വിശപ്പ് എന്നെ രക്ഷിച്ചു , സ്വതന്ത്രനാക്കി

അഭിമുഖം : 
എം.കെ.ഹരികുമാർ x ജയന്‍ മഠത്തില്‍

വിമര്‍ശനകലയിലെ പൊതുഇടങ്ങിളില്‍നിന്ന് വഴിമാറി സഞ്ചരിക്കുന്ന എഴുത്തുകാരനാണ് എം.കെ. ഹരികുമാര്‍. വിമര്‍ശകന്‍ എന്ന നിലയിലും കോളമിസ്റ്റ് എന്ന നിലയിലും ഹരികുമാര്‍ കൈക്കൊണ്ട നിലപാടുകള്‍ നമ്മുടെ പൊതുധാരണകളെ തെല്ലും ബഹുമാനിച്ചില്ല. മറ്റുള്ളവര്‍ തീര്‍ത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം തന്‍റെ എഴുത്തിലൂടെ നിരന്തരം പ്രഖ്യാപിക്കുന്നു. എ.കെ.ഹരികുമാര്‍ നെപ്ട്യൂണ്‍ വെബ് മാഗസിനുമായി സംസാരിക്കുന്നു.

?  ഇന്ന് പുതിയ സിദ്ധാന്തങ്ങളോടും ചിന്തകളോടും സ്വതന്ത്രമായ നിലപാടില്ലാത്തവർ ഏറുകയാണ്.   താങ്കള്‍ പതിനാറ് വര്‍ഷം മുമ്പ് ‘ഉത്തര- ഉത്തരാധുനികത’ എന്നൊരു പുസ്തകമെഴുതിയിരുന്നു. അതും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടതായി തോന്നുന്നില്ല. പുതിയ സിദ്ധാന്തങ്ങളോടും പ്രവണതകളോടും സ്വതന്ത്രമായ ഒരു നിലപാടല്ല മലയാളത്തിലെ ബഹുഭൂരിപക്ഷം നിരൂപകരും സ്വീകരിക്കുന്നതെന്നും വ്യക്തിപരമായ താല്പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നും പറഞ്ഞാല്‍ യോജിക്കുമോ?   

=  2008 മുതൽ ഉത്തര- ഉത്തരാധുകതയെക്കുറിച്ച് ഞാൻ എഴുതുന്നുണ്ട്. 'അക്ഷരജാലക'ത്തിലാണ് അത് ആദ്യം അവതരിപ്പിച്ചത്. പാശ്ചാത്യ ഉത്തര- ഉത്തരാധുനിക സൈദ്ധാന്തികരായ റയോൾ ഇഷെൽമാൻ ,നിക്കോള ബോറിയ, അലൻ കിർബി, സാമുവൽ റോബേർട്സ് തുടങ്ങിയവരെ ഇൻ്റർവ്യു ചെയ്തുകൊണ്ട് ഈ വിഷയത്തിൽ ഒരു പുസ്തകം(ഉത്തര- ഉത്തരാധുനികത) തന്നെ എഴുതി. അതിന് പുറമേ മുപ്പതിലേറെ ലേഖനങ്ങൾ എഴുതി. എന്നാൽ നമ്മുടെ ഭാഷയിൽ അതൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഇക്കാര്യത്തിൽ യാതൊരു നിർബന്ധവുമില്ല. വായിക്കേണ്ടവർ വായിച്ചു.അതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് ചർച്ച ചെയ്യാനാവില്ലല്ലോ. ഞാൻ എഴുതി എന്ന കാരണം കൊണ്ട് മാത്രം ചിലർ  അത് കണ്ടില്ലെന്നു നടിക്കും. കാരണം ഞാൻ അവരെ വിമർശിക്കുകയോ അവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം .
അവർക്കിഷ്ടമുള്ള ആൾ എഴുതിയാൽ  അംഗീകരിക്കും ,റിവ്യു എഴുതും. ഇവരുടെ മനസ്സ് അപഗ്രഥിച്ചാൽ, ഭൂരിപക്ഷവും ഫ്യൂഡൽ മനോഭാവത്തിന്‍റെ അവശിഷ്ടങ്ങൾ പേറുന്നവരാണ് എന്ന് കാണാം. അവർക്ക് പലതരം മുൻവിധികളുണ്ട്. എനിക്ക് ഈ തടസ്സങ്ങളൊന്നുമില്ല. ആര് എഴുതിയാലും അതിൽ കഴമ്പുണ്ടെങ്കിൽ ഞാൻ പിന്തുണയ്ക്കും.

ഇവിടത്തെ വിമർശകർക്ക് സ്റ്റാറ്റസ്കോ നിലനിർത്തിയാൽ മതി; സ്വതന്ത്രമായ അഭിരുചിയോ അന്വേഷണമോ ആവശ്യമില്ല. ചിന്തയുടെ അടിമത്വത്തെയാണ് അവർ വലിയ തത്വമായി ഉയർത്തിക്കൊണ്ടു വരുന്നത്. 

"പുതിയ സിദ്ധാന്തങ്ങളോടും പ്രവണതകളോടും സ്വതന്ത്രമായ നിലപാടില്ല " എന്ന് താങ്കൾ പറഞ്ഞത് പ്രധാനമായി തോന്നി. അത് ബുദ്ധിപരമായ പാപ്പരത്തത്തിന്‍റെ പ്രശ്നമാണ്. കലാശാല അധ്യാപകരുടെ വിമർശനം വായിക്കാൻ കൊള്ളില്ല. വളച്ചു കെട്ടിയ ഭാഷയും പഴയ പ്രയോഗങ്ങളുമാണ് മുഴച്ചു നിൽക്കുന്നത്. മിക്കവരുടെയും ഭാഷ ഒരു പോലെയാണ്, ചിന്താരീതിയും ഒരു പോലെയാണ്. അത് ഗവേഷകർക്ക് വേണ്ടി എഴുതുന്നതാണ്; സ്വന്തമായി ഒരു ആശയം ഉണ്ടാകില്ല. ചിന്താശേഷി ഇല്ലാത്തവരാണ് അധികവും. എങ്ങനെ ചിന്തിക്കണമെന്നിയില്ല.കലാകാരൻ ഭൂഗുരുത്വാകർഷണത്തിനെതിരെയാണ് സഞ്ചരിക്കുന്നതെന്നും അതിന് അവനെ സഹായിക്കുന്നത് ഭാവനയാണെന്നും പ്രമുഖ വിമർശകനായ കോളിൻ വിൽസൺ പറഞ്ഞതോർക്കുക. ഇത് എങ്ങനെയാണ് ചിന്തിക്കുന്നതെന്നതിന് ഉദാഹരണമാണ്. ഇവിടെ കലാശാലകളിൽ നിന്നും  പഠിച്ചതിനപ്പുറം പോകാൻ ഒരാൾക്കും കഴിയുന്നില്ല .അവർക്ക് പഴയ സ്കൂളുകളെ തലയിലേറ്റി പഴയത് ആവർത്തിക്കുന്നതിലാണ് ലഹരി. ചിന്തയിൽ ഒരു സെൻ മൂല്യം ഉണ്ടാവണം. ചിന്തിക്കുമ്പോൾ അത് മാത്രമേ ഉണ്ടാവൂ .അത് സ്വാതന്ത്ര്യത്തിൻ്റെ ധ്യാനമാണ്. എല്ലാ ബന്ധനങ്ങളിൽ നിന്നും മാറി ചിന്തിക്കുന്നതാണ് സെൻ. അത് ധ്യാനരൂപമാണ്. ഒരു നിമിഷത്തെ അതിൻ്റെ യഥാർത്ഥ വ്യാപ്തിയിൽ അറിയണമെങ്കിൽ അതിൽ മറ്റൊന്നിൻ്റെയും ഭാരമോ ആധിപത്യമോ വിധിയോ ഉണ്ടാവാൻ പാടില്ല. ഈ അവസ്ഥയിലാണ് സ്വതന്ത്രചിന്ത ഉണ്ടാവുന്നത്. മലയാള വിമർശകർക്ക് സ്വന്തമായി സിദ്ധാന്തങ്ങളില്ലല്ലോ. സിദ്ധാന്തം വിമർശനത്തിൽ തനിയെ സംഭവിക്കുന്നതാണ്. അത് കാഴ്ചയും ആശയവും ചേർന്നുണ്ടാകുന്നതാണ്. ഇവിടെ കുറെ പേർ മാർക്സിയൻ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. പലരും ഉപയോഗിച്ച് തുരുമ്പിച്ച രീതി വീണ്ടും ഉപയോഗിക്കുന്നതുകൊണ്ട് ഒരാൾ വിമർശനാകില്ല, അദ്ധ്യാപകനാകാം. അദ്ധ്യാപകനിൽ നിന്ന് വിമർശകനിലേക്ക് വളരെ ദൂരമുണ്ട്. മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡിൻ്റെ ആശയങ്ങൾ ഒരു കവിതയിൽ അപ്ലൈ ചെയ്ത് ലേഖനം എഴുതിയാൽ  സ്വതന്ത്ര വിമർശകനാവില്ല. അതൊക്കെ അക്കാദമിക് ശീലം മാത്രമാണ്. ഇവിടത്തെ വിമർശകർക്ക് സ്റ്റാറ്റസ്കോ നിലനിർത്തിയാൽ മതി; സ്വതന്ത്രമായ അഭിരുചിയോ അന്വേഷണമോ ആവശ്യമില്ല. ചിന്തയുടെ അടിമത്വത്തെയാണ് അവർ വലിയ തത്വമായി ഉയർത്തിക്കൊണ്ടു വരുന്നത്.  

കലാശാല അധ്യാപകരുടെ വിമർശനം വായിക്കാൻ കൊള്ളില്ല. വളച്ചു കെട്ടിയ ഭാഷയും പഴയ പ്രയോഗങ്ങളുമാണ് മുഴച്ചു നിൽക്കുന്നത്. മിക്കവരുടെയും ഭാഷ ഒരു പോലെയാണ്, ചിന്താരീതിയും ഒരു പോലെയാണ്. അത് ഗവേഷകർക്ക് വേണ്ടി എഴുതുന്നതാണ്; സ്വന്തമായി ഒരു ആശയം ഉണ്ടാകില്ല. ചിന്താശേഷി ഇല്ലാത്തവരാണ് അധികവും.

?  കാല്‍ നൂറ്റാണ്ടിലധികമായി താങ്കള്‍ എഴുതുന്ന പംക്തിയാണ്
‘അക്ഷരജാലകം.’ വെറുമൊരു സാഹിത്യപംക്തി എന്നതിലുപരി സമകാലികസാഹിത്യത്തിന്‍റെ സൂക്ഷ്മചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ഈ പംക്തി മാറിയിട്ടുണ്ട്. എന്നാൽ ഈ  പംക്തിയിലൂടെ താങ്കള്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ കടുത്ത ശത്രുത വിളിച്ചുവരുത്തുന്നില്ലേ.? വിമര്‍ശനങ്ങളോടുള്ള നമ്മുടെ എഴുത്തുകാരുടെ അസഹിഷ്ണുതയെ എങ്ങനെ കാണുന്നു.?

=   'അക്ഷരജാലകം '1998 ഫെബ്രുവരിയിൽ കേരളകൗമുദി'യിലാണ് ആരംഭിച്ചത്. ഇപ്പോൾ 29 വർഷം കഴിഞ്ഞിരിക്കുന്നു. ഇതുപോലൊരു കോളം ഒരു ഇന്ത്യൻ ഭാഷയിലുമില്ല. ഇത് സാഹിത്യത്തെക്കുറിച്ചുള്ള indepth വിശകലനമാണ്, കലാനുഭവമാണ്. വെറുതെ ആളുകളെ സുഖിപ്പിക്കുന്ന ഏർപ്പാടല്ല.
ഇത് വെറുമൊരു അഭിപ്രായം പറച്ചിലല്ല; പുസ്തകം പരിചയപ്പെടുത്തലുമല്ല. 'അക്ഷരജാലകം' ഇടപെടുകയാണ് ചെയ്തിട്ടുള്ളത്. സ്റ്റാറ്റസ്കോയെ ചോദ്യം ചെയ്തുകൊണ്ട് പുതിയ ചിന്തകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആഴ്ചതോറും ഒരു ലേഖനവും അനുബന്ധ ആനുകാലിക ചിന്തകളും സമകാലിക രചനകളെക്കുറിച്ചുള്ള അവലോകനവുമാണ് അതിൻ്റെ  ഉള്ളടക്കം. ഒരു പാർട്ടിയുടെയോ സംഘടനയുടെയോ വാലാകാതെയാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പലർക്കും അത് അസുഖകരമായിരിക്കും. ഇതിനോട് എതിർപ്പുള്ളവരുണ്ട്. പുറമേ മിണ്ടാതിരിക്കുന്നവരെ എഴുതി തള്ളരുത്. അവർ പരദൂഷണവ്യഗ്രതയിലായിരിക്കും. നമ്മുടെ ജനസമ്പർക്കവും എഴുത്തുകാരനെന്ന നിലയിലുള്ള സ്വതന്ത്രവ്യക്തിത്വവും ഇല്ലാതാക്കാനുള്ള രഹസ്യപദ്ധതികളിൽ മുഴുകിക്കഴിയുകയാണ് അവർ .     

അവർ പുസ്തകം എങ്ങനെയെങ്കിലും മാർക്കറ്റ് ചെയ്യാൻ നോക്കുകയാണ്. പാർട്ടി ഓഫീസുകളിൽ പോയി നേതാക്കളെ സ്വാധീനിച്ച് അവരെക്കൊണ്ട് പുസ്തകത്തിൻ്റെ പേര് പറയിപ്പിച്ച്, അത് റെക്കോർഡ് ചെയ്ത് പത്രാധിപരെ കാണിച്ച് താൻ മഹാസാഹിത്യകാരൻ, സാഹിത്യകാരിയാണെന്ന് സ്ഥാപിക്കുകയാണ്!
അവർ എൻ്റ പുസ്തകങ്ങളെ തമസ്കരിക്കാൻ എല്ലാ അടവുകളും പയറ്റും .'ശ്രീനാരായണായ' എന്ന നോവൽ 2015ൽ മാതൃഭൂമി വീക്ക്ലിക്ക് അയച്ചിട്ട് ,കൈപ്പറ്റി എന്നു പോലും അവർ കൊടുത്തില്ല. അതുകൊണ്ട് എനിക്കു ഒരു കുറവും സംഭവിച്ചില്ല. നോവൽ സാഹിത്യരചനയിൽ എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞ പരമോന്നതമായ ശിഖരങ്ങളാണ് 'ശ്രീനാരായണായ'യും 'ജലഛായ'യും. ഇത്തരം കൃതികൾ പ്രസാധനം ചെയ്യാൻ ആളെ കിട്ടാൻ തന്നെ പ്രയാസമാണ്. ചിന്താശേഷിയില്ലാത്ത ചില വിരുതന്മാർ പ്രസാധകരെ വരുതിയിലാക്കി വച്ചിരിക്കുകയാണ്. വിമർശനങ്ങളിൽ നിന്ന് ഗുണമൊന്നും കിട്ടില്ലെന്ന് ഉറപ്പായവർ രാഷ്ട്രീയനേതാക്കളെ വിമർശകരുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. അടുത്തകാലത്ത് ഒരു മധ്യവയസ്കനായ എഴുത്തുകാരൻ തന്‍റെ നോവലുമായി ട്രെയിനിലേക്ക് ഇടിച്ചു കയറി, കമ്പാർട്ട്മെൻ്റിലിരുന്ന രാഷ്ട്രീയ നേതാക്കൾക്ക് കോപ്പികൾ കൊടുത്ത് , സെൽഫിയെടുത്ത് അത് ഫേസ്ബുക്കിൽ ഇട്ടു മാർക്കറ്റ് ചെയ്യുന്നത് കണ്ടു! ഇങ്ങനെ അധ:പതിച്ച മാർഗ്ഗങ്ങൾ തേടുന്നവർക്ക് സ്വന്തം കൃതിയുടെ സർഗാത്മകമായ മികവിൻ്റെ കാര്യത്തിൽ അഭിമാനമുണ്ടായിരിക്കില്ല. അവർ പുസ്തകം എങ്ങനെയെങ്കിലും മാർക്കറ്റ് ചെയ്യാൻ നോക്കുകയാണ്. പാർട്ടി ഓഫീസുകളിൽ പോയി നേതാക്കളെ സ്വാധീനിച്ച് അവരെക്കൊണ്ട് പുസ്തകത്തിൻ്റെ പേര് പറയിപ്പിച്ച്, അത് റെക്കോർഡ് ചെയ്ത് പത്രാധിപരെ കാണിച്ച് താൻ മഹാസാഹിത്യകാരൻ, സാഹിത്യകാരിയാണെന്ന് സ്ഥാപിക്കുകയാണ്!  ഇതൊന്നും കുട്ടികൃഷ്ണമാരാരോ ഡോ.സുകുമാർ അഴീക്കോടോ ചെയ്യില്ല.

ഒരു പാർട്ടിയുടെയോ സംഘടനയുടെയോ വാലാകാതെയാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പലർക്കും അത് അസുഖകരമായിരിക്കും. ഇതിനോട് എതിർപ്പുള്ളവരുണ്ട്. പുറമേ മിണ്ടാതിരിക്കുന്നവരെ എഴുതി തള്ളരുത്. അവർ പരദൂഷണവ്യഗ്രതയിലായിരിക്കും. 

സാഹിത്യചര്‍ച്ചകള്‍ക്ക് ആധികാരികത പൂര്‍ണമായും നഷ്ടപ്പെട്ട കാലമാണിതെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. താങ്കള്‍ തുടര്‍ന്നുവരുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളെത്തന്നെ റദ്ദുചെയ്തുകളയുന്ന പ്രസ്താവനയല്ലേ ഇത്?
=   സാഹിത്യ ചർച്ചകൾക്ക് ആധികാരിക നഷ്ടപ്പെട്ടു എന്നത് ശരിയാണ് .ആരാണ് ഇവിടെ സാഹിത്യം ചർച്ച ചെയ്യുന്നത്? സാഹിത്യോത്സങ്ങളിൽ അസംബന്ധ വിഷയങ്ങളെക്കുറിച്ച് അരുതാത്ത ചർച്ചകളാണ് നടക്കുന്നത്. പുസ്തകം ഗൗരവമായി വായിക്കുന്നവരോ അതിലെ ആശയങ്ങളെ പ്രാണനുതുല്യം സ്നേഹിക്കുന്നവരോ അവിടെ കാണാറില്ല. യാതൊരു മൗലികതയുമില്ലാത്ത, സാഹിത്യത്തിലെ മുൻകാല എഴുത്തുകാരെ അറിയാത്തവരെയാണ് അവിടെ കാണാനാകുന്നത്. അവർ ജയനാരായണനെക്കുറിച്ചോ, ഉണ്ണികൃഷ്ണൻ തിരുവാഴിയോടിനെക്കുറിച്ചോ കേട്ടിട്ടുണ്ടാവില്ല. ഇന്ന് ഒരു പുസ്തക പ്രകാശനചടങ്ങിലോ, സാഹിത്യ സമ്മേളനത്തിലോ സാഹിത്യം ചർച്ച ചെയ്യാറില്ല. ഏതാനും മാസങ്ങൾക്കു മുമ്പ് പി. ഭാസ്കരനെക്കുറിച്ച് കേന്ദ്ര സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് ഒരു ചർച്ച സംഘടിപ്പിച്ചു.അതിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചതനുസരിച്ച് പോയി. എന്നാൽ പ്രസംഗം തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദിയിലിരിക്കുന്നവർ ഞെളിപിരി കൊള്ളുകയാണ്. സംഘാടകർ മൂലക്കുരുവിന്‍റെ വയ്യായ്ക കാണിക്കുകയാണ് .ഞാൻ അതിവേഗം സംസാരിച്ചുതീർക്കുകയാണ് ചെയ്തതത്. ഒരു പുതിയ ആശയം അവതരിപ്പിക്കാൻ ഇവിടെ ഇടമില്ല. അത് കേൾക്കാൻ മനസ്സുള്ള സംഘാടകരെ കാണാനില്ല.

സാഹിത്യവിമർശനത്തെ കലയാക്കിമാറ്റിയ ആദ്യ കൃതിയാണ് 'ആത്മായനങ്ങളുടെ ഖസാക്ക്'(1984). ആന്തരികമായ ഭാഷയാണത്. കാല്പനിക, സൗന്ദര്യാത്മക, സറിയലിസ്റ്റിക്, മിസ്റ്റിക് ഭാഷയാണത്.
എൻ്റെ സാഹിത്യപ്രവർത്തനത്തെ ഇതുമായി ബന്ധപ്പെടുത്തിയത് ഏത് യുക്തിയിലാണെന്ന് മനസ്സിലായില്ല. ഞാൻ ഇവിടെ ഉള്ളടക്കമുള്ള സാഹിത്യചർച്ച ആഴ്ചതോറും അവതരിപ്പിക്കുന്നയാളാണ്. എൻ്റെ അനുധാവനം, അക്ഷരജാലകം  തുടങ്ങിയ പംക്തികളും മറ്റു ലേഖനങ്ങളും അതിനുള്ളതാണ്. ഹെമിംഗ്വേയുടെ 'കിഴവനും കടലും' എന്ന നോവൽ മനുഷ്യൻ്റെ മഹത്തായ വിജയമാണെന്ന് തരത്തിൽ എത്രയോ വർഷങ്ങളായി ഇവിടെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു. എൻ്റെ ലേഖനത്തിലാണ് അത് തിരുത്തിയത്.പുതിയ ഒരു ആശയ പന്ഥാവാണ് ഞാൻ തുറന്നത്.  മനുഷ്യൻ്റെ ക്രൂരതയുടെയും പ്രകൃതിവിരുദ്ധതയുടെയും ബീഭത്സമായ പ്രവൃത്തികളാണ് അതിലുള്ളതെന്നാണ് ഞാൻ എഴുതിയത്. കടലിൽ മത്സ്യം നീന്തിത്തുടിക്കുന്നത് കാണാൻ എന്ത് രസമാണ്! വലിയ മത്സ്യങ്ങൾ കടലിൽ മുങ്ങിപ്പൊങ്ങുന്നത് ദൈവികത അലിഞ്ഞുചേർന്ന നൃത്തത്തിനു സമാനമാണ്. അത് നീന്തുമ്പോൾ ദൈവവും നീന്തുകയാണ്. എന്നാൽ ദൈവികതയില്ലാത്ത മനുഷ്യൻ അവൻ്റെ കുന്തം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച്, ബോട്ടിൽ കെട്ടിയിട്ട്, മറ്റു മത്സ്യങ്ങൾക്ക് കൊത്തിപ്പറിക്കാൻ അവസരമൊരുക്കി കരയിലേക്ക് കൊണ്ടുവരുന്നു. ബോട്ടിൽ അവശേഷിച്ചത് ആ വലിയ മത്സ്യത്തിൻ്റെ അസ്ഥികൂടം മാത്രമായിരുന്നു. ഇത് ക്രൂരതയാണ്.മനുഷ്യൻ ദൈവത്തിൻ്റെ നൃത്തം കാണാൻ കഴിവില്ലാത്തവനാണെന്ന് തെളിയിക്കുന്ന കൃതിയാണിത്. മനുഷ്യൻ്റെ ഒടുങ്ങാത്ത പകയാണ് ആ കിഴവനിലൂടെ പുറത്തുവന്നത്. അയാളെ ആരും നിയന്ത്രിക്കുന്നില്ല. കടലിൽ സുന്ദരമായ ആ മത്സ്യം നിസ്സഹായമായിപ്പോകുന്നു. ഇത് കാണണം. മനുഷ്യൻ വിജയം ആഘോഷിക്കുമ്പോൾ അടിച്ചമർത്തപ്പെടുന്ന സ്വാതന്ത്ര്യത്തിന് പല മാനങ്ങളുണ്ട്. ഇതാണ് എൻ്റെ ലേഖനത്തിലൂടെ പറയുന്നത്. ഈ പ്രവൃത്തിയെ മത്സ്യത്തെ കൊല്ലാനുള്ള അവകാശമായി, മനുഷ്യൻ്റെ വിജയത്തിൻ്റെ അടയാളമായി കാണുന്നത് വിഡ്ഢിത്തരമാണ്. ഒരു നോവൽ എങ്ങനെ വായിക്കരുത് എന്നുള്ളതിന് ഉദാഹരണമാണ് ഇത്തരം വിലകുറഞ്ഞ നിലപാടുകൾ.

ആരാണോ ഭരിക്കുന്നത്, അവരോടാണ് എഴുത്തുകാർക്ക് താല്പര്യം. എഴുത്തുകാർ ലോകത്ത് എല്ലായിടത്തും അധികാരികൾക്ക് സേവ ചെയ്തു നിൽക്കുന്നവരാണ്. സ്റ്റാലിൻ അധികാരത്തിൽ വന്നശേഷം രായ്ക്ക് രാമാനം വിമത എഴുത്തുകാരെല്ലാം  ബോൾഷെവിക്കുകളായി മാറിയ കാര്യം ഇസാക് ബാഷെവിസ് സിംഗർ 'ദ്  മാഗസിൻ' എന്ന കഥയിൽ എഴുതുന്നുണ്ട്.

 താങ്കളുടെ പല രചനകളെക്കുറിച്ചും താങ്കൾ തന്നെ പ്രശംസിച്ച് എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. ‘എന്താണ് അവനവനെക്കുറിച്ച് ഇത്ര പൊക്കിപ്പറയാനുള്ളത്’ എന്നും  ‘സ്വയം പുകഴ്ത്തിപ്പറയുന്നവര്‍ക്ക് ലോകം തന്നെ അറിയില്ല’ എന്നും ഒരഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞിട്ടുമുണ്ട്. ഇതൊരു വൈരുദ്ധ്യമല്ലേ?  

=   എന്‍റെ ലേഖനങ്ങളെപ്പറ്റി ഞാൻ പുകഴ്ത്തി പറഞ്ഞിട്ടില്ല. അത് സ്ഥിരമായി ചെയ്തു പോരുന്ന വേറെ കുറെ എഴുത്തുകാരുണ്ട്. അവർക്ക് സർഗപരമായ സംഭാവന കുറവാണ്. വർഷത്തിൽ ഒന്നോ രണ്ടോ രചനകൾ കണ്ടേക്കാം. അവരുടേത് ശരാശരിയിൽ താഴെയാണെന്ന ഉത്തമ ബോധ്യത്തിൽ ഞാൻ വിമർശിച്ചിട്ടുണ്ട്.
എന്നാൽ അവർ അതിനെ സാഹിത്യ വേദികളിൽ കൊണ്ടുവന്ന് ചർച്ച ചെയ്യുന്നു. ഇതാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ എൻ്റെ
ശരിയായ നേട്ടങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അത് പറയാതിരുന്നാൽ വായനക്കാർ അറിയില്ല. എനിക്ക് വലിയ പ്രസിദ്ധീകരണങ്ങളുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് വായനക്കാരുടെ അറിവിലേക്കായി അത് പറയേണ്ടതുണ്ട്. ഉത്തര- ഉത്തരാധുനികത എന്ന വാക്ക് കൂട്ടിയോജിപ്പിച്ചുണ്ടാക്കിയത് ഞാനാണ്. ഉത്തരാധുനികത മരിച്ചു എന്ന് ഞാൻ ആദ്യം പറഞ്ഞു. നവാദ്വൈതം എന്ന തത്വശാസ്ത്രം ആവിഷ്കരിച്ചു. ഇത് എൻ്റെ ശ്രീനാരായണായ ,ജലഛായ, വാൻഗോഗിന് എന്നീ നോവലുകളിൽ ആവിഷ്കരിക്കുകയും ചെയ്തു. ആത്മായനങ്ങളുടെ ഖസാക്ക് ,മനുഷ്യാംബരാന്തങ്ങൾ എന്നീ ഗ്രന്ഥ നാമങ്ങൾ ഞാൻ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയതാണ്. നവാദ്വൈതം എന്ന് ആദ്യം എഴുതിയതും ഞാനാണ്. 38 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനു പുറമേയാണ് കോളങ്ങളും ലേഖനങ്ങളും. ഡോ. എം. ലീലാവതിയുടെ തലമുറയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എഴുതിയത്  ഞാനാണല്ലോ. 'ആത്മായനങ്ങളുടെ ഖസാക്ക്'(1984) ഒരു മലയാള നോവലിനെ മാത്രം അധികരിച്ചുണ്ടായ ആദ്യത്തെ കൃതിയാണ്.ഇതൊക്കെ പറയാതിരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. ഇത് എൻ്റെ എഴുത്തിൻ്റെ അമ്പതാം വർഷമാണ്. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു കവിത എഴുതി മലയാളം അദ്ധ്യാപകനായ സി.എൻ. കുട്ടപ്പൻസാറിനെ കാണിച്ചു കൊണ്ടാണ് തുടക്കം.

എൻ്റെ ശരിയായ നേട്ടങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അത് പറയാതിരുന്നാൽ വായനക്കാർ അറിയില്ല. എനിക്ക് വലിയ പ്രസിദ്ധീകരണങ്ങളുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് വായനക്കാരുടെ അറിവിലേക്കായി അത് പറയേണ്ടതുണ്ട്.


?  ബുദ്ധിയുടെ യന്ത്രം ഘടിപ്പിച്ച ഇന്നത്തെ വിമര്‍ശകര്‍ പലരും എഴുതുന്നതോടെ സാഹിത്യകൃതി വിറങ്ങലിച്ചു നിലത്തുവീഴുമെന്ന് താങ്കള്‍ എഴുതുന്നുണ്ട്. പ്രതിഭയുടെ ഔന്നത്യംകൊണ്ട് മലയാളവിമര്‍ശനത്തെ ശരിയായ ദിശയില്‍ നയിക്കുന്ന ആരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

=   ബുദ്ധിയുടെ യന്ത്രമാണ് പലരും ഉപയോഗിക്കുന്നത്. സാഹിത്യകൃതിയെ ആസ്വദിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വാചകം എഴുതാൻ കഴിയാത്തവരുണ്ട്. എന്നാൽ ഇക്കൂട്ടർ ഒരു കവിതയെക്കുറിച്ച് ഇരുപത് പേജ് മാഗസനിൽ എഴുതി പ്രസിദ്ധീകരിക്കും. മറ്റുള്ളവർ ചിന്തിച്ചത് തേടിപ്പിടിച്ചു കൊണ്ടുവന്ന്  പ്രദർശിപ്പിക്കുകയല്ലാതെ സ്വന്തമായി ആസ്വാദനം ഉണ്ടാകുന്നില്ല. ആസ്വാദനത്തിന് മനസ്സ് വേണം .എൻ്റെ വായനയിൽ ഞാൻ യുക്തിയേക്കാൾ സംവേദനവും  അന്തർദർശനവുമാണ് ഉപയോഗിക്കുന്നത്. ഒരു സാഹിത്യകൃതി കലയുടെയും സൗന്ദര്യത്തിന്റെയും മേഖലയാണെന്ന് വെറുതെ പറഞ്ഞു പോകുന്നവരാണ് അധികവും.അവർക്ക് ആഴമില്ല. അവർക്ക് കവിതയെ ഉത്പാദന ,വിതരണ സംവിധാനത്തിലേക്കും വർഗ്ഗ സംഘർഷത്തിലേക്കും ജനാധിപത്യത്തിലേക്കും സംസ്കാര സാമഗ്രികളിലേക്കും വലിച്ചുകൊണ്ട് പോകാനാണ് തിടുക്കം. ഇവിടെ ഒരു യുവകവി കവിത എന്ന് പറയുന്നത് തുല്യതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒരു സംവിധാനമാണെന്ന് പറയുകയുണ്ടായി. അബദ്ധധാരണയാണിത്. കവിത ജനാധിപത്യത്തിനുള്ള സംവിധാനമാണെങ്കിൽ നമുക്ക് മറ്റ് ജനാധിപത്യസ്ഥാപനങ്ങൾ വേണ്ടി വരില്ലല്ലോ. ഒരു കവിത എഴുതിയാൽ മതി ,ജനാധിപത്യവും സ്ത്രീ-പുരുഷ സമത്വവും ഉടനെയുണ്ടാവുമല്ലോ. വാസ്തവത്തിൽ കവിത കലാപരമായ ആവിഷ്കാരമാണ്. അതിൽ കലയില്ലെങ്കിൽ വയ്ക്കോലിൻ്റെ വില പോലും കാണുകയില്ല.

 ബുദ്ധിയുടെ യന്ത്രമാണ് പലരും ഉപയോഗിക്കുന്നത്. സാഹിത്യകൃതിയെ ആസ്വദിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വാചകം എഴുതാൻ കഴിയാത്തവരുണ്ട്. എന്നാൽ ഇക്കൂട്ടർ ഒരു കവിതയെക്കുറിച്ച് ഇരുപത് പേജ് മാഗസനിൽ എഴുതി പ്രസിദ്ധീകരിക്കും. 

ജനാധിപത്യം ,തുല്യത എന്നിവ തെളിയിക്കുന്നതിനും അത് ആവശ്യപ്പെടുന്നതിനുമുള്ള ഒരു മാധ്യമം എന്ന നിലയിലേക്ക് കവിതയെ ചുരുക്കാൻ പാടില്ല. കവിതയിൽ സൗന്ദര്യത്തിനാണ് ഒന്നാം സ്ഥാനം.മാത്യു ആർനോൾഡിൻ്റെ ഡോവർ ബീച്ച്, പാബ്ളോ നെരൂദയുടെ ഹൈറ്റ്സ് ഓഫ് മാച്ചുപിച്ചു, വാൾട്ട് വിറ്റ്മാൻ്റെ ലീവ്സ് ഓഫ് ഗ്രാസ് ,ടി.എസ്.എലിയറ്റിൻ്റെ വേസ്റ്റ് ലാൻഡ് എന്നീ വിശ്വമഹാകാവ്യങ്ങൾ തുല്യതയും ജനാധിപത്യവുമല്ല ചർച്ച ചെയ്യുന്നത്. ഇത് മനസിലാക്കാൻ ശ്രമിക്കുക.

കവിതയിൽ കലാകാരന്‍റെ തീവ്രമായ വിഷാദങ്ങളും പ്രാപഞ്ചികമായ അന്വേഷണങ്ങളും അടങ്ങിയിട്ടുണ്ട്. അതൊന്നും കാണാതെ കേവലം ജനാധിപത്യത്തിന്റെ ഒരു ഉപകരണമായിട്ട് കവിതയെ കാണുന്നത് തെറ്റാണ്. അപക്വമായ വീക്ഷണമാണിത്. ഈ വീക്ഷണത്തെ പിന്താങ്ങുന്നവരുണ്ടെങ്കിൽ അപക്വ വീക്ഷണമുള്ളവർ ധൂമകേതുക്കളായി വളർന്നു പെരുകി എന്നാണ് മനസിലാക്കേണ്ടത്.
കലയിൽ ധ്യാനാത്മകതയുണ്ട് .അത് സ്വന്തം നിലയിൽ അറിയാത്തവർ വിമർശനം എഴുതുന്നതാണ് ഇന്നത്തെ പ്രശ്നം. കലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളും ബുദ്ധികൊണ്ട് സാഹിത്യത്തെ സമീപിച്ച്, അപഗ്രഥിച്ച് അതിനുവേണ്ടതായ സഹൃദയത്വത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എഴുത്തുകാരനെന്ന നിലയിൽ ഞാനും ഭക്ഷണം ഉപേക്ഷിച്ചു. അതായത് വലിയവരുടെ കൂട്ടത്തിൽ ചങ്ങാത്തത്തിന് പോയില്ല; അവരുടെ അപ്പക്കഷണങ്ങൾ കിട്ടാൻ അത്തരം വീടുകളിൽ പോയി ഓംലെറ്റ് ഉണ്ടാക്കി കൊടുത്തില്ല. പുലർച്ചെ വലിയവൻ്റെ വീട്ടിൽ പോയി ഭക്ഷണം പാചകം ചെയ്തു കൊടുത്തില്ല .സ്തുതിഗീതം  ചമച്ചില്ല. അക്കാരണങ്ങളാൽ എനിക്ക് അവരുടെ സൗജന്യങ്ങൾ കിട്ടിയില്ല.

?  വിമര്‍ശനത്തോടൊപ്പം താങ്കള്‍ നോവലുകളുമെഴുതുന്നുണ്ട്. എന്തുകൊണ്ടാണ് താങ്കള്‍ വിമര്‍ശനത്തില്‍നിന്നും ഇടയ്ക്കിടെ ഇങ്ങനെ വഴിമാറിപ്പോകുന്നത്?

=   നോവലുകൾ എൻ്റെ മനസ്സിൻ്റെ അടിത്തട്ടിലുണ്ടായിരുന്നു. സർഗാത്മകമായ സമ്മർദ്ദം ഉണ്ടായപ്പോൾ എഴുതിയതാണ്.അതൊന്നും  പരമ്പരാഗതമായ നോവലുകൾ എന്ന ഗണത്തിൽപ്പെടുത്താവുന്ന കൃതികളല്ല.
ശ്രീനാരായണായ, ജലഛായ, വാൻഗോഗിന് എന്നീ കൃതികൾ നോവൽ എന്ന സാഹിത്യരൂപത്തെ വീണ്ടും കണ്ടെത്തുന്ന തരത്തിലാണ് എഴുതിയിട്ടുള്ളത് .2012 ൽ ജലഛായ പുറത്തിറങ്ങി കഴിഞ്ഞ് പലരും അത് അനുകരിച്ച് നോവലുകൾ എഴുതിയെന്ന് ചില വായനക്കാർ തെളിവുസഹിതം എന്നെ അറിയിച്ചിട്ടുണ്ട്. നോവലിൻ്റെ കലയെറിച്ചുള്ള സങ്കല്പത്തെ മാറ്റി ,നവീനമായ ആഖ്യാനത്തെ സ്വരൂപിക്കുകയാണ് ഞാൻ ചെയ്തത്. ഒരു നോവൽ മറ്റൊരു നോവൽ പോലെയാകരുത്. ഓരോ നോവലും ഓരോ അത്ഭുതമാകണം. അതുകൊണ്ട് വിമർശനത്തിൽ നിന്ന് ഞാൻ വഴുതി പോയിട്ടില്ല. വിമർശനാത്മകമായ ലേഖനങ്ങളാണ് ഞാൻ എപ്പോഴും എഴുതുന്നത്. എന്നാൽ ഏറ്റവും ദയനീയമായി തോന്നുന്നത് മറ്റൊന്നാണ്; ഞാൻ അക്ഷരജാലകത്തിലും അനുധാവനത്തിലും എഴുതുന്ന ആശയങ്ങൾ മോഷ്ടിച്ച് അത് തങ്ങളുടേതാണെന്ന നാട്യത്തിൽ ചിലർ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്, ആശയദാരിദ്ര്യം കൊണ്ടല്ലേ! ഇവരുടെ വിചാരം ഇവർ മാത്രമാണ് ഈ കോളം വായിക്കുന്നതെന്നാണ്!

കലയിൽ ധ്യാനാത്മകതയുണ്ട്. അത് സ്വന്തം നിലയിൽ അറിയാത്തവർ വിമർശനം എഴുതുന്നതാണ് ഇന്നത്തെ പ്രശ്നം. കലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളും ബുദ്ധികൊണ്ട് സാഹിത്യത്തെ സമീപിച്ച്, അപഗ്രഥിച്ച് അതിനുവേണ്ടതായ സഹൃദയത്വത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

?  ബ്രഹ്മത്തിന് കേന്ദ്രസ്ഥാനം കല്പിച്ച അദ്വൈതദർശനത്തിന് പകരം മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന നവാദ്വൈതം എന്ന സിദ്ധാന്തത്തിലൂടെ അദ്വൈതസിദ്ധാന്തത്തെ തള്ളിക്കളയുകയാണോ താങ്കള്‍?

=  അദ്വൈതവും നവാദ്വൈതവും തമ്മിൽ ഒരു ബന്ധവുമില്ല.അങ്ങനെ നാമകരണം ചെയ്യുന്നത് തത്വശാസ്ത്രരംഗത്തുള്ള ഒരു വഴക്കമാണ്. അദ്വൈതം ഉപനിഷത് ദർശനമാണ്. അത് പ്രഖ്യാപിക്കുന്നത് ഈ പ്രപഞ്ചവും നമ്മുടെ ചൈതന്യവും തമ്മിൽ ഭേദമില്ലെന്നാണ്. എല്ലാം ഒന്നാണ്. അപ്പോൾ ദൈവം പോലും വേറിട്ടതല്ല . എന്നാൽ നവാദ്വൈതം അതിൽ നിന്ന് വിഭിന്നമാണ്. അത് വസ്തുവിൻ്റെ അസ്തിത്വത്തിൻ്റെ സ്വയം നിരാസവും സ്വയം നിർമ്മാണവും ഒരു നിമിഷത്തിൽ സംഭവിക്കുന്ന  അവസ്ഥയാണ് പ്രതിപാദിക്കുന്നത്.'എൻ്റെ മാനിഫെസ്‌റ്റോ' എന്ന പുസ്തകത്തിൽ ഇത് വിവരിച്ചിട്ടുണ്ട്. ഒരു വാക്കിന് അതിൽ തന്നെയാണ് അസ്തിത്വം. അത് സ്വയം നിരസിച്ചുകൊണ്ട് മറ്റൊരു വാക്കുമായി ചേരുന്നു.അങ്ങനെ സ്വയം നിർമ്മിക്കുന്നു .വാക്ക് നിലനിൽക്കുന്നത് ഇങ്ങനെ സ്വയം നിരസിച്ചും സ്വയം നിർമ്മിച്ചുമാണ്.

പദവിയും പുരസ്കാരവും കിട്ടുമെന്ന് വന്നാൽ  ഏത് പക്ഷത്തേക്കും ചായാൻ ഒരു മണിക്കൂർ തികച്ചും വേണ്ട. പദവിയും പുരസ്കാരവും എത്ര കിട്ടിയാലും മതിവരില്ല! സ്വതന്ത്രമായി ചിന്തിക്കുന്ന ഏതെങ്കിലും എഴുത്തുകാരനുണ്ടെന്ന് കണ്ടാൽ അവനെതിരെ പരദൂഷണം  പറഞ്ഞു അവൻ്റെ അവസരങ്ങൾ നഷ്ടപ്പെടുത്തും. 

?  എഴുത്തുകാർ ഈ തിരഞ്ഞെടുപ്പിലും ഓരോ പാർട്ടിക്ക് വേണ്ടി മത്സരിച്ച് പ്രസ്താവനകളിറക്കുന്നതുകണ്ടു. എഴുത്തിനോടുള്ള പ്രതിബദ്ധതയെക്കാള്‍ കക്ഷിരാഷ്ട്രീയത്തോട് കൂറും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എഴുത്തുകാരോടുള്ള താങ്കളുടെ നിലപാടെന്താണ്?

=  എഴുത്തുകാർക്ക് യാതൊരു ആദർശവുമില്ല. വെറുതെ അവരെ തെറ്റിദ്ധരിക്കരുത്. എന്നാലും ചിലർ തങ്ങൾ ആദർശമുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ആരാണോ ഭരിക്കുന്നത്, അവരോടാണ് എഴുത്തുകാർക്ക് താല്പര്യം. എഴുത്തുകാർ ലോകത്ത് എല്ലായിടത്തും അധികാരികൾക്ക് സേവ ചെയ്തു നിൽക്കുന്നവരാണ്. സ്റ്റാലിൻ അധികാരത്തിൽ വന്നശേഷം രായ്ക്ക് രാമാനം വിമത എഴുത്തുകാരെല്ലാം  ബോൾഷെവിക്കുകളായി മാറിയ കാര്യം ഇസാക് ബാഷെവിസ് സിംഗർ 'ദ്  മാഗസിൻ' എന്ന കഥയിൽ എഴുതുന്നുണ്ട്. പദവിയും പുരസ്കാരവും കിട്ടുമെന്ന് വന്നാൽ  ഏത് പക്ഷത്തേക്കും ചായാൻ ഒരു മണിക്കൂർ തികച്ചും വേണ്ട. പദവിയും പുരസ്കാരവും എത്ര കിട്ടിയാലും മതിവരില്ല! സ്വതന്ത്രമായി ചിന്തിക്കുന്ന ഏതെങ്കിലും എഴുത്തുകാരനുണ്ടെന്ന് കണ്ടാൽ അവനെതിരെ പരദൂഷണം  പറഞ്ഞു അവൻ്റെ അവസരങ്ങൾ നഷ്ടപ്പെടുത്തും. ചങ്ങമ്പുഴ 'പാടുന്ന പിശാച്' എന്ന കാവ്യത്തിൽ ഇത് ഭംഗിയായി എഴുതിയിട്ടുണ്ട്. ഇവർ തങ്ങളെ വിമർശിക്കുന്നവരെ ശത്രുക്കളെ പോലെയാണ് കാണാറുള്ളത്. ഇതാണ്  'വിശാലഹൃദയം'.

?  പുതിയ സര്‍ക്കാര്‍ വരുകയാണല്ലോ. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സാഹിത്യ-സാംസ്കാരിക മേഖലയില്‍ സര്‍ക്കാര്‍ നടത്തേണ്ട ഇടപെടലുകള്‍ എന്തൊക്കെയാണെന്നാണ് താങ്കള്‍ കരുതുന്നത്?

=  സാംസ്കാരിക മേഖലയും സർക്കാരും എന്ന വിഷയത്തിൽ എനിക്ക് അനുഭവമില്ല. സർക്കാരിന് എന്തെങ്കിലും ചെയ്യാകുമോ എന്നറിയില്ല. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ ചില പാർട്ടിക്കാർക്ക് വേണ്ടി മാത്രമുള്ളതാണെന്ന ചിന്തയാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരള സാഹിത്യ അക്കാദമി മലയാളസാഹിത്യത്തെ  ചവിട്ടിമെതിക്കുകയാണ് ചെയ്തത്. ഇത്രയും മര്യാദകെട്ട ,നന്ദികെട്ട, വിവരമില്ലാത്ത ഭരണം ജീവിതത്തിൽ കണ്ടിട്ടില്ല. ചിലർക്ക് തുടർച്ചയായി അവാർഡ് സമ്മാനിക്കുന്നത് കണ്ടു! ഒരു സർക്കാർ ആശുപത്രിയിൽ ചെന്നാൽ ഡോക്ടർ രോഗിയെ നോക്കുന്നത് ഏത് പാർട്ടിയിൽപ്പെട്ടവരാണെന്ന് നോക്കിയിട്ടില്ല. രോഗിയെ പരിശോധിച്ചു രോഗം കണ്ടെത്തി ചികിത്സ നടത്തും.  അവിടെ രാഷ്ട്രീയമില്ല. വില്ലേജ് ഓഫീസിൽ പരിഗണന ലഭിക്കാൻ ഒരാൾക്ക് പാർട്ടി മാറേണ്ട ആവശ്യമില്ല. അതുപോലെയാണ് സാഹിത്യ അക്കാദമി പെരുമാറേണ്ടത്. അതിനപ്പുറം ഒരു ഇഞ്ച് നീങ്ങാൻ അവർക്ക് അവകാശമില്ല. കാരണം അത് സർക്കാർ സ്ഥാപനമാണ്, പാർട്ടികളുടേതല്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി സാഹിത്യ അക്കാദമിയെ കക്ഷിരാഷ്ട്രീയം വിഴുങ്ങുന്നതാണ് കണ്ടത്. എന്തൊരു വെറുപ്പാണ് അവർ പ്രചരിപ്പിച്ചത്! എല്ലായിടത്തും ഓടിനടന്ന് പ്രസംഗിച്ച് താൻ അംബേദ്ക്കറിൻ്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് തെളിയിച്ച സുനിൽ പി ഇളയിടം അനീതിയെക്കുറിച്ച് മിണ്ടില്ല. നീതിബോധമില്ലാത്തവരുടെ പ്രഭാഷണം കൊണ്ട് ഒരു പ്രയോജനവുമില്ല. സാഹിത്യ അക്കാദമി കാണിച്ച സ്വജനപക്ഷപാതം ആസ്വദിച്ച് പ്രസംഗിക്കുകയാണ് ഇളയിടം ചെയ്തത്. സ്വതന്ത്രമായി ചിന്തിക്കുന്നവരോട് അക്കാദമിയിലെ ഇടതുപക്ഷ സാരഥികൾക്ക് വല്ലാത്ത പകയായിരുന്നു!

കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരള സാഹിത്യ അക്കാദമി മലയാളസാഹിത്യത്തെ  ചവിട്ടിമെതിക്കുകയാണ് ചെയ്തത്. ഇത്രയും മര്യാദകെട്ട ,നന്ദികെട്ട, വിവരമില്ലാത്ത ഭരണം ജീവിതത്തിൽ കണ്ടിട്ടില്ല .

മലയാളവിമര്‍ശനകലയില്‍ എം.കെ. ഹരികുമാര്‍ എന്ന വിമര്‍ശകനെ താങ്കള്‍ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?

=   എം.കെ. ഹരികുമാർ എന്ന വിമർശകൻ സ്വന്തം ദർശനം ആവിഷ്കരിച്ചു .മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിലാദ്യമായി സ്വന്തം മാനിഫെസ്റ്റോ അവതരിപ്പിച്ചു. നവാദ്വൈതം, തനിമനസ്, വായനക്കാരൻ്റെ കൃതി, ജലാത്മകത, ഉത്തര- ഉത്തരാധുനികത, സംവേദനാത്മക വിമർശനം തുടങ്ങിയ ആശയങ്ങൾ എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. അത് എല്ലാം പുതിയതാണ്. ആരുടെയും മോഷ്ടിച്ചതല്ല. ഈ ചിന്തകൾ അടിസ്ഥാനമാക്കി സാഹിത്യകൃതികൾ - നോവലുകൾ ,കവിതകൾ ,കഥകൾ - എഴുതി. സിദ്ധാന്തം, സർഗാത്മകത, പംക്തി, തത്വചിന്ത തുടങ്ങിയ മേഖലകളിൽ വ്യാപിച്ചു നിൽക്കുന്നതാണ് എൻ്റെ വിമർശനം. ഹരികുമാറിനെ പോലെയുള്ളവരിലൂടെയാണ് ഇനി വിമർശനത്തിൻ്റെ തീപ്പന്തങ്ങൾ ഉയരേണ്ടതെന്ന് സുകുമാർ അഴീക്കോട് എഴുതിയത് ഓർക്കുകയാണ്.

സാഹിത്യവിമർശനത്തെ കലയാക്കിമാറ്റിയ ആദ്യ കൃതിയാണ് 'ആത്മായനങ്ങളുടെ ഖസാക്ക്'(1984). ആന്തരികമായ ഭാഷയാണത്. കാല്പനിക, സൗന്ദര്യാത്മക, സറിയലിസ്റ്റിക്, മിസ്റ്റിക് ഭാഷയാണത്. വിമർശനത്തെ യുക്തിയുടെ ഇരുമ്പ് കവചത്തിൽ നിന്ന് ഭാഷയിലേക്കും കലയിലേക്കും കൊണ്ടുപോയ കൃതിയാണത്. അതിനെക്കുറിച്ച് ഇവിടത്തെ കലാശാലകൾ മിണ്ടില്ല. അതാണ് അവരുടെ 'വിശാലത'. അതുപോലെ പ്രസക്തമാണ് 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ', 'കരുണ - കാരുണ്യത്തിന്‍റെ അദൃശ്യത' എന്നി പുസ്തകങ്ങൾ .രണ്ടും പൊളിച്ചെഴുത്താണ് .വീണപൂവിലെ പൂവ് എന്തിന്‍റെ പ്രതീകമാണ് എന്ന പതിറ്റാണ്ടുകളായുള്ള വാദത്തെ ഖണ്ഡിക്കുന്ന ആദ്യത്തെ പുസ്തകമാണത് .ആശാൻ്റെ കരുണയെക്കുറിച്ച് ഇവിടെ നിലനിന്ന ധാരണകളെ പൂർണമായി നിരാകരിച്ചു കൊണ്ടാണ് 'കരുണ -കാരുണ്യത്തിന്റെ അദൃശ്യത' എന്ന പുസ്തകം എഴുതിയത്. അതിൽ ഉപഗുപ്തനെ വിചാരണ ചെയ്യുകയാണ്. ആശാൻ ബുദ്ധിസ്റ്റല്ലെന്ന് പ്രഖ്യാപിക്കുകയാണ്. ഉപഗുപ്തനെ വിമർശിക്കാനും കാരുണ്യം മനസ്സിൽ നിന്ന് ഇനിയും കണ്ടെത്തേണ്ട വികാരമാണെന്ന് സ്ഥാപിക്കാനുമാണ് ആ പുസ്തകം എഴുതിയത്.

അക്ഷരജാലകം ആർക്കെങ്കിലും പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുക്കാനുള്ള കോളമല്ല. ഞാൻ യുക്തിപരമായി അപഗ്രഥിച്ച  സാമൂഹ്യ ,രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളുണ്ട്. ഭീകരമായ വിയോജിപ്പുകളോടെയാണ്  എഴുതിയത് .

ദൈവത്തെ എവിടെയും കാണാം; എന്നാൽ കരുണ എവിടെയുമില്ല. അക്ഷരജാലകം എന്ന പംക്തിതയിലൂടെ സാഹിത്യം ചർച്ച ചെയ്ത്, അത് ധാരാളം പേരെക്കൊണ്ട്  വായിപ്പിക്കാമെന്ന് എനിക്ക് തെളിയിക്കാൻ കഴിഞ്ഞു. അക്ഷരജാലകം ആർക്കെങ്കിലും പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുക്കാനുള്ള കോളമല്ല. ഞാൻ യുക്തിപരമായി അപഗ്രഥിച്ച  സാമൂഹ്യ ,രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളുണ്ട്. ഭീകരമായ വിയോജിപ്പുകളോടെയാണ്  എഴുതിയത് .

വിശപ്പാണ് നമ്മെ രക്ഷപ്പെടുത്തിയത്, വിശപ്പാണ് നമുക്ക് സ്വാതന്ത്ര്യം തന്നത് എന്ന് കസൻദ്സാക്കിസ് 'ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയിൽ പറയുന്നുണ്ട്. അതുതന്നെയാണ് എന്നെയും സഹായിച്ചത്. വിൽക്കാൻ വേണ്ടി പക്ഷികളെ ഒരു വലയ്ക്കുള്ളിൽ വളർത്തിയ കഥയാണ്. വിൽക്കാൻ വളർത്തിയ പക്ഷികളായതുകൊണ്ട് നല്ല തീറ്റ കൊടുത്തു. അതിൽ ഒരു പക്ഷി മാത്രം ഒന്നും ഭക്ഷിച്ചില്ല. അപ്പോൾ അതിനു ഭാരം കുറഞ്ഞു, മെലിഞ്ഞു. വലക്കണ്ണികൾക്കിടയിലൂടെ ആ പക്ഷി മാത്രം പറന്നു പോയി. അതുകൊണ്ടാണ് വിശപ്പ് രക്ഷിച്ചു, വിശപ്പ് സ്വതന്ത്രമാക്കി എന്ന് എഴുതിയത്. എഴുത്തുകാരനെന്ന നിലയിൽ ഞാനും ഭക്ഷണം ഉപേക്ഷിച്ചു. അതായത് വലിയവരുടെ കൂട്ടത്തിൽ ചങ്ങാത്തത്തിന് പോയില്ല ;അവരുടെ അപ്പക്കഷണങ്ങൾ കിട്ടാൻ അത്തരം വീടുകളിൽ പോയി ഓംലെറ്റ് ഉണ്ടാക്കി കൊടുത്തില്ല. പുലർച്ചെ വലിയവൻ്റെ വീട്ടിൽ പോയി ഭക്ഷണം പാചകം ചെയ്തു കൊടുത്തില്ല .സ്തുതിഗീതം  ചമച്ചില്ല. അക്കാരണങ്ങളാൽ എനിക്ക് അവരുടെ സൗജന്യങ്ങൾ കിട്ടിയില്ല. അതുകൊണ്ട് എൻ്റെ ഭാരം കുറഞ്ഞു. വലക്കണ്ണികൾക്കിടയിലൂടെ പുറത്തു കടക്കാൻ എനിക്ക് സാധിച്ചു. വിശപ്പാണ് എന്നെ രക്ഷിച്ചത്, സ്വതന്ത്രനാക്കിയത്.

നല്ല കഥ കണ്ടാൽ തിരിച്ചറിയാത്ത, പരമ്പരാഗത സാഹിത്യ മാധ്യമങ്ങളിലെ പത്രപ്രവർത്തകരാണ് ചെറുകഥ മരിക്കാനിടയാക്കിയത്. ഒന്നിനും കൊള്ളാത്ത കഥ അച്ചടിച്ചിട്ട്, അത് മഹാസംഭവമാണെന്ന് കൊട്ടിഘോഷിക്കാൻ ആ കഥാകൃത്തിൻ്റെ ഫോട്ടോ കവറിൽ അച്ചടിച്ചു!

?  എന്താണ് താങ്കളുടെ സംവേദനാത്മക വിമർശനം ?

=   ഇതിനെക്കുറിച്ച് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 'അനന്യമായ ഓർമപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു' എന്ന പുസ്തകം അതിൻ്റെ സാക്ഷാത്കാരമാണ്. എൻ്റെ വിമർശനത്തിന് ഞാൻ നൽകിയ നാമകരണമാണ് സംവേദനാത്മക വിമർശനം. വിമർശകന്റെ സംവേദനാത്മകതയാണ് വിമർശനം. അത് ഇന്ററാക്ടീവ് ആണ്. ഒരു സാഹിത്യകൃതിയുമായി സംവദിക്കുന്നു. പരസ്പരസംവാദമാണ്. ആ സംവാദത്തിലൂടെ പുതിയൊരു ആശയത്തിൽ എത്തുകയാണ്. സണ്ണി തായങ്കരിയുടെ 'കുലപതികൾ' എന്ന നോവലിനെ വിലയിരുത്തിയപ്പോൾ ദൈവത്തിൻ്റെ മനസ്സിൽ മനുഷ്യൻ മരിച്ചുവെന്ന വിചിത്രമായ ആശയത്തിൽ എത്തിച്ചേർന്നു. സ്വാമി ബോധിതീർത്ഥയുടെ 'ഭാരതദർശനമഞ്ജരി' എന്ന പുസ്തകം നിരൂപണം ചെയ്തപ്പോൾ ഇതുപോലെ മറ്റൊന്നു സംഭവിച്ചു. മനുഷ്യമനസിന്‍റെ മജ്ജയിൽ ചാർവാകദർശനവും യോഗദർശനവും ഓരോ നിമിഷത്തിലും സംഘട്ടനത്തിലാണെന്ന് കണ്ടെത്തി. ഇത് ഏതെങ്കിലും പാശ്ചാത്യ വിമർശകരുടെ കൃതികളിൽ നിന്ന് എടുക്കുന്നതല്ല; സ്വന്തമാണ്.  
?   ഇന്നത്തെ മലയാള സാഹിത്യത്തിൽ ഏത് സാഹിത്യ ശാഖയാണ് ജീവനോട് മല്ലടിക്കുന്നത്?

=   ചെറുകഥ മരിച്ചു എന്ന് തോന്നിയിട്ട് കുറെ കാലമായി. നല്ല കഥ കണ്ടാൽ തിരിച്ചറിയാത്ത, പരമ്പരാഗത സാഹിത്യ മാധ്യമങ്ങളിലെ പത്രപ്രവർത്തകരാണ് ചെറുകഥ മരിക്കാനിടയാക്കിയത്. ഒന്നിനും കൊള്ളാത്ത കഥ അച്ചടിച്ചിട്ട്, അത് മഹാസംഭവമാണെന്ന് കൊട്ടിഘോഷിക്കാൻ ആ കഥാകൃത്തിൻ്റെ ഫോട്ടോ കവറിൽ അച്ചടിച്ചു! യു.പി. ജയരാജിനും ഇ.ഹരികുമാറിനും ശേഷം അതുപോലെ മികച്ച കഥാകൃത്തുക്കളെ കണ്ടിട്ടില്ല.

                         തയ്യാറാക്കിയത്:  ജയന്‍ മഠത്തില്‍

                   


Comments
* The email will not be published on the website.