
കവിത
ശ്രീകുമാർ. കെ. സുപർണം

വീടുറങ്ങുന്നു : നിശ്ശബ്ദതയുടെ
തോടിനുള്ളിൽ, അലയടിച്ചാർത്ത തൻ ചൂടടങ്ങാച്ചിറകൊതുക്കി,ക്കൂർത്ത
കാൽകൾ, ചുണ്ടുമടക്കിയനങ്ങാതെ,
കൂരിരുളിന്‍റെ കട്ടിപ്പുതപ്പിൽ....
മെല്ലെമെല്ലെയുണരുന്നവൾ തന്‍റെ -
യുള്ളിലേറ്റൊരു ബാധയൊഴിക്കുവാൻ:
ചെന്നെടുക്കുന്നു തൂലിക, പത്രങ്ങൾ.
മിന്നുമോർമതൻ താരകവെട്ടത്തിൽ
ആദ്യവാക്കു കുറിക്കവേ ചിന്തയിൽ
പാൽ പതച്ചുതൂവുന്ന ശീൽക്കാരം,
കാലുറയ്ക്കാക്കിടാവിന്‍റെ രോദനം,
കുന്നുകൂടുന്ന പാത്രക്കലമ്പൽ,
തന്നിലേയ്ക്കാഴ്ന്നു വീഴും ശകാരം,
കൊള്ളിവാക്കുകളുള്ളിൽക്കൊളുത്തി
മുള്ളുപോലെ വലിക്കുന്ന നീറ്റം,
കയ്യിലേല്ക്കും വിഴുപ്പിന്‍റെ നാറ്റം,
മെയ്യിലാളും വിയർപ്പിന്‍റെയൂറ്റം ....
പാതിമെയ്യിനനന്തമാം സ്നേഹത്തിൻ
നാട്യവേദിയിൽ ഹോമിച്ച സ്വപ്നം,
പേക്കിനാവിന്‍റെ തേറ്റകളൂറ്റി-
ച്ചോരവാർത്ത കരാളകങ്കാളം ....
പാത കാട്ടുവാൻ മേലെയുദിച്ച
താരകം കൂടി മഞ്ഞിൽ മറഞ്ഞു,
ശീതരാവിൻ കനവിലവൾ സ്വയം
പൂത്തുനില്ക്കുന്ന ചെമ്പകമായി