
പുസ്തകവായന
സുനില്‍ സി.ഇ
ആത്മാവിൻ്റെ രൂപത്തിന് ദൃശ്യത അരുളുന്ന വാക്കുകളെ കോർത്തുവെച്ചിരിക്കുന്നിടമാണ് ബൈബിൾ. ഒരുപാട് പുസ്തകങ്ങളെ ഒരുമിച്ചടുക്കുമ്പോൾ അതിലെ നെടുങ്കൻ ദർശനങ്ങൾ ഊർന്നുപോകാനുള്ള സാധ്യത ഏറെയാണ്. ഒരേ സമയം ധാർമ്മിക പാഠശാലയാകാനും പ്രബോധനമരുളുന്ന വാക്കുകളുടെ സ്‌കൂൾമുറ്റമാകാനും ശിക്ഷണത്തിൻ്റെ പദാർത്ഥോപാദിയാകാനും ബൈബിളിനാകും. ഹൃദയത്തെ സുഗന്ധപ്പശ പടർന്ന ഉദ്യാനമാക്കുന്ന ചില താളേടുകൾ ബൈബിളിലുണ്ട്. ഭാഷ കൈകാര്യം ചെയ്യുന്ന ഏതൊരാളും തങ്ങളുടെ നെറ്റിക്കണ്ണുകളെ കൊണ്ട് നട്ടുവയ്ക്കുന്നത് ഈ വിശുദ്ധവാക്യങ്ങളിലാണ്. ബൈബിളിൻ്റെ സൗന്ദര്യസംഹിതകളാൽ ആകൃഷ്‌ടരായ നിരവധി അക്രൈസ്തവ എഴുത്തുകാർ മലയാളത്തിലുണ്ട്. പെരുമ്പടവം ശ്രീധരനും സി.വി. ബാലകൃഷ്ണനും ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും ഒക്കെ എഴുതുമ്പോൾ ബൈബിൾ ഭാഷ്യങ്ങളുടെ സ്വാധീനം കടന്നുവരുന്നതു കാണാം. കെ. പി. അപ്പൻ ഒരു ബൈബിൾ സ്കോളറെപ്പോലെയാണ് ബൈബിളിൻ്റെ ആകാശത്തേക്ക് കയറിപ്പോയത്. അതുകൊണ്ടാണ് ബൈബിൾ വെളിച്ചത്തിൻ്റെ കവചം എന്ന കൃതിക്ക് വെളിപാടിൻ്റെ ഭാഷയെ മുദ്രണപ്പെടുത്താൻ ആയത്. ഏതാണ്ടിതെ തലത്തിലേക്കാണ് വി.ഡി. സതീശൻ്റെ ആദം നീ എവിടെ ആകുന്നു എന്ന കൃതി അതിൻ്റെ വ്യാസം വർദ്ധിപ്പിക്കുന്നത്.
ഹൃദയം ഹൃദയത്തെ കണ്ടുമുട്ടുന്ന അസാധാരണ നിമിഷങ്ങളെ അടക്കം ചെയ്തിട്ടുള്ള ബൈബിൾ ഒരു പൊതുപ്രവർത്തകനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നുള്ളതിൻ്റെ വലിയ ഉദാഹരണമാണീ കൃതി.
അനുഭവങ്ങളെ കാലികമായി രേഖപ്പെടുത്തുന്ന രാഷ്ട്രീയ ശരീരങ്ങൾ ഫലത്തിൽ ചെയ്യുന്നതെന്ത് എന്നറിയാൻ അവരുടെ എഴുത്തുകളെയും പ്രഭാഷണങ്ങളെയും പിന്തുടർന്നാൽ മാത്രം മതി. അവർ കാറ്റിനെ വാക്കുകളാൽ കടന്നുപിടിക്കും. ആകാശത്തെ അതേ വാക്കുകളാൽ അളക്കും. അഗ്നിയുടെ വിശപ്പിനെ ശമിപ്പിക്കും. ജലത്തിൻ്റെ ആവേശത്തെ നിയന്ത്രിക്കും - എന്നുവെച്ചാൽ ഒരുപാട് കണ്ണുകൾ തുടയ്ക്കാൻ അവർക്കാകും. ഇത്തരം വാചകങ്ങൾ മുഖക്കുറിയായി ചാർത്തുമ്പോൾ മുമ്പിലുള്ളത് വി.ഡി. സതീശൻ്റെ ആദം നീ എവിടെ ആകുന്നു ? എന്ന പ്രഭാഷണപുസ്‌തകമാണ്. ഹൃദയം ഹൃദയത്തെ കണ്ടുമുട്ടുന്ന അസാധാരണ നിമിഷങ്ങളെ അടക്കം ചെയ്തിട്ടുള്ള ബൈബിൾ ഒരു പൊതുപ്രവർത്തകനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നുള്ളതിൻ്റെ വലിയ ഉദാഹരണമാണീ കൃതി. ജ്ഞാനികൾ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്യങ്ങളിലൊന്നിങ്ങനെയാണ്- "ഓരോ മനുഷ്യഹൃദയത്തിലും ഒരു നരിയും ഒരു ചെന്നായും ഒരു രാപ്പാടിയുമുണ്ട് ".
ബൈബിൾ എന്ന ആത്മീയ ഗ്രന്ഥം മനസ് തുറക്കുന്നത് മനുഷ്യരുടെ ഹൃദയത്തിലെ ഈ രാപ്പാടിയോടാണ്. വി.ഡി സതീശൻ എന്ന പൊതുപ്രവർത്തകൻ തൻ്റെയുള്ളിലെ രാപ്പാടിയെ തലോടി വളർത്തിയത് ബൈബിളിൻ്റെ സ്വാധീനത്തിലാണ്. സതീശനെ സംബന്ധിച്ച് ബൈബിൾ വാക്യങ്ങൾ തൻ്റെ വിചാരത്തെ ചോദ്യം ചെയ്തുകൊണ്ട് കർമ്മങ്ങളെ കീഴ്പ്പെടുത്തുന്നു. കടന്നുപോയ കാലങ്ങളിലെ മനുഷ്യൻ എന്ന സ്വരൂപത്തെ ചുമരുകളില്ലാത്ത കോടതിയിൽ വിചാരണ ചെയ്യാൻ ബൈബിൾ ഏതേതുവിധമാണ് സഹായിക്കുന്നത് എന്ന് ഓരോ പ്രഭാഷണത്തിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വാക്കുകൾ ഉചിതമായി ഒരുമിച്ചാൽ അപാരമായ പ്രഭാവലയമുണ്ടാകും. അത് അനാദിയായ ഇരുട്ടിന് മോചനം പ്രഖ്യാപിക്കുന്ന വെളിച്ചത്തിൻ്റെ ഉടവാളാണ്. ബൈബിൾ സ്‌നേഹത്തോടെ ഇരുട്ടിനെ ഇല്ലാതാക്കിക്കളയുന്നതിൻ്റെ സൗന്ദര്യമാണ് ഈ കൃതിയിലാകമാനമുള്ളത്. യേശു എന്ന സാധാരണക്കാരനെ ക്രിസ്‌തുവാക്കി മാറ്റിയ ആത്മജ്ഞാനത്തിൻ്റെ അപാരമായ സുവിശേഷങ്ങൾ നിറയുന്ന ലളിത പാഠങ്ങളാണ് ബൈബിളെങ്കിൽ , അതിൻ്റെ പ്രായോഗിക ആപ്ലിക്കേഷനുകളാണ് വി.ഡി. സതീശൻ്റെ " ആദം നീ എവിടെ ആകുന്നു ? "
എന്ന ഈ പ്രഭാഷണപുസ്തകം.
ഗതികെട്ടവരുടെ കണ്ണുകൾക്കു മുന്നിൽ ബൈബിൾ ഒരു രക്ഷാകവചമായി പ്രകാശിക്കുമെന്നുതന്നെയാണ് ഓരോ പ്രഭാഷണത്തിലും സതീശൻ ആവർത്തിച്ചോർമ്മിപ്പിക്കുന്നത്. ഈ കൃതിയുടെ ടാഗ് ലൈൻ തന്നെ " ക്രിസ്‌തുദർശനങ്ങളിലൂടെ ഒരു സഞ്ചാരം" എന്നാണ്.

സൗന്ദര്യ ദൃഢപ്രത്യയങ്ങൾ!
ഈ കൃതിയിലൂടെ നീങ്ങുന്ന കണ്ണുകൾക്ക് സുവിചാരങ്ങളെ സന്ദർശിക്കാതിരിക്കാൻ കഴിയില്ല. വായനക്കാരൻ്റെ ആന്തരികഭാരങ്ങളെ മൃദുചുംബനങ്ങൾ നൽകി ശൂന്യതയാക്കിമാറ്റാൻ ഈ കൃതിക്കാവുന്നു. ആത്മീയത എന്ന പ്രായോഗികതത്വചിന്തയുടെ പ്രകൃതീനാടകരംഗമായി വാക്കുകൾ ഒരുമിക്കുന്നുവെങ്കിലും ഇതിൽ ചരിത്രത്തിൻ്റെ ചില ഏടുകളും മുതിർച്ച പ്രാപിച്ചെത്തുന്നതു കാണാം. സാമൂഹ്യ പരിഷ്കർത്താവായ യൂഹാനോൻ മാർത്തോമയെ കുറിച്ചും തോമസ് അപ്പൊസ്തലൻ , ബെഞ്ചമിൻ ബെയ്‌ലി എന്നിവരെ കുറിച്ചും വി.ഡി സതീശൻ പറയുമ്പോൾ അവിടെ ചരിത്രപ്രബോധനത്തിൻ്റെ ഒരു നാടകം നാം അരങ്ങിൽ കാണുകയാണ്. ബൈബിൾ അലങ്കാരങ്ങളുടെ മാത്രം വിധിനിർമ്മിതിയല്ല. അത് സതീശന് അനുഭവങ്ങളുടെ പാഠശാലയാണ്. ഈ പ്രഭാഷണസമാഹാരം മനുഷ്യബോധ നവീകരണത്തിനുള്ള സമീകൃതാഹാരമാണ്. ഇതിലെ വാക്കുകൾ മാംസത്താലും രക്തത്താലും നിർമ്മിതമാണ്. മനുഷ്യൻ എന്ന മിണ്ടുന്ന പ്രതിമയെ ജൈവികനും ദൈവികനുമാക്കാനുള്ള വലിയ ആശയഗോപുരങ്ങളാണ് ഈ പ്രഭാഷണങ്ങളെ പ്രിയപ്പെട്ടതാക്കി തീർക്കുന്നത്.
" യേശുവിൻ്റെ മാനിഫെസ്റ്റോ " എന്നൊരു പ്രഭാഷണമുണ്ടീ പുസ്തകത്തിൽ. അതിൽ വി.ഡി. സതീശൻ ഇങ്ങനെ എഴുതുന്നു - " ഒരു വിമോചകൻ തൻ്റെ ജനത്തിനു വേണ്ടി എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു, ജീവിതയാത്രയിൽ എന്ത് ചെയ്യും , ജനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട്, അതിനുള്ള നയപരിപാടികൾ എന്തൊക്കെയാണെന്നുള്ള സുവ്യക്തമായ അറിയിപ്പ് : ഇതൊക്കെയാണ് ശാബത്ത് ദിനത്തിൽ യേശുക്രിസ്തു നസ്രത്തിലെ ദേവാലയത്തിൽ വെച്ച് യെശയ്യാ പ്രവാചകൻ്റെ പുസ്‌തകം വായിച്ചു കൊണ്ട് തൻ്റെ ദൗത്യം എന്താണെന്ന് പ്രഖ്യാപിക്കാൻ വഴിയൊരുക്കിയത്. ഒരു സാധാരണ വിശ്വാസിയുടെ ആത്മീയ കിനാവുകളെ കൊല്ലാക്കൊല ചെയ്യുന്ന എല്ലാ സംശയങ്ങളെയും സതീശനുള്ളിലെ ബൗദ്ധികനായ ആത്മീയവാദി ഈ വർത്തമാനങ്ങളിലൂടെ തുറന്നുകാട്ടുന്നുണ്ട്. നമ്മുടെ ഹൃദയത്തിൻ്റെ വാതിൽ പതിയെ മുട്ടിവിളിക്കുന്ന ഈ പ്രഭാഷണങ്ങൾ നമ്മോട് ഇങ്ങനെ കൂടി മന്ത്രിക്കുന്നുണ്ട് - " പിശാചുക്കളോടൊത്ത് ഇരുട്ടിൽ നൃത്തമാടുന്നവർ ബൈബിൾ തൊടരുത്, ദുഃസ്വപ്നങ്ങൾ നിങ്ങളെ പതിവായി പിന്തുടരും". കാരണം ഈ പുസ്തകത്തിലെ വാക്കുകൾ മാംസവും രക്തവുമായി സ്വയം മൊഴി മാറുന്നു.
അനുബന്ധം
" എന്നെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ബൈബിൾ. ഞാൻ എന്നെത്തന്നെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും പരിമിതികളിൽ നിന്ന് വിടുതൽ തേടുകയും ചെയ്യുന്നത് ബൈബിളിലൂടെയാണ്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരവും ജീവനുള്ളതുമായ കവിതാസമാഹാരമാണ് ദാവീദിൻ്റെ സങ്കീർത്തനങ്ങൾ. ഈ മഹാകാവ്യത്തെ മറികടക്കുന്ന കവിതയോ സാഹിത്യസൃഷ്ടിയോ നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല. "
- നീ എൻ്റെ സങ്കേതവും കോട്ടയും / വി.ഡി. സതീശൻ ( ആദം നീ എവിടെ ആകുന്നു ?, പുറം. 135)
ഗതികെട്ടവരുടെ കണ്ണുകൾക്കു മുന്നിൽ ബൈബിൾ ഒരു രക്ഷാകവചമായി പ്രകാശിക്കുമെന്നുതന്നെയാണ് ഓരോ പ്രഭാഷണത്തിലും സതീശൻ ആവർത്തിച്ചോർമ്മിപ്പിക്കുന്നത്. ഈ കൃതിയുടെ ടാഗ് ലൈൻ തന്നെ " ക്രിസ്‌തുദർശനങ്ങളിലൂടെ ഒരു സഞ്ചാരം" എന്നാണ്. ഇന്ത്യയിലൊട്ടുക്ക് നടക്കുന്ന ക്രൈസ്തവ വേട്ടയും സ്‌റ്റാൻ സ്വാമി അടക്കമുള്ളവരോട് നടത്തിയ ആക്രമണവും ബൈബിൾ പഠിപ്പിക്കുന്ന പാഠങ്ങൾക്ക് വിപരീതമായ ക്രിയകളാണെന്നും സതീശൻ ഓർമ്മിപ്പിക്കുന്നുണ്ട്. യേശു സനാതനസ്‌നേഹത്തിൻ്റെ സൗന്ദര്യാരാധകനായിരുന്നുവെന്ന അനുമാനത്തിലേക്കാണ് ഈ പ്രഭാഷണങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത്. അവൻ പറഞ്ഞതു മുഴുവനും പരഹൃദയജ്ഞാനത്തിൻ്റെ വേദാന്തമാണെന്നുതന്നെയാണ് ഈ പ്രഭാഷണങ്ങൾ പറഞ്ഞുവയ്ക്കുന്നതും.
നിശബ്ദതയിൽ മഴവീഴും പോലെ യേശു സംസാരിച്ചപ്പോൾ ആളുകൾ കണ്ണാടിയിൽ നോക്കുമ്പോലെ അവൻ്റെ മുഖത്ത് നോക്കിയിരുന്നുവെന്നു തന്നെയല്ലേ ഈ പ്രഭാഷണങ്ങളിലൂടെ സതീശൻ സ്ഥാപിക്കുന്നത്. സ്‌റ്റുവേർഡ് ഹംപൽ ഇങ്ങനെ എഴുതിയിട്ടുണ്ട് - ഞാൻ നിന്നെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ട്, പ്രാർത്ഥിക്കാത്തപ്പോൾ പോലും. ഒരാളുടെ വായനയുടെ ആത്മീയാകാശം രൂപമെടുക്കുന്നത് ഇങ്ങനെയൊക്കെയാവാം.
ആദം നീ എവിടെ ആകുന്നു ?
വി.ഡി. സതീശൻ
ഡി സി ബുക്സ്