‘ഭൂ’ലോകം

കവിത

 ജിസ്‌ന വി പി

മരിച്ചവരൊന്നുംവിട്ടു പോവുന്നില്ല
സ്വപ്നങ്ങളും,
സങ്കടത്തിൻ്റെ
പെരുവെള്ളചാട്ടവും
മറ്റൊരാൾക്ക് കൊടുത്തു
വിശ്രമിക്കുന്നു.
 
പിന്നീടയാൾ രണ്ടു മനുഷ്യരുടെ ഭാരം
പേറി നടക്കുന്നു.
കാണുന്നതിലെല്ലാം
രണ്ടർത്ഥങ്ങളുണ്ടാവുന്നു.
ഞാനയാൾക്കു വേണ്ടിയും
അയാളെനിക്കുവേണ്ടിയും കരയുന്നു.
പരസ്പരം സംഘട്ടനങ്ങളുണ്ടാവാതെ
ഞാനയാളുടെ കഥയും
അയാളെന്റെ കഥയും എഴുതുന്നു.
 
 മരിച്ചതിന് ശേഷം അയാളൊരു
ചരിത്രകാരനാകുന്നു
ഞാനതിലെ ഒരു കണ്ണിയാണെന്നും
അവസാനത്തെ കണ്ണി-
യെന്നൊന്നില്ലെന്നും
അയാളെഴുതി.
അവസാനത്തെ ഏഴുമിനിറ്റിൽ
പുണ്ണുകൾ കൊണ്ട് വേദനിച്ച
കുറെ സ്വന്തക്കാരും
ഒരു പഞ്ചാരമണൽ തുരുത്തുമാണ്
കണ്ണുകളിലുണ്ടായിരുന്നത്.
അവിടെ പെണ്ണുങ്ങൾ
വഴുവഴുത്ത വെള്ളക്കെട്ടിൽ
തൊണക്കാരുമൊത്ത്
നോവാറ്റുകയാണ് .
 
‘പെയ്യ്ത്ത് വറ്റാത്ത ഈ
പെരുവെള്ളക്കെട്ടിൽ
നീയെത്തും വരെ
ഞാൻ മരിക്കുന്നില്ല.
ഈ തുരുത്തും വട്ടത്തിലാണ്
നമ്മള് പറ്റം ചേരതെങ്ങനെ!’


Comments
* The email will not be published on the website.