പല നോട്ടങ്ങൾ പല വായനകൾ

ഓപ്പണ്‍ ഫോറം
ഷീബ ദിൽഷാദ്
        

പ്രശസ്ത ലക്ഷണഗ്രന്ഥമായ ധ്വന്യാലോകത്തിൽ  കവിയുടെ ഭാവനാശക്തിയെയും സ്വാതന്ത്ര്യത്തെയും പ്രകീർത്തിക്കാൻ "അപാരമായ കാവ്യലോകത്ത് കവി തന്നെയാണ് ഏക സൃഷ്ടാവ് എന്നും ,തനിക്ക് ഉചിതമെന്ന് തോന്നുന്ന സമയത്തൊക്കെ അദ്ദേഹം ഈ പ്രപഞ്ചത്തെ  മാറ്റിക്കൊണ്ടിരിക്കുന്നു "എന്നും
ആനന്ദവർദ്ധൻ പ്രസ്താവിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദാർശനികനായിരുന്നു ആനന്ദവർദ്ധൻ. ആയിരത്തി ഇരുന്നൂറു വർഷങ്ങൾക്കിപ്പുറവും ധ്വന്യാലോകകാരന്‍റെവാക്കുകൾ അപ്രസക്തമാകുന്നില്ല. കവി തന്നെയാണ് കാവ്യലോകത്തിന്‍റെപ്രജാപതി. എന്നാൽ ഒമ്പതാം നൂറ്റാണ്ടിന്‍റെതത്ത്വചിന്തയെ പന്ത്രണ്ട് നൂറ്റാണ്ടുകൾ കൊണ്ട് കാവ്യലോകത്തിനുണ്ടായ, ലോകക്രമത്തിനുണ്ടായ അപാരമായ പരിവർത്തനങ്ങളുമായി ചേർത്തു വേണം വായിക്കേണ്ടത്. 

അവരുടെ കാഴ്ചപ്പാടിനെ വാർത്തെടുക്കുന്ന സാമൂഹ്യക്രമത്തിൽ സംസ്‌കാരത്തിനോടൊപ്പം നൃശംസതയും മൃഗീയതയും, ശിഥിലീകരണ പ്രവണതകളും കൂടി അവിശ്വസനീയമാകും വിധത്തിൽ വളർന്നു വന്നിട്ടുണ്ട്. 

പ്ളേഗ്, മഹായുദ്ധങ്ങൾ, ഹിറ്റ്ലറുടെ ഫാസിസ്സം,  ഇന്ത്യൻ സ്വാതന്ത്ര്യ സമരം, അടിയന്തരാവസ്ഥ ,സോവിയറ്റ് യൂണിയന്‍റെപതനം, കോവിഡ്,നവ ഫാസിസ്സം, കോവിഡ് ഇവയ്ക്കെല്ലാം   സാക്ഷികളാവുകയോ,സ്വാധീനിക്കപ്പെടുകയോ, ഇരകളാവുകയോ ചെയ്തവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെഎഴുത്തുകാർ. ഗാന്ധിയാലും, മാർക്വിസ്സിനാലും സ്വാധീനിക്കപ്പെട്ടവർ.ഇന്നും ധ്വന്യാലോകവും,
കാവ്യാലങ്കാര സംഗ്രഹവും നിർവ്വചിക്കുന്ന കാവ്യലക്ഷണങ്ങൾ കവിതയ്ക്കുണ്ടാവണം എന്ന് ശഠിക്കുന്നത് നിരർത്ഥകമാണ്. വിവരസാങ്കേതികവിദ്യയുടെ, ശാസ്ത്രപരതയുടെ യുക്തിബോധത്തിന്‍റെ വികാസവും, ഉപയുക്തതയുമാണ് ഇന്നിന്‍റെഎഴുത്തുകാരെ നയിക്കുന്ന വ്യവസ്ഥിതി.  അവരുടെ കാഴ്ചപ്പാടിനെ വാർത്തെടുക്കുന്ന സാമൂഹ്യക്രമത്തിൽ സംസ്‌കാരത്തിനോടൊപ്പം നൃശംസതയും മൃഗീയതയും, ശിഥിലീകരണ പ്രവണതകളും കൂടി അവിശ്വസനീയമാകും വിധത്തിൽ വളർന്നു വന്നിട്ടുണ്ട്. സാഹിത്യത്തിന്‍റെഇടപെടലുകളിൽ സങ്കല്പവും ഭാവനയും  അപ്രത്യക്ഷമാവുകയും പ്രസക്തി നഷ്‌ടപ്പെടുകയും ചെയ്തു.  യുക്തിയുടേയും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തിന്‍റേയും  വിശാലലോകത്തിരുന്നാണ് കവി ചിന്തിക്കുന്നത്. ഇന്നിന്‍റെകവിതകളെ വിലയിരുത്തുമ്പോൾ  സാമൂഹികക്രമത്തിൽ, പരിസ്ഥിതിയിൽ, കാഴ്ചപ്പാടിൽ വന്ന ഈ മാറ്റങ്ങളെ കാണാതിരുന്നു കൂടാ.
 ****
ജയദേവ് നായനാരുടെ കവിതയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ (കവിതയുടെ വാസ്തു) കൗതുകകരമാണ്.
"കവിത കവിത മാത്രമായിരുന്ന കാലത്തു നിന്ന് മൾട്ടി വിൻഡോ മൾട്ടി ആപ്ളിക്കേഷൻ ടച്ച് സ്കീൻ ഡിവൈസായിരിക്കുന്നു പുതിയ കാലത്തെ കവിത. "
പ്രപഞ്ചങ്ങൾ സാധ്യമാക്കുന്നതാണ് ഉത്തരാധുനിക കവിത. അവയെ ഒരു ഴാനറിൽ മാത്രം ഒതുക്കി വയ്ക്കാവുന്നതല്ല എന്ന് ആദ്യമേ പറയട്ടെ.വളരെയധികം പഠനങ്ങൾ നടക്കേണ്ട ഒരു മേഖലയാണ് ഇത്. 

ഇവർക്കൊപ്പമോ, ഇവർക്കു ശേഷമോ വന്ന അനേകം ശ്രദ്‌ധേയരായ കവികൾ ഓരോ മാറ്റത്തെയും പിൻപറ്റുകയോ, അനുകരിക്കുകയോ ചെയ്തതായി മാത്രമേ അടയാളപ്പെടുത്തുവാൻ പറ്റൂ

.ഇന്ന്  ദളിത്- ഗോത്ര- ക്വിയർ- സ്ത്രീ-  സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന കവിതകളുണ്ട്, ശക്തമായ രാഷ്ട്രീയം പറയുന്ന പ്രതിരോധത്തിന്‍റെകവിതകളുണ്ട്. വർത്തമാനകാല കവിതകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ഴാനറുകളെ ഓരോന്നിനേയും പരാമർശിക്കാതെ പോകുന്നത് കവിതാ വിചാരത്തോട് കാണിക്കുന്ന അനീതിയാണ്. ആധുനികതയുടെ ശക്തമായ തുടക്കം റാഡിക്കൽ ഹ്യൂമനിസ്സത്തിന്‍റെവക്താവായ , കവിയും, വിമർശകനും, ചിന്തകനുമായ എം. ഗോവിന്ദനിൽ (1919-1989) നിന്നാണ്. ആറ്റൂരും അയ്യപ്പണിക്കരും,സച്ചിദാനന്ദനും, കെ. ജി. ശങ്കരപ്പിള്ളയും, എൻ.വി. കൃഷ്ണവാര്യരും,കമലാദാസും, കടമ്മനിട്ടയും,
ചുള്ളിക്കാടും, ഡി.വിനയചന്ദ്രനും, അയ്യപ്പനും മലയാളത്തിലെ ആധുനിക കവിതയുടെ സൂക്ഷ്‌മ വികാസത്തിന്‍റെവിവിധ ഘട്ടങ്ങളെ  പ്രതിനിധാനം ചെയ്യുന്നു. ഇവർക്കൊപ്പമോ, ഇവർക്കു ശേഷമോ വന്ന അനേകം ശ്രദ്‌ധേയരായ കവികൾ ഓരോ മാറ്റത്തെയും പിൻപറ്റുകയോ, അനുകരിക്കുകയോ ചെയ്തതായി മാത്രമേ അടയാളപ്പെടുത്തുവാൻ പറ്റൂ. എസ്. ജോസഫും, പി.രാമനും, ടോണിയും, പി.എൻ.ഗോപീകൃഷ്ണനും,സാവിത്രീരാജീവനും, അനിതാതമ്പിയും  അടക്കം വലിയൊരു വിഭാഗം ആധുനികാന്തര കവിതയെ പിന്തുടരുന്നതിൽ വിജയിച്ചവരാണ്. എന്നാൽ  വിജയലക്ഷ്മി, വി.എം ഗിരിജ, ലോപ, കണിമോൾ, ഷീജ വക്കം,  തുടങ്ങിയ എഴുത്തുകാരികളും; മനോജ് കുറൂറും,റഫീഖ് അഹമ്മദും  , ആലങ്കോട് ലീലാകൃഷ്ണനും, മാധവൻ പുറച്ചേരിയും  ഉൾപ്പെടെയുള്ള അനേകം കവികളും പരമ്പരാഗത എഴുത്തു രചനാരീതിയുടെ പിന്തുടർച്ചയിൽ തന്നെ 
അനിഷേധ്യമാംവണ്ണം നിലകൊള്ളുന്നവരായതു കൊണ്ട്, മലയാളത്തിൽ  പുതിയ ധാരകൾക്ക്  തുടക്കം കുറിച്ചവരാണെന്നോ അനുദിനം മാറികൊണ്ടിരിക്കുന്ന പുതുകവിതയുടെ ദിശാസൂചികളാണെന്നോ അടയാളപ്പെടുത്താനാവില്ല. കവി സച്ചിദാനന്ദൻ  തന്‍റെലോകകവിതാ പഠനങ്ങളിൽ ( കവിതയുടെ മുഖങ്ങൾ) ശ്രദ്ധേയമായൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്:
" ആധുനിക കവിത മൂന്നുതലമുറകൾ പിന്നിടുകയും അതിന്‍റെസർഗ്ഗ വൈശിഷ്ട്യവും മൗലികതയും തെളിയിക്കുകയും ചെയ്തു കഴിഞ്ഞിട്ടും മലയാളത്തിലെ യാഥാസ്ഥിതിക നിരൂപകർ ഇന്ത്യയിൽ അന്യംനിന്നു കഴിഞ്ഞ കാവ്യസമ്പ്രദായങ്ങളുടെ സ്തുതിപാഠകരായിത്തുടരുന്നത് മറ്റു ഭാഷക്കാരെ അമ്പരപ്പിക്കുന്നുണ്ട്. മലയാളത്തിൽ ഇപ്പോഴും വൃത്തങ്ങൾ
ഉപയോഗിക്കപ്പെടുന്നതും അവരിൽ അത്‌ഭുതവും പലപ്പോഴും പുച്ഛവും ജനിപ്പിക്കുന്നു."
എന്നാൽ ലോകകവിതയിലും, മലയാളത്തിലും ഉയർന്നുവന്ന വ്യതിരിക്തങ്ങളായ ഴാനറുകളും, സാമൂഹിക പ്രതിനിധാനവും ഉയർത്തുന്ന രാഷ്ട്രീയത്തെയും, കവിതയുടെ പുതുക്കങ്ങളേയും കണ്ടില്ലെന്ന് നടിക്കുന്ന, തമസ്കരിക്കുന്ന പാരമ്പര്യവാദികളും യാഥാസ്ഥിതികരുമായ മാതൃഭൂമിയും ഭാഷാപോഷിണിയും പോലുള്ള  പ്രസിദ്ധീകരണങ്ങളും,  യാഥാസ്ഥിതക- പാരമ്പര്യ വാദികളായ നിരൂപകന്മാരുമാണ്  സമകാലീന കവിതയുടെ ഏറ്റവും വലിയ വെല്ലുവിളി. മറ്റൊന്ന് കവിതയുടെ വ്യക്തി- ദേശ- ജാത്യാധിഷ്ഠിത വാഹകരും പ്രചാരകരുമാണ്. കവിതയെക്കുറിച്ചിറങ്ങുന്ന സമകാലീന നിരൂപണങ്ങൾ , സാഹിത്യോത്സവങ്ങൾ, അംഗീകാരങ്ങൾ തുടങ്ങിയവയിലെ തിരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ ശ്രദ്ധിക്കുക.
കവിതയിൽ ശുഭകരമല്ലാത്ത പ്രവണതകളെ ഈ വിവാദങ്ങൾ ഒളിഞ്ഞും തെളിഞ്ഞും രംഗപ്രവേശം ചെയ്യിക്കുന്നു.
 ****
 വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ  വമ്പൻ വിസ്ഫോടനങ്ങളിലൊന്നാണ് സാമൂഹിക മാധ്യമങ്ങളുടെ ആധിപത്യം. ആധുനികതയുടെ സംഭാവനയായ ബ്ളോഗുകൾ, ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വെബ് മാഗസീനുകൾ തുടങ്ങിയ ഉൾപ്പെടുന്ന വിവിധങ്ങളായ സോഷ്യൽ മീഡിയയെ പുതുതലമുറയൊന്നടങ്കം തങ്ങളുടെ സാഹിത്യ സാംസ്കാരിക വിനിമയോപാധിയായി സ്വീകരിച്ചത്
സ്വാഭാവികമായുള്ള ഒരു സാമൂഹിക മാറ്റമാണ്. സമൂഹത്തിൻ്റെയോ, സ്ഥാപനങ്ങളുടെയോ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സ്വതന്ത്രമായ സ്വത്വപ്രകാശനത്തിനുള്ള ഇടമായി കവികൾ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നു. മുഖ്യധാരയിൽ( Print media/ ചർച്ചാ വേദികൾ/ exhibitions) അംഗീകരിക്കപ്പെട്ട /പ്രശസ്തരായ കവികളും എഴുത്തുകാരും ചിന്തകരും കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളെ ഫെയ്സ് ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുന: പ്രകാശനം ചെയ്യുന്നത് സോഷ്യൽ മീഡിയയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യതക്ക് പ്രത്യക്ഷോദാഹരണമാണ്. വിമർശനവും, അഭിപ്രായവും തൽക്ഷണം ലഭ്യമാകും എന്ന സൗകര്യമാണ് ഈ പുന: പ്രകാശനങ്ങളുടെ പിന്നിലുള്ള മന:ശാസ്ത്രം. സമകാലിക സമൂഹത്തിന്‍റെ സൂക്ഷ്മപ്രതിനിധാനവും പരിച്‌ഛേദവുമാണ് സോഷ്യൽമീഡിയ. 

സാഹിത്യത്തിന്‍റെഇടപെടലുകളിൽ സങ്കല്പവും ഭാവനയും  അപ്രത്യക്ഷമാവുകയും പ്രസക്തി നഷ്‌ടപ്പെടുകയും ചെയ്തു.  യുക്തിയുടേയും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തിന്‍റേയും  വിശാലലോകത്തിരുന്നാണ് കവി ചിന്തിക്കുന്നത്.

ദളിത്- ഗോത്ര- ക്വിയർ വിഭാഗങ്ങൾക്ക് തങ്ങൾ
അഭിമുഖീകരിക്കുന്ന സാമൂഹികമായ അമാനവീകരണവും (de humanisation), വ്യക്തിത്വ ധ്വംസനങ്ങളും, തങ്ങളുടെ തനിമയുടെ സംസ്‌കാരസൂചകങ്ങളുടെ പ്രകാശനവും ഒരുപോലെ സാദ്ധ്യമായി എന്നത് സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ വിപ്ളവമായി കണക്കാക്കുന്നു. ഡി. അനിൽകുമാർ,സുകുമാരൻ ചാലിഗദ്ദ , ശിവലിംഗൻ,ധന്യ വേങ്ങച്ചേരി, വിജില, അജിത എം.കെ,ആദി, വിജയരാജമല്ലിക,  സുധീർരാജ്,അജിത് എം പച്ചനാടൻ, രതീഷ് പാണ്ടനാട് എന്നിവരുടെ കവിതകൾ മലയാളത്തിലെ ദളിത്- ഗോത്ര- ക്വിയർ സമൂഹങ്ങളുടെ ശക്തിയുടേയും, തന്മയുടേയും പരിച്‌ഛേദങ്ങളാണെന്നതിൽ തർക്കമില്ല.
സോഷ്യൽ മീഡിയയിലൂടെ നടന്ന മറ്റൊരു വിപ്ളവകരമായ മാറ്റമാണ് സ്ത്രീകളുടെ രംഗപ്രവേശം. അഭൂതപൂർവ്വമായ ഒരു ആത്മപ്രകാശനമാണ് അവർ നടത്തിയതെങ്കിലും ചിന്തയുടേയും, മൗലികതയുടേയും, ദർശനങ്ങളുടേയും അപര്യാപ്തതയും , കൃതി ബാഹുല്യവും കാരണം അവ ശബ്ദായമായിപ്പോയി. 
സിന്ധു കെ.വിയും, പ്രസന്ന ആര്യനും, ഡോണ മയൂരയും,അമ്മു ദീപയും, നിഷാ നാരായണനും, ചിഞ്ചു റോസയും, ആശാലതയും, സ്റ്റാലിനയും, രഗില സജിയും,ചിത്തിര കുസുമനും, സന്ധ്യ ഇ യും , ഇ. മീരയും  , ശാന്തി ജയയും സ്ത്രീകളെന്ന പരിവൃത്തത്തിന് പുറത്ത്  നടത്തിയിട്ടുള്ള സമഗ്രമായ അടയാളപ്പെടുത്തലുകളെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. ഷീബ രജികുമാർ, ഷമീന ബീഗം, ഗീതാഞ്ജലി കൃഷ്ണൻ, ഗീത ജാനകി തുടങ്ങിയ വിവർത്തകരുടെ വിവർത്തനങ്ങൾ മലയാള കവിതക്ക് മുതൽക്കൂട്ട് തന്നെയാണ്. എന്നാൽ തികച്ചും മൗലികമായ കവിതകളുമായി ചില കവികൾ ഈ കവിബാഹുല്യത്തിനിടയിൽ
മാറി നിൽക്കുന്നു. ഒന്നോ രണ്ടോ ആനുകാലികങ്ങളല്ലാതെ മറ്റാരും പ്രാധാന്യം കൊടുക്കാത്ത ഒന്നാം തരം എഴുത്തുകാർ. വിഷ്ണു പ്രസാദ്, നസീർ കടിക്കാട്,  ഷാജു. വി. വി, ടി. പി വിനോദ്, സുജീഷ്,പ്രമോദ് കെ. എം, രേഷ്‌മ. സി,  അരുണ ആലഞ്ചേരി, ചിത്ര കെ.പി, റാസി.. എനിക്കിഷ്ടപ്പെട്ട എഴുത്തുകാരുടെ നിര വളരെ നീണ്ടു പോകുന്നു. ഇതിലേറെയും ശ്രദ്ധിക്കപ്പെടാത്തവർ, വിവാദങ്ങളും  ബഹളങ്ങളും തീണ്ടാത്തവർ.
 ****
പക്ഷേ, കവിതകളുടെ ഈ വമ്പിച്ച പ്രളയത്തിനിടയിൽ  കബളിപ്പിക്കലുകൾ നടക്കുന്നതാണ് പരിഹാസ്യം. വായനക്കാരെ വഴിതെറ്റിക്കുന്ന പ്രസാധകരുടെ മേളകൾ, സോഷ്യൽ മീഡിയയിലൂടെ കവികളെക്കൊണ്ടു തന്നെ  സ്വന്തം പ്രസിദ്ധീകരണങ്ങളുടെ വില്പന നടത്തൽ, പരസ്യം ചെയ്യിക്കൽ, സാഹിത്യോത്സവങ്ങളിൽ നന്നായി എഴുതുന്ന
അനേകം കവികളെ വിഡ്‌ഢികളാക്കിക്കൊണ്ട് ചില പ്രത്യേക ദേശക്കാരെ, കവിതക്ക് പ്രത്യേകിച്ച് സംഭാവനകൾ ഒന്നും ചെയ്തിട്ടില്ലാത്ത എന്നാൽ സംഘാടന പ്രീണനം നല്ലതുപോലെ അറിയാവുന്ന ചില സ്ഥിരം ബോറന്മാരെ പങ്കെടുപ്പിക്കൽ, അവാർഡുകൾ നൽകൽ, ഒരു കവിതയുമില്ലാത്ത ചില പുസ്തകങ്ങൾക്ക് വമ്പൻ എഴുത്തുകാരുടെ പരസ്യവും, നിരൂപണവും, കവിതാ പഠനങ്ങളും,പുകഴ്ത്തലുകളും നിർബ്ബാധം ചൊരിയൽ. അവരോട് "ചെടിക്കുന്നു ഹേ, ഞങ്ങൾക്ക്  നല്ല കവിതകൾ മനസ്സിലാവും" എന്ന് പറയുവാൻ തോന്നിപ്പോകുന്നു!


Comments
* The email will not be published on the website.