ഒരേ സമയം പലതരം കവിതകൾ സംഭവിക്കേണ്ടതുണ്ട്

ഓപ്പണ്‍ ഫോറം

നിഷാ നാരായണന്‍
        

കവിത മുൻകൂട്ടി തയ്യാറാക്കുന്ന ഒരു ഫോർമുലയോ നിർമ്മാണപ്രക്രിയയോ അല്ലല്ലോ , അത് തികച്ചും ഒർഗ്ഗാനിക് ആണ്‌. കവിതയുടെ രൂപം (Form) പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന ഒന്നല്ല. ഉള്ളടക്കത്തിന് അനുസരിച്ച് കവിത സ്വയം കണ്ടെത്തുന്ന ആന്തരികമായ വളർച്ചയാണത് . അതുപോലെ കവിതയെഴുത്ത് പൂർണ്ണമായും ബോധപൂർവ്വമായ ഒരനുഷ്ഠാനവുമല്ല. കവിയുടെ അബോധമനസ്സിൽ കിടക്കുന്ന അനുഭവങ്ങൾ,പ്രക്രിയകൾ,ഭാവനകൾ  ഇവയൊക്കെ സ്വയം ക്രമീകരിക്കപ്പെട്ട് കവിതയായി പുറത്തുവരികയാണ് ചെയ്യുന്നത്. കവിയുടെ unbounded freedom എന്നൊരു വീക്ഷണത്തിലൂടെ പറയുകയാണെങ്കിൽ,കവിത എങ്ങനെ വേണം വേണ്ട എന്ന് പുറത്തുനിന്ന് അഭിപ്രായം പറയാം എന്നേയുള്ളൂ, കവിത അക്ഷരാർത്ഥത്തിൽ കവിയുടെ ചോയ്സ് ആണ് . എന്നാൽ അത് തികച്ചും നൈസർഗികമാകുമ്പോൾ കവി ജീവിക്കുന്ന കാലത്തിന്‍റെ അനുഭവങ്ങളിൽ നിന്ന്, സംഭവങ്ങളിൽ നിന്ന്, രാഷ്ട്രീയത്തിൽ നിന്ന് സന്തോഷങ്ങളിൽ നിന്ന് ദുരന്തങ്ങളിൽ നിന്ന് പൂർണമായി സ്വയം മുറിച്ചെറിഞ്ഞ ഒരു സേഫ്സോൺ പ്രോഡക്റ്റ് മാത്രമാവാൻ അതിനൊരിക്കലും കഴിയില്ല. യുദ്ധം, ജാതിമതസംഘർഷങ്ങൾ, സ്ത്രീശരീരത്തിലും സ്വാതന്ത്ര്യത്തിലും നടക്കുന്ന അധികാരപ്രയോഗങ്ങൾ, വർഗീയത, തൊഴിലില്ലായ്മ, കുടിയേറ്റം, സാങ്കേതികവിദ്യ,  പരിസ്ഥിതിനാശം, ഏകാന്തത, കുടുംബബന്ധങ്ങളുടെ മാറുന്ന സ്വഭാവം— മുതലായവയൊക്കെ  മനുഷ്യജീവിതത്തെ മാറ്റുമ്പോൾ കവിതയും അതിന്‍റെ ഭാഷയിലും ദർശനത്തിലും രൂപത്തിലും ആ മാറ്റത്തെ ഏറ്റെടുക്കേണ്ടതുണ്ട്. 

എന്തുതന്നെയായിരുന്നാലും കവിത ആത്യന്തികമായി കവിയുടെ ചോയ്സ് ആണ്. കവിതയിൽ കവിയുടെ ഒരു dictatorshipനെ ഞാൻ ആരാധനയോടെ നോക്കിക്കാണുന്നു. ആ ഒരു ഭാവം കവിതയ്ക്ക് ഒരുപക്ഷേ ഗുണവും ദോഷവും ആണ്.

ഒരു പ്രണയകവിത- അതിന്‍റെ തീവ്രമായ വൈയക്തികതയിൽ പോലും ചിലപ്പോൾ കാലാതീതമെന്നു തോന്നാം; കാരണം അതിലെ പ്രണയിതാക്കൾ, വർത്തമാന കാലത്തിലെ  അവരുടെ ആഗ്രഹവും  ഭയവും ശരീരബോധവും പരസ്പരമുള്ള സങ്കീർണ്ണതയും മറ്റും കവിതയിലൂടെ പറയാൻ ശ്രമിക്കുന്നതുകൊണ്ടാണത്.അതേസമയം, കാലികവിഷയങ്ങൾ പേരെടുത്ത് പരാമർശിക്കുന്നതുകൊണ്ട് മാത്രം കവിത കാലികമാകുന്നില്ല. മറിച്ച്, നിശ്ശബ്ദമായ ഭയങ്ങൾ,അധികാരത്തിന്‍റെ വിവിധ അടയാളങ്ങൾ , പാർശ്വവൽകൃതരുടെ  പ്രതിരോധങ്ങൾ,cognitive dissonance, കലാപങ്ങൾ, ആവേശങ്ങൾ —ഇവയിലൂടെയൊക്കെ ഒരു കാലഘട്ടത്തിന്‍റെ മുഴുവൻ രാഷ്ട്രീയവും  കവിതയിൽ ഉരുത്തിരിഞ്ഞു സ്വഭാവികമായി പ്രത്യക്ഷപ്പെട്ടുവരുകയും ചെയ്യും. അതുകൊണ്ടുതന്നെ time responsive അല്ലാത്തവയെ സൃഷ്ടിപരമായ പരാജയം എന്നു വേണമെങ്കിൽ നമുക്ക് കാണാം. കാലത്തിന്‍റെ അസ്വസ്ഥതകൾക്ക് നൽകുന്ന ഭാഷയാണ് കവിതയെങ്കിൽ Contemporaneous അല്ലാത്തവയെ, മനുഷ്യരിൽ നിന്നും പിൻവാങ്ങുന്ന 'വെറും മൃഗീയത ' എന്ന് വേണമെങ്കിൽ നമുക്ക് കാണാം. കവിത മുദ്രാവാക്യമോ ആഹ്വാനമോ ആകേണ്ടതില്ല, പക്ഷേ മനുഷ്യന്‍റെ നിലവിളി കേൾക്കാത്ത ഏതൊരു സൗന്ദര്യശാസ്ത്രവും അപൂർണ്ണമല്ലേ  എന്നു വേണമെങ്കിൽ നമുക്ക് ചിന്തിക്കാം. എന്തുതന്നെയായിരുന്നാലും കവിത ആത്യന്തികമായി കവിയുടെ ചോയ്സ് ആണ്. കവിതയിൽ കവിയുടെ ഒരു dictatorshipനെ ഞാൻ ആരാധനയോടെ നോക്കിക്കാണുന്നു. ആ ഒരു ഭാവം കവിതയ്ക്ക് ഒരുപക്ഷേ ഗുണവും ദോഷവും ആണ്. വായനക്കാരന് സ്വീകരിക്കുകയും നിരസിക്കുകയും രണ്ടും ആകാമല്ലോ.
****
 എല്ലാവരും കവിത എഴുതുന്നു എന്നത് സ്വാഭാവികമായി ഒരു മോശം കാര്യമല്ല. സാഹിത്യത്തിലെ ജനാധിപത്യവൽക്കരണമായി അതിനെ കാണാം. ഒരുകാലത്ത് പ്രസാധകരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അംഗീകാരം ലഭിച്ചവർക്കായിരുന്നു പ്രധാനമായും പ്രസിദ്ധീകരണാവസരം. ഇന്ന് സോഷ്യൽമീഡിയ ഒരുപാട് പുതിയ ശബ്ദങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. പ്രധാന സാഹിത്യകേന്ദ്രങ്ങൾക്ക് പുറത്തുനിന്നുള്ള ശബ്ദങ്ങൾ പിന്നീട് സാഹിത്യത്തിന്‍റെ കേന്ദ്രത്തിലേക്ക് വന്ന ചരിത്രമുണ്ട്. സ്ത്രീ എഴുത്തുകാരുടെയും തൊഴിലാളിവർഗത്തിന്‍റെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദങ്ങൾ ക്രമേണ canonical literature-ന്‍റെ ഭാഗമായത് അതിന് ഉദാഹരണമാണ്.

നല്ല എഡിറ്ററുടെ ജോലി കവിയെ നിയന്ത്രിക്കുക എന്നതല്ല; കവിതയിലെ പുതുമ തിരിച്ചറിയുകയും, നിലവാരം സംരക്ഷിക്കുകയും, പൊതുവായ വായനയിലേക്ക് പുതിയ ശബ്ദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്.

ഇവിടെയാണ് സോഷ്യൽ മീഡിയയുടെ സ്വാധീനം ഗൗരവമായി പരിശോധിക്കേണ്ടത്. മുമ്പ് ഒരു കവിത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എഡിറ്റർ, പ്രസാധകൻ, പത്രാധിപർ, വിമർശകൻ, സാഹിത്യസമൂഹം തുടങ്ങിയ പല ഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടിയിരുന്നു. ഇന്ന് ആ gatekeeping വളരെ കുറഞ്ഞു. അതോടൊപ്പം വിവേചനത്തിന്‍റെ ചില പുരാതനവാതിലുകൾ അടയുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം നൽകുന്നു; പക്ഷേ സ്വയം തിരുത്താനുള്ള ശീലം, വിമർശനം സ്വീകരിക്കാനുള്ള മനസ്സ്, സാഹിത്യപരമായ പരിശീലനം ഇവ വേണ്ടതാണ്. ഇവിടെ Oscar Wilde-ന്റെ “Art for Art's Sake” എന്ന സൗന്ദര്യവാദപാരമ്പര്യം പോലും പ്രസക്തമാണ്. ഒരു കവി രൂപപ്പെടുന്നത് തുടർച്ചയായ എഴുത്തിലൂടെയും വായനയിലൂടെയും ഭാഷാബോധത്തിലൂടെയും ആത്മവിമർശനത്തിലൂടെയും കാലക്രമേണ തെളിയുന്ന കാവ്യശേഷിയിലൂടെയുമാണ്. ആംഗലേയസാഹിത്യമെടുത്തു നോക്കൂ, ഏതു കാലഘട്ടത്തെ നോക്കിയാലും,  അനേകം കവിതകൾ ഉണ്ടായിരുന്നെങ്കിലും അവയിൽ കാലത്തെ അതി ജീവിച്ചത് ചിലതു മാത്രം. അവയിൽ ഓരോരോ കാലഘട്ടങ്ങളിലും  ജനപ്രീതി ആർജിച്ചിരുന്ന രചനകൾ ഉണ്ടായിരുന്നെങ്കിലും കാലത്തെ അതിജീവിച്ചത് മറ്റു ചില കവിതകൾ ആയിരുന്നു. ഉദാഹരണത്തിന് റൊമാന്‍റിക് revival എടുത്തുനോക്കിയാൽ ,അനവധി കവികളിൽ നിന്ന് വേർഡ്സ് വർത് , Coleridge, Keats, Shelley തുടങ്ങിയവർ നിലനിന്നത് അവരുടെ കൃതികളുടെ കലാപരമായ ശക്തിയും മേന്മയും കൊണ്ടുമാത്രമാണെന്ന് മനസ്സിലാക്കാം.
     ദൃശ്യ മാധ്യമങ്ങളും reels-ഉം short-film content-കളും വായനയെ ബാധിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം മാറിയിട്ടുണ്ട്. പക്ഷേ അതോടൊപ്പം കവിതയ്ക്കും ഉത്തരവാദിത്തമുണ്ട്. ദുരൂഹമായിരിക്കാം കവിത, എന്നാൽഅർത്ഥശൂന്യമായിരിക്കരുത്. സങ്കീർണ്ണമായിരിക്കാം ഭാഷ; എന്നാൽ കൃത്രിമമായിരിക്കരുത്.പുതുമയുള്ളതായിരിക്കാം രൂപം; എന്നാൽ രൂപമാറ്റത്തിനുവേണ്ടിയുള്ള രൂപമാറ്റമാകരുത്. T. S. Eliot പോലെയുള്ള കവികൾ പാരമ്പര്യകവിതയെ  വെല്ലുവിളിച്ചു; പക്ഷേ ആ വെല്ലുവിളിക്കു പിന്നിൽ വലിയൊരു സാംസ്കാരികവും കാവ്യപരവുമായ ഘടന ഉണ്ടായിരുന്നു. Intellectual dryness എന്നാണ് ടി എസ് എലിയെറ്റിന്‍റെ വേസ്റ്റ് ലാൻഡ് എന്ന കൃതിയെ ചില നിരൂപകർ വിശേഷിപ്പിച്ചത്. എന്നാൽ വെറും ദുരൂഹത മാത്രം സൃഷ്ടിക്കുന്ന സങ്കീർണതയല്ല വേസ്റ്റ് ലാൻഡിന്‍റെ ആത്മഭാവം, മറിച്ച് രൂപത്തിലും ഭാവത്തിലും പാരമ്പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമ്പൂർണ്ണ അടിത്തറയുള്ള ഒരു കൃതിയാണ് wasteland എന്നുമുള്ള വിരുദ്ധ അഭിപ്രായവും ഉണ്ട്.  കവികളാണോ, കൂടുതൽ കവിതയാണോ എന്നതല്ല പ്രധാനം,എഴുതപ്പെടുന്ന അനവധി കവിതകളിൽനിന്ന് കാലത്തെ അതിജീവിക്കുന്ന കവിതയെ തിരിച്ചറിയാനുള്ള ശക്തമായ വിവേചനശേഷി വളർത്തിയെടുക്കുകയെന്നതാണ്.
****
നല്ല എഡിറ്ററുടെ ജോലി കവിയെ നിയന്ത്രിക്കുക എന്നതല്ല; കവിതയിലെ പുതുമ തിരിച്ചറിയുകയും, നിലവാരം സംരക്ഷിക്കുകയും, പൊതുവായ വായനയിലേക്ക് പുതിയ ശബ്ദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്. സാഹിത്യചരിത്രത്തിൽ പല പുതിയ ശബ്ദങ്ങളും ആദ്യം പരമ്പരാഗത രുചിക്ക് പുറത്തായിരുന്നുവെന്നതും നാം ഓർക്കണം. ഓരോ കാലത്തും എല്ലാ മേഖലകളിലെയും പോലെ സാഹിത്യരംഗത്തും ഫേവറിറ്റിസം ഉണ്ടായിരുന്നിരി ക്കാം. പലരും സംസാരിച്ചു കേട്ടിട്ടുണ്ട്. പക്ഷേ എഴുത്തിന്‍റെ ലോകത്തിലേക്ക് വന്നപ്പോൾ favouritism ങ്ങൾക്കും  preferential treatment കൾക്കുമിടയിലും  നാം എഴുത്തിന്‍റെ കരുത്ത്  ആധികാരികമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
****
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കവിതകൾ സമകാലിക മലയാളകവിതയുടെ ഒരു പ്രധാനമുഖം പ്രതിനിധീകരിക്കുന്നുണ്ട്. പ്രസിദ്ധീകരണത്തിന്‍റെയും വായനയുടെയും പരമ്പരാഗത ഇടങ്ങൾക്കപ്പുറം, കവികൾക്ക് നേരിട്ട് വായനക്കാരിലെത്താനുള്ള ഒരു ജനാധിപത്യ ഇടം സോഷ്യൽ മീഡിയ സൃഷ്ടിച്ചിട്ടുണ്ട്. 

അതിനാൽ പ്രശ്നം സോഷ്യൽ മീഡിയയോ അച്ചടിമാധ്യമങ്ങളോ എന്നതിലല്ല; കവിതയെ വിലയിരുത്തുന്ന നമ്മുടെ മാനദണ്ഡങ്ങളിലും കവിതയോടുള്ള നമ്മുടെ രാഷ്ട്രീയത്തിലുമാണ്.

പുതുതലമുറയിലെ നിരവധി കവികൾക്ക് അത് എഴുത്തിന്‍റെ ആദ്യവേദിയായും മാറിയിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയുടെ സ്വഭാവം തന്നെ ചില പരിമിതികളും സൃഷ്ടിക്കുന്നു. വേഗത്തിൽ വായിക്കപ്പെടുന്നതും എളുപ്പത്തിൽ പങ്കുവയ്ക്കപ്പെടുന്നതും ഉടനടി പ്രതികരണം നേടുന്നതുമായ കവിതകൾക്ക് കൂടുതൽ visibility ലഭിക്കുമ്പോൾ, ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന, പരീക്ഷണാത്മകമായ, എളുപ്പത്തിൽ ഗ്രഹിക്കാനാകാത്ത നല്ല കവിതകൾ പലപ്പോഴും പിന്നിലാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ ശബ്ദായമാനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നല്ല കവിതകൾ ഉണ്ടാകാം. അതേസമയം, പരമ്പരാഗത സാഹിത്യവേദികളിൽ ഇടം ലഭിക്കാത്ത ചില മികച്ച കവിതകൾ സോഷ്യൽ മീഡിയയിലൂടെ വായനക്കാരിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ പ്രശ്നം സോഷ്യൽ മീഡിയയോ അച്ചടിമാധ്യമങ്ങളോ എന്നതിലല്ല; കവിതയെ വിലയിരുത്തുന്ന നമ്മുടെ മാനദണ്ഡങ്ങളിലും കവിതയോടുള്ള നമ്മുടെ രാഷ്ട്രീയത്തിലുമാണ്. സമകാലിക മലയാളകവിതയെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് സോഷ്യൽ മീഡിയയിലെ കവിതകൾ മാത്രമല്ല; അച്ചടി മാധ്യമങ്ങളിലും പുസ്തകങ്ങളിലുമുള്ള കവിതകളും ചെറിയ പ്രസിദ്ധീകരണങ്ങളിലെയും ഡിജിറ്റൽ ഇടങ്ങളിലെയും കവിതകളും ചേർന്നുള്ള വിശാലമായ ഒരു കവിതാഭൂപടമാണ്. നല്ല കവിത കാലത്തിനെ അതിജീവിക്കുന്നു.
****
Wordsworth കവിതയെ “emotion recollected in tranquillity” എന്നു കണ്ടു. എന്നാൽ പിന്നീട് Eliot-ന്‍റെ ആധുനികതയിലേക്കും Pound-ന്‍റെ “Make it new” എന്ന ആഹ്വാനത്തിലേക്കും എത്തുമ്പോൾ കവിതയുടെ സ്വഭാവം തന്നെ മാറുന്നു. Ezra Pound-ന്‍റെ ആ വാക്കുകൾ ഇന്നത്തെ കവിതയ്ക്കും പ്രസക്തമാണ്—പുതിയ അനുഭവങ്ങൾക്ക്  പാരമ്പര്യഭാഷ ചിലപ്പോൾ മതിയാകണമെന്നില്ല. അതുകൊണ്ടാണ് സമകാലിക കവിതയിൽ syntax-ലും punctuation-lum narrative structure-ലും imagery-ലും ഇത്രയധികം പരീക്ഷണങ്ങൾ നടക്കുന്നത്.അതേസമയം, പരീക്ഷണാത്മകതയും കാവ്യഗുണവും ഒന്നല്ല. ഒരു കവിതയ്ക്ക് വൃത്തമില്ലാത്തതുകൊണ്ടോ punctuation ഇല്ലാത്തതുകൊണ്ടോ അത് ആധുനികമാകുന്നില്ല; അതുപോലെ വൃത്തബദ്ധമായതുകൊണ്ട് അത് പഴഞ്ചനുമാകുന്നില്ല. രൂപം അനുഭവത്തിന്‍റെ അനിവാര്യതയിൽ നിന്ന് ജനിക്കുമ്പോഴാണ് അത് കലാപരമായി പ്രസക്തമാകുന്നത്. Gerard Manley Hopkins-ന്‍റെ sprung rhythm മുതൽ E. E. Cummings-ന്‍റെ syntax-നെ തകർക്കുന്ന കവിതകൾ വരെയുള്ള പരീക്ഷണങ്ങൾ അതിന് ഉദാഹരണങ്ങളാണ്.ഇന്നത്തെ മലയാളകവിതയിൽ സ്ത്രീശരീരം, ജെൻഡർ, ജാതി, പരിസ്ഥിതി, യുദ്ധം, കുടിയേറ്റം, നഗരജീവിതം, സാങ്കേതികത, ഏകാന്തത തുടങ്ങിയവ ശക്തമായി കടന്നുവരുന്നുണ്ട്. എന്നാൽ ഇവയിൽ ഏതെങ്കിലും ഒരു ‘കാലിക വിഷയം’ കവിതയിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് മാത്രം അത് മികച്ച കവിതയാകുന്നില്ല. ഒരു വാർത്തയും കവിതയും തമ്മിലുള്ള വ്യത്യാസം അവയുടെ വിഷയത്തിൽ മാത്രമല്ല, അനുഭവത്തെ ഭാഷയാക്കി മാറ്റുന്ന കലാപരമായ പ്രക്രിയയിലാണ്.ഇവിടെ Paul Valéry-യുടെ “poetry is never finished” എന്ന ആശയവും പ്രസക്തമാണ്. നല്ല കവിത എഴുതി തീർന്ന നിമിഷത്തിൽ അവസാനിക്കുന്നില്ല; അത് ഓരോ വായനയിലും  രൂപപ്പെടുന്നു.T. S. Eliot-ന്‍റെ The Waste Land ഒരു കാലത്തിന്‍റെ ശിഥിലതയെ അവതരിപ്പിച്ചപ്പോൾ, Neruda, Lorca, Sylvia Plath, Adrienne Rich തുടങ്ങിയ കവികൾ വ്യക്തിയുടെയും സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ശരീരത്തിന്‍റെയും സംഘർഷങ്ങളെ വ്യത്യസ്ത കാവ്യഭാഷകളിൽ അവതരിപ്പിച്ചു. അതുപോലെ മലയാളകവിതയ്ക്കും സ്വന്തം കാലത്തിന്‍റെ അസ്വസ്ഥതകളെ അതിന്‍റെതായ ഭാഷയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരേ സമയം പലതരം കവിതകൾ സംഭവിക്കേണ്ടതുണ്ട്.


Comments
* The email will not be published on the website.