായിപ്പൊളിഞ്ഞടർന്നീടില്ല.
 
മൂർത്തിയില്ല പൂജിക്കുവാൻ മുന്നിലായ്
മൂർത്തമാകുന്ന ജീവിതം സത്യമേ 
ചേർത്തു നിർത്തിയ കാലമേ നിൻവിരൽ 
കോർത്തു, ശ്വാസം മിടിക്കും തുരുത്തുകൾ
 
സൂര്യകാന്തികൾതൻ വഴിവെട്ടമാം
വീണലിഞ്ഞു ലയിച്ചിടാം മണ്ണിലായ്
വീണ്ടും മുളച്ചുയർന്നീടും ഇലകളിൽ
ചേർത്തു നിർത്തിടാം പച്ചതൻ ശോഭകൾ
 
പ്രാണനെ നമ്മൾ ചേർത്തുപിടിക്കുക
വേലിയിൽ പുതുപൂവുകൾ, തുമ്പികൾ       
കെട്ടുപോകാതിരിക്കട്ടെ ഭൂമിയെ
തൊട്ടു നെറ്റിയിൽ വയ്ക്കും വെളിച്ചങ്ങൾ


Comments
* The email will not be published on the website.