
കവിത
പ്രിയ ഉണ്ണികൃഷ്ണൻ
ദുഖഃമാണെല്ലായിടത്തും, ചിരി പോയ
മുഖത്തിന്‍റെയല്പ പ്രകാശം പോലൊരു
വെയിൽ മിന്നിത്തിളങ്ങുന്നു ഉച്ചയിൽ.
വെറുതെ പെയ്തെന്ന മട്ടിലലസമൊരു
മഴ മെല്ലെ ചിതറിത്തെറിക്കുന്നു
ആരു വന്നുപോയെന്നാരായുന്നു
ചെറുകാറ്റു ചില്ലയിൽ
കുരുങ്ങിക്കിടക്കിലും.
എന്ത് ചൊല്ലേണ്ടു, നീണ്ട
സായാഹ്നമൊന്നിൽ
നീ തന്നു പോയൊരേകാന്തത, ആഴിയോള-
മാഴമെന്നോ കടന്നുപോയെന്നോ
ഇവിടെയോർമ്മകൾ പോലെന്തോ
വീട്ടിലെല്ലായിടത്തുമൊളിച്ചിരിക്കുന്നു;
നിന്നെക്കുറിച്ചുള്ള
മറവിയൊട്ടുമേയില്ലാതെ
പുതപ്പിലൊളിക്കുന്നോരർദ്ധചുംബനം
ചോപ്പു മാഞ്ഞോരന്തിയിൽ പൊടുന്നനെ
ഒരുഗ്രകിലുകിലുക്കത്തിൻ വളപ്പൊട്ടുകൾ
എനിക്കാവില്ല, വിഷാദമിനിയും പേറുവാൻ
ഇവ്വിധം നീയകന്നു സ്നേഹിക്കുകിൽ
ഇത്തിരി പ്രേമത്തിൻ നറുചൂടിലേറെയും
പൂവിട്ടുപോയ്, വസന്തമൊഴിയുന്നില്ല,
അഴിഞ്ഞുലഞ്ഞ വസന്തമൊഴിയുന്നില്ല
പരിഭവമല്ല, വിയർത്തൊഴുകുന്ന വേനലിൽ
നേർത്ത ശബ്ദത്തിന്‍റെ ഇടർച്ച മാത്രം
പരിഭവമല്ല, ശൂന്യനേരങ്ങളിൽ,
നിന്‍റെയസാന്നിധ്യം
മുറിവേറ്റുന്ന വേദന മാത്രം, സ്നേഹിതാ
ആർത്തലയ്ക്കുന്നൊരു മഴ
നമ്മളെന്നു നനയും?