കാലമാണ് കവിത നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്നത്.

ഓപ്പണ്‍ ഫോറം
രോഷ്നിസ്വപ്ന
        

ചര്‍ച്ചയില്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് എനിക്ക് എന്‍റെ എഴുത്തിന്‍റെയും വായനയുടെയും പശ്ചാത്തലത്തിൽ നിന്നു കൊണ്ടേ ഉത്തരങ്ങൾ പറയാൻ സാധിക്കൂ. ഏതു കാലഘട്ടത്തിലും ജീവിതവുമായി ചേർന്ന് സഞ്ചരിക്കേണ്ട ഒന്ന് തന്നെയാണ് കവിത എന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരർത്ഥത്തിൽ കവിത ഒരു സാമൂഹ്യശാസ്ത്ര സംഭവം കൂടിയാണ്. ജീവിതത്തിൽ സമാഹരിക്കപ്പെടുന്ന സ്മരണകളും ബിംബങ്ങളും അനുഭവങ്ങളും രാഷ്ട്രീയ അനുഭവങ്ങളും അനുഭൂതികളും കൂടിയാണ് ഏത് കവിയുടെയും സത്ത. ജീവിതത്തെ കവിതയുമായി ചേർക്കണമെങ്കിൽ ഓർമ്മയും ഓർമ്മയുടെ മനനവും അത്യാവശ്യമാണ്. കാലത്തില്‍ നിന്ന് അടര്‍ന്നു പോകുന്ന ഒരു കവിതയും എന്നെ സന്തോഷിപ്പിക്കാറില്ല .അവിടെ പാരമ്പര്യ വാദമോ ഭാഷയുടെ വ്യാകരണ നിയമങ്ങളോ ഇല്ല . ഭാവുകത്വവും ഫോമും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രധാനം. ''ഭാഷയ്ക്ക് ദൃഷ്ടിഭവിക്കുന്ന അനുഭവമാണ് കവിത'' എന്ന് ദിലീപ് ചിത്രെ പറയുന്നുണ്ട്. ഭാഷ മാത്രമല്ല, കാലത്തിന്‍റെ പരിണാമത്തിനനുസരിച്ച് രൂപത്തിൽ (form ) വരുന്ന പുതുക്കലും കൂടി പ്രധാനമാണ്. അത് അനുഭവങ്ങളിലേക്ക് കൂടിക്കലരുമ്പോൾ കാലം പ്രധാനപ്പെട്ട ഘടകമാകുന്നു. കലയുടെ ഏറ്റവും പ്രധാനപ്പെട്ട അംശമാണ് കാലം /സമയം. തർക്കോവ്സ്കിയുടെ  ആത്മകഥയുടെ പേര് Sculpting in time എന്നാണല്ലോ! വർത്തമാനകാല യാഥാർത്ഥ്യങ്ങളും ജീവിതവും കവിതയിലേക്ക് കടന്നുവരേണ്ടതുണ്ട്. ഓരോ കാലഘട്ടവും അതതു കാലഘട്ടത്തിൽ അതിതീവ്രമായ സർഗാത്മകതയും രാഷ്ട്രീയവും പ്രകടിപ്പിക്കുന്നുണ്ട്. കാല്പനികകാലമോ ആധുനികകാലമോ ഉത്തരാധുനിക കാലമോ കവിതയിൽ ചെയ്ത രാഷ്ട്രീയ പ്രവർത്തനമല്ല പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. ഓരോരോ കാലങ്ങളിലെ പീഡിതരെയും പുറത്താക്കപ്പെട്ടവരെയും വിമോചനത്തിലേക്ക് നയിക്കുന്ന ആശയങ്ങളും സമരങ്ങളും കലഹങ്ങളും തീർച്ചയായും ഇന്നും കവിതയിൽ സംഭവിക്കുന്നുണ്ട്. പക്ഷേ അതിന്‍റെ മുഖച്ഛായ മാറുന്നുണ്ട് എന്ന് മാത്രം ഒരു കാലഘട്ടത്തിൽ ബദൽ/ റിബൽ എന്ന ആശയങ്ങൾ വ്യക്തിയുടെ വീണ്ടെടുപ്പായിരുന്നുവെങ്കിൽ ഇന്ന് അതിന്‍റെ ദൃശ്യതലത്തിന് വ്യത്യസ്തതയുണ്ട്. ഭാഷയിൽ കുറച്ചുകൂടി സ്വീകാര്യതകൾ ദൃശ്യമാകുന്നുണ്ട്.

കാലത്തില്‍ നിന്ന് അടര്‍ന്നു പോകുന്ന ഒരു കവിതയും എന്നെ സന്തോഷിപ്പിക്കാറില്ല. അവിടെ പാരമ്പര്യ വാദമോ ഭാഷയുടെ വ്യാകരണ നിയമങ്ങളോ ഇല്ല . ഭാവുകത്വവും ഫോമും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രധാനം.

അയ്യപ്പപ്പണിക്കരോ ആറ്റൂരോ  ചുള്ളിക്കാടോ സച്ചിദാനന്ദനോ കെജിഎസോ ആധുനികതയിൽ അനുഭവിച്ച അനുഭവമല്ലല്ലോ പുതിയ കാലത്തുള്ള കവികൾ അനുഭവിക്കുന്നത്. അങ്ങനെ ആകുകയും അരുത്. അനുഭവത്തിന് ഏറ്റക്കുറച്ചിലുകളും മുഖച്ഛായകളും മാറും. എന്നെ സംബന്ധിച്ച് കാലവുമായി ചേർന്ന് നടത്തുന്ന രൂപപരമായ ആശയ തർക്കങ്ങൾ കൂടി എന്‍റെ കവിതയിൽ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. അത് പൊളിറ്റിക്കൽ ആണ് താനും. കാലവുമായി സംവദിക്കാത്ത  ഒരു കവിതയും എന്‍റെ വായനയെ തൃപ്തിപ്പെടുത്താറില്ല.  അത് പുതിയത് പഴയത് എന്ന് തരം തിരിക്കാറുമില്ല. 
****
കവിതയിൽ മാത്രമല്ല, കലയിലും ജീവിതത്തിലും ഒരു പ്രതി സംസ്കാരം (Counter culture ) ഇന്ന് കടന്നു വരുന്നുണ്ട്. പലതരത്തിലുള്ള കൂടിച്ചേരലുകൾ അതിലുണ്ടാവാം. ഭാഷയുടെ, സംസ്കാരത്തിന്‍റെ, ജീവിത പരിസരങ്ങളുടെ, ഓർമ്മകളുടെ, സമകാലികതയുടെയൊക്കെ കലർപ്പുകൾ.

കവിതയിൽ നിന്ന് വായനക്കാർ അകന്നു പോകുന്നില്ല. മാർക്സിനെയും ഗാന്ധിയെയും ബുദ്ധനെയുമൊക്കെ ആവിഷ്കരിക്കുന്ന സോ കാൾഡ് രാഷ്ട്രീയ കവിതകളിൽ ചിലതിൽ ഉപരിപ്ലവമായ ബോധ്യങ്ങളെ മാത്രമേ അനുഭവിക്കാനാകുന്നുള്ളു. ഇത് മടുപ്പിക്കുന്നു.

കവിതയുടെ രാഷ്ട്രീയം നിർണ്ണയ്ക്കുന്നത് ഈ ഘടകങ്ങൾ കൂടി ഉൾപ്പെട്ട ഒരു ഇടമാണ്.പലപ്പോഴും സോ കാൾഡ് രാഷ്ട്രീയ കവിതകൾ വിളിച്ചു പറയലിൽ നിന്ന് ഒരടി മുന്നോട്ടു പോകുന്നില്ല. മറ്റൊന്ന് ഏറ്റവും പുതിയ കാലത്ത് ജീവിക്കുമ്പോൾ പോലും ആവിഷ്കരിക്കപ്പെടുന്നത് 50/60 വർഷങ്ങൾക്ക് മുമ്പത്തെ ഫോമിൽ എഴുതപ്പെടുന്ന കവിതകൾ. രണ്ടും  വൈബ്രന്‍റ് ആയ വായനക്കാരെ കൂടെ നിർത്തില്ല. കവിതയിൽ നിന്ന് വായനക്കാർ അകന്നു പോകുന്നില്ല. മാർക്സിനെയും ഗാന്ധിയെയും ബുദ്ധനെയുമൊക്കെ ആവിഷ്കരിക്കുന്ന സോ കാൾഡ് രാഷ്ട്രീയ കവിതകളിൽ ചിലതിൽ ഉപരിപ്ലവമായ ബോധ്യങ്ങളെ മാത്രമേ അനുഭവിക്കാനാകുന്നുള്ളു. ഇത് മടുപ്പിക്കുന്നു. ഒരുപാട് കവിതകൾ വരുന്നു, കവികൾ വരുന്നു. കാലമാണ് ആരൊക്കെ കവിതയിൽ നിലനിൽക്കണം എന്ന് തീരുമാനിക്കുന്നത്. ഭാഷയിൽ മാത്രം വെട്ടുന്ന വഴികളിൽ നിന്ന് കാലത്തെ അതിജീവിക്കുന്ന കവിതകൾ മുളക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായമോ ശുപാർശയോ കൊണ്ടോ സത്യസന്ധമായ കല, കവിത ജനിക്കില്ല. 
****
 ആദ്യത്തെ ചോദ്യത്തിനുത്തരം തീർപ്പു കൽപ്പിക്കാൻ ആവില്ലല്ലോ. ഏതു കാലത്തും മാധ്യമതാല്പര്യങ്ങൾ /കച്ചവട താല്പര്യങ്ങൾ ജീവിതത്തിന്‍റെ പല മേഖലകളെയെന്നപോലെ കലയെയും സാഹിത്യത്തെയും ഹൈ ജാക് ചെയ്യുന്നുണ്ട്. എന്തും നന്നായി മാർക്കറ് ചെയ്യപ്പെടുക  എന്നത് പ്രധാനമാണ് എന്നവർ വിശ്വസിക്കുന്നുണ്ടാവാം. ആ വിൽപ്പനയിൽ നിന്ന് മാറി നിൽക്കാനുള്ള അവകാശം /സ്വാതന്ത്ര്യം കവിക്ക് ഉണ്ടാകണം. എഴുതിത്തുടങ്ങിയ കാലം മുതൽ ഇന്നലെ വരെ ആ സ്വാതന്ത്ര്യത്തിൽ നിന്നാണ് എഴുതിയിട്ടുള്ളത്. 
****
സാമൂഹ്യ മാധ്യമങ്ങളിൽ കവിതകൾ കൂടുതലായുണ്ട്. കാമ്പുള്ള കവിതകൾ /കവികൾ മാത്രമാണ് കാലത്തെ അതിജീവിക്കുക. ഞാൻ അത് ആദ്യം പറഞ്ഞല്ലോ. എഴുതി, പ്രസിദ്ധീകരണത്തിന് അയച്ച് പത്രാധിപരുടെ മറുപടി കാത്തിരുന്നകാലം ഇന്ന് ഇല്ലല്ലോ. ദൃശ്യപരത എല്ലാവരെയും എഴുത്തിനെ മൂടി വക്കാതെ വെളിപ്പെടാൻ പ്രേരിപ്പിക്കുന്നു. സാംസ്കാരിക വ്യതിയാനങ്ങൾ കവിതയിലും കടന്നു വരണം. ചരിത്രത്തിന്‍റെ മണ്ണ്. മണക്കണം. വൈറൽ ആകേണ്ട ഒന്നല്ല കവിത.അതിന് ജീവിതവും രാഷ്ട്രീയവുമായും അടുത്ത സഞ്ചാരസൗഹൃദം വേണം. ബഹുസ്വരതകളുടെ വർത്തമാനലോകത്തെ ആവിഷ്കരിക്കാൻ, കാലത്തെ സമഗ്രമായി മുന്നോട്ട് നീക്കിവക്കാൻ ഒരാൾ അയാളെത്തന്നെ ആവിഷ്കരിക്കുന്നതിൽ അർത്ഥമില്ല.. വിപുലമായ കവിത വായനയുണ്ട് എനിക്ക്. എനിക്ക് മുന്നേ കടന്നു പോയവരും എന്നോടൊപ്പം കവിതയിൽ  ജീവിക്കുന്നവരെയും  വരാനുള്ള കാലത്തേയും അറിയുന്നത് അങ്ങനെയാണ് . ഒരു പാട് നല്ല കവികൾ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്. അതോടൊപ്പം അങ്ങനെയല്ലാത്ത കവിതകളും കാണുന്നുണ്ട്. എനിക്ക് തൊട്ടു പിന്നിലുള്ള തലമുറകളുടെ കവിതകൾ എന്നെ നോക്കി നിൽക്കുന്നത് പോലെ എനിക്കൊപ്പവും എനിക്ക് ശേഷവും വന്നു കൊണ്ടിരിക്കുന്ന കവിതകളിലേക്ക് ഞാൻ നോക്കുന്നു.  പരസ്പരം കോർത്തിണക്കുന്ന  വംശപരമ്പരയുടെ അദൃശ്യമായ ഒരു ചരട് ഇതിനിടയിൽ ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം. 
****.
ജീവിതവും കവിതയും തമ്മിലുള്ള അന്തരമെന്തെന്ന പ്രശ്നത്തിന് ആസ്ട്രിയൻ ദാർശനികനായ വിറ്റ്ഗൻസ്റ്റീനിന്‍റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ദർശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയാലും ബാക്കിയാവുക ജീവിതം എന്ന സമസ്യയാണെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ദർശനത്തിനോ ചിന്തക്കോ ഒന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സങ്കീർണ്ണത ജീവിതത്തിനുണ്ട്. ഷേക്സ്പിയറിലും , സരമാഗോവിലും ടി.എസ്. എലിയറ്റിലും ആശാനിലും എഴുത്തച്ഛനിലും ലല്ലേശ്വരിയിലും പുതിയ കാലത്തെ ഏതു കവിയിലും ഇതേ സങ്കീർണ്ണതയെ അനുഭവിക്കാം. അതിന്‍റെ കുരുക്കഴിച്ചെടുക്കലാവുന്നു ചിലപ്പോൾ കവിതയും, സംഗീതവും, കലയുമെല്ലാം. ചൈനീസ് കവിയായ ലിപോ ഒരിക്കലെഴുതി, ' Since water still flows, though we cut it with swords And sorrow returns.' ജീവിതം ഒരൊഴുക്കാണ്. ആ ഒഴുക്കിന്‍റെ വേഗമാണ് കവിത, അയവാണ് കവിത. ജീവിതത്തെ രണ്ടാക്കി മുറിക്കുകയാണ് ലോകക്രമത്തിന്‍റെ അനുക്രമങ്ങൾ. ഒഴുകുന്ന വെള്ളത്തിന്‍റെ ഒഴുക്കിനെ ഒരു വാൾ മുറിക്കും പോലെ. ലോകത്തിന്‍റെ ആയുധം മറവിയാണ്. മറവി കൊണ്ടാണ് മനുഷ്യനെ ലോകം അടിമപ്പെടുത്തുന്നത്. മറക്കാൻ ശ്രമിക്കുന്നത് ഓർമ്മയിലേക്കുതന്നെ തിരിച്ചുവരും. ഉറവയിലേക്ക് പുഴ തിരിച്ചെത്തും പോലെ സമകാലിക ഇന്ത്യൻ കവിതകളിൽ കൂടുതൽ പ്രത്യക്ഷതകൾ സംഭവിക്കുന്നുണ്ട്. 

 ഭാഷയിൽ മാത്രം വെട്ടുന്ന വഴികളിൽ നിന്ന് കാലത്തെ അതിജീവിക്കുന്ന കവിതകൾ മുളക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പട്ടികളുടെ സഹായമോ ശുപാർശയോ കൊണ്ടോ സത്യസന്ധമായ കല, കവിത ജനിക്കില്ല.

പൊതുവെ സംഭവിച്ച ഒരു കാര്യം അരികുകളുടെ കാവ്യവൽക്കരണം സംഭവിച്ചു എന്നതാണ്. ദളിത് കവിത, ഗോത്രകവിത, ക്വീർ കവിത എന്നിങ്ങനെ അത് പടർന്നു പോകുന്നു. അപ്പോഴും അനുഭവങ്ങളെ അപ്പാടെ ആവിഷ്കരിക്കലല്ല കവിത എന്ന യാഥാർഥ്യം കൂടി നിലനിൽക്കുന്നുണ്ട്. ശരൺ കുമാർ ലിംബാളെയുമായുള്ള ഒരു സംഭാഷണത്തിൽ അദ്ദേഹം എന്നോട് പറഞ്ഞു ''ഇന്ത്യൻ ചരിത്രം അപൂർണ്ണമാണ് '' എന്ന്. കവിതയുടെ കാര്യത്തിലും ഇത് ബാധകമാണ്.  പ്രാതിനിധ്യങ്ങളിൽ അല്ല കവിതയെ തളച്ചിടേണ്ടത്. യാതൊരു വിധ പ്രിവിലേജുകളും njan കലയിൽ നിന്ന് കവിതയിൽ നിന്ന് ആഗ്രഹിക്കുന്നില്ല. കാലത്തിന്‍റെ ചുരുളിയിലേക്ക് നാം കടന്നിരിക്കുമ്പോൾ കവിത സംഭവിക്കുന്നു. ഏക വചനത്തിൽ നിന്ന് ബഹുവചനത്തിലേക്ക് പടരണം നല്ല കവിത.വർത്തമാകാല യഥാർഥ്യങ്ങളുമായി കവിയുടെ വാക്കും ഉള്ളും അപരമണ്ഡലങ്ങളും ആവിഷ്കരിക്കപ്പെടുന്നുണ്ട് പുതിയ കവിതകളിൽ ചിലതിൽ.. “ഭാഷയുടെ വേരുകൾ യുക്തിയും നിന്നടർന്ന മായാജാലമാണ്” എന്നാണ് ബോർഹസ് പറഞ്ഞത്. എന്‍റെ എഴുത്ത് ഉണ്ടാവുന്നത് എന്‍റെ അനുഭവങ്ങളുടെ ഉള്ളിൽ നിന്നാണ്. അത് ലോകത്ത് നിന്ന് അടർന്നു നിൽക്കുന്ന ഒന്നല്ല.  എഡ്വേർഡ് സെയ്‌ദ് പറയുന്നതുപോലെ “ Humanism is the only, I would go so far as saying the final resistance  we have against the inhuman practices and injustices  that disfigure human history “ മാനുഷികതയിൽ ഊന്നിക്കൊണ്ടുള്ള ബഹുമുഖമായ ഒരു പ്രതിരോധസങ്കല്പമാണ് കവി എന്ന നിലയിൽ എന്നിൽ ഉള്ളത്. അത് വൈയക്തികതയുടെയോ, ബൗദ്ധികവിമർശനത്തിന്‍റെയോ, സാംസ്കാരിക ആവിഷ്കാരത്തിന്‍റെയോ രാഷ്ട്രീയപ്രവർത്തനം എന്ന നിലയിലാണ് പുറത്തു വരുന്നത്. എന്‍റെ ജീവിതത്തിൽ ഉള്ളതേ എന്‍റെ കവിതയിലും ഉണ്ടാവൂ. ധാർമ്മികതയും വിശ്വാസ്യതയുമാണ് എന്നെ നയിക്കുന്നത്. ഫാസിസത്തെയോ രാഷ്ട്രീയപക്ഷപാതത്തെയോ എന്‍റെ കവിത സഹിക്കില്ല. 


Comments
* The email will not be published on the website.