സാഹിത്യമെന്ന സൗന്ദര്യാത്മകജ്ഞാന രൂപം

ഓപ്പണ്‍ ഫോറം

എൽ. തോമസ് കുട്ടി

     വസ്തുക്കളെല്ലാം സംയുക്തങ്ങളാണ്. പല മൂലകങ്ങളുടെ സവിശേഷ അനുപാതങ്ങളിൽ രൂപമെടുക്കുന്നവ. മരമായും മണ്ണായും ജലമായും ജീവനായും പരിലസിക്കുന്ന മഹാപ്രപഞ്ചമാകെ ഇങ്ങനെ ഉരുവപ്പെടുന്നവ തന്നെ. അന്തരീക്ഷമർദ്ദവും താപനിലയും പ്രാതിഭാസിക പ്രക്രിയകളുമെല്ലാം അവയുടെ ആവിഷ്കാരത്തിന് നിയാമകമായിട്ടുണ്ടാവും. അതത് കാലവും സ്ഥലവും സന്ദർഭവും നിയന്താവാണെന്നതിൽ സന്ദേഹമില്ല. ഈ വസ്തുക്കളെക്കുറിച്ചും അവ നമ്മിലുളവാക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും ഭാഷയിലാവിഷ്കരിക്കാനാവുന്നു എന്നതാണ് ഹോമോസാപിയൻസിൻ്റെ മുഖ്യഗുണം. ഭാഷ എന്ന തികച്ചും കൃത്രിമമായ ഉപാധിയിലൂടെ അവരുടെ ബോധ്യങ്ങളെയും സങ്കല്പങ്ങളെയും ഭ്രമങ്ങളെയുമെല്ലാം അവർ സംരക്ഷിച്ചു വയ്ക്കുകയും സംവദിക്കുകയും ചെയ്യുന്നു. ആ ശേഖരത്തിൻ്റെ പല പല അടരുകളിലൂടെ തലമുറകൾ സമാഹരിച്ചും കൈമാറിയും വരുന്ന കെട്ടുകഥകളാണ് മനുഷ്യ സംസ്കാരത്തിൻ്റെ ആധാരം . അവരുടെഅനുഭവങ്ങളും അനുഭൂതികളും ആകാംക്ഷകളുമെല്ലാം സന്നിവേശിച്ചൊതുക്കുവാൻ ഭാഷാചിഹ്നങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നു വരുന്നു .ഇവിടെ ഭാഷയെന്നത് ലിഖിത -വചന ഭാഷകൾ മാത്രമല്ല എന്നും സൂചിപ്പിക്കട്ടെ ! ഓസ്റ്റിൻ സിദ്ധാന്തിച്ചിട്ടുള്ള പോലെ അർഥദ്യോതകമായ ചലനങ്ങൾ പോലും ഭാഷയാണ്. ആംഗികമോ ഭാവപരമോ ആയ വിനിമയം പോലും ഭാഷയാണ്. ആക്രമിക്കാൻ എത്തുന്ന വന്യമൃഗത്തോടുള്ള ആക്രോശ - ആക്രന്തനങ്ങളും ഭാഷ തന്നെ. അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും കഥയും മറ്റൊന്നല്ല. ചുരുക്കത്തിൽ, വിനിമയ സജ്ജമായ ഏതു വ്യവഹാരവും ഭാഷയാവാം. കലയും സാഹിത്യവും കാംക്ഷിക്കുന്നതും പ്രവർത്തിക്കുന്നതും അത്തരം ഒരു ഭാഷാ നിർമ്മിതിയാണ്. അതാവട്ടെ സാമാന്യത്തിൽ നിന്നും ഭിന്നവും സവിശേഷമായ സംവേദനം ആവശ്യപ്പെടുന്നതുമാണ്.

ഓരോ വായനക്കാരനും അവ പൂരിപ്പിക്കുകയും അപനിർമ്മിക്കുകയും ചെയ്യുമ്പോഴാണ് കൃതി വിവൃതമാകുന്നതും പലപാഠങ്ങൾ വിടർത്തിയാടുന്നതും. കൃതിയുടെ ഇത്തരം മഴവില്ലഴകുകളിലേയക്കുള്ള ചൂണ്ടാണികളായി നിലകൊള്ളുകയാണ് നിരൂപണങ്ങൾ ചെയ്യുക.

പൗരാണികരായ ഭാരതീയ കാവ്യമീമാംസകർ മുതൽ അതേക്കുറിച്ച് പേർത്തും ചേർത്തും പറഞ്ഞിട്ടുമുണ്ട്. ശബ്ദിക്കുന്നവനാണ് കവിയെന്നും അയാൾ കാവ്യ സംസാരത്തിലെ പ്രജാപതിയാണെന്നും ഋഷിയല്ലാത്തവൻ കവിയല്ലെന്നുമൊക്കെ പറയുമ്പോൾ വിവക്ഷിക്കുന്നത് രചനാകർമ്മത്തിൽ എഴുത്തുകാർക്കുണ്ടായിരിക്കേണ്ടുന്ന അവധാനതയും സിദ്ധി സാധനകളിലൂടെ അയാൾ നെയ്തെടുക്കേണ്ടുന്ന ഭാഷാവിശേഷത്തിൻ്റെ അനന്യതയുമാണ്. സാഹിത്യം /കല അവർക്ക് ജ്ഞാന രൂപം തന്നെയായിരുന്നു. സൗന്ദര്യാത്മക ജ്ഞാനരൂപം! ട്രാജഡിയെന്ന നാടകത്തെ മുൻനിർത്തിയാണ് അരിസ്റ്റോട്ടിലിൻ്റെ സാഹിത്യചിന്ത വികസിക്കുന്നത്. ഭരതമുനിക്ക് നാടകം പഞ്ചമവേദമായിരുന്നു. എന്നു പറഞ്ഞാൽ പരമപദത്തിലേയ്ക്ക് എത്തുവാനുള്ള സാധക മാർഗം! ഇത്തരമൊരു ഗൗരവകർമ്മത്തെ ആസ്വാദനക്ഷമമാക്കുന്ന ധർമ്മമാണ് പ്രാഥമികമായി നിരൂപകനുള്ളത്. കാരയത്രി പ്രതിഭയുടെ അദൃശ്യ പന്ഥാവുകളിലേയ്ക്ക് ഭാവയത്രി പ്രതിഭയെ ആനയിക്കാൻ സജ്ജമാക്കുക! അതാവട്ടെ ലാവണ്യ വ്യവഹാരത്തിൻ്റെ മിഴിവിൽ തിടം വച്ചുണരുന്ന ജ്ഞാനരസം അനുവാചകന് അനുഭവവേദ്യവുമാക്കുകയും വേണം നിരൂപണം. എന്തെന്നാൽ കലയുടെയും സാഹിത്യത്തിൻ്റെയും യുക്തി കേവലയുക്തികൾക്കുപരിയായതാണെന്നതുതന്നെ കാര്യം. സംപൂർണമായും വസ്തുനിഷ്ഠമോ അത്ര തന്നെ വ്യക്തിനിഷ്ഠമോ ആയല്ല അതിൻ്റെ നില. കൃത്യമായി നോക്കിയാൽ യാതൊരു വ്യവഹാരവും അങ്ങനെ ആവില്ല എന്നിരിക്കെ കലാസാഹിത്യാദികൾക്ക് അവ്യാഖ്യായേവും അവ്യക്തവും നിഗൂഢവുമായ ചില ഒഴിവിടങ്ങൾ ഉണ്ടാവുക സ്വാഭാവികവുമാണ്. എന്നാലവ രാവണൻ കോട്ടകളോ ഏടാകൂടങ്ങളോ അല്ല. ഓരോ വായനക്കാരനും അവ പൂരിപ്പിക്കുകയും അപനിർമ്മിക്കുകയും ചെയ്യുമ്പോഴാണ് കൃതി വിവൃതമാകുന്നതും പല പാഠങ്ങൾ വിടർത്തിയാടുന്നതും.

മലയാള നിരൂപണത്തെക്കുറിച്ച് വിചാരപ്പെടുമ്പോൾ, അതാദ്യം പത്രപ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഒരു മൈനർ മേഖലയായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേവലം റിവ്യൂ എന്നതിനപ്പുറത്തേക്ക് അത് ഉന്നമിട്ടില്ലായിരുന്നു.

കൃതിയുടെ ഇത്തരം മഴവില്ലഴകുകളിലേയക്കുള്ള ചൂണ്ടാണികളായി നിലകൊള്ളുകയാണ് നിരൂപണങ്ങൾ ചെയ്യുക. വേഡ്‌സ് വർത്തും കോൾറിഡ്ജും ലിറിക്കൽ ബാലഡ്സിന് An Advertise എന്നൊരു കുറിപ്പെഴുതുമ്പോൾ ലക്ഷ്യം വയ്ക്കുന്നതും അതാണ്. എന്നിരുന്നാലും ഒരു നിരൂപണവും അവസാനവിധിയല്ല എന്ന കാര്യവും പ്രസ്താവ്യമാണ്. പ്രത്യേകിച്ചും വൈവിധ്യത്തിലേയക്കും വിശാലതയിലേയ്ക്കും വളർന്നു കഴിഞ്ഞ വർത്തമാന സമൂഹത്തിൽ, സാർവകാലികതയും സനാതനത്വവും ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്ന നവലിബറൽ ബോധരൂപങ്ങളിൽ.

മലയാള നിരൂപണത്തെക്കുറിച്ച് വിചാരപ്പെടുമ്പോൾ, അതാദ്യം പത്രപ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഒരു മൈനർ മേഖലയായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേവലം റിവ്യൂ എന്നതിനപ്പുറത്തേക്ക് അത് ഉന്നമിട്ടില്ലായിരുന്നു. ഇന്നും നൃത്ത-സംഗീത -നാടകങ്ങൾക്ക് സപ്ലിമെൻ്റുകളിൽ വരുന്നത് റിവ്യൂകളാണല്ലോ? പത്രപ്രവർത്തനത്തോടൊത്താണ് നമ്മുടെ ഭാഷയിൽ പൊതു സമൂഹം ഉണ്ടായതെന്ന കാര്യം ഓർക്കണം . 'നോം '-ഉം 'റാൻ '- ഉം പോലുള്ള ജാതി മനുഷ്യർ 'ഞാൻ ' ആയി ഭാഷയിൽ വരുന്നത് അതിനു ശേഷമാണ്. അക്കാദമിക സ്വഭാവമുള്ള ആദ്യകാല നിരൂപകർ ചെയ്തത് എഴുത്തച്ഛൻ്റെയും മറ്റും ക്ലാസിക്കൽ പരിഭാഷകൾക്ക് വ്യാഖ്യാനം ചമയ്ക്കുകയോ ടിപ്പണി ചമയ്ക്കുകയോ ആരാധനാപൂർണമായ വിശേഷണങ്ങൾ ചാർത്തുകയോ ആയിരുന്നു. എഴുത്തുകാരനെ സംബന്ധിച്ച വിവരങ്ങളും പ്രക്ഷിപ്തങ്ങൾ കടന്നു കൂടിയിട്ടുണ്ടോ എന്ന അന്വേഷണവും അതിൽ നടത്തിയിരുന്നു. എഴുത്തുകാരൻ്റെ ബയോഡേറ്റാ എന്ന നിലയിൽ അതിശയോക്തിപരവും നിരത്ഥകവുമായ അബദ്ധകഥകൾ എഴുതിപ്പിടിപ്പിക്കലും അവിടെ നടന്നു. 

തുടർന്ന് കാണുന്നത് ഇ എം എസിൻ്റെയും ദാമോദരന്മാരുടേയും നേതൃത്വത്തിൽ ജീവൽസാഹിത്യപ്രസ്ഥാനത്തെ പിടിച്ചടക്കി പുരോഗമനസാഹിത്യപ്രസ്ഥാനമെന്ന് നാമകരണം ചെയ്യുന്നതും ഇടതുരാഷ്ട്രീയം ഒളിച്ചു കടത്താനുള്ള പ്രചരണ ഉപാധിയാക്കുന്നതുമാണ്. 

മഹാകാവ്യങ്ങളായിരുന്നു മിക്കപ്പോഴും അവയ്ക്കാധാരം. എങ്കിൽപോലും കാവ്യ ഗുണങ്ങളുടെ സുക്ഷ്മവിശകലനങ്ങളോ അനുഭൂതി വിശേഷങ്ങളുടെ രൂപയോജകളോ ആഖ്യാന വിശേഷങ്ങളോ ആസ്വാദനത്തിൻ്റെ ലയമുകുളങ്ങളോ ആ വിവരണങ്ങളിലുണ്ടായില്ല. പൊതുവായ തനത് തത്വചിന്താ ലോകം മലയാളിക്കുണ്ടായിരുന്നില്ല എന്ന പരിമിതിയും ഇവയുടെ അടിപ്പടവായി വർത്തിച്ചു.

     എഴുത്തുപാധിയായ ഭാഷയെ മുൻനിർത്തിയുള്ള 'പച്ചമലയാള ചർച്ച'യിലും കേരളവർമ്മയും എ ആറും നടത്തിയ 'പ്രാസവാദ 'ഘട്ടത്തിലുമാണ് കാവ്യരചനയുടെ സാങ്കേതികത്വങ്ങളെക്കുറിച്ചുള്ള സംവാദം നേരിയതോതിലെങ്കിലും ഇവിടെ ഉയർന്നത്. പക്ഷേ അതിനെ നമ്മൾ വിവാദമെന്നാണ് വിളിച്ചതെന്നകാര്യം കൗതുകമുണർത്തുന്നു.

ഗണനീയമായ അടുത്ത ഘട്ടം എം.പി.പോൾ തുടങ്ങിവച്ച ജീവൽ സാഹിത്യപ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു. 'നോവൽ സാഹിത്യം' പോലെ ഉജ്ജ്വലമായൊരു കൃതിയിലൂടെ ലോകസാഹിത്യസമീപനത്തെ നമുക്കുപരിചയപ്പെടുത്തിയ വ്യക്തിയാണ് പോൾ എന്നത് മറക്കരുത്. തുടർന്ന് കാണുന്നത് ഇ എം എസിൻ്റെയും ദാമോദരന്മാരുടേയും നേതൃത്വത്തിൽ ജീവൽസാഹിത്യപ്രസ്ഥാനത്തെ പിടിച്ചടക്കി പുരോഗമനസാഹിത്യപ്രസ്ഥാനമെന്ന് നാമകരണം ചെയ്യുന്നതും ഇടതുരാഷ്ട്രീയം ഒളിച്ചു കടത്താനുള്ള പ്രചരണ ഉപാധിയാക്കുന്നതുമാണ്. ക്ലാസിക്കൽ മാർക്സിസ പ്രത്യയശാസ്ത്ര തിട്ടൂരങ്ങളുടെ വാർപ്പു മാതൃകകൾ പ്രമേയങ്ങളാക്കി, ഷാഡനോവിൻ്റെ മാറ്റൊലികൾ മുഴങ്ങി. ദാരിദ്ര്യവും ചൂഷണവും വിപ്ലവവും ഉപരിപ്ലവമായി പ്രമേയങ്ങളാകുന്ന കൃതികളെ ഉത്തമമെന്ന് വാഴത്തി! മേൽത്തട്ട് അടിത്തട്ട് ബന്ധങ്ങളും വർഗവൈരത്തിൻ്റെ തിരുവചനങ്ങളും മതാത്മക ബോധ്യത്തോടെ ഉൾക്കൊണ്ടു. കേന്ദ്രക്കമ്മറ്റിയുടെ ഇംഗിതം അടിമബോധ്യത്തോടെ, വിമർശബുദ്ധിയില്ലാതെ ശിരസാവഹിച്ചു. അവർക്ക് സാഹിത്യംകേവലം ഉപകരണം മാത്രമായിരുന്നു.

വിസി ശ്രീജനും ബിരാജീവനും പികെ പോക്കറും പോലുള്ള നിരൂപകർ സൈദ്ധാന്തിക ഭാരത്തിൽ പെട്ടുപോയി. ഇറക്കുമതി നിരൂപകനായെത്തി കോക്കസ് ഉണ്ടാക്കാൻ ശ്രമപ്പെട്ട ജയമോഹൻ്റെ കാവ്യാലോചനകളും സി.ആർ പരമേശ്വരൻ്റെ ഭാഗിക വിചാരങ്ങളും വേരുപിടിക്കാതെ പോയി.

                              വി.സി. ശ്രീജന്‍

വർഗസമരത്തിൻ്റെ എരിതീയിൽ എണ്ണ പകരാനുള്ള ഉപാധി. അതിനപ്പുറം സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു ജ്ഞാനരൂപമായി അവർ കണ്ടില്ല.റഷ്യയിൽ മഴപെയ്താൽ ഇവിടെ കുടപിടിക്കണോ എന്ന് ആദ്യകാല സഹചാരിയായിരുന്ന കേശവദേവിനു പോലും ചോദിക്കേണ്ടിവന്നു. പിൽക്കാലത്ത് സി.ജെ യെയും ഒ.വി വിജയനെ യും CIA ചാരരായും അയ്യപ്പപ്പണിക്കരെ മൂത്രപ്പുര സാഹിത്യകാരനായും വിശേഷിപ്പിക്കാൻ അത്തരക്കാർക്ക് മടിയേതുമുണ്ടായില്ല. സ്വതേ ജാതി ദൗർബല്യത്താൽ ശകലീകൃതമായിരുന്ന മലയാളിയുടെ സാമൂഹ്യ അബോധം (social unconsciousness) കൂടുതൽ വിഘടിതവും വിഭാഗീയവുമായി തദ്വാരാ പരിരക്ഷിക്കപ്പെട്ടു. ചാതുർവർണ്യാനുഭവത്തിനു മുകളിൽ പുതിയ ഒന്നുകൂടി കൂട്ടിച്ചേർക്കപ്പെട്ടു. നമ്മുടെ ലബ്ധഭാവുകത്വം അതികാല്പനികതയുടെ മതിഭ്രമത്തിൻ്റെ യാഗാശ്വങ്ങളുടെ പിന്നാലെ ഇഴഞ്ഞു.

പ്രഗത്ഭമതികളായ മാരാർ, മുണ്ടശ്ശേരി, പോൾ തുടങ്ങിയവർ  നിരുപണശാഖയക്ക് ഗണ്യമായ സംഭാവനകൾ നല്കി. കേസരി വിശ്വസാഹിത്യത്തിലേയക്ക് മലയാളിയെ അടുപ്പിച്ചു. ഡോ. കെ. ഭാസ്കരൻ നായരും മാരാരും നടത്തിയ സാഹിത്യസംവാദങ്ങൾ സൂക്ഷ്മങ്ങളായിരുന്നു. ഭാരതപര്യടനം, കാവ്യപീഠിക പോലുള്ള കനപ്പെട്ട കൃതികൾ ഇക്കാലത്തുണ്ടാകുന്നുണ്ട്. സമൂഹമധ്യത്തിൽ വലിയ വ്യക്തി പ്രഭാവമുണ്ടായിരുന്ന മുണ്ടശ്ശേരിയുടെ കവിത്രയ കവിതാ തുലനാത്മകപഠനങ്ങൾ ജനപ്രിയമായി. എന്നാൽ ലാവണ്യാത്മകജ്ഞാന പദ്ധതി എന്ന നിലയിൽ സാഹിത്യത്തെ സമീപിക്കുന്നതിൽ മുണ്ടശ്ശേരി ഉദാസീനനായിരുന്നു എന്നും കാണാം.

പിൽക്കാലത്ത് സി.ജെ യെയും ഒ.വി വിജയനെ യും CIA ചാരരായും അയ്യപ്പപ്പണിക്കരെ മൂത്രപ്പുര സാഹിത്യകാരനായും വിശേഷിപ്പിക്കാൻ അത്തരക്കാർക്ക് മടിയേതുമുണ്ടായില്ല.

രാഷ്ട്രീയാധുനികതയുടെ കാലത്തെ നിരൂപണങ്ങളേറെയും ആധുനികതയുടെ ചുവന്നവാൽ തേടിയുള്ളതായിരുന്നുവെന്ന് നരേന്ദ്രപ്രസാദ് സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഭിന്നമായൊരു ലാവണ്യാത്മകനിരൂപണ പദ്ധതി മലയാളത്തിൽ പ്രബലപ്പെടുത്തിയത് കെ.പി. അപ്പനാണ്. വി. രാജകൃഷ്ണൻ, ആഷാ മേനോൻ ,എം. തോമസ് മാത്യു, എം.കെ.ഹരികുമാർ, പ്രസന്നരാജൻ മുതൽ പേർ തുടർച്ചകൾ തേടി. എം ലീലാവതിയും എം. എൻ വിജയനും മനോവിശ്ലേഷണത്തെ പരിചയപ്പെടുത്തി. വിസി ശ്രീജനും ബിരാജീവനും പികെ പോക്കറും പോലുള്ള നിരൂപകർ സൈദ്ധാന്തിക ഭാരത്തിൽ പെട്ടുപോയി. ഇറക്കുമതി നിരൂപകനായെത്തി കോക്കസ് ഉണ്ടാക്കാൻ ശ്രമപ്പെട്ട ജയമോഹൻ്റെ കാവ്യാലോചനകളും സി.ആർ പരമേശ്വരൻ്റെ ഭാഗിക വിചാരങ്ങളും വേരുപിടിക്കാതെ പോയി. കല്പറ്റ നാരായണൻ കെ.വി സജയ് തുടങ്ങിയവരുടെ കവിതാവായനകൾ ആത്മനിമന്ത്രണങ്ങളും അന്തസാര രഹിതവുമായി. പി.കെ. രാജശേഖരൻ, ഇ.പി. രാജഗോപാല്‍, ജെ. ദേവിക,കെ. എം വേണുഗോപാൽ , ആസാദ് ,സി.ആർ പ്രസാദ്, ഷണ്മുഖം പുലാപ്പറ്റ, രാജേഷ് എരുമേലി, എം.ബി. മനോജ് ,പി.പവിത്രൻ,എം.എസ് പോൾ , കെ. സജീവ് കുമാർ , സുനിൽ പി ഇളയിടം, ദേവേശൻ പേരൂർ തുടങ്ങി ഒട്ടേറെപ്പേർ ഇന്ന് നിരൂപണ രംഗത്ത് ഇടപെടലുകൾ നടത്തുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല.

എം. ഗോവിന്ദൻ,സി.ജെ തോമസ്, അയ്യപ്പ പണിക്കർ, കാവാലം ജി ശങ്കരപ്പിള്ള, ആനന്ദ്, കെ സി എസ് പണിക്കർ , ടി. ആർ , വി.കെ. എൻ.ജോൺ എബ്രഹാം, അരവിന്ദൻ, കെ. ജി ജോർജ്, ബാബുരാജ്, ഉമ്പായി,കാനായി കുഞ്ഞിരാമൻ, ബോസ് കൃഷ്ണമാചാരി, റാപ്പർ വേടൻ , ഞെരളത്ത് ഹരിഗോവിന്ദൻ, കോട്ടയക്കൽ ശശി, തുടങ്ങിയവർ തങ്ങളുടെതായ സർഗാത്മക മേഖലയിൽ നവാന്വേഷണങ്ങൾ നടത്തിയവരാണ്.  

സമകാലിക നിരൂപണത്തിൻ്റെ ഏറ്റവും ഗുരുതരമായ പോരായ്മ സാംസ്കാരിക വിമർശനം എന്ന ഴാനറിൽ അവതരിപ്പിക്കപ്പെടുന്നവയാണ്.

നിരൂപണമെന്ന ശാഖയിൽ നാമിപ്പോഴും ഗണിക്കുന്നത് സാഹിത്യത്തെ മാത്രമാണ്. അതിൽ തന്നെ ഗദ്യസാഹിത്യനിരൂപണമാണ് ഇന്ന് കൂടുതൽ. കവിതാ നിരൂപണങ്ങൾ താരതമ്യേന കുറവാണ്. സോഷ്യൽ മിഡിയയിലെ ക്ഷണിക പ്രതികരണങ്ങളോ ഔദാരിക (അയ്യപ്പപ്പണിക്കരോട് കടപ്പാട് ) കളേയോ സെമിനാർ ഗവേഷണ പ്രബന്ധങ്ങളെയോ ഈ ചർച്ചയിൽ പരിഗണിക്കുന്നില്ല. നാടക - സിനിമാനിരൂപണങ്ങളും താരതമ്യേന കുറവാണ്. (നാടക വിമർശനത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്). സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി സോഷ്യൽ മിഡിയയിൽ പ്രത്യക്ഷപ്പെടുന്ന ആസ്വാദനകുറിപ്പുകളും ആരോപണ കോലാഹലങ്ങളും കണക്കിലെടുക്കുന്നില്ല. സംഗീത - വാദ്യ- ചിത്ര-ശില്പ നിരൂപണങ്ങളുടെ കാര്യത്തിലും നാം ഏറെ പിന്നിലാണ്. സംഗീതത്തിൻ്റെ നൊട്ടേഷൻ പ്രിൻ്റുകൾ ലഭ്യമല്ല എന്ന കാര്യവും ആരും ശ്രദ്ധിക്കുന്നേയില്ല! നാടൻ പാട്ടുകൾ വിലയിരുത്താനുള്ള മാനകങ്ങൾ ഇനിയും സ്വരൂപിച്ചിട്ടേയില്ല!

രാഷ്ട്രീയാധുനികതയുടെ കാലത്തെ നിരൂപണങ്ങളേറെയും ആധുനികതയുടെ ചുവന്നവാൽ തേടിയുള്ളതായിരുന്നുവെന്ന് നരേന്ദ്രപ്രസാദ് സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഭിന്നമായൊരു ലാവണ്യാത്മകനിരൂപണ പദ്ധതി മലയാളത്തിൽ പ്രബലപ്പെടുത്തിയത് കെ.പി. അപ്പനാണ്.

                                കെ.പി. അപ്പന്‍

സമകാലിക നിരൂപണത്തിൻ്റെ ഏറ്റവും ഗുരുതരമായ പോരായ്മ സാംസ്കാരിക വിമർശനം എന്ന ഴാനറിൽ അവതരിപ്പിക്കപ്പെടുന്നവയാണ്. ഒരു കൃതിയെ നിർധരിക്കാൻ ഒരുമ്പെടുന്ന നിരൂപക(ൻ )  ചില സിദ്ധാന്ത ശകലങ്ങളുടെ കുട ചൂടി അതിവേഗം കൃതിയിൽ നിന്നും പുറത്തുകടക്കുകയും കൃതിയൊഴികെ മറ്റെല്ലാകാര്യങ്ങളും മറു ഭാഷയിൽ സരള -സരസമായി വിവരിച്ച് മടങ്ങുകയും ചെയ്യുന്നു. എല്ലാ സാമൂഹ്യ വ്യവഹാരങ്ങളുടേയും അടിയൊഴുക്കായി വർത്തിക്കുന്ന രാഷ്ട്രീയ ചരിത്ര വസ്തുതകളെ ചൂണ്ടിക്കാട്ടുകയും പിന്നെ അതിലൂടെ ഒഴുകിപ്പരക്കുകയും ചെയ്യുന്നു. ഗരിമാനാട്യത്തിൽ വിചിത്രവും വിലക്ഷണവുമായ പദങ്ങൾപോലും ഉണ്ടാക്കുന്നു. Genre-നെ ജാനുഷികമെന്ന് പടച്ചൊരുക്കിയ കപടബുജികൾ പോലുമുണ്ട്!

ആ അനുഭുതി വിശേഷത്തെ പകർന്നു നല്കാനുള്ള ജ്ഞാനസാധനയില്ലാതെ , സർഗാത്മകതയുടെ നനുത്ത ലോലനാദങ്ങൾ ശ്രവിക്കാൻ ത്രാണിയില്ലാതെ , മുഴക്കമുള്ള ഒച്ചകൾ മാത്രം കേൾക്കാനൊരുമ്പെടുമ്പോൾ വിമർശനം വഴി തെറ്റുകയാണ്.

ഇളംകുളം കുഞ്ഞൻപിള്ള മണിപ്രവാള കൃതികളെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെയാരും സാഹിത്യവിമർശനമായി കരുതാറില്ലല്ലോ?സാഹിത്യാസ്വാദനാനന്ദമല്ലായിരുന്നല്ലോ കുഞ്ഞൻപിള്ളയുടെ ലക്ഷ്യം ! സാംസ്കാരികവിമർശനമോ ഭാഷാശാസ്ത്ര വിമർശനമോ ദേശചരിത്രാന്വേഷണമോ ഇക്കോ - വംശ- ജൻ്റർ - മെറ്റാക്രിട്ടിസിസമോ ഒക്കെ ആവാമെങ്കിലും അതു മാത്രമായി ചുരുങ്ങിപ്പോകുന്നതിലൂടെ കൃതിയിലേയക്കുള്ള പ്രവേശനം തടയപ്പെടുകയോ വഴിതെറ്റിപ്പോവുകയോ ആണ് ചെയ്യുന്നത് operation success but the patient died എന്നു പറഞ്ഞപോലെ! ഓർക്കുക ഒരു സാഹിത്യ-കലാ സൃഷ്ടി ഒരു ജൈവരൂപമാണ്. അത് ആദ്യമായും അവസാനമായും ഒരു സൗന്ദര്യാത്മക ജ്ഞാനരൂപമാണ്. ആ അനുഭുതി വിശേഷത്തെ പകർന്നു നല്കാനുള്ള ജ്ഞാനസാധനയില്ലാതെ , സർഗാത്മകതയുടെ നനുത്ത ലോലനാദങ്ങൾ ശ്രവിക്കാൻ ത്രാണിയില്ലാതെ , മുഴക്കമുള്ള ഒച്ചകൾ മാത്രം കേൾക്കാനൊരുമ്പെടുമ്പോൾ വിമർശനം വഴി തെറ്റുകയാണ്.


Comments
* The email will not be published on the website.