കോക്കസ് നിയന്ത്രിതമാണ് മലയാള കവിത

ഓപ്പണ്‍ ഫോറം
 ആശ ബി
        

"അപാരേ കാവ്യ സംസാരേ
കവിരേവ പ്രജാപതി യഥാസ്‌മൈരോ ചതേ
വിശ്വം
തഥേദംപരിവർത്തതേ"
അപാരമായ കാവ്യ ലോകത്തിൽ കവിയാണ് പ്രജാപതി യെന്നും കവി തനിക്ക് രുചിക്കുംവിധം ലോകത്തെ മാറ്റി ത്തീർക്കുന്നു എന്നുമാണ് ആനന്ദ വർധനൻ പറയുന്നത്. എന്നാൽ സമകാലകവികളെ കുറിച്ച് ഇത്തരത്തിൽ ഒരാളും പറയാനിടയില്ലെന്നു മാത്രമല്ല ലോകോപകാരപ്രദമായ എന്തെങ്കിലും കവികൾ ചെയ്യുന്നുവെന്ന് ആരെങ്കിലും പറയുന്ന പക്ഷം അത് പരിഹാസ മാവാനേ വഴിയുള്ളൂ. എന്താണ് കവികളുടെ ഈ (ദുര ) അവസ്ഥയ്ക്ക് കാരണം? കവിത എന്ന സാഹിത്യരൂപം അത്രത്തോളം ആളുകൾക്ക് വർജ്യമായ ഒന്നായി മാറിയോ? തീർച്ചയായും നല്ല കവിതകൾ ഉണ്ടാകുന്നില്ല എന്നതും ഉണ്ടാകുന്ന അപൂർവ്വം നല്ല കവിതകൾക്ക് ആസ്വാദകരെ കിട്ടുന്നില്ല എന്നതും ഇപ്പോൾ ഒരു പ്രശ്നമാണ്. എല്ലാവരും കവിത യെഴുത്തുകാരായി മാറിയ കോവിഡ്കാലം കവിതയ്ക്കും അതിന്‍റെ യശ്ശസിനും കാര്യമായ മങ്ങലേൽപ്പിച്ചു. യഥാർത്ഥത്തിൽ കവിത എന്താണ് എന്നറിയാൻ മെനക്കെടാതെ തോന്നുംപോലെയൊക്കെ എഴുതിക്കൂട്ടി പുസ്തകങ്ങളാക്കി ആളുകൾ വിറ്റു നടന്നു. ഇന്നും നടക്കുന്നു. കവിതയുടെ മർമ്മമറിയുന്ന വായനക്കാർക്ക് ഇവരുടെ പ്രവൃത്തികൾ ചെടിപ്പുണ്ടാക്കി. വിമർശനങ്ങളെയോ തിരുത്തലുകളെയോ കേൾക്കാൻ തയ്യാറാവാതെ ഒത്തുചേർന്ന് കവി കൂട്ടായ്മകൾ ഉണ്ടാക്കുകയും എന്ത് ചവറും വിറ്റഴിക്കുകയും അവാർഡുകൾ തട്ടിക്കൂട്ടുകയും പരസ്പരം പുകഴ്ത്തുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. കവിതയുടെ മിടിപ്പ് താഴ്ന്നു . 

കോക്കസ് നിയന്ത്രിതമാണ് മലയാള കവിത. ജാതി /മത/ ദേശ/ ലിംഗ / രാഷ്ട്രീയ അടിസ്ഥാനത്തിൽ കോക്കസ്സുകൾ രൂപം കൊണ്ടിട്ടുണ്ട്. ഇവിടെയെല്ലാം ഒരു ഗുരുവും മറ്റുള്ളവർ അനുയായികളും എന്ന മട്ടിലാണ് കാര്യങ്ങൾ.  

പാടാൻ കഴിയുന്ന തെന്തും കവിതയാണ് എന്ന ചിലരുടെ ധാരണ കവിതയുടെ ഭാവുകത്വത്തിൽ എല്ലാക്കാലത്തും മങ്ങലേൽപ്പിക്കുന്ന ഒന്നാണ്. യാതൊരു കാവ്യഗുണവും ഇല്ലാത്ത വരികൾ എഴുതിപ്പാടി യൂട്യൂബിലും മറ്റും പ്രചരിപ്പിച്ച് "തൊണ്ട ക്കവി"കൾ മറ്റൊരു വഴിക്ക് കവിതയെ അപായപ്പെടുത്തി. പക്ഷേ ഇവർക്ക് ആരാധകരുണ്ടായി. വേദികൾ കിട്ടി. അംഗീകരിക്കപ്പെട്ടു. സ്വാഭാവികമായും ഇത്തരം വ്യാജങ്ങളുടെ കുത്തൊഴുക്കിൽ നല്ല കവിതകൾ അപ്രസക്തമായി.

സോഷ്യൽ മീഡിയ

കവിത വിനിമയം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടം സോഷ്യൽ മീഡിയയായി മാറിയതിനു ശേഷം കവിതയുടെ കെട്ടിലും മട്ടിലും ധാരാളം വ്യതിയാനങ്ങൾ വന്നു. അച്ചടിക്കുന്നതിനേക്കാൾ കൂടുതൽ കവിതകൾ ഇപ്പോൾ വിനിമയം ചെയ്യുന്നത് സോഷ്യൽ മീഡിയ വഴിയാണ് .എഫ്ബി, വാട്സ്ആപ്പ്, ഇൻസ്റ്റാ എന്നിവയെല്ലാം കവിതയുടെ പ്രജനന വ്യാപന സ്ഥലങ്ങളാണ്. കവികൾക്ക് വേഗത്തിൽ സ്വന്തം സൃഷ്ടി പ്രകാശിപ്പിക്കാം എന്നതും ആസ്വാദകർക്ക് ഉടൻ പ്രതികരണം രേഖപ്പെടുത്താം എന്നതും ഈ ഇടത്തിന്‍റെ സാധ്യതയാണ്. അച്ചടിക്കുന്ന കവിതയും പരസ്യപ്പെടുന്നത് ഈയിടം വഴിയാണ്. എന്നാൽ കവിതയറിഞ്ഞുകൂടാത്ത എഴുത്താളും വായനയുടെ മാനദണ്ഡം അറിയാത്ത വായനക്കാരും ചേർന്ന് നിലവാരമില്ലാത്ത സൃഷ്ടികളെ പ്രശസ്തിയിൽ എത്തിക്കുന്ന ഇടമായി ഇവിടവും മാറി. ഇങ്ങോട്ടു കിട്ടാൻ വേണ്ടി അങ്ങോട്ടു കൊടുക്കുന്ന ലൈക്കും കമൻ്റും കവിതയുടെ മൂല്യത്തിനല്ല പരിഗണനയ്ക്കുള്ളതായി.
കവിതയുടെ അപചയത്തിന് പിന്നെയും കുറെയേറെ കാരണങ്ങൾ നമുക്ക് കണ്ടെത്താം.

വിമർശനങ്ങളെയോ തിരുത്തലുകളെയോ കേൾക്കാൻ തയ്യാറാവാതെ ഒത്തുചേർന്ന് കവി കൂട്ടായ്മകൾ ഉണ്ടാക്കുകയും എന്ത് ചവറും വിറ്റഴിക്കുകയും അവാർഡുകൾ തട്ടിക്കൂട്ടുകയും പരസ്പരം പുകഴ്ത്തുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. കവിതയുടെ മിടിപ്പ് താഴ്ന്നു . പ്രോത്സാഹനമില്ലായ്മ.

മുതിർന്ന/ മുഖ്യധാരാ കവികളുടെ പക്ഷപാതപരമായ പെരുമാറ്റം പല നല്ല കവികളെയും നിഴൽപ്പാതിയിലാക്കി . മനോഹരമായ കവിതകൾ കണ്ടാൽ ആരെഴുതിയെന്ന് നോക്കാതെ ലൈക്കും കമന്‍റും നൽകി പ്രോത്സാഹിപ്പിക്കാനോ ആ കവിയെ മുഖ്യധാരയിലേക്ക് പരിചയപ്പെടുത്താനോ മനസ്സുള്ള ഒരു മുതിർന്ന കവിയും ഇന്ന് മലയാള കവിതയിലില്ല. കുമാരനാശാനു വേണ്ടി ഒരു ഏ . ആർ നിലകൊണ്ടു. ഇന്നോ? കോക്കസ് നിയന്ത്രിതമാണ് മലയാള കവിത. ജാതി /മത/ ദേശ/ ലിംഗ / രാഷ്ട്രീയ അടിസ്ഥാനത്തിൽ കോക്കസ്സുകൾ രൂപം കൊണ്ടിട്ടുണ്ട്. ഇവിടെയെല്ലാം ഒരു ഗുരുവും മറ്റുള്ളവർ അനുയായികളും എന്ന മട്ടിലാണ് കാര്യങ്ങൾ. അതായത് തന്നെക്കാൾ മികച്ച ആളാവും എന്ന് സംശയിക്കുന്നവരെ ഗുരുസ്ഥാനീയൻ കൂട്ടത്തിൽ പെടുത്തില്ല. ചുരുക്കത്തിൽ ഒരാൾക്കോ ഏതാനും ചിലർക്കോ മാത്രം കവിയാകാനുള്ള ചെപ്പടിവിദ്യയാണ് കോക്കസുകൾ. ഇവർ പരസ്പരം കമന്‍റും ലൈക്കും ഷെയറും നൽകി സഹകരണാ ടിസ്ഥാനത്തിൽ പ്രവർത്തിച്ച് വിപണിയുടെ ശ്രദ്ധ ആകർഷിക്കുകയാണ്. പരസ്പരം പ്രൊമോട്ടു ചെയ്യുന്നു.

സ്വത്വ രാഷ്ട്രീയം (Identity Politics)

സാഹിത്യത്തിന്‍റെ മറ്റു മേഖലകളിൽ എന്നപോലെ കവിതയിലും സ്വത്വ രാഷ്ട്രീയം കടന്നുവന്നു. ഇതോടെ ചെറിയ കള്ളികളിലേക്ക് കവിതയുടെ ലോകം ചുരുങ്ങി. ദലിത് വിഷയങ്ങൾ പറയാൻ ദളിത് കവികൾ, പെൺ വിഷയങ്ങൾ പറയാൻ പെൺ കവികൾ എന്നിങ്ങനെ നിലകൾ പലതായി. ഗോത്ര ഭാഷകളും പ്രാദേശിക ഭാഷകളും അറിയുന്നവരെ മുഖ്യധാര വലിയ കവികളായി പ്രതിഷ്ഠിച്ചു. ആധുനിക സാങ്കേതികവിദ്യ വികസിക്കുകയും ലോകം ഒരു കൈക്കുമ്പിളിൽ ഒറ്റവൃത്തമായി മുന്നേറുകയും ചെയ്യുമ്പോൾ മലയാളി ലോകഭാഷകളെ യെല്ലാം അവഗണിച്ചുകൊണ്ട് കൂടുതൽ പേർക്കും മനസ്സിലാകാത്ത പ്രാദേശിക ഭാഷകളിൽ കവിത എഴുതി സഞ്ചരിക്കുന്നു. ! ചത്തുപോയ സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കാൻ നടക്കുന്നവരെ ഇവരെന്തിനു പിന്നെ കുറ്റം പറയണം?

ലബ്ധപ്രതിഷ്‌ഠർ

ഏതെങ്കിലും വിധത്തിൽ കവി എന്ന പേര് സമ്പാദിച്ചു കഴിഞ്ഞാൽപ്പിന്നെ എഴുതുന്നത് കവിതയായില്ലെങ്കിലും കുഴപ്പമില്ല എന്നുണ്ടിവിടെ. മുഖ്യധാരാ വാരികകൾ അച്ചടിച്ചു കൊള്ളും. പ്രമുഖ പ്രസാധകർ സ്വീകരിക്കും. പഴയ കവിതകളുടെ പിൻബലത്തിൽ കവിപ്പട്ടത്തിന്‍റെആജീവനാന്ത തടവുകാരായി കഴിയുന്ന കുറേയധികം കവികൾ നമുക്കുണ്ട്. വിശേഷാൽപ്പതിപ്പുകൾ ഒക്കെ നിലനിൽക്കാൻ ഇവരില്ലാതെ പറ്റില്ലെന്ന് എഡിറ്റർമാർക്കും വാശിയാണ്. സ്വയം വിരമിക്കലിന് ആരും തയ്യാറുമല്ല. പൂച്ചയ്ക്കാര് മണി കെട്ടും? എന്ന പഴയ ചോദ്യമാണ് ഇവരെപ്പറ്റി മനസ്സിലേക്ക് വരുന്നത്.

നിരൂപകർ എഡിറ്റർമാർ

കവിതയെ നിരൂപണം ചെയ്യാൻ കെല്പുള്ള മികച്ച നിരൂപകർ ഇന്ന് നമുക്കില്ല. കവിത എഴുതുന്നയാളിന്‍റെ രാഷ്ട്രീയം, മതം, ജാതി,ജൻഡർ ഒക്കെ പരിഗണിച്ച് ചെയ്യുന്ന ചങ്ങാത്ത നിരൂപണമാണ് ഉള്ളത്. കവിസമാനഹൃദയരായ നിരൂപകരുടെ അഭാവം ഇന്നത്തെ കവിത നേരിടുന്ന പ്രതിസന്ധിയാണ്.
ശരിയായ കവിതയെ കണ്ടെത്താൻ കഴിവുള്ള എഡിറ്റർമാരും കുറവാണ്. സ്വന്ത ബന്ധങ്ങളുടെയോ റെക്കമെന്‍റിന്‍റെയോയോ പേരിൽ കവികളെ കണ്ടെത്തുന്നു പലരും. കവിതയെന്ന പേരിൽ ഇവർ അച്ചടിച്ചു വിടുന്ന അസംബന്ധങ്ങൾ കാവ്യലോകത്തെ മലിനമാക്കുന്നു.

പ്രസാധകർ (publishers)

എഴുതിയ കവിതകൾ പുസ്തകമാക്കാം എന്ന് വെച്ചാൽ പബ്ലിഷർ ചോദിക്കുന്ന കാശ് കൊടുക്കണം. കവി അപ്രശസ്തനായാൽ റോയൽറ്റിയുമില്ല. കാശു മുടക്കിയടിച്ചാൽ പുസ്തകം വിറ്റുപോകും എന്ന് ഒരുറപ്പുമില്ല. പ്രസാധകർ അവ വിൽക്കാനായി ഒന്നും തന്നെ ചെയ്യില്ല. മുന്തിയ പ്രസാധകർ പോലും ഇന്ന് കവിതാ പുസ്തകങ്ങൾ വളരെ കുറച്ചു കോപ്പികളേ അച്ചടിക്കുന്നുള്ളൂ ചെറുകിടക്കാരാവട്ടെ കവിതപുസ്തകം ആണെന്ന് പറഞ്ഞാൽ വേണ്ട എന്നാണ് മറുപടി പറയാറ് .പുസ്തകമാക്കലിന്‍റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ചൂഷണങ്ങളും വേറെ. 

ശരിയായ കവിതയെ കണ്ടെത്താൻ കഴിവുള്ള എഡിറ്റർമാരും കുറവാണ്. സ്വന്ത ബന്ധങ്ങളുടെയോ റെക്കമെന്‍റിന്‍റെയോയോ പേരിൽ കവികളെ കണ്ടെത്തുന്നു പലരും.

നമ്മുടെ തൊട്ടുമുൻപത്തെ തലമുറ കവികളെ ഏറെ ആദരിച്ചിരുന്നു. അത്തരമൊരു അവസ്ഥയിലേക്ക് പുതുകവികൾക്ക് ഇനി നടന്നെത്താൻ കഴിയുമോ എന്നറിയില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിൽ തടഞ്ഞു നിൽക്കുന്ന ഒരു ജീവചരിത്രമാണ് നിലവിൽ കവിതയ്ക്കുള്ളത്. എങ്കിലും അശാന്തമായ മനസ്സോടെ ഇനിയും ആളുകൾ കവിതയുടെ കൈപിടിച്ച് നടന്നേക്കാം. റീലുകൾക്കും വീഡിയോകൾക്കും നൽകാനാവാത്ത ഹർഷോന്മാദം നൽകുന്ന കവിതയെന്ന ചിമിഴ് തേടി ആളുകൾ വന്നേക്കാം.കവിതയെ അറിയുക എന്നത് ധ്യാനാത്മകമായ ഒരു അന്വേഷണ പ്രക്രിയയാണ് ..ഒരു കൈക്കുമ്പിൾ ജലം കൊണ്ട് കടലും കൈത്തോടുമാകാൻ കഴിയുന്ന, ഒരേ നിറം കൊണ്ട് വസന്തവും വരൾച്ചയും സൃഷ്ടിക്കാൻ കഴിയുന്ന മായാജാലമാണത്. പിടികിട്ടിയവർക്ക് മാത്രം വെളിപ്പെടുന്ന അതിൻറെ അന്ത:സാരങ്ങളെ ബാഹ്യരൂപം കൊണ്ട് അളക്കുക വയ്യ ! അങ്ങനെയുള്ള കവിതകൾ കണ്ടെത്താനും വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കഴിയുന്ന മികച്ച നിരൂപകരും നല്ല എഡിറ്റർമാരും നവ ഭാവുകത്വമുള്ള പ്രസാധകരും ഉണ്ടാവട്ടെ.


Comments
* The email will not be published on the website.